•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

ദൈവത്തിന്റെ രക്ഷാകരമായ ഇടപെടല്‍

ഡിസംബര്‍ 17
മംഗളവാര്‍ത്തക്കാലം മൂന്നാം ഞായര്‍
ഉത്പ 21:1-12  ഏശ 40:1-11 
1 കോറി 1:26-31   ലൂക്കാ 1:57-66

മംഗളവാര്‍ത്തക്കാലം മൂന്നാം ഞായറാഴ്ചയിലെ നാലു വായനകളില്‍ ഒന്നാമത്തേത് ഇസഹാക്കിന്റെ ജനനത്തെക്കുറിച്ചും (ഉത്പ. 21:1-12), രണ്ടാമത്തേത് ഇസ്രയേല്‍ജനത്തെ ആശ്വസിപ്പിക്കുന്ന ദൈവമായ കര്‍ത്താവിനെക്കുറിച്ചും (ഏശ. 40:1-11), മൂന്നാമത്തേത് ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവുമായി, ദൈവം നമുക്കു നല്കിയിരിക്കുന്ന ഈശോമിശിഹായെക്കുറിച്ചും (1 കോറി. 1:26-31), നാലാമത്തേത് സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചു (ലൂക്കാ 1:57-66)മാണ്. ഈ വായനകളിലെല്ലാം പ്രധാന പ്രമേയമായി നിലകൊള്ളുന്നത് 'ദൈവത്തിന്റെ ഇടപെടല്‍' ആണ്. ദൈവം നല്‍കിയ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണവും ഇവിടെ നടക്കുന്നുണ്ട്.
ഉത്പ. 21:1-12: അസംഖ്യം സന്തതികളെ അബ്രാഹത്തിനും സാറായ്ക്കും  നല്‍കുമെന്ന ദൈവികവാഗ്ദാനത്തിന്റെ (ഉത്പ. 13:16; 15:4-5; 17:1-27; 18:10-15) പൂര്‍ത്തീകരണമാണ് ഇസഹാക്കിന്റെ ജനനം. ഇസഹാക്ക് വാഗ്ദാനത്തിന്റെ പുത്രനാണ്. കര്‍ത്താവിന്റെ അനുഗ്രഹത്തിന്റെ ഫലമാണ് ഇസഹാക്ക്. നൂറു തികഞ്ഞ അബ്രാഹത്തിനും തൊണ്ണൂറു തികഞ്ഞ സാറായ്ക്കും മാനുഷികമായി ചിന്തിച്ചാല്‍ ഒരു കുഞ്ഞു ജനിക്കുക പ്രയാസകരമാണ്. അവിടെയാണ്, ദൈവത്തിന്റെ അനുഗൃഹീതമായ ഇടപെടല്‍ നടക്കുന്നത്. ഇസഹാക്ക് എന്ന വാക്കിന്റെ അര്‍ഥം 'അവന്‍ ചിരിക്കുന്നു' എന്നാണ്. 'ദൈവം ഈ കുഞ്ഞിന്റെമേല്‍ പുഞ്ചിരിക്കട്ടെ' എന്ന് അര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ 'ഇസഹാക്ക് ഏല്‍' എന്ന പദത്തിന്റെ ലോപരൂപമാണ് ഇസഹാക്ക്. ഈ ജനനം എല്ലാവര്‍ക്കും സന്തോഷം പ്രദാനം ചെയ്യുന്നതാണ്. സാറാ സന്തോഷിച്ചു (21:6). കുഞ്ഞിന്റെ മുലകുടി മാറിയപ്പോള്‍, അതായത്, ഇസഹാക്കിന്റെ ബാലാരിഷ്ടതകള്‍ നീങ്ങിയപ്പോള്‍ അബ്രാഹവും സന്തോഷിച്ചു. ആരോഗ്യമുള്ള ശിശുവിനെ ലഭിച്ച വേളയിലാണ് അബ്രാഹം വലിയ ഒരു വിരുന്നു നടത്തിയത്. ദൈവത്തിന്റെ ഇടപെടല്‍ എല്ലാവര്‍ക്കും മംഗളകരമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നു.
