വിരുന്നിനു ക്ഷണം ലഭിച്ചാല്‍ അതു നിരസിക്കുന്നവര്‍ ചുരുക്കമാണ്. വിരുന്ന് സാധാരണ നിലയില്‍ സൗഹൃദത്തിന്റെ അടയാളമാണ്. വിരുന്നിനു പോയെന്നു കരുതി അവരുടെ കൂട്ടാളിയായെന്നോ അവരുടെ കീഴിലായെന്നോ ഒന്നുമര്‍ഥമില്ല. വിളിക്കുന്നയാള്‍ പ്രധാനപ്പെട്ടതായാല്‍ പങ്കെടുക്കാനുള്ള സാധ്യത വര്‍ധിക്കും. പ്രധാനമന്ത്രി ക്രിസ്മസിനോടനുബന്ധിച്ചു ക്രൈസ്തവമേലധ്യക്ഷന്മാരെയും നേതാക്കന്മാരെയും ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയതിനെ സംബന്ധിച്ചു ചില ഇടതുനേതാക്കന്മാര്‍ക്ക് അസ്വസ്ഥത. സജി ചെറിയാന്‍ എന്ന മന്ത്രി അതു പച്ചയ്ക്കു പറയുകയും നാട്ടുകാരുടെയെല്ലാം കൊട്ടപ്പടി തെറി ഏറ്റുവാങ്ങുകയും ചെയ്തിരിക്കുകയാണ്.
പ്രധാനമന്ത്രി ഏതു പാര്‍ട്ടിയില്‍പ്പെട്ടയാളാണെങ്കിലും രാജ്യത്തിന്റെ അധികാരിയെന്ന നിലയില്‍ അതിഥികളെ വിളിച്ചു വിരുന്നുനടത്താന്‍ അധികാരമുള്ളയാളാണ്. പല സന്ദര്‍ഭങ്ങളിലായി വിവിധ സമുദായനേതാക്കന്മാരെ അദ്ദേഹം വിളിച്ചുചേര്‍ത്തു സൗഹൃദം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഈസ്റ്റര്‍ദിനങ്ങളില്‍ അദ്ദേഹം ഡല്‍ഹിയിലെ ചില ക്രൈസ്തവദൈവാലയങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായിട്ടുവേണം ക്രിസ്മസ്‌സദസ്സിനെ കാണാന്‍. ഒരു ഋഷിയുടെ നിഷ്‌കളങ്കതയോടും നിര്‍വികാരതയോടുംകൂടിയാണ് പ്രധാനമന്ത്രി ക്രൈസ്തവനേതാക്കന്മാരെ വിളിച്ചുകൂട്ടിയതെന്നു സാമാന്യബുദ്ധിയുള്ള ആരും അംഗീകരിക്കുകയില്ല. ക്രൈസ്തവന്യൂനപക്ഷം എണ്ണത്തില്‍ ചെറുതാണെങ്കിലും ശക്തിയും സ്വാധീനവും സ്വീകാര്യതയുമുള്ള ഒരു സമൂഹമാണെന്നു പ്രധാനമന്ത്രിക്കും ബിജെപിക്കുമറിയാം. ക്രൈസ്തവാരാധനാലയങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടും മണിപ്പുര്‍വിഷയത്തില്‍ പ്രധാനമന്ത്രി കൃത്യസമയത്ത് ഇടപെടാത്തതുമായി ബന്ധപ്പെട്ടും ബിജെപി സര്‍ക്കാരിനോടു ക്രൈസ്തവന്യൂനപക്ഷം നല്ല ബന്ധത്തിലല്ലെന്നു പ്രധാനമന്ത്രിക്കറിയാം. മാത്രവുമല്ല, 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ബിജെപി എം.പി. വിജയിക്കണമെങ്കില്‍ ക്രൈസ്തവവോട്ടുകള്‍ നിര്‍ബന്ധമാണെന്നും അവര്‍ക്കറിയാം.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു വിരുന്നില്‍ പങ്കെടുത്ത സഭാധികാരികളെ മന്ത്രി സജി ചെറിയാന്‍ അപമാനിച്ചും വിമര്‍ശിച്ചും സംസാരിച്ചത് ഇടതുപക്ഷനേതാക്കന്മാരില്‍ ത്തന്നെ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. വീഞ്ഞു കണ്ടപ്പോള്‍ മെത്രാന്മാര്‍ക്കു രോമാഞ്ചമുണ്ടായെന്നാണു മഹാനായ മന്ത്രിയുടെ കണ്ടുപിടിത്തം. മുഖ്യമന്ത്രിയെ സുഖിപ്പിക്കാന്‍വേണ്ടി മന്ത്രി തട്ടിവിട്ടതാണ് ഈ മണ്ടത്തരം എന്നാണു വ്യാഖ്യാനം. കേരളത്തിലെ മന്ത്രിമാരുടെ നിലവാരമോര്‍ത്ത് അവരെ പ്രതിഷ്ഠിച്ച മുഖ്യമന്ത്രി അഭിമാനപുളകിതനാകണം. സാംസ്‌കാരികമന്ത്രിയായതുകൊണ്ട് മന്ത്രി അന്തസ്സുള്ള ഭാഷ ഉപയോഗിക്കണമെന്ന് ആരും ശാഠ്യം പിടിക്കരുത്. ഓരോരുത്തര്‍ക്കും അവരവരുടെ നിലവാരത്തിനൊത്തേ സംസാരിക്കാനാവുകയുള്ളൂ. ലോക്കല്‍ കമ്മിറ്റിയിലെ അടിമകളോടു സംസാരിക്കുന്ന ശൈലിയിലാണ് മന്ത്രിയുടെ പ്രസംഗം. ഇന്ത്യന്‍ ഭരണഘടനയില്‍പ്പോലും വിശ്വാസം പോരാത്ത മഹാനാണ് മന്ത്രി. അതിന്റെ പേരില്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കപ്പെട്ടെങ്കിലും തനിക്കു പ്രയോജനപ്പെടുമെന്നു കരുതി മുഖ്യമന്ത്രി രണ്ടാമൂഴം നല്‍കിയതുകൊണ്ടാണു മന്ത്രിസ്ഥാനത്തിരുന്ന് ഇപ്പോള്‍ മന്ത്രിസഭയെ നാറ്റിക്കാന്‍ അദ്ദേഹത്തിനവസരം ലഭിച്ചത്.
ക്ഷണം സ്വീകരിക്കണോ നിരസിക്കണോ എന്നു നിശ്ചയിക്കാനുള്ള അവകാശം മന്ത്രിക്ക് ആരു നല്‍കി? സിപിഎമ്മിനു ബിജെപിയോടുള്ള പിണക്കം ക്രൈസ്തവമേലധ്യക്ഷന്മാരുടെ തലയില്‍ കെട്ടിവച്ചു മിടുക്കനാകാന്‍ ശ്രമിച്ച മന്ത്രി അപഹാസ്യനായി മാറി. വിദ്യാഭ്യാസവും സംസ്‌കാരവും അടിസ്ഥാനമര്യാദകളും അറിയുന്ന മെത്രാന്മാര്‍ മണിപ്പുര്‍ വിഷയം ആ സമയത്ത് ചര്‍ച്ച ചെയ്യാഞ്ഞത് അവരുടെ വിവേകംകൊണ്ടാണ്. മണിപ്പുര്‍വിഷയം ചര്‍ച്ചയാക്കണമെന്നു പറയുന്നത് ശുദ്ധവിവരക്കേടും അവിവേകവും. അതു ധാരാളമുള്ളയാളാണെന്നു പലവുരു തെളിയിച്ചിട്ടുള്ളയാളാണ് നമ്മുടെ സാംസ്‌കാരികമന്ത്രി. ജി. സുധാകരനെപ്പോലെയുള്ള ജനകീയനായ ഒരു കമ്യൂണിസ്റ്റുകാരനെ വെട്ടിനിരത്തിയ സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ ഒരാളു വേണമല്ലോ. അദ്ദേഹമാണ് പിണറായിയുടെ വിശ്വസ്തനായ സജിമന്ത്രി.
വിരുന്നിനു ക്ഷണിച്ച പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ സിപിഎമ്മിന് ഉളുപ്പു തോന്നേണ്ടതാണ്. കാരണം, നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രി വേണ്ടപ്പെട്ടവെരയെല്ലാം ക്ഷണിച്ചിരുന്നു. അതില്‍ വൈദികരും മെത്രാന്മാരും പങ്കെടുത്തിരുന്നു. ആ സമയത്ത് സജിമന്ത്രിക്കു തോന്നാത്ത രോമാഞ്ചം ഇപ്പോള്‍ തോന്നാന്‍ കാരണമെന്താണ്? ക്രൈസ്തവവിശ്വാസത്തിന്റെമേലും വൈദികരുടെമേലും കുതിരകയറുന്ന രീതി ഇടതുനേതാക്കന്മാര്‍ക്കാണ് കൂടുതലെന്നു കേരളത്തിലെ ക്രൈസ്തവര്‍ക്കറിയാം. സംഘടിതരല്ലെന്ന ഒറ്റക്കാരണത്താലാണ് വൈദികര്‍ക്കെതിരേ ഈ അധിക്ഷേപം. ക്രൈസ്തവവോട്ടുകള്‍ കൂടാതെ കേരളത്തില്‍ ഒരു മുന്നണിക്കും അധികാരത്തിലെത്താന്‍ ആവുകയില്ലെന്നു നേതാക്കന്മാരെങ്കിലും അറിയുന്നതു നല്ലത്. ക്രൈസ്തവവിരുദ്ധത പൊതുവിടങ്ങളില്‍ വിളിച്ചുകൂവുന്ന നാലഞ്ചു നേതാക്കന്മാര്‍ നാടു ഭരിക്കുന്ന പാര്‍ട്ടിയിലുണ്ട്. അത്തരം നാലഞ്ചു 'മുതലി' നെക്കൂടി നാടിനു സംഭാവന ചെയ്യാന്‍ സിപിഎമ്മിനായാല്‍ യുഡിഎഫ് വിരോധം മാറിക്കിട്ടും.