കഴിഞ്ഞയാഴ്ച ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടയിലാണ് ശ്രീലങ്കന്‍ താരം ആഞ്ചേലോ മാത്യൂസ് അപ്രതീക്ഷിതമായി കളിക്കളത്തില്‍നിന്നു പുറത്തായത്. ക്രിക്കറ്റ്ചരിത്രത്തില്‍ ആദ്യം എന്നൊക്കെ പത്രങ്ങളില്‍ വാര്‍ത്ത കണ്ടിരുന്നു. ഈ സംഭവത്തോടു പലരും പലതരത്തിലാണു പ്രതികരിച്ചത്. താരംതന്നെ ഈ നടപടിയോടു വളരെ രൂക്ഷമായി പ്രതികരിച്ചത് ഇപ്രകാരമാണ്:
''ഇതു ക്രൂരതയാണ്. ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. യാന്ത്രികമായി സംഭവിച്ച ഒരു തകരാറായിരുന്നു അത്.''
ഇനി ഈ സംഭവത്തെ ഡല്‍ഹി പോലീസ് വളരെ ക്രിയാത്മകമായി ഉപയോഗിച്ച മറ്റൊരു വാര്‍ത്തയിലേക്കു വരാം.
ഡല്‍ഹി പോലീസിന്റെ സമൂഹമാധ്യമപേജില്‍ നോക്കിയാല്‍, രണ്ടു ഹെല്‍മറ്റും കൈയില്‍ പിടിച്ചു നില്‍ക്കുന്ന ആഞ്ചേലോ മാത്യൂസിന്റെ ചിത്രവും 'ഒരു നല്ല ഹെല്‍മറ്റിനു ടൈംഡ് ഔട്ടില്‍നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയും' എന്ന ക്യാപ്ഷനും നമുക്കു കാണാനാകും.
ഈ രണ്ടു സംഭവങ്ങളും നമ്മെ ഒരുപാട് ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു.
മലയാളികളുടെ മനസ്സിനു നീറ്റലുളവാക്കുന്ന മറ്റൊരു സംഭവമുണ്ട്:
പിതാവ് ബലമായി കളനാശിനി കുടിപ്പിച്ച ഫാത്തിമ എന്ന പത്താം ക്ലാസുകാരി മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയാണത്. പത്രത്തിലെ ആ വാര്‍ത്തയ്‌ക്കൊപ്പം ഏറ്റവും അവസാനം, 'കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഉണ്ടായ അഞ്ചാമത്തെ ദുരഭിമാനക്കൊലയാണിത്' എന്ന ഒരു കുറിപ്പുകൂടി.
കേരളം ഓരോ ദിവസവും കൊലപാതകത്തിന്റെ വിവിധ കഥകള്‍ കേട്ടാണ് ഉണരുന്നത്.
അതേ,
ക്രിക്കറ്റ് മൈതാനങ്ങളില്‍ വല്ലപ്പോഴും ഒരിക്കല്‍ സംഭവിക്കുന്ന ടൈംഡ് ഔട്ടുകള്‍ ഇന്ന് നമ്മുടെ കൊച്ചുകേരളത്തില്‍ സാധാരണ സംഭവമായി മാറിയിരിക്കുന്നു. കേരളത്തിലെ കുടുംബങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ എണ്ണിയാല്‍, കേരളത്തിലെ റോഡുകളില്‍ നടന്ന ബൈക്ക് അപകടങ്ങളിലുണ്ടായ മരണങ്ങള്‍ എണ്ണിയാല്‍, കേരളത്തിലെ വീടുകളില്‍നിന്നും സ്‌കൂളുകളില്‍നിന്നും കാണാതായ കൗമാരക്കാരുടെ എണ്ണം എടുത്താല്‍, ആത്മഹത്യകളുടെ കാരണം അന്വേഷിച്ചാല്‍, ഒളിച്ചോട്ടങ്ങളുടെയും തുടര്‍ന്നുണ്ടായ മരണങ്ങളുടെയും എണ്ണം നോക്കിയാല്‍ നാം എത്തിനില്‍ക്കുന്നത് ഈ ടൈംഡ് ഔട്ടുകളുടെ നിരയിലേക്കാണ്.
വിടരുംമുമ്പേ കൊഴിഞ്ഞ എത്രയോ ബാല്യങ്ങള്‍ നമ്മുടെ മുമ്പില്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി ഉണ്ട്! അലസിപ്പിച്ചുകളഞ്ഞ 'അവിഹിതഗര്‍ഭങ്ങള്‍' എന്ന് നമ്മള്‍ ഓമനപ്പേരിട്ടു വിളിക്കുന്നവരും ടൈംഡ് ഔട്ട് ആയ കുഞ്ഞുങ്ങള്‍തന്നെയാണ്.
