ഊഴമെത്തിയപ്പോള്‍ മൊര്‍ദെക്കായിയുമെത്തി. എസ്‌തേറില്‍നിന്ന് ഉപഹാരം സ്വീകരിച്ചശേഷം മൊര്‍ദെക്കായിയും അവളുടെ വലതുകരം ചുംബിച്ചു. അപ്പോള്‍ രണ്ടുപേരുടെയും മനസ്സു വീര്‍പ്പുമുട്ടി.
മടിയില്‍ക്കിടന്നു കളിച്ചതും വഴക്കിട്ടോടിയതും തിരികെ ഓടിയെത്തി കവിളില്‍ ചുംബിച്ചതും കുഞ്ഞിനെ മാറോടണച്ചുപിടിച്ചു കൊഞ്ചിക്കുന്നതുമെല്ലാമെല്ലാം വളരെപ്പെട്ടെന്ന് ഓര്‍മകളിലൂടെ കടന്നുപോയി, രണ്ടുപേര്‍ക്കും.
സമ്മാനവുമായി നടന്നുപോകുമ്പോള്‍ മൊര്‍ദെക്കായിയുടെ തൊണ്ടയില്‍ ഒരു തേങ്ങല്‍ കിടന്നു ഞെരുങ്ങി. അറിയാതെ പൊട്ടിയടര്‍ന്ന ചുടുതുള്ളി മാറില്‍വീണു പൊള്ളി.
രാജ്ഞീപദമേറിയെങ്കിലും എസ്‌തേറിനു മാറ്റമൊന്നും ഉണ്ടായില്ല. വന്നവഴികള്‍ മറന്നില്ല. കൂടാരവാസികളായ തന്റെ പ്രിയജനങ്ങളെപ്പറ്റി ഓര്‍ത്തു.
വളര്‍ത്തച്ഛനായ മൊര്‍ദെക്കായിയുടെ കാരുണ്യം ദാനം നല്കിയ സൗഭാഗ്യമാണിത്. വളര്‍ത്തിയിരുന്ന കാലങ്ങളില്‍ എങ്ങനെയാണോ അതിനെക്കാള്‍ പതിന്മടങ്ങായി അവള്‍ മൊര്‍ദെക്കായിയെ ഇഷ്ടപ്പെട്ടു, അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ.
ഒരിക്കല്‍ പ്രധാനപരിചാരകനായി നിയമിച്ചിരുന്ന ഹഗായിയെ എസ്‌തേര്‍ മൊര്‍ദെക്കായിയുടെ അടുത്തേക്കുവിട്ടു വിളിപ്പിച്ചു. മഹാരാജ്ഞിയുടെ സന്നിധിയില്‍ അയാള്‍ ബഹുമാനപുരസ്സരം നിന്നു. ഉടനെ രാജ്ഞി എല്ലാ പരിചാരകരെയും ദൂരേക്കു മാറ്റി.
എന്നിട്ട് വിചാരപ്പെട്ടു ചോദിച്ചു:
''എന്തിനാണബ്ബാ, എന്റെ മുന്നില്‍ ഇങ്ങനെ നില്‍ക്കുന്നത്?''
എസ്‌തേര്‍ അയാളെ അബ്ബാ എന്നാണു വിളിച്ചിരുന്നത്.
''ഇത് ആചാരമാണ്. ഞാന്‍ നിന്റെ ആരാണെന്ന് ഇവിടെ ആരും അറിയാനിടവരരുത്.''
എസ്‌തേറിനു വിഷമം തോന്നി.
അവള്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചു.
''എന്തിനാണ് മോള്‍ എന്നെ വിളിപ്പിച്ചത്?''
മൊര്‍ദെക്കായ് ആരാഞ്ഞു.
''ഉറ്റവരുടെ വിശേഷങ്ങളെങ്കിലും അറിയേണ്ടേ അബ്ബാ.''
