•  28 Mar 2024
  •  ദീപം 57
  •  നാളം 4
വചനനാളം

ഇടര്‍ച്ച നല്കുന്നവനു ദുരിതം

ഏലിയാ സ്ലീവാ മൂശക്കാലം
നിയമ 10, 12-20 ഏശയ്യാ 33, 2-10 
1 കോറി 14, 26-33 മത്തായി 18,1-9

ശിശുക്കളുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ നിഷ്‌കളങ്കതയാണ്. കര്‍ത്താവിന്റെ ശിഷ്യത്വത്തിന്റെ പ്രത്യേകതയായി അവിടുന്ന് എടുത്തുകാണിക്കുന്നത് ശിശുവിന്റെ നിഷ്‌കളങ്കതയാണ്. നിഷ്‌കളങ്കതയോടൊപ്പം ശിശുവിന്റെ പ്രധാനഭാവം ആശ്രയത്വമാണ്. ശിശുക്കള്‍ തങ്ങളുടെ മാതാപിതാക്കളെ ആശ്രയിച്ചാണ് എല്ലാം ചെയ്യുന്നത്. ക്രിസ്തുശിഷ്യന്മാരുടെ ദൈവാശ്രയത്വമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
          
     മിശിഹായുടെ മഹത്ത്വപൂര്‍ണമായ ആഗമനത്തെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് സ്വര്‍ഗോന്മുഖമായ തീര്‍ഥയാത്ര നടത്തുന്ന ആരാധനാസമൂഹത്തിന് സ്ലീവാക്കാലം നാലാം ഞായറാഴ്ച തിരുസഭാമാതാവ് വിചിന്തനത്തിനു നല്കുന്ന വിഷയം സഭാത്മകജീവിതത്തെക്കുറിച്ചുതന്നെയാണ്. നിയമാവര്‍ത്തനപ്പുസ്തകത്തില്‍ നിന്നുള്ള വായനയില്‍, ഇസ്രായേലിന്റെ ജീവിതത്തില്‍ ഉണ്ടാകേണ്ട അടിസ്ഥാനപാഠങ്ങളാണ് പഠിപ്പിക്കുന്നത്. യഹൂദന്മാര്‍ അനുദിനം ഉച്ചരിക്കുന്ന ''ഷെമാ''പ്രാര്‍ഥനയുടെ വിപുലമായ വിവരണം നല്കുന്ന ഭാഗമാണ് നിയമാവര്‍ത്തനം പത്താം അധ്യായം. ആറാം അധ്യായം 4-8 വാക്യങ്ങളാണ് ഷെമാപ്രാര്‍ഥന. ''ഷെമാ'' എന്ന വാക്കിന്റെ അര്‍ഥം കേള്‍ക്കുക എന്നാണ്. നിയമത്തിന്റെ രത്‌നച്ചുരുക്കം എന്ന വിധത്തില്‍ ഇസ്രായേലേ, കേട്ടാലും എന്നു പറഞ്ഞുകൊണ്ട് അവര്‍ക്കു നല്കിയ നിര്‍ദേശമാണ് ഷെമാപ്രാര്‍ഥന. ഈ വചനമാണ് അവര്‍ എപ്പോഴും അനുസ്മരിക്കേണ്ടത്. അതിനാല്‍ത്തന്നെ നെറ്റിത്തടത്തിലും കൈത്തണ്ടിലും വാതില്‍പ്പടിയിലും ഈ വചനം എഴുതിവയ്ക്കുന്നത് ഒരു യഹൂദപാരമ്പര്യമായി ഇന്നും പാലിച്ചുപോരുന്നു. ഈ വചനം ഉച്ചരിച്ചു പ്രാര്‍ഥിച്ചുകൊണ്ടാണ് യാമങ്ങളെ വിശുദ്ധീകരിക്കുന്നത്. 