മയക്കുമരുന്നിന്റെ മായാലോകത്തു കണ്ണും പൂട്ടി പറന്നുനടക്കുന്ന യുവകേരളവും അവരുടെ സ്വാഭാവികജീവിതകാലത്തിനുമുമ്പേ ടൈംഡ് ഔട്ട് ആകാന്‍ വിധിക്കപ്പെട്ടവരാണ്.
പ്രണയക്കെണികളില്‍ കുടുങ്ങി, അവസാനം ഏതെങ്കിലും സ്യൂട്ട്‌കേസുകളില്‍ ഒടിച്ചു നുറുങ്ങപ്പെട്ട ചീഞ്ഞ മാംസക്കഷണങ്ങളായി, വയനാടന്‍ ചുരങ്ങളില്‍ എറിയപ്പെടാന്‍ വിധിക്കപ്പെടുന്ന നമ്മുടെ പെണ്മക്കളും സമയത്തിനുമുമ്പേ ടൈംഡ് ഔട്ട് ആകുന്നുണ്ട്. മൊബൈല്‍ അഡിക്റ്റായി വാശി പിടിക്കുന്ന കുട്ടിക്കുരുന്നുകളും സ്വയം കുരുക്കുമുറുക്കാനും ആത്മഹത്യ ചെയ്യാനും ഒക്കെ പഠിച്ചിരിക്കുന്നു! അപകടകരമായ ചില ടൈംഡ് ഔട്ടുകള്‍ക്ക് സാക്ഷ്യംവഹിച്ചുകൊണ്ടാണ് കേരളം ഓരോ ദിവസവും ഉണരുന്നത്.
ആര് ആരെയാണു കുറ്റപ്പെടുത്തേണ്ടത്? ചില ടൈംഡ് ഔട്ടുകള്‍ക്കു കുറ്റപ്പെടുത്തലുകള്‍ ഒരു പരിഹാരം ആകുമോ? തെറ്റു ചെയ്യുന്നവനെ കൊലപ്പെടുത്തുകയെന്ന നയത്തിലൂടെ തിരുത്തലുകള്‍ സാധ്യമാകുന്നുണ്ടോ? ഇത്തരം മനഃസാക്ഷി മരവിക്കുന്ന കഥകള്‍ മാധ്യമങ്ങള്‍ നിഷ്പക്ഷമായി ചര്‍ച്ച ചെയ്യുന്നുണ്ടോ?
പുതിയ തലമുറയ്ക്ക് എന്താണു സംഭവിക്കുന്നത്? ആരെയാണ് അവര്‍ മാതൃകയാക്കേണ്ടത്? ഒരുപാടു ചോദ്യങ്ങള്‍ക്കു സാംസ്‌കാരികകേരളം ഉത്തരം നല്‍കണം. ഇല്ലെങ്കില്‍ ഇനിയും ഇത്തരം ടൈംഡ് ഔട്ടുകള്‍ കണ്ട് ഞെട്ടിയിരിക്കേണ്ട അവസ്ഥ കേരളത്തിലെ കുടുംബങ്ങളിലുണ്ടാകും.
ഡല്‍ഹി പോലീസിന്റെ ബോധവത്കരണ ക്യാപ്ഷന്‍പോലെ, ഈ അപ്രതീക്ഷിത പുറത്താകലുകള്‍ക്കെതിരേ കരുതലിന്റെ ഹെല്‍മറ്റ് ധരിക്കാന്‍, സ്‌നേഹത്തിന്റെ സ്ട്രാപ് പൊട്ടാത്ത കുടുംബങ്ങളാകുന്ന ഹെല്‍മറ്റ് ധരിക്കാന്‍ നമുക്കു പറ്റുമോ?
മക്കള്‍ മാതാപിതാക്കളെ കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുമോ? മാതാപിതാക്കള്‍ മക്കള്‍ക്കു സ്‌നേഹസാമീപ്യത്തിന്റെ സുരക്ഷിതകവചം ഒരുക്കുമോ?
കൗമാരക്കാര്‍ അല്പംകൂടി ഗൗരവബോധത്തോടെ ജീവിതത്തെ നോക്കിക്കാണുമോ? അല്പസന്തോഷത്തിനായി ജീവിതമാകുന്ന ലഹരി വിട്ട് വിഷലിപ്തമായ ലഹരിപദാര്‍ഥങ്ങളില്‍ കണ്ണുടക്കാതെ നിങ്ങള്‍ക്ക് ജീവിതത്തെ പ്രണയിക്കാന്‍ പറ്റുമോ?
എങ്കില്‍ ദൈവം അനുവദിച്ച കാലമത്രയും സന്തോഷമായി ഈ ഭൂമിയില്‍ നമുക്കു ജീവിക്കാം. രാഹുല്‍ ദ്രാവിഡ് പറഞ്ഞതു പോലെ, 'നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഔട്ട് ആകേണ്ടിവരുന്നത് എന്തൊരു കഷ്ടമാണ്?'
എന്തിനാണ് നമ്മള്‍ സമയത്തിനുമുമ്പ് ഇങ്ങനെ ടൈംഡ് ഔട്ട് ആകുന്നത്?