ഏശയ്യാ 40:1-11: അടിമത്തത്തിന്റെ അസന്തുഷ്ടിയില്‍ കഴിയുന്ന ഇസ്രയേല്‍ജനത്തിന് ആശ്വാസത്തിന്റെ വചസ്സുകള്‍ അരുള്‍ചെയ്യുന്ന ദൈവത്തെയാണ് ഏശയ്യാപ്രവാചകന്‍ അവതരിപ്പിക്കുന്നത്. തെറ്റുകളുടെയും അകൃത്യങ്ങളുടെയുമൊക്കെ  വഴിയിലൂടെ സഞ്ചരിച്ചവര്‍ക്കു ശിക്ഷയ്ക്കപ്പുറത്തു രക്ഷയും സന്തോഷ-വും പ്രദാനം ചെയ്യാനായി ദൈവം കടന്നുവരുന്നു. ദൈവത്തിന്റെ ഇടപെടല്‍ സമാധാനം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവും സന്തോഷവും തിരികെനല്‍കുന്നു.
1 കോറി. 1:26-31: കോറിന്തോസിലെ സഭയിലെ കക്ഷിമാത്സര്യങ്ങളുടെയും, കുടുംബമഹിമയുടെ പേരില്‍ ചിലര്‍ നടത്തുന്ന അഹംഭാവപ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തിലാണു പൗലോസ്ശ്ലീഹാ സംസാരിക്കുന്നത്. ലൗകികമാനദണ്ഡമനുസരിച്ചു കോറിന്തോസിലെ സഭയില്‍ ശക്തരും കുലീനരും ബുദ്ധിമാന്മാരും അധികമില്ലെന്നു പറയുന്ന ശ്ലീഹാ, അവര്‍ക്ക് അഭിമാനിക്കാനെന്തെങ്കിലുമുണ്ടെങ്കില്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടേയെന്നാണു പറയുന്നത്. യഥാര്‍ഥജ്ഞാനം ഈശോയാണ്. അവിടുന്നാണു നമ്മുടെ നീതിയും വിശുദ്ധീകരണവും പരിത്രാണവും. ''രക്ഷ, വിമോചനം'' എന്ന് അര്‍ഥം വരുന്ന അപ്പോലുത്രോസിസ് (apoluthrosis) എന്ന ഗ്രീക്കു പദം ഇവിടെ സൂചിപ്പിക്കുന്നത് ഈശോമിശിഹാ നല്‍കുന്ന രക്ഷയും, അവിടുന്നുവഴി നേടുന്ന വീണ്ടെടുപ്പുമാണ്. ഈശോയാണ് യഥാര്‍ഥ രക്ഷകന്‍. അതിലാണു നാം അഭിമാനിക്കേണ്ടതും സന്തോഷിക്കേണ്ടതും.
ലൂക്കാ 1:57-66: വചനവിചിന്തനത്തിനായുള്ള സുവിശേഷഭാഗം സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചും, ശിശുവിന്റെ പരിച്ഛേദനത്തെക്കുറിച്ചും നാമകരണത്തെക്കുറിച്ചും പ്രധാനമായും പ്രതിപാദിക്കുന്നു (1:57-66). മംഗളവാര്‍ത്തക്കാലത്തിലെ ഒന്നാം ഞായറാഴ്ച ധ്യാനിച്ച 'സ്‌നാപകയോഹന്നാന്റെ ജനനത്തെപ്പറ്റി ദൈവദൂതന്‍ നല്‍കുന്ന സദ്വാര്‍ത്ത'യുടെ പൂര്‍ത്തീകരണമാണ് ഇന്നത്തെ വചനഭാഗത്തിന്റെ ഉള്ളടക്കം. കര്‍ത്താവിന്റെ കാരുണ്യം ഫലമണിയുന്നതും, അവിടുത്തെ കൃപയിലൂടെ സകലര്‍ക്കും മംഗളകാരണമായ ഒരു ശിശു ജനിക്കുന്നതും അത് എല്ലാവര്‍ക്കും ആനന്ദം പ്രദാനം ചെയ്യുന്നതുമാണ് പ്രധാന പ്രമേയങ്ങള്‍.
