•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ചക്രവര്‍ത്തിനി

തിസുന്ദരമായ കവിതപോലെ സൂര്യതേജസ്സില്‍ തിളങ്ങുന്ന കൊട്ടാരം. പ്രൗഢഗംഭീരമെന്നും വര്‍ണശബളെമന്നും വെറുതെയങ്ങു പറഞ്ഞുപോകുന്നതുപോലെയല്ല. 
ഈ മണിമാളിക അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആകര്‍ഷകമാണ്.
ആകാശംമുട്ടെ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുകയാണ് അതിന്റെ താഴികക്കുടങ്ങള്‍. വൈഡൂര്യം. മുത്ത്, പവിഴം, മരതകം തുടങ്ങിയ രത്‌നങ്ങളും സ്ഫടികങ്ങളും പതിച്ചതാണു വാതിലുകളും ജനലുകളും. ലബനനില്‍നിന്നുള്ള ദേവതാരുവും ഈജിപ്തില്‍നിന്നുള്ള കരിന്താളിമരവും ഹിന്ദ് ദേശത്തിലെ കരിവീട്ടിയും തേക്കും എത്യോപ്യയിലെ ആനക്കൊമ്പുംകൊണ്ട് കടഞ്ഞെടുത്തതാണ് ഓരോ വസ്തുവും. കൊത്തുപണികളെല്ലാം കണ്ണഞ്ചിപ്പിക്കുംവിധം സ്വര്‍ഗീയസുന്ദരം.
മട്ടുപ്പാവിലെ അരഭിത്തികളില്‍ രാത്രികാലങ്ങളില്‍ നിലാവുവന്നു ചുംബിക്കുമ്പോള്‍ ഉണര്‍ന്നുലയുന്ന മൃദുകിരണാവലികളുടെ വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാന്‍ മഹാരാജാവ് പട്ടമഹിഷിയോടൊപ്പം അവിടെ ഉലാത്താറുണ്ട്.
കൊട്ടാരത്തിനു ചുറ്റിലും കുതിരപ്പടയാളികള്‍, കാലാളുകള്‍ എന്നിവരുടെ കര്‍ശനമായ കാവലുണ്ട്. കൊട്ടാരപാതയുടെ ഇരുവശങ്ങളിലും ഹൃദയം ത്രസിപ്പിക്കുന്ന അഴകുള്ള പൂവാടികളാണ്, ഏദന്‍തോട്ടം പോലെ പ്രകൃതിരമണീയം.
അതിനുമപ്പുറത്ത് താമരപ്പൂക്കള്‍ വിരിഞ്ഞുല്ലസിച്ച് കാറ്റിലാടിക്കളിക്കുന്ന പൊയ്ക. അതിനുള്ളില്‍ നീന്തിത്തുടിക്കുന്ന രാജഹംസങ്ങള്‍. മരങ്ങളില്‍ പാറിക്കളിച്ച് കളിമ്പങ്ങള്‍ ചിലമ്പുന്ന കിളിക്കൂട്ടങ്ങള്‍. 
അഹസ്വേരുസ് ചക്രവര്‍ത്തി പട്ടമഹിഷി വാഷ്തിരാജ്ഞിയും പരിവാരങ്ങളും സമേതം ചില സന്ധ്യാനേരങ്ങളില്‍ ഈ പൂന്തോട്ടങ്ങളില്‍ ചെലവഴിക്കാറുണ്ട്. സായാഹ്നം കഴിയുമ്പോള്‍ നര്‍ത്തകിമാരും ഗായകരും അടങ്ങുന്ന കലാകാരന്മാരുടെ സംഘം രാജദമ്പതികളെ ആനന്ദത്തിലാറാടിക്കുന്ന രംഗവേദിയുണ്ട് ഈ പൂന്തോട്ടങ്ങളിലും.
രാജകൊട്ടാരത്തിന്റെ ഇടതുവശത്തെ പൂവാടികള്‍ക്കപ്പുറത്താണ് വാഷ്തി മഹാറാണിയുടെ അന്തപ്പുരം സ്ഥിതിചെയ്യുന്ന അരമന. അനേകം ഷണ്ഡന്മാരും അടിമകളും അകമ്പടിസേവിക്കാറുള്ള രാജ്ഞിയുടെ വാസസ്ഥലവും അതീവഹൃദ്യമാണ്.