ഇന്നത്തെ വചനഭാഗത്ത് രണ്ടുപ്രാവശ്യം (10,12-13. 20) 'ഷെമാ' പ്രാര്‍ഥനയുടെ അടിസ്ഥാനപാഠങ്ങള്‍ എടുത്തു പറയുന്നുണ്ട്. ഇസ്രായേല്‍ അനുദിനജീവിതത്തില്‍ പാലിക്കേണ്ട അഞ്ചു കാര്യങ്ങളാണിവിടെ പ്രധാനമായും പറയുന്നത്. 1. കര്‍ത്താവിനെ ഭയപ്പെടുക, 2. അവിടത്തെ മാര്‍ഗത്തില്‍ ചരിക്കുക, 3. അവിടത്തെ സ്‌നേഹിക്കുക, 4. അവിടത്തെ സേവിക്കുക, 5. പ്രമാണങ്ങള്‍ അനുസരിക്കുക. യഥാര്‍ഥത്തില്‍ ഷമാപ്രാര്‍ഥന എപ്രകാരമാണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് എന്നാണ് ഈ വചനഭാഗം പഠിപ്പിക്കുന്നത്. ദൈവത്തോടും സഹോദരങ്ങളോടുമുണ്ടായിരിക്കേണ്ട മനോഭാവം എന്തായിരിക്കണമെന്ന് തിരുവചനങ്ങള്‍ വ്യക്തമാക്കുന്നു. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ അനാഥരെയും, പരദേശികളെയും ബലഹീനരെയും പ്രത്യേകം പരിഗണിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. ദൈവത്തോടുള്ള കടമ നിര്‍വഹിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് മനുഷ്യരോടുള്ള കടമ നിര്‍വഹണവും.
കര്‍ത്താവിന്റെ കരുണാപൂര്‍വമായ ഇടപെടലിനായി പ്രാര്‍ഥിക്കുകയും ആഗമനത്തിനായി കാത്തിരിക്കുകയും ചെയ്യുന്ന ഇസ്രായേലിനെയാണ് ബൈബിളില്‍ നാം കാണുന്നത്. അസീറിയന്‍ രാജാവായ സൊക്കരീം ഇസ്രായേലിനെ ആക്രമിക്കുന്നതിന് ഉപരോധം ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ദൈവത്തിന്റെ പക്കലേക്കു തിരിയുന്ന ജനം അവിടത്തെ കരുണാപൂര്‍വ്വമായ ഇടപെടലിനുവേണ്ടി പ്രാര്‍ഥിക്കുന്നു. 
സഭയില്‍ എപ്രകാരം ജീവിക്കണമെന്നും ഓരോ വ്യക്തിയും തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വരദാനങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നുമാണ് പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയെ പ്രബോധിപ്പിക്കുന്നത്. സങ്കീര്‍ത്തനങ്ങളും പ്രബോധനങ്ങളും ഭാഷാവരവും പ്രവചനവരവുമെല്ലാം സഭാസമ്മേളനത്തിന്റെ ഭാഗമായിരിക്കണം. എന്നാല്‍, എല്ലാ വരദാനങ്ങളും സംഭാഷണങ്ങളും മനുഷ്യരുടെ വളര്‍ച്ചയ്ക്കും സമാശ്വാസത്തിനും പ്രോത്സാഹനത്തിനുമായിരിക്കണമെന്ന് പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു. ശ്ലീഹാ പറയുന്നത്, നിങ്ങള്‍ ചിന്തയില്‍ ശിശുക്കളെപ്പോലെയാകരുത്, തിന്മയുടെ കാര്യത്തില്‍ ശിശുക്കളെപ്പോലെയാകുവിന്‍ എന്നാണ്. 