എലിസബത്തിനു പ്രസവസമയമായി, അവള്‍ ഒരു പുത്രനെ പ്രസവിച്ചു. കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു (1:57-58). ലൂക്കാ 1:13 ല്‍ 'നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും' എന്നു സഖറിയായ്ക്ക്  ദൈവദൂതന്‍ നല്‍കിയ വാഗ്ദാനത്തിന്റെ നിറവേറലാണ് ഇവിടെ സംഭവിക്കുന്നത്. ദൈവം വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നവനല്ല; മറിച്ച്, നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണമായും നിറവേറ്റുന്നവനാണ്.  'ഫലരഹിത'യായിരുന്ന എലിസബത്ത് സ്‌നാപകയോഹന്നാനു ജന്മം നല്‍കുന്നതിലൂടെ 'ഫലം' പുറപ്പെടുവിക്കുന്നവളായിത്തീരുന്നു.
ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം  അനുസരിക്കുന്നവരുമായ (1:6) എലിസബത്ത്-സഖറിയ ദമ്പതികള്‍ക്കു മക്കളുണ്ടായിരുന്നില്ല. അവരുടെ ജീവിതത്തിന്റെ ശൂന്യതയില്‍ കര്‍ത്താവിന്റെ കരം പ്രവര്‍ത്തിച്ചപ്പോള്‍ അവിടെ നിറവുണ്ടായി. യോഹന്നാന്റെ ജനനത്തെ കര്‍ത്താവിന്റെ കരുണയുടെ പ്രവൃത്തിയായിട്ടാണു സുവിശേഷകന്‍ വിവരിക്കുന്നത്. യോഹന്നാന്‍ എന്ന പേരിന്റെ അര്‍ഥംതന്നെ 'ദൈവം കരുണ കാണിച്ചു' എന്നാണ്. ഈ ദമ്പതികളുടെ ജീവിതത്തിന്റെ ശൂന്യതയില്‍ 'കര്‍ത്താവിന്റെ കരുണ'യാണു പ്രവര്‍ത്തിക്കുന്നത്. മാനുഷികമായ അസാധ്യതകള്‍ക്കുമുമ്പില്‍ 'ദൈവകരുണ'യുടെ പ്രവര്‍ത്തനങ്ങള്‍ സാധ്യതയുടെ വാതില്‍ തുറക്കും. അസാധ്യമായതിനെ സാധ്യമാക്കിയതാണ് ദൈവത്തിന്റെ വലിയ കൃപ.
എട്ടാം ദിവസം അവര്‍ ശിശുവിന്റെ പരിച്ഛേദനത്തിനു വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: ''അങ്ങനെയല്ല; അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം'' (1:59, 60). അബ്രാഹത്തിനു ദൈവം നല്‍കിയ കല്പനയനുസരിച്ചു യഹൂദസമൂഹത്തില്‍ ജനിക്കപ്പെടുന്ന ശിശു ജനനത്തിന്റെ എട്ടാം ദിവസം പരിച്ഛേദനത്തിനു വിധേയനാക്കപ്പെടേണ്ടിയിരുന്നു (ഉത്പ. 17:12; 21:4, ലേവ്യര്‍ 12:3). ദൈവപ്രമാണങ്ങളോടുള്ള മാതാപിതാക്കളുടെ വിധേയത്വത്തെയാണിതു സൂചിപ്പിക്കുന്നത്. 