രാജകൊട്ടാരത്തിനും രാജ്ഞീമന്ദിരത്തിനും ഇടയില്‍ ധാരാളം ചിത്രപ്പണികളുള്ള മുറികളുമായി ഉയര്‍ന്നുനില്‍ക്കുന്ന ഒരു ഇരുനിലമണിമാളിക കാണാം. ഈ മന്ദിരത്തിലാണ് രാജാവിന്റെ  ഉപനാരികള്‍ താമസിക്കുന്നത്.
കൊട്ടാരസദൃശമായ ആ മാളികയിലും അടിമസ്ത്രീകളും ദാസിമാരും ഷണ്ഡന്മാരും ഓരോ ഉപനാരിക്കുമായി പ്രത്യേകം പ്രത്യേകം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
കൊട്ടാരവാതില്‍ക്കല്‍ കാവല്‍ നില്ക്കുന്നവരില്‍ പ്രധാനികള്‍ ബിഗ്താന്‍, തേരെഷ് എന്നീ ഷണ്ഡന്മാരാണ്. കൊട്ടാരത്തിലെ പുറംപണിക്കാരനായ മൊര്‍ദെക്കായി അവരോടൊത്താണു ജോലിചെയ്യുന്നത്. ബാബേല്‍രാജാവായ നെബുക്ക്ദനേസര്‍ യൂദാരാജാവായ യക്കോണിയയോടൊപ്പം ജെറുസലേമില്‍നിന്നു പിടിച്ചുകൊണ്ടുവന്ന പ്രവാസികളില്‍ ഒരാളാണ് മൊര്‍ദെക്കായ്.
ബെഞ്ചമിന്‍ഗോത്രത്തില്‍ പിറന്നവന്‍. മുതുമുത്തച്ഛന്‍ ആയ കിഷിന്റെയും മുത്തച്ഛനായ ഷിമെയിയുടെയും പിതാവായ ജായിറിന്റെയും പിന്‍തലമുറക്കാരനായ യുദ്ധത്തടവുകാരന്‍.
ദീര്‍ഘകാലത്തെ കഷ്ടനഷ്ടങ്ങള്‍ക്കുശേഷം സ്വപ്രയത്‌നംകൊണ്ടാണ് ഇപ്പോഴത്തെ ചക്രവര്‍ത്തിയുടെ കാരുണ്യം മൊര്‍ദെക്കായുടെ മേല്‍ പതിഞ്ഞത്. യഹൂദനായിരുന്നിട്ടും അഹസ്വേരുസ് രാജാവാണ് മൊര്‍ദെക്കായിയെ കൊട്ടാരത്തോടനുബന്ധിച്ചുള്ള ജോലികളില്‍ നിയമിച്ചത്.
കത്തിക്കാളുന്ന വെയിലുള്ള ഒരുച്ചസമയം. മൊര്‍ദെക്കായ് മുറ്റത്ത് കൊട്ടാരവാതിലിനടുത്ത് തണലുള്ള ഒരിടത്ത് ചെറിയൊരു പീഠത്തില്‍ ഇരിക്കുകയാണ്. ഉച്ചഭക്ഷണത്തിന്റെ ഭാരം കണ്ണുകളിലേക്ക് എത്തുന്നുമുണ്ട്. തല നേരേനില്‍ക്കുന്നില്ല, കണ്ണടഞ്ഞുപോകുന്നു. 
മൊര്‍ദേക്കായി പീഠത്തില്‍ ഇരുന്ന് തലചായിച്ചു. കൊട്ടാരക്കെട്ടിന്റെ മതിലിലാണ് തല വിശ്രമിക്കുന്നത്. അറിയാതെ അയാളുടെ കണ്ണുകള്‍ അടഞ്ഞുപോയി. നിദ്രവന്ന് മൃദുലമായി തടവി. കണ്‍പീലികള്‍ മുറുകെ അടഞ്ഞു. കൊട്ടാരവും പരിസരവുമെല്ലാം അതീവനിശ്ശബ്ദതയില്‍ മുങ്ങി.
പെട്ടെന്ന് ഭൂമി ഇളകിമറിഞ്ഞു. എങ്ങും ബഹളം. ജനങ്ങള്‍ സംഭ്രാന്തരായി. എങ്ങോട്ടെന്നില്ലാതെ ഓടുകയാണ്. ആകാശങ്ങളില്‍നിന്നും ഭൂമിയെ കിടുകിടെ വിറപ്പിക്കുന്ന ഇടിമുഴക്കങ്ങളും മിന്നല്‍പ്പിണറും.