എസ്‌തേര്‍ വിങ്ങിപ്പൊട്ടി.
''എല്ലാവര്‍ക്കും സുഖമാണ്. നിനക്കിവിടെ സന്തോഷമല്ലേ?''
അവള്‍ യാന്ത്രികമായി തലയാട്ടി.
''എന്തു സന്തോഷമബ്ബാ. കൂട്ടുകാരെല്ലാം ബുദ്ധിമുട്ടുമ്പോള്‍...''
ആ വാചകം പൂര്‍ണ്ണമാക്കാന്‍ മൊര്‍ദെക്കായി സമ്മതിച്ചില്ല.
''ഇതു നിന്റെ സൗഭാഗ്യമാണ് മോളെ, നമ്മുടെ കുലത്തിന്റെയും.''
സഹജമായ വാത്സല്യംകൊണ്ട് അയാളുടെ വാക്കുകള്‍ ആര്‍ദ്രമായി.
''അബ്ബയെ ഞാന്‍ എന്നോടൊപ്പം ചേര്‍ക്കട്ടെ?''
എസ്‌തേര്‍ ഒരു കുഞ്ഞിനെപ്പോലെ കെഞ്ചി.
''ഇപ്പോള്‍ത്തന്നെ കൊട്ടാരത്തില്‍ പ്രമുഖമായ ഒരു ജോലിയുണ്ട്. മഹാരാജ്ഞി ഇങ്ങനെ ഒരാളോട് കൂടുതല്‍ ഇഷ്ടം കാണിച്ചാല്‍ മറ്റുള്ളവര്‍ക്കു കണ്ണുകടിയുണ്ടാവും. അതുവേണ്ട...''
മൊര്‍ദെക്കായി മനസ്സ് കഠിനമാക്കി, തന്റെ വാക്കുകളും.
അബ്ബയുടെ മുന്നറിയിപ്പ് മനസ്സില്ലാമനസ്സോടെ അവള്‍ സ്വീകരിച്ചു.
''എന്താവശ്യമുണ്ടായാലും അബ്ബ എന്നോടു ചോദിക്കാതിരിക്കരുത്.''
എസ്‌തേര്‍ മൊര്‍ദെക്കായിയുടെ കരംഗ്രഹിച്ചു. പൊള്ളിയതുപോലെ അയാള്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു. മറ്റു പരിചാരകര്‍ ആരെങ്കിലും കണ്ടാല്‍ കുഴപ്പമാകും.
''ശരി മോളെ...''
അയാള്‍ പതുക്കെ പിന്‍വാങ്ങി.
മൊര്‍ദെക്കായി പോകുന്നതുംനോക്കി അവള്‍ നിന്നു, പോയകാലങ്ങള്‍ അയവിറക്കിക്കൊണ്ട്.
മഹാരാജാവ് പ്രവിശ്യകളുടെ ചുമതലകള്‍കൂടി ഏല്പിച്ച ദിവസം ഏറെ സന്തോഷവാനായാണ് ഹാമാന്‍ വീട്ടിലെത്തിയത്.
''സേരെഷേ... സേരെഷേ...!''
അയാള്‍ വീട്ടിലേക്കു കടന്നപാടേ പ്രിയപ്പെട്ടവളെ വിളിച്ചു. പരിചാരകന്മാര്‍ അയാളെക്കണ്ടു ബഹുമാനത്തോടെ ഉപചാരംചെയ്തു.
പുറത്തേക്കിറങ്ങിവരുന്ന സേരെഷിന്റെ മുഖം അത്ര സുഖകരമല്ല. കാറുമൂടിയ ആകാശം പോലെ ഇരിക്കുന്നു.
''നീ അറിഞ്ഞില്ലേ സേരെഷ്. എനിക്കു സ്ഥാനക്കയറ്റം കിട്ടി. ഇതാ ഇന്നുകിട്ടിയ പണക്കിഴിയാണിത്.''
