ജനുവരി 28 ദനഹാക്കാലം നാലാം ഞായര്‍
ഉത്പ 29:1-14 2 രാജാ 17:24-28
ഹെബ്രാ 6:1-12 യോഹ 4:1-26
ദനഹാക്കാലം വെളിപ്പെടുത്തലിന്റെ സമയമാണ്. രക്ഷകനായ മിശിഹായെ ലോകത്തിനു വെളിവാക്കിക്കൊടുക്കുന്ന കാലം. ദനഹാക്കാലം നാലാം ഞായറാഴ്ചയിലെ വായനകളും മിശിഹായെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തുന്നു. ഒന്നാം വായനയില്‍ (ഉത്പ. 29:1-14), കിഴക്കുള്ളവരുടെ ദേശത്തുവച്ച് കിണറിനരികെ റാഹേലിനെ കണ്ടുമുട്ടുന്ന യാക്കോബിനെക്കുറിച്ചും, രണ്ടാം വായനയില്‍ (2 രാജ. 17:24-28), സമരിയാനഗരങ്ങളില്‍ താമസിക്കുന്ന ജനതകള്‍ കര്‍ത്താവിനോട് എപ്രകാരം ഭക്ത്യാദരങ്ങള്‍ പ്രകടിപ്പിക്കണമെന്നു പഠിപ്പിക്കുന്നതിനെക്കുറിച്ചും, മൂന്നാം വായനയില്‍ (ഹെബ്രാ. 6:1-12) ഈശോമിശിഹായില്‍ വിശ്വസിക്കുന്നവര്‍ ജീവിക്കേണ്ട രീതികളെക്കുറിച്ചും, നാലാം വായനയില്‍ (യോഹ. 4:1-26) ഈശോയും സമരിയാക്കാരി സ്ത്രീയുംകൂടി നടത്തുന്ന സംഭാഷണത്തില്‍ വെളിപ്പെടുന്ന മിശിഹായെക്കുറിച്ചും നാം ധ്യാനിക്കുന്നു. യാക്കോബിന്റെ സന്തതിപരമ്പരില്‍നിന്നാണ് മിശിഹായുടെ വരവ് എന്നതാണ് ഇന്നത്തെ വായനകളെ ബന്ധിപ്പിക്കുന്ന ചരട്.
ഉത്പത്തി 29:1-14: പിതാവായ ഇസഹാക്കില്‍നിന്ന് അനുഗ്രഹം വാങ്ങിക്കൊണ്ട് (28:1) അമ്മാവനായ ലാബാന്റെ പക്കലേക്കു യാത്രയാകുന്ന യാക്കോബ് വഴിയില്‍വച്ച് അമ്മാവന്റെ മകളായ റാഹേലിനെ കണ്ടുമുട്ടുന്നതാണ് ഒന്നാമത്തെ വായനയുടെ പശ്ചാത്തലം. യാക്കോബ് എത്തിച്ചേരുന്നത് 'കിഴക്കുള്ളവരുടെ ദേശത്താണ്' (29:1). യോര്‍ദാന്റെ കിഴക്കുഭാഗത്ത് ധാരാളം ആടുമാടുകളുമായി ജീവിച്ചിരുന്ന, സിറിയന്‍ അറേബ്യന്‍മരുഭൂമിയിലെ ഗോത്രക്കാരുടെ ദേശമാണിത്.
വലിയൊരു കല്ലുകൊണ്ട് കിണര്‍ മൂടിയിരുന്നു (29:2). പുരാതനകാലത്ത് ജലക്ഷാമമുള്ള ദേശങ്ങളില്‍ കിണറുകള്‍ വലിയ കല്ലുകൊണ്ടു മൂടിവയ്ക്കുന്ന പതിവുണ്ടായിരുന്നു. ഇടയന്മാരെല്ലാവരും അവരുടെ ആടുകളുമായി എത്തിയതിനുശേഷംമാത്രമായിരുന്നു അവര്‍ എല്ലാവരും ഒത്തുചേര്‍ന്ന് ഭാരമുള്ള ഈ കല്ല് നീക്കിയിരുന്നതും വെള്ളംകൊടുത്തുകഴിയുമ്പോള്‍ തിരികെ അതു മൂടിവച്ചിരുന്നതും. എന്നാല്‍, യാക്കോബ് സ്വയമേതന്നെ ഈ കല്ല് ഉരുട്ടിമാറ്റുകയും റാഹേലിന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു. യാക്കോബ് ദാഹിക്കുന്നവര്‍ക്കു ജലം കൊടുക്കുന്നവനായിത്തീര്‍ന്നു. യാക്കോബിന്റെ സന്തതിപരമ്പരയില്‍പ്പെട്ട യൂദാഗോത്രത്തില്‍നിന്നു വന്ന രക്ഷകനായ മിശിഹാ എല്ലാവര്‍ക്കും നിത്യജീവന്റെ ജലം നല്‍കുന്നവനായിത്തീര്‍ന്നു.
യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ച് ലാബാന്‍ അവനെ തന്റെ ഭവനത്തില്‍ സ്വീകരിച്ചു (29:13). 'ആലിംഗനം ചെയ്യുക' എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ ഖബക് (രവമയമൂ) എന്ന പദവും 'ചുംബിക്കുക' എന്നര്‍ഥം വരുന്ന നഷക് (ിമവെമൂ) എന്ന പദവും സ്‌നേഹപ്രകടനത്തിന്റെ അടയാളങ്ങളെ കുറിക്കുന്നതാണ്. മരുമകനോടുള്ള അമ്മാവന്റെ കരുതലാണിത്. 'എന്റെ അസ്ഥിയും മാംസവുംതന്നെയാണു നീ' (29:14) എന്ന ലാബാന്റെ യാക്കോബിനോടുള്ള വാക്കുകള്‍ അസ്തിത്വവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. തന്റെ സ്വന്തം കുടുംബമായി, സ്വന്തം ചോരയായി യാക്കോബിനെ ലാബാന്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു.
2 രാജാക്കന്മാര്‍ 17:24-28:-സോളമന്‍ രാജാവിന്റെ ഭരണംമുതല്‍ (ബി സി 970) ജറുസലെമിന്റെ പതനംവരെയുള്ള (ബി സി 587) കാര്യങ്ങളാണ് രാജാക്കന്മാരുടെ ഒന്നും രണ്ടും പുസ്തകങ്ങളില്‍ വിവരിക്കുന്നത്. ഇന്നത്തെ വചനവായനയുടെ ചരിത്രപശ്ചാത്തലം ബി സി 722 ലെ അസ്സീറിയന്‍ ഭരണവും ഇസ്രയേലിന്റെ സ്ഥിതിയുമാണ്. അസ്സീറിയ രാജാവ് ഇസ്രയേല്‍ജനത്തിനു പകരമായി സമരിയായില്‍ വിവിധ വിജാതീയ ആളുകളെ കൊണ്ടുവന്നു താമസിപ്പിച്ചു. കര്‍ത്താവിനോടു ഭക്ത്യാദരങ്ങള്‍ കാണിക്കാത്ത ഒരു ജനതയായിരുന്നു അവര്‍. ജനതകള്‍ക്കു കര്‍ത്താവിന്റെ നിയമം പഠിപ്പിച്ചുകൊടുക്കുകയാണ് ഇന്നത്തെ വായനയില്‍.
സമരിയായിലെ ജനത്തിന്റെ പ്രത്യേകത അവര്‍ ദൈവത്തോടു ഭക്ത്യാദരങ്ങള്‍ കാണിച്ചില്ല എന്നതാണ്. 'ആദരിക്കുക, ഭയപ്പെടുക, ബഹുമാനിക്കുക' എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ 'യാരെ' (്യമൃല) എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് (17:25). അവരുടെ നാശത്തിനു കാരണവും ദൈവത്തോടുള്ള ആദരവിന്റെ കുറവായിരുന്നു. ദൈവത്തിന്റെ നിയമത്തെക്കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നു. ഇക്കാര്യം തിരിച്ചറിയുന്ന അസ്സീറിയ രാജാവ് ദൈവത്തിന്റെ നിയമം സമരിയായിലെ ജനത്തെ പഠിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്തു.
ദൈവത്തോട് ആദരവില്ലാത്ത ഇടങ്ങളില്‍, അവിടുത്തെ നിയമങ്ങള്‍ ഗ്രഹിക്കാത്ത സ്ഥലങ്ങളില്‍, ഭക്ത്യാദരവ് പ്രകടിപ്പിക്കാത്ത സമയങ്ങളില്‍ 'സിംഹത്തിന്റെ' സാന്നിധ്യമുണ്ടാകും. അത് അനേകരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകും. ദൈവികനിയമത്തെ തിരിച്ചറിഞ്ഞ് അവിടുത്തോട് ഭക്ത്യാദരവ് കാണിക്കുമ്പോഴാണ് 'ജീവന്‍' നഷ്ടപ്പെടാതിരിക്കുന്നത്. അവന് നിത്യജീവന്‍ ലഭിക്കും.