മത്തായി 20:1-6ല്‍ നാം കാണുന്നത് ഈശോയും ശിഷ്യന്മാരും തമ്മിലുള്ള ഒരു സംഭാഷണമാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലുള്ള പ്രഭാഷണപരമ്പരയില്‍ നാലാമത്തേതാണ് 18-ാം അധ്യായത്തില്‍ ആരംഭിക്കുന്നത്. സഭാസമൂഹം എപ്രകാരം പെരുമാറണം എന്നാണ് ഈ പ്രഭാഷണത്തിന്റെ സന്ദേശം. ശിഷ്യന്മാര്‍ ഈശോയുടെ അടുത്തുവന്നു ചോദിക്കുന്ന ഒരു ചോദ്യത്തോടെയാണ് ഈ പ്രഭാഷണം ആരംഭിക്കുന്നത്. സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ് എന്നതാണ് ചോദ്യം. ഈശോ അവരോട് ഉത്തരം പറയുന്നത് ഒരു ശിശുവിനെ എടുത്ത് അടുത്തു നിറുത്തിക്കൊണ്ടാണ്. മാനസാന്തരപ്പെട്ട് ശിശുവിനെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. ശിശുക്കളുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ നിഷ്‌കളങ്കതയാണ്. കര്‍ത്താവിന്റെ ശിഷ്യത്വത്തിന്റെ പ്രത്യേകതയായി അവിടുന്ന് എടുത്തുകാണിക്കുന്നത് ശിശുവിന്റെ നിഷ്‌കളങ്കതയാണ്. നിഷ്‌കളങ്കതയോടൊപ്പം ശിശുവിന്റെ പ്രധാനഭാവം ആശ്രയത്വമാണ്. ശിശുക്കള്‍ തങ്ങളുടെ മാതാപിതാക്കളെ ആശ്രയിച്ചാണ് എല്ലാം ചെയ്യുന്നത്. ക്രിസ്തുശിഷ്യന്മാരുടെ ദൈവാശ്രയത്വമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ശിഷ്യന്മാരും സമ്പൂര്‍ണമായി ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കേണ്ടവരാണ് എന്നു സാരം. എളിമയാണ് മഹത്ത്വത്തിന്റെ അളവുകോലായി മിശിഹാ പറയുന്നത്. അവിടുന്ന് ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ശിശുവായി അവതരിച്ച് മനുഷ്യനായി ജീവിച്ച് കുരിശുമരണത്തോളം താഴ്ത്തി. ക്രിസ്തു സ്വര്‍ഗരാജ്യത്തിന്റെ കവാടം തുറന്നത് സ്വയംശൂന്യമാക്കിക്കൊണ്ടാണ്. ആ ശൂന്യവത്കരണത്തിന്റെയും എളിമയുടെയും മാര്‍ഗമാണ് ക്രിസ്തുശിഷ്യത്വത്തിന്റെ മാര്‍ഗമെന്ന് ഈശോ പഠിപ്പിക്കുന്നു. 
സഭാസമൂഹത്തിനുണ്ടായിരിക്കേണ്ട മറ്റൊരു കാര്യം ഇടര്‍ച്ചയ്ക്കു കാരണമാകരുത് എന്നതാണ്. ഈശോ വളരെ ശക്തമായി താക്കീതു നല്കിക്കൊണ്ട് സംസാരിക്കുന്ന ഒന്നാണ് ഇടര്‍ച്ചയുണ്ടാക്കുക എന്നത്. ഇടര്‍ച്ച നല്കുന്നത് പൂര്‍ണമായി ഒഴിവാക്കണമെന്നാണ് പഠിപ്പിക്കുന്നത്. അതു സൂചിപ്പിക്കുന്നതിനാണ് ഇടര്‍ച്ച നല്കുന്നവനെ തിരികല്ലുകെട്ടി താഴ്ത്തണമെന്നും ഇടര്‍ച്ചനല്കുന്ന അവയവങ്ങള്‍ ഛേദിച്ചുകളയണമെന്നും പറയുന്നത്. എതെങ്കിലും വിധത്തിലുള്ള ഇടര്‍ച്ചകള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്.

 

Login log record inserted successfully!