ഛേദനാചാരത്തോടൊപ്പം തന്നെ ശിശുവിനു പേരിടുന്ന രീതിയും പാലസ്തീനായിലെ യഹൂദരുടെയിടയില്‍ നിലനിന്നിരുന്നു. ശിശുക്കള്‍ക്കു നാമകരണം നടത്തുകയെന്നുള്ളത് മാതാപിതാക്കന്മാരുടെമാത്രം ചുമതലയായിരുന്നു. കുടുംബത്തിലെ വല്യപ്പന്റെയോ വല്യമ്മയുടെയോ അതുമല്ലെങ്കില്‍ ശിശുവിന്റെ പിതാവിന്റെ പേരു തന്നെയോ (തോബി 1:1) നവജാതശിശുവിനു നല്‍കിയിരുന്നു. ശിശുവിന്റെ പിതാവിന്റെ പേരായ സഖറിയ (യഹോവ ഓര്‍മിക്കുന്നു=Yahweh remembers) എന്ന നാമം ശിശുവിനു നല്‍കാന്‍ ബന്ധുജനങ്ങള്‍ ആഗ്രഹിച്ചുവെങ്കിലും ദൈവത്തിന്റെ കല്പനയ്ക്കാണ് എലിസബത്തും സഖറിയായും മുന്‍ഗണന നല്‍കുന്നത്. യഹൂദരുടെ നാമകരണപതിവില്‍നിന്നു വ്യത്യസ്തവും അതിനു വിരുദ്ധവുമാണെങ്കിലും ശിശുവിന് 'യോഹന്നാന്‍ എന്നു പേരിടണം' (1:13) എന്ന ദൈവദൂതന്റെ കല്പനയാണു ശിശുവിന്റെ മാതാപിതാക്കള്‍ പാലിക്കുന്നത്. കര്‍ത്താവിന്റെ കല്പന പാലിച്ചപ്പോഴാണ് സഖറിയായുടെ നാവിന്റെ കെട്ടുകള്‍ അഴിയുന്നതും അവനു സംസാരിക്കാന്‍ സാധിക്കുന്നതും. ദൈവപ്രമാണങ്ങളുടെ കുറ്റമറ്റ പാലനം ഒരുവനെ അവന്റെ ബന്ധനത്തില്‍നിന്നു വിമുക്തനാക്കുന്നു.
ഊമനും ബധിരനുമായിക്കഴിഞ്ഞ സഖറിയ നാവിന്റെ കെട്ടുകളഴിഞ്ഞപ്പോള്‍ ദൈവത്തെ വാഴ്ത്തി എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'വാഴ്ത്തി സംസാരിക്കുക' , 'പുകഴ്ത്തിപ്പറയുക' 'ദൈവദാനത്തെ അംഗീകരിച്ച്  ഏറ്റുപറയുക' തുടങ്ങിയ അര്‍ഥങ്ങള്‍ വരുന്ന  eulogeo  (എവുളോഗെയോ) എന്ന ക്രിയാപദമാണി വിടെ ഉപയോഗിച്ചിരിക്കുന്നത്. മക്കളില്ലാത്തവരായ ദമ്പതികള്‍ക്കു മക്കള്‍ നല്‍കപ്പെട്ടതിനെ ഓര്‍ത്തും, ബന്ധിക്കപ്പെട്ടിരുന്ന നാവ് സ്വതന്ത്രമാക്കപ്പെട്ടതിനെയോര്‍ത്തും, ദൈവികവാഗ്ദാനങ്ങള്‍ നിറവേറ്റപ്പെട്ടതിനെ ഓര്‍ത്തും സഖറിയ ദൈവത്തെ സ്തുതിക്കുകയാണിവിടെ. പരിശുദ്ധാത്മാവിന്റെ നിറവാണ് സഖറിയായെ ദൈവസ്തുതിക്കു പ്രാപ്തനാക്കിയത് (1:67).
യോഹന്നാന്‍, കര്‍ത്താവിന്റെ കരം കൂടെയുള്ളവനായിരുന്നു. ദൈവശക്തിയുടെ അടയാളവും പ്രതീകവുമാണ് 'കര്‍ത്താവിന്റെ കരം.' യോഹന്നാന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ശക്തിസ്രോതസ്സ് കര്‍ത്താവിന്റെ സാന്നിധ്യമായിരുന്നു.

 

Login log record inserted successfully!