പണക്കിഴി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്അയാള്‍അവളെസന്തോഷിപ്പിക്കാന്‍ ശ്രമിച്ചു.
''ഓ...! എല്ലാം ഞാനറിഞ്ഞു.''
യാതൊരു താത്പര്യവും ഇല്ലാത്ത മട്ടിലാണ് സേരെഷ് സംസാരിക്കുന്നത്. അയാളുടെ ഉത്സാഹമെല്ലാം കെട്ടുപോയി.
''മഹാരാജാവിന്റെ സമ്മാനമല്ലേ, നിനക്കെന്താ സന്തോഷമില്ലാത്തത്?''
ഹാമാന്‍ അദ്ഭുതപ്പെട്ടു.
''വല്ലപ്പോഴും ഇങ്ങനെ കിട്ടുന്ന നക്കാപ്പിച്ചക്കിഴികൊണ്ട് എന്തു കാര്യം?''
അവള്‍ തുടര്‍ന്നു:
''കിട്ടുന്ന ശമ്പളംകൊണ്ടുമാത്രം കഴിഞ്ഞാല്‍ മതിയോ? പ്രധാനമന്ത്രിയുടെ വീടാണ്. നാട്ടുപ്രമാണിമാര്‍ക്കുപോലുമുണ്ടല്ലോ ഇതിനെക്കാള്‍ നല്ല വീടുകള്‍. ഇങ്ങനെ ചെലവു കഴിഞ്ഞു പോയാല്‍ മതിയോ?''
സേരെഷ് നിന്നു പെയ്യുകയാണ്. ഉളളിലുള്ളതെല്ലാം ഒന്നിച്ചു പുറത്തേക്കു തള്ളിവരുന്നു
ഹാമാന്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഭാര്യയെ സൂക്ഷിച്ചുനോക്കി. ഇവളെന്താണിങ്ങനെ?
''മക്കള് പത്തുപേരാ. പോത്തുപോലെ വളര്‍ന്നു. അവരിങ്ങനെ കളിച്ചും വഴക്കിട്ടും നടന്നാല്‍ മതിയോ?''
സേരെഷ് ക്രൂരമായി ചോദിച്ചു.
''ഒന്നിനും ഒരു ഉത്തരവാദിത്വമില്ല. ഞാനെന്തു ചെയ്യാനാണ് സേരെഷ്?''
ഹാമാന്‍ തന്റെ നിസ്സഹായത വെളിപ്പെടുത്തി.
''അതാ പറഞ്ഞത്, ഇപ്പോള്‍ അതിനുപറ്റിയ സമയമാണ്.''
അവള്‍ വിടുന്ന മട്ടില്ല.
''എന്നു പറഞ്ഞാല്‍...?''
''കുന്തം. കാറ്റുള്ളപ്പോള്‍ പാറ്റണമെന്ന്. നിങ്ങള്‍ വിചാരിച്ചാല്‍ അവര്‍ക്കെല്ലാം ജോലിയില്‍ക്കയറാം. ഇപ്പോള്‍ പ്രവിശ്യകളുടെ അധികാരം കിട്ടിയില്ലേ! മക്കളെ റവന്യൂവകുപ്പില്‍നിയമിച്ചുകൂടെ?''
മക്കള്‍ ശബ്ദം കേട്ടെത്തി.
മൂത്തവന്‍ പാര്‍ഷല്‍ദാഥാ മുന്നോട്ടു വന്നു.
''അതേ അബ്ബാ. അബ്ബയൊന്നു വിചാരിച്ചാല്‍...''
സേരെഷും ഇപ്പോള്‍ മൂത്തമകനും പറയുന്നത് ഒരേ കാര്യമാണ്. എത്ര വര്‍ഷമായി രാജസേവനം ചെയ്യുന്നു. ഇതുവരെ കാര്യമായിട്ടൊന്നും സമ്പാദിച്ചിട്ടില്ല.