സമുദ്രങ്ങള്‍ അലറിത്തുള്ളിത്തിളയ്ക്കുന്നു. പേമാരിയും കൊടുങ്കാറ്റും. 
വീശിയടിക്കുന്ന ഭീകരമായകാറ്റില്‍ ഭൂമി പ്രകമ്പനം കൊള്ളുന്നു.
ആ പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ ഉള്ളില്‍നിന്ന് അട്ടഹാസം ഉയര്‍ന്നു. അതോടൊപ്പം മുന്നിലേക്കലറിക്കൊണ്ട് പാഞ്ഞടുക്കുകയാണ് രണ്ടു ഭീകരജീവികള്‍.
ആ ഭീകരസത്വങ്ങളുടെ ആക്രോശം കണ്ടുംകേട്ടും ഭയന്നുവിറച്ച സാധാരണജനങ്ങള്‍ അവയുടെ പിന്നില്‍ത്തന്നെ ചേര്‍ന്നുനില്ക്കുന്നു. സത്വങ്ങളും ഒപ്പംകൂടിച്ചേര്‍ന്നവരും യുദ്ധസന്നദ്ധരായി മുന്നോട്ടു കുതിക്കാന്‍ തുടങ്ങി. നീതിമാന്മാരായ ജനങ്ങളുടെ നേരേ തിന്മയുടെ തേരോട്ടം ആരംഭിക്കുകയായി.
നന്മയെ തിന്മ വിഴുങ്ങിക്കളയുമോ?
നിരാശയും കഷ്ടതയും ദുരിതങ്ങളും പീഡനങ്ങളും കെട്ടുപിണഞ്ഞ കലാപത്തിന്റെ ഇരുണ്ടരാത്രി ഭൂമിയെ കീഴ്‌പ്പെടുത്തുകയാണ്. സത്യധര്‍മങ്ങളെ പിന്‍പറ്റിയവര്‍ സങ്കടത്തിലാഴുന്നു.
ജീവിതത്തിനു മുഴുവന്‍ ഭീഷണിയുമായി ആര്‍ത്തുവരുന്ന ദുഷ്ടശക്തികളെ എല്ലാ ജനങ്ങളും ഭയത്തോടെ ശ്രദ്ധിച്ചു. അവര്‍ മരണത്തിന്റെ ഭയാനകമായ ഗര്‍ത്തത്തിന്റെ വക്കിലാണ്.
 ഗത്യന്തരമില്ലാതായപ്പോഴാണ് സ്രഷ്ടാവിനെ ഓര്‍ത്തത്.
ജനതതിയുടെ നൊമ്പരങ്ങളില്‍നിന്നും ഒഴുകിവീണ അശ്രുകണങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഒരുറവയുണ്ടായി. 
ഒഴുകിയൊഴുകി അതൊരരുവിയായി, പുഴയായി, മഹാനദിയായി.
പിന്നീടത് കൂലംകുത്തി തിരതല്ലിപ്പായാന്‍ തുടങ്ങി.
അന്നേരമാണ് കിഴക്കന്‍മലകളില്‍ ഉദയസൂര്യന്റെ കിരണങ്ങള്‍ വന്നെത്തിനോക്കിയത്.
വെളിച്ചത്തിന്റെ വെളിപാടില്‍ അന്ധകാരത്തിന്റെ പൊടിപോലും കാണാതായി. ഇരുളില്‍നിന്നു പ്രകാശത്തിലേക്ക്, അസത്യത്തില്‍നിന്നും സത്യത്തിലേക്ക്  മൃതിയില്‍നിന്നു ജീവനിലേക്ക്.
ആ പ്രകാശരശ്മികള്‍ മുഖത്തുവന്ന് നേരെ പതിക്കുകയാണ്. കണ്ണുകളിലേക്കത് തുളച്ചുകയറുന്നു.
അറിയാതെ മൊര്‍ദെക്കായി പീഠത്തില്‍നിന്നു ചരിഞ്ഞുതാഴെവീണു. അയാള്‍ വെളിവുകെട്ടവനെപ്പോലെ ചുറ്റിലും നോക്കി. ഇരിക്കുന്നിടത്തുനിന്നു തണല്‍ നീങ്ങിപ്പോയിട്ടുണ്ട്, സൂര്യന്റെ ചൂടുള്ള രശ്മിയാണ് ശരീരത്തില്‍ നേരേ ഏല്ക്കുന്നത്.
ഓ... എന്നാലും എന്തൊരു ദുസ്‌സ്വപ്നമാണിത്....!