ഹെബ്രായര്‍ 6:1-12:- വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകുന്ന യഹൂദക്രൈസ്തവരെ പ്രത്യേകമായി ഉദ്ദേശിച്ചു രചിക്കപ്പെട്ടിരിക്കുന്നതാണ് ഹെബ്രായലേഖനം. ക്രിസ്തീയപക്വതയിലേക്കു വളരാനുള്ള ഒരു ആഹ്വാനമാണ് ഇന്നത്തെ വായനയില്‍ നാം ശ്രവിക്കുന്നത്. 'പൂര്‍ണത, പക്വത, സമ്പൂര്‍ണവളര്‍ച്ച' എന്നീയര്‍ഥങ്ങള്‍ വരുന്ന 'തെലെയോതെസ്' (ലേഹലശീലേ)െ എന്ന ഗ്രീക്കു നാമമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോമിശിഹായിലുള്ള വിശ്വാസം സ്വീകരിച്ച് ഈ സഭാക്കൂട്ടായ്മയിലേക്കു വന്നവര്‍ക്കു വിശ്വാസത്തിന്റെ ംവീഹലില ൈ ഉണ്ടാകണമെന്ന ആഗ്രഹവും അതിലേക്കുള്ള ക്ഷണവുമാണിത്. മിശിഹായോടു പൂര്‍ണമായി ചേര്‍ന്നിരിക്കുന്ന അവസ്ഥയാണിത്.
വിശ്വാസം ത്യജിക്കുന്നവര്‍ക്ക് ഈ സൗഭാഗ്യം നഷ്ടമാകും. വിശ്വാസത്തില്‍നിന്നു മാറിപ്പോകുന്നവരെ തിരികെക്കൊണ്ടുവരാന്‍ പ്രയാസമാണ് (6:4-6) എന്നാണ് ഹെബ്രായലേഖകന്‍ അഭിപ്രായപ്പെടുന്നത്. 'അസാധ്യം' എന്നര്‍ഥംവരുന്ന 'അദുനാത്തോസ്' (മറൗിമീേ)െ എന്ന പദം തിരികെവരാനുള്ള സാധ്യതയുടെ ബുദ്ധിമുട്ടിനെയാണു സൂചിപ്പിക്കുന്നത്. അക്കാരണത്താല്‍ സ്വര്‍ഗീയസമ്മാനം രുചിച്ചവര്‍ (6:5) അതു നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയാണു വേണ്ടത്. പ്രതിസന്ധികളില്‍ വിശ്വാസം കൈമോശം വരരുത്. കാരണം, ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അതു തിരികെപ്പിടിക്കുക 'അസാധ്യം'തന്നെയാണ്. 'സ്വര്‍ഗീയസമ്മാനം' എന്നത് വിശുദ്ധകുര്‍ബാനയുടെ സൂചനയാണ്.
മഴവെള്ളം സ്വീകരിക്കുന്ന ഒരു കൃഷിഭൂമിയുടെ ഉദാഹരണത്തിലൂടെ ലേഖകന്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട് (6:7-8). മഴവെള്ളം സ്വീകരിക്കുന്ന കൃഷിഭൂമി സ്വാഭാവികമായി നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ടതുണ്ട്. നല്ല ഫലങ്ങള്‍ നല്‍കുമ്പോള്‍ അത് അനുഗ്രഹിക്കപ്പെട്ട ഭൂമിയാകും. മറിച്ച്, മഴവെള്ളം സ്വീകരിച്ചിട്ടും മുള്ളുകളും ഞെരിഞ്ഞിലുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ, അവ പരിത്യക്തമാവുകയും തീയില്‍ ദഹിപ്പിക്കപ്പെടുകയും ചെയ്യും. ക്രിസ്തീയവിശ്വാസം സ്വീകരിച്ചവര്‍ യഥാര്‍ഥഫലങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ അവര്‍ക്ക് അനുഗ്രഹവും, നിഷേധാത്മകമായി പ്രതികരിക്കുമ്പോള്‍ അവര്‍ മൂല്യശോഷണം സംഭവിച്ചവരും, ശാപം ഏറ്റുവാങ്ങുന്നവരുമാകും. അതായത്, ശിക്ഷാവിധിക്ക് അര്‍ഹരാകും. 'ദഹിപ്പിക്കുക' എന്നര്‍ഥം വരുന്ന 'കൗസിസ്' (ഗമൗശെ)െ എന്ന പദം ശിക്ഷാവിധിയുടെ സൂചനയാണ്.