സ്ഥാനമാനങ്ങളുടെ വലുപ്പം മാത്രമേയുള്ളൂ. അവള്‍ പറഞ്ഞതുപോലെ ഈ സ്ഥാനക്കയറ്റം ഒരു ലാഭമാക്കി മാറ്റണം.
''ഞാനൊന്നു ശ്രമിക്കട്ടെ സേരെഷ്.''
അയാള്‍ പറഞ്ഞു.
അതു കേട്ടതേ അവള്‍ ഹാമാനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.
''ഇപ്പോഴാ നിങ്ങള്‍ കുടുംബം നോക്കുന്ന ഭര്‍ത്താവായത്.''
പ്രവിശ്യകളുടെ മേല്‍നോട്ടം ലഭിക്കുകയും മക്കളെ റവന്യൂ വകുപ്പില്‍ അനധികൃതമായി നിയമിക്കുകയും ചെയ്തപ്പോള്‍ ഹാമാന്റെ വസതി ഉന്നതമായ അധികാരകേന്ദ്രമായി മാറി.
എല്ലാത്തരം ആവശ്യങ്ങള്‍ക്കുമായി ജനങ്ങള്‍ അങ്ങോട്ടൊഴുകി. നേരേ പോയാല്‍ താമസം വരുന്ന കാര്യങ്ങള്‍ നേരത്തേ നടക്കുവാന്‍ അതൊരു കൈക്കൂലിപ്രദേശമായി. ഹാമാന് എതിരാളികള്‍ ആരുമില്ലാതെയായി. എതിര്‍ക്കുന്നവരുടെ വായ് മൂടിക്കെട്ടാന്‍ ഹാമാന്റെ തടിമാടന്മാരായ മക്കളുണ്ട്.
പ്രതിഫലം നല്‍കിയും ഭയപ്പെടുത്തിയും ഹാമാന്‍ ജനങ്ങളെ വരുതിയിലാക്കി. രാജാവിനെപ്പോലെ തന്നെയും മറ്റുള്ളവര്‍ ബഹുമാനിക്കണമെന്ന് പണംവന്നു കുമിഞ്ഞുകൂടിയപ്പോള്‍ ഹാമാനും തോന്നി.
അന്നൊരിക്കല്‍ ഹാമാന്‍ രാജകൊട്ടാരത്തിലേക്ക് എത്തുകയാണ്. നാലു കുതിരകള്‍ വലിക്കുന്ന വലിയൊരു വണ്ടിയില്‍ രാജകീയമായ പ്രതാപങ്ങളോടെയാണ് ഇപ്പോഴത്തെ യാത്ര.
വണ്ടി കൊട്ടാരവാതില്ക്കല്‍ നിര്‍ത്തിയശേഷം പൂന്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള രാജപാതയിലൂടെ നടക്കുമ്പോള്‍ കൊട്ടാരത്തിന്റെ മതില്‍ക്കെട്ടിന്റെ കവാടത്തിലും തുടര്‍ന്നിങ്ങോട്ട് കൊട്ടാരംവരെയുള്ളിടത്തും കൊട്ടാരവാതുക്കലും വരാന്തകളിലുമെല്ലാം ഉണ്ടായിരുന്ന ജോലിക്കാര്‍ ഹാമാനെക്കണ്ടു വണങ്ങി.
''മഹാമന്ത്രിക്കു വണക്കം.''
സേവകര്‍ ഓരോരുത്തരായി ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. ഓരോ തലയും കുമ്പിടുമ്പോള്‍ ഹാമാന്റെ തല കൂടുതല്‍ക്കൂടുതല്‍ ഉയര്‍ന്നു.