താഴെവീണുപോയ മൊര്‍ദെക്കായിയെ നോക്കി ഷണ്ഡന്മാര്‍ ചിരിച്ചു. 
എന്തെങ്കിലും പേടിസ്വപ്നം കണ്ടിട്ടുണ്ടാവും പാവം. 
തേരെഷ് ചിരിച്ചു.
ശരിയാ, അതാവും അയാള്‍ വീണുപോയത്. 
ബിഗ്താനും തേരെഷിനെ അനുകൂലിച്ചു.
ക്ഷീണം മാറാത്തതിനാല്‍ മൊര്‍ദെക്കായി പീഠം കുറച്ചപ്പുറത്തേക്ക് തണലില്‍ മാറ്റിവച്ച് വീണ്ടും വിശ്രമിക്കാന്‍ തുടങ്ങി. ഷണ്ഡന്മാര്‍ പറഞ്ഞതിനോടു മറിച്ചൊന്നും പ്രതികരിച്ചുമില്ല.
അയാള്‍ സ്വപ്നത്തെക്കുറിച്ചു മാത്രമാണു ചിന്തിച്ചത്. ഈ സ്വപ്നത്തിലൂടെ സ്രഷ്ടാവ് തന്നോട് എന്തെങ്കിലും വെളിപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ടോ? വരാന്‍ പോകുന്ന സംഭവങ്ങളുടെ സൂചനയാണോ ഇത്?
ഇതെല്ലാം ചിന്തിച്ചുകൊണ്ട് മൊര്‍ദെക്കായി വീണ്ടും കണ്ണടച്ചു.
''ഇന്നാണ് ഏറ്റവും പറ്റിയ ദിവസം.'' 
സ്വകാര്യംപോലെ ബിഗ്താന്റെ സ്വരം മൊര്‍ദെക്കായിയുടെ ചെവികളില്‍ വന്നലച്ചു. അയാള്‍ കാതു കൂര്‍പ്പിച്ചു.
''പതുക്കെപ്പറയടാ.''
തേരെഷ് അയാളെ തടയുകയാണ്. എങ്കില്‍ എന്തോ രഹസ്യമായ കാര്യമാവാനേ തരമുള്ളൂ കണ്ണുകള്‍ തുറക്കാതെ മൊര്‍ദെക്കായി അവിടെയിരുന്നു. 
ആ യഹൂദന്‍ കേള്‍ക്കും.
വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് തേരെഷ്.
അതുകേട്ട് ബിഗ്താന്‍ ചിരിച്ചുപോയി.
''നീ പോടാ അയാള്‍ വീണ്ടും ഉറങ്ങിയതുകണ്ടില്ലേ?''
ചിരി അപ്പോള്‍ തേരെഷിലേക്കും പകര്‍ന്നിട്ടുണ്ടാവണം.
''കഴുത.''
ബിഗ്താന്‍ മൊര്‍ദെക്കായിയെ പരിഹസിക്കുകയാണ്.
പിന്നെ കുറച്ചുനേരത്തേക്ക് ഒരു ശബ്ദവുമില്ല.
ഒരു കുഞ്ഞിക്കാറ്റ് ഒച്ചയുണ്ടാക്കാതെ ഓടിപ്പോകുന്നത് മൊര്‍ദെക്കായി അറിഞ്ഞു. അതിനു പിന്നാലെ തേരെഷിന്റെ ഉദ്വേഗപൂര്‍ണമായ സ്വരമാണ്.
''അതെങ്ങനെ സാധിക്കും ബിഗ്താന്‍?''
''ഇന്ന് പ്രധാനസചിവനും രാജാവുംമാത്രമാണ് പൂന്തോട്ടത്തിലെ വിശ്രമമന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്.''
ബിഗ്താന്‍ രഹസ്യത്തിന്റെ മൂടി മെല്ലെ തുറക്കാന്‍തുടങ്ങി.
''ഇന്ന് ആ സ്ഥലത്ത് മറ്റാര്‍ക്കും പ്രവേശനമില്ല.''
''പിന്നെ എങ്ങനെയാണ്?''
തേരെഷിന്റെ സംശയം ബലപ്പെട്ടു.
മൊര്‍ദെക്കായുടെ ചെവിയുടെ മൂര്‍ച്ചയും കൂടി.
ബിഗ്താന്‍ ശബ്ദം ഒന്നുകൂടെ താഴ്ത്തി.
''വീഞ്ഞ് വിളമ്പാന്‍ നമ്മളെയാണ് വിളിക്കുന്നത്.''