യോഹന്നാന്‍ 4:1-26:- ഈശോയും സമരിയാക്കാരിസ്ത്രീയും തമ്മിലുള്ള സംഭാഷണത്തിലൂടെ ഈശോ യഥാര്‍ഥത്തില്‍ ആരാണെന്നുള്ള വസ്തുതയാണ് യോഹന്നാന്‍ ശ്ലീഹാ വെളിപ്പെടുത്തുന്നത്. ഈശോ യാത്ര ചെയ്യുന്നത് സമരിയാപ്രദേശത്തുകൂടിയാണ്. ഗലീലിക്കും യൂദയായ്ക്കും ഇടയിലുള്ള പ്രദേശമാണിത്. അസ്‌സീറിയ രാജാവ് ഇസ്രയേല്‍ക്കാരെ മാറ്റി വിജാതീയരെ നിറച്ച പ്രദേശമാണിത്. ഈശോയുടെ ആ വഴിയിലൂടെയുള്ള യാത്ര വിജാതീയര്‍ക്കും ദൈവരാജ്യം പങ്കുവയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. യഹൂദര്‍ ഒരിക്കലും സമരിയാക്കരോടു ബന്ധം പുലര്‍ത്തുന്നവരായിരുന്നില്ല. എന്നാല്‍, ഈശോ ഒരു പുതിയ തുടക്കം ഇവിടെ കുറിക്കുകയാണ്: വിജാതീയദേശങ്ങളിലേക്ക് 'ദൈവത്തെ' സമ്മാനിക്കുക. ഈശോയുടെ ഒരു മിഷന്‍യാത്രയാണിത്.
യാക്കോബിന്റെ കിണറിനരികെ ഈശോ കണ്ട സ്ത്രീയെ പുതിയ ഒരു ജീവിതത്തിലേക്കും വിശ്വാസത്തിന്റെ പ്രകാശത്തിലേക്കും ഈശോ നയിക്കുകയാണ്. ഈശോ അവള്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തി നല്‍കുന്നുമുണ്ട്. 'കിണറ്റിന്റെ കരയിലെ കണ്ടുമുട്ടല്‍' പഴയനിയമത്തിലെ ഒരു പ്രതീകാത്മകശൈലിയാണ്. കിണര്‍ ജലത്തിന്റെയും ജീവന്റെയും അടയാളമാണ്. 'ഉറവ' എന്നര്‍ഥമുള്ള ഗ്രീക്കുഭാഷയിലെ 'പെഗെ' (ുലഴല) എന്ന പദം പ്രതീകാത്മകമായി നിത്യജീവന്റെ സൂചനയാണ്.
'ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ' (4:12) എന്ന സമരിയാക്കാരിസ്ത്രീയുടെ ചോദ്യവും അതിനോടുള്ള ഈശോയുടെ മറുപടിയും ശ്രദ്ധേയമാണ്. പൂര്‍വപിതാവായ യാക്കോബും കുടുംബവും ജലത്തിനായി ആശ്രയിച്ചിരുന്ന കിണറിന്റെ കരയിലാണ് സമരിയാക്കാരി സ്ത്രീ. അവിടെനിന്നു ലഭിക്കുന്ന ജലം സമരിയാക്കാരി സ്ത്രീയുടെയും മറ്റുള്ളവരുടെയും ഭൗതികജീവന്‍ നിലനിര്‍ത്തുന്ന ഒന്നാണ്. ആ ജലം കുടിച്ചാലും അവര്‍ക്കു വീണ്ടും ദാഹിക്കും. എന്നാല്‍, അതിലും ശ്രേഷ്ഠമായ ജലം ഈശോ നല്‍കുമെന്നു പറയുന്നതിലൂടെ അവിടുന്ന് യാക്കോബിനെക്കാള്‍ ശ്രേഷ്ഠനാണെന്നു സമര്‍ഥിക്കുന്നു. ഈശോ നല്‍കുന്നത് നിത്യജീവന്റെ ജലമാണ്. അത് നിത്യരക്ഷയാണ്. ഭൗമികകിണറിന്റെ കരയില്‍നിന്നു നിത്യജീവന്റെ ഉറവയായ ഈശോയുടെ അരികിലേക്കു വരുമ്പോഴാണ് സമ്പൂര്‍ണമായ രക്ഷ ഒരാള്‍ക്കു കരഗതമാകുന്നത്.