അയാള്‍ കടന്നുപോകുന്ന വാതിലിനടുത്താണ് മൊര്‍ദെക്കായി ഇരിക്കുന്നത്. പക്ഷേ, അയാള്‍ ഹാമാനെ കണ്ടതായി നടിച്ചില്ല, എഴുന്നേറ്റു വന്ദനം പറഞ്ഞുമില്ല.
അപ്പോള്‍ ഹാമാന്റെ കൂടെയുണ്ടായിരുന്ന പരിചാരകന്മാരില്‍ ഒരാള്‍ പറഞ്ഞു:
''അയാള്‍ അങ്ങയെ വണങ്ങിയില്ല, ആ യഹൂദന്‍.''
ഹാമാന്‍ ഉത്തരമൊന്നും പറഞ്ഞില്ല. അയാളുടെ മനസ്സ് കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു.
സേവകരുടെ വന്ദനവാക്കുകള്‍ ആസ്വദിച്ചുകൊണ്ട് കടന്നുപോയ ഹാമാന്‍ കണ്ണില്‍നിന്നു മറഞ്ഞപ്പോള്‍ മൊര്‍ദെക്കായിയുടെ അടുത്തേക്ക് അയാളോട് ഇഷ്ടമുള്ള ഒരു സേവകന്‍ ഓടിച്ചെന്നു. കൂടെ മറ്റു കുറച്ചുപേരും.
ആദ്യത്തെയാള്‍ ഭയത്തോടെ അന്വേഷിച്ചു: ''നിനക്കു പേടിയില്ലേ? രാജകോപം നിന്റെമേല്‍ ഉണ്ടാവില്ലേ?''
''എന്തിന്?''
മൊര്‍ദെക്കായ് സേവകന്റെ ചോദ്യം നിസ്സാരമാക്കിക്കളഞ്ഞു.
''പ്രധാനമന്ത്രിയെ വണങ്ങണമെന്ന് രാജകല്പനയുണ്ട്. കല്പന അനുസരിക്കേണ്ടേ?''
അയാളുടെ മുഖത്ത് ഭീതിയുടെ അലകള്‍ പാഞ്ഞുനടക്കുന്നുണ്ടായിരുന്നു.
''മഹാരാജാവിനെ തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ കല്പനയാണത്.''
മൊര്‍ദെക്കായി പറഞ്ഞു:
''ദൈവത്തെയും മഹാരാജാവിനെയുംമാത്രമേ ഞാന്‍ വണങ്ങൂ.''
സേവകര്‍ ആരും ഒന്നും പറഞ്ഞില്ല. അവര്‍ തിരിയെപ്പോയി അവരുടെ ജോലികളില്‍ മുഴുകി. എന്നാല്‍, അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു ഒറ്റുകാരന്‍ ഹാമാന്റെ മുന്നില്‍ മൊര്‍ദെക്കായ് പറഞ്ഞകാര്യം കൂടുതല്‍ എരിവോടെ വിളമ്പി.
മുള്ളു തറഞ്ഞുകയറിയതുപോലെ ഹാമാന്റെ ഹൃദയം നൊന്തു. രാജകൊട്ടാരത്തിലെ സേവകരെല്ലാവരും കണ്ടുനില്ക്കുമ്പോഴാണ് അങ്ങനെ സംഭവിച്ചത്. ഇനിമുതല്‍ അവരും മൊര്‍ദെക്കായിയെപ്പോലെ പെരുമാറാന്‍ തുടങ്ങിയാലോ?
പ്രധാനമന്ത്രിയെ ധിക്കരിച്ചവനെ ജോലിയില്‍ വച്ചുകൊണ്ടിരിക്കാമോ? പക്ഷേ, ഒരു പ്രധാനജീവനക്കാരനെ പിരിച്ചുവിടാനുള്ള അധികാരം രാജാവിനുമാത്രമേയുള്ളൂ അതിനാല്‍, തക്കതായ എന്തെങ്കിലും ആരോപണം ഇവന്റെ പേരില്‍ ചുമത്തണം. അങ്ങനെയൊരു കേസുണ്ടാക്കി രാജാവിനെ ബോധ്യപ്പെടുത്തിയാല്‍ ഈ അപമാനമില്ലാതാക്കാം.
