•  25 Jul 2024
  •  ദീപം 57
  •  നാളം 20
നേര്‍മൊഴി

പറയൂ സര്‍ക്കാരേ, ജനങ്ങള്‍ എന്തു പിഴച്ചു?

ഒരു മുന്നണിയും നാടിന്റെ വികസനവും സാമ്പത്തികഭദ്രതയുംമുന്നില്‍ക്കണ്ടു പ്രവര്‍ത്തിച്ചിട്ടില്ല. തന്റെ കാലാവധി പൂര്‍ത്തിയാക്കണം; അതിനിടയില്‍ ആവുന്നത്ര സ്വന്തമാക്കണം എന്ന ചിന്ത രാഷ്ട്രീയനേതൃത്വത്തെ ബാധപോലെ കടന്നാക്രമിച്ചതാണ് കേരളത്തിന്റെ ശാപം. 

കേരളം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. ധനമന്ത്രിയും മുഖ്യമന്ത്രിയും അതു സമ്മതിക്കുന്നു, പണമില്ല. റിസര്‍വ് ബാങ്ക് കേരളത്തിന്റെ ദയനീയമായ സാമ്പത്തികസ്ഥിതിയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. വായ്പകളുടെ വാതിലുകളെല്ലാം അടഞ്ഞുകിടക്കുന്നു. സഹകരണബാങ്കുകള്‍ ഒരു സ്രോതസ്സായിരുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നേതാക്കന്മാരുടെ സംരക്ഷണത്തിന്റെ തണലില്‍ ബാങ്കു ഭരണസമിതികളും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് സഹകരണമേഖല കട്ടുമുടിച്ചു. നാടിന്റെ പരിതാപകരമായ ഈ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ പാവപ്പെട്ട ജനങ്ങളല്ല. അവര്‍ ചെയ്ത ഒരേയൊരു കുറ്റം കള്ളന്മാരും കൊള്ളക്കാരും സ്വജനപക്ഷപാതികളും കാര്യശേഷിയില്ലാത്തവരും ജനവിരുദ്ധരുമായവരെ അന്ധമായ ആരാധനയുടെ പേരിലോ, അടിസ്ഥാനമില്ലാത്ത പാര്‍ട്ടിവിരോധത്തിന്റെ പേരിലോ മെച്ചപ്പെട്ട മറ്റൊരു സാധ്യത ഇല്ലാത്തതുകൊണ്ട് ഗതികേടിന്റെ പേരിലോ  വോട്ടു ചെയ്തു ജയിപ്പിച്ച് അധികാരക്കസേരയില്‍ ഇരുത്തി എന്നതുമാത്രമാണ്. 
ഇന്നത്തെ ഗതികേടിന് ഉത്തരവാദികള്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ മാത്രമല്ല, ഇടതുവലതുപാര്‍ട്ടികള്‍ കുറ്റക്കാരാണ്. ഒരു മുന്നണിയും നാടിന്റെ വികസനവും സാമ്പത്തികഭദ്രതയും മുന്നില്‍ക്കണ്ടു പ്രവര്‍ത്തിച്ചിട്ടില്ല. തന്റെ കാലാവധി പൂര്‍ത്തിയാക്കണം; അതിനിടയില്‍ ആവുന്നത്ര സ്വന്തമാക്കണം എന്ന ചിന്ത രാഷ്ട്രീയനേതൃത്വത്തെ ബാധപോലെ കടന്നാക്രമിച്ചതാണ് കേരളത്തിന്റെ ശാപം. നിത്യച്ചെലവിനുപോലും പണമില്ലെങ്കിലും ധൂര്‍ത്തടിക്കുന്നതില്‍ ഒരു ഉളുപ്പും തോന്നാത്ത സര്‍ക്കാരിനെക്കുറിച്ച് എന്തു പറയാന്‍! സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നു ഗവര്‍ണര്‍ പറഞ്ഞതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നു പറഞ്ഞതുകൊണ്ടു പ്രശ്‌നപരിഹാരമായില്ല. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്നതു രാഷ്ട്രീയവിരോധംകൊണ്ടോ നയങ്ങളിലെ അന്തരംകൊണ്ടോമാത്രമാണെന്നു കരുതേണ്ടാ. കള്ളത്തരങ്ങളും പൊള്ളത്തരങ്ങളുമുള്ള ബില്ലുകളുടെ വിശദീകരണം ഗവര്‍ണര്‍മാര്‍ ചോദിച്ചെന്നിരിക്കും. 
ഭരണം ചൂഷണത്തിനും ജനദ്രോഹത്തിനുമുള്ള ലൈസന്‍സായി  ഒരു രാഷ്ട്രീയമുന്നണിയും കരുതാന്‍ പാടില്ല. വിദേശനിക്ഷേപസമാഹരണത്തിനുവേണ്ടി ഇടതുവലതു സര്‍ക്കാരുകള്‍ വലിയ സമ്മേളനങ്ങളും ആഘോഷങ്ങളും നടത്തി. എത്രപദ്ധതികള്‍ വന്നു? എത്ര നിക്ഷേപമുണ്ടായി? എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു? നേതാക്കന്മാരുടെയും അവരുടെ മൂടുതാങ്ങികളുടെയും ഉല്ലാസയാത്രകളും ആഘോഷങ്ങളും ധൂര്‍ത്തും ജനങ്ങള്‍ സഹിച്ചു. നിക്ഷേപകര്‍ മാറിനില്‍ക്കാന്‍ കാരണം ഇവിടുത്തെ രാഷ്ട്രീയക്കാരുടെ കൊള്ളയും നടപടിക്രമങ്ങളിലെ ചുവപ്പുനാടയും ഇടനിലക്കാരുടെ കൈക്കൂലിയും തൊഴിലാളിസംഘടനകളുടെ സംരംഭകവിരുദ്ധസമരങ്ങളുടെ മനോഭാവവുമാണ്. നാട്ടില്‍ വളര്‍ന്നുവികസിച്ച ശക്തരായ വ്യവസായികളെപ്പോലും ആട്ടിപ്പായിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന് എങ്ങനെ നാടിനെ വികസനത്തിലേക്കു നയിക്കാനാവും? തങ്ങളുടെകൂടെയോ കീഴിലോ ഉള്ള ട്രേഡ് യൂണിയനുകളെ പാര്‍ട്ടികള്‍ കര്‍ശനമായി നിയന്ത്രിക്കണം. വ്യവസായിയും ഉപകാരിയുമായ യൂസഫലിപോലും വെള്ളം കുടിക്കുമായിരുന്നു, അദ്ദേഹത്തിനു കേരളത്തില്‍മാത്രമാണു ബിസിനസ് ഉണ്ടായിരുന്നതെങ്കില്‍. കേരളത്തിനുപുറത്തു വരുമാനസ്രോതസ്സുകളുണ്ടാക്കിയത് അദ്ദേഹത്തിന്റെ ബുദ്ധി. 
ഭരണത്തുടര്‍ച്ച കിട്ടിയ സര്‍ക്കാര്‍ ആരെ പഴിക്കും? എന്തു സമാധാനം പറയും? കഴിഞ്ഞദിവസവും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഗതികേടുകൊണ്ടാണ്. കര്‍ഷകരില്‍നിന്നു നെല്ലുവാങ്ങി. അതിന്റെ വില കടംവാങ്ങി കൃഷി ചെയ്തും വിളവെടുത്ത കര്‍ഷകര്‍ക്കു കൊടുക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ സംവിധാനം. 55 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ മാസങ്ങളായി  മുടങ്ങിക്കിടക്കുന്നത്. പറഞ്ഞ വില കിട്ടാതെ വിഷമിക്കുന്ന റബര്‍കര്‍ഷകര്‍ കൃഷിതന്നെ ഉപേക്ഷിക്കുന്നു. സര്‍ക്കാരുകള്‍ക്കു താത്പര്യം കര്‍ഷകരോടല്ല ടയര്‍വ്യവസായികളോടാണ്.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ കൃത്യസമയത്തു ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചല്ല, എന്നെങ്കിലുമതു കിട്ടാനിടയുണ്ടോ എന്നതിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. പണമില്ലാത്തതുകൊണ്ടു കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി മുടങ്ങുന്നു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കാലിയായ പത്തായപ്പുരയായി മാറിയിരിക്കുന്നു. സാധനങ്ങളില്ല. ഉള്ളവയ്ക്ക് വില ഉയര്‍ത്തിയിരിക്കുന്നു. പ്രസ്താവനയല്ലാതെ ഉപകാരപ്രദമായ ഒരു നടപടിയും മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. 
പി.ആര്‍. വര്‍ക്കും സൈബര്‍ ഗുണ്ടകളും ഉപയോഗിച്ചു ജനപ്രിയപ്രിയഭരണം സാധ്യമല്ലെന്നു രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയണം. നേതാക്കന്മാര്‍ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടരുത്. നാട്ടിലെ പ്രശ്‌നം തീര്‍ത്തിട്ടു പാലസ്തീന്‍ പ്രശ്‌നം പരിഹരിച്ചാല്‍ മതി. മനുഷ്യാവകാശറാലികളും ഐക്യദാര്‍ഢ്യറാലികളും ആദ്യം തങ്ങളെ അധികാരത്തിലേറ്റിയ പാവം ജനങ്ങള്‍ക്കുവേണ്ടി നടത്തട്ടെ. കോഴിക്കോടുമാത്രമല്ല കടല്‍പ്പുറമുള്ളതെന്ന് അറിയുന്ന കേരളീയരുണ്ടെന്നു നേതാക്കന്മാര്‍ മനസ്സിലാക്കണം. ആലപ്പുഴയില്‍ കടലുണ്ട്, കടലോരമുണ്ട്. 
നെല്‍ക്കര്‍ഷരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇടതുമുന്നണിക്കോ വലതുമുന്നണിക്കോ ധൈര്യമുണ്ടോ? റബര്‍ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആര് ഇവിടെ റാലി സംഘടിപ്പിക്കും? അസംഘടിതരായ പാവപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യത്തിനു തയ്യാറുള്ള നേതാക്കന്മാര്‍ മുന്നോട്ടുവരട്ടെ. ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ടു ലക്ഷ്യംവച്ചു നടത്തുന്ന ഐക്യദാര്‍ഢ്യറാലികള്‍ നാടിനെയോ ജനാധിപത്യത്തെയോ സഹായിക്കില്ല.

Login log record inserted successfully!