''അതെന്താ രാജപരിവാരങ്ങളില്ലേ?''
തേരെഷിന്റെ ശങ്ക തീരുന്നില്ല.
''എന്താണെന്നറിയില്ല, ഇന്ന് കൊട്ടാരത്തിലെ വിളമ്പുകാരെ ഒഴിവാക്കിയിട്ടുണ്ട്. മഹാരാജാവും മന്ത്രിയും വളരെ രഹസ്യമായ കാര്യങ്ങള്‍ എന്തോ ചര്‍ച്ച ചെയ്യുകയാണ്.''
ബിഗ്താന്റെ വെളിപ്പെടുത്തലിനു മറുപടിയായി തേരെഷ് മൂളിയത് പുറത്തേക്കു വന്നില്ല. അയാള്‍ അത്രകണ്ട് പരിഭ്രമത്തിലാണ് എന്ന് മൊര്‍ദെക്കായ് മനസ്സിലാക്കി.
പക്ഷേ, ബിഗ്താന്‍ കഠിന ഹൃദയനാണ്. അതുകൊണ്ട് വീണ്ടും അയാള്‍ വിശദീകരണം തുടര്‍ന്നു:
''നീയാണ് തേരെഷ്, വീഞ്ഞ് വിളമ്പേണ്ടത്.''
''ഇതൊക്കെ അറിഞ്ഞുകൊണ്ട് വിളമ്പുമ്പോള്‍ കൈവിറയ്ക്കും, മഹാരാജാവല്ലേ മുന്നില്‍?'' 
തേരെഷ് തന്റെ നിസ്സഹായത വ്യക്തമാക്കി.
''പോടാ; പേടിത്തൊണ്ടാ, അതൊക്കെ ശ്രദ്ധിച്ചേ ചെയ്യാവൂ. ആര് രാജാവായാലെന്താ, നമ്മള്‍ എന്നും അടിമകളല്ലേ?''
ബിഗ്താന്‍ ന്യായീകരണത്തിന്റെ തത്ത്വശാസ്ത്രം വിളമ്പുകയാണ്.
''അതുകൊണ്ട് ഓരോ നിമിഷവും വളരെ ശ്രദ്ധിച്ചേ മുന്നേറാവൂ. ഒരു സംശയവും ഉണ്ടാവരുത്.''
അവന്റെ മുന്നറിയിപ്പ് തേരെഷിന്റെ ഹൃദയത്തില്‍ തറഞ്ഞു. അവന്‍ മൂളുകയും തലയാട്ടുകയും ചെയ്തിട്ടുണ്ടാവണം.
''ഞാന്‍ അരയില്‍ ഒരു കഠാര കരുതിയിരിക്കും. മഹാരാജാവ് കുടിച്ചുമത്തനാവുംവരെ നമുക്കു കാത്തുനില്ക്കണം. അതിനാണ് നിന്റെ സഹായം വേണ്ടത്. പിന്നത്തെക്കാര്യം ഞാനേറ്റു.''
ബിഗ്താന്‍ പൊട്ടിച്ചിരിച്ചു.
''ജീവന്‍ പണയംവച്ചുള്ള കളിയാണ്. 
തേരെഷിന്റെ വിറയാര്‍ന്ന ശബ്ദം.'' 
എവിടെയെങ്കിലും ലേശമൊന്നു പിഴച്ചാല്‍ മതി. എല്ലാം തകിടംമറിയും.
''ഇല്ലടാ, നീ ധൈര്യമായിരിക്ക്. ഇനിമുതല്‍ പേര്‍ഷ്യന്‍കൊട്ടാരത്തിലെ പ്രധാനികള്‍ നമ്മളായിരിക്കും.''
ബിഗ്താന്‍ അതു പറഞ്ഞുതീര്‍ന്നതേയുള്ളു. മൊര്‍ദെക്കായി വീണ്ടും പീഠത്തില്‍നിന്ന് മറിഞ്ഞുവീണു.
ഷണ്ഡന്മാര്‍ രണ്ടുപേരും അതുകണ്ട് പരിഹസിച്ചു ചിരിച്ചു.
''വയസനതാ വീണ്ടും ഉറങ്ങിവീണു.''
ജാള്യത്തോടെ മൊര്‍ദെക്കായി വീണിടത്തുനിന്ന് എഴുേന്നറ്റു. അവരെ ശ്രദ്ധിക്കാതെ മുറ്റത്തേക്കിറങ്ങിനടന്നു. 