യഹൂദനാണെന്ന അഹങ്കാരമാണവന്. ധിക്കാരികളാണവര്‍. ആരെയും അനുസരിക്കില്ല. കാനായില്‍നിന്നോ ബാബിലോണില്‍നിന്നോ ജബൂസിയില്‍ (ജെറുസലേമില്‍)നിന്നോ ഓടിപ്പോന്നവരാണ്. രാജാവിന്റെ കൃപകൊണ്ടാണ് ഇവിടെ ജീവിക്കുന്നത്.
ഇവരുടെ പൂര്‍വികന്‍ അബ്രാഹമാണത്രേ. ഊര്‍ പട്ടണത്തിനു ചുറ്റിലുമാണവര്‍ താമസിച്ചിരുന്നത്. അവിടെനിന്നു കുഞ്ഞുകുട്ടിപരാധീനങ്ങളും ആടുമാടുകളും ഒക്കെയായി കാനായിലെത്തി. ദാരിദ്ര്യത്തിന്റെ പടുകുഴിയിലെത്തിയപ്പോള്‍ ഈജിപ്തിലേക്കു കുടിയേറി. ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്. എന്നിട്ടും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ് എന്ന ഒരു അഹങ്കാരമാണ്. അവരുടെ ആ വിശ്വാസമാണ് ഐക്യബോധത്തിന്റെ കാരണമെന്നു തോന്നുന്നു. ഈജിപ്തില്‍ ഫറവോരാജാക്കന്മാരുടെ കീഴില്‍ അടിമകളായി ജീവിച്ചിരുന്നവരാണ്.
അവിടെനിന്നു മോചിപ്പിച്ച് മോശയാണ് അവരെ വീണ്ടും കാനായില്‍ എത്തിച്ചത്. പന്ത്രണ്ടു ഗോത്രങ്ങള്‍. അബ്രാഹത്തിന്റെ മകനായ യാക്കോബിന്റെ നാലു ഭാര്യമാരുടെ പന്ത്രണ്ടു മക്കളുടെ പേരില്‍.
രൂബന്‍, ശിമയോന്‍, ലേവി, യഹൂദ, മിസാഖാന്‍, സെബൂലന്‍, ജോസഫ്, ബെഞ്ചമിന്‍, ദാന്‍, നഫ്താലി, ഗാദ്, ആഷിര്‍ എന്നിങ്ങനെ പന്ത്രണ്ടു മക്കളുടെ പേരില്‍.
ആദ്യ ആറു പുത്രന്മാര്‍ ലേയുടെയും അടുത്ത രണ്ടുപേര്‍ റാഹേലിന്റെയും, പിന്നെയുള്ള രണ്ടുപേര്‍ ബിന്‍ഹായുടെയും അവസാനത്തെ രണ്ടുപേര്‍ സില്പായുടെയും ആണ്. നാടായനാടുകള്‍ മാറിമാറിത്താമസിച്ചിട്ടും പല രാജ്യങ്ങളിലായി ചിതറിപ്പോയിട്ടും ഇക്കൂട്ടരുടെ ധാര്‍ഷ്ട്യം വിട്ടു മാറിയിട്ടില്ല.
ഈ ജനതയുടെ കഷ്ടപ്പാടുകളിലൂടെ മൊര്‍ദെക്കായിയെ ഒരു പാഠം പഠിപ്പിക്കണം. സ്വന്തക്കാര്‍ പീഡനങ്ങള്‍ക്കു വിധേയരാകുന്നതും മരിക്കുന്നതും കണ്ട് ഇയാള്‍ ഇഞ്ചിഞ്ചായി നീറി ദഹിക്കണം.
(തുടരും)