അയാളുടെ മനസ്സ് അസ്വസ്ഥമാണ്. രഹസ്യം താനറിഞ്ഞുവെന്നു നടിച്ചാല്‍ അതാപത്താണ്. അറിഞ്ഞിട്ടും തടയാതിരിക്കുന്നത് ഭീരുത്വവും. ഒരിക്കലും ഒരു യഹൂദന്‍ ഭീരുവായിക്കൂടാ. ഭീരുത്വംകൊണ്ട് ആപത്തുകളാണ് വന്നുചേരുന്നത്.
മഹാരാജാവിന്റെ കാരുണ്യമാണ് യുദ്ധത്തടവുകാരനായ തന്നെ ഇവിടംവരെ എത്തിച്ചത്. ആശ്രയം നല്കിയവന് ആപത്തുണ്ടാകുമ്പോള്‍ ഭീരുത്വത്തിന്റെ മടയില്‍ തലപൂഴ്ത്തുന്നവന്‍ സുഹൃത്തല്ല, രാജ്യസ്‌നേഹിയുമല്ല.
പക്ഷേ...!
എങ്ങനെയാണ് ഈ വഞ്ചനയെക്കുറിച്ച് രാജസവിധത്തില്‍ ഉണര്‍ത്തിക്കാന്‍ സാധിക്കുക! ചെകുത്താനും കടലിനും ഇടയില്‍പ്പെട്ടതുപോലെ അയാള്‍ വേവലാതിപൂണ്ടു.
പുറത്ത് മുറ്റത്ത് മൂലയില്‍വച്ചിരിക്കുന്ന ജലഭരണിയുടെ അടുത്തേക്കു നടന്നു. ഷണ്ഡന്മാര്‍ മൊര്‍ദെക്കായിയെ ശ്രദ്ധിക്കുന്നുണ്ട്. അയാളുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ?
ഇല്ല, സാധാരണ ചെയ്യുംപോലെ ഭരണിയിലെ ജലമെടുത്ത് മുഖവും കൈയും കാലും കഴുകുകയാണ്. ഉറക്കക്ഷീണത്തെ ഒഴിവാക്കുകയാണ്.
 അയാള്‍ വീണ്ടും തിരികെവന്നു. പീഠത്തില്‍ ഇരുന്നു ഷണ്ഡന്മാരെ നോക്കിച്ചിരിച്ചു.
''ഇന്ന് കൂടുതല്‍ ഉറങ്ങിപ്പോയി. എന്താ വെയിലിന്റെ ഒരു ചൂട്.''
 മൊര്‍ദെക്കായി അവരോട് കുശലംചൊല്ലി.
ഷണ്ഡന്മാര്‍ക്കും സംശയമെല്ലാം തീര്‍ന്നു. 
അവര്‍ അയാളെ നോക്കി മറുപടിപറഞ്ഞു:
''ഇപ്രാവശ്യം ചൂടല്പം കൂടുതലാ.''
 മൊര്‍ദെക്കായി പീഠത്തില്‍ ഇരുന്നുചിന്തിച്ചു. ഇരുന്നിട്ട്  ഇരിപ്പുറയ്ക്കുന്നില്ല. ആര്‍ക്കും ഒരു സംശയവും കൂടാതെ മഹാരാജാവിന്റെ മുന്നില്‍ എങ്ങനെ എത്തിച്ചേരും?
എങ്ങനെയാണ് അതിനൊരു അവസരം കൈവരുക?
അയാള്‍ മനസ്സില്‍ വിറളിപൂണ്ടു.
അപ്പോഴാണ് അന്തഃപുര ഷണ്ഡനായ ഷാസ്ഗസ് അവരെ വിളിക്കുവാനെത്തിയത്.
പ്രധാന സചിവന്‍ നിങ്ങളെ കാത്തിരിക്കുന്നു. വേഗം എത്തിച്ചേരുക.
ബിഗ്താനും തേരെഷും തിടുക്കത്തില്‍ ഹാമാന്റെ സവിധത്തിലേക്കു പോയി. അവര്‍ ഹൃദയത്തില്‍ തുള്ളിച്ചാടുകയാണെന്ന് ആ പോക്കുകണ്ടാല്‍ അറിയാം.
ഇതൊരു അത്യപൂര്‍വമായ സുവര്‍ണ്ണാവസരമാണ്. സമയം കളയാതെ മൊര്‍ദെക്കായി എഴുേന്നറ്റു.

(തുടരും)

Login log record inserted successfully!