നന്ദി തിരുവോണമേ നന്ദി
'നീ വന്നുവല്ലേ? അടിമണ്ണിടിഞ്ഞു
കടയിളകിച്ചരിഞ്ഞോരു കുഞ്ഞു തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നു.'
സംസ്‌കൃതിയുടെ ഗതകാലപുണ്യങ്ങളെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മലയാളിയുടെയും ഉള്ളില്‍ ഇപ്പോഴുമവശേഷിക്കുന്ന പ്രതീക്ഷയുടെ വെളിച്ചമാണ് എന്‍എന്‍ കക്കാടിന്റെ ഈ വരികള്‍ പ്രതിഫലിപ്പിക്കുന്നത്. വേരിളകി ചാഞ്ഞുവീഴാനൊരുങ്ങുന്ന ചെറുചെടിപോലെയുലയുമ്പോഴും സ്മരണകളുടെ മധുരസ്മിതം ചുണ്ടില്‍ വിരിയാന്‍ മനസ്സ് പാകപ്പെടുമ്പോള്‍ ഓണം തിരുവോണമാകുന്നു. അദ്ഭുതാദരങ്ങളോടെ മാത്രം നോക്കാന്‍ കഴിയുന്ന ഒരു ചെറുതാകലിന്റെയും ത്യാഗത്തിന്റെയും സൗന്ദര്യമാണല്ലോ ഓണത്തിന് എന്നുമുള്ളത്. ഈ ആത്മസൗന്ദര്യത്തോടു ചേര്‍ത്തുവച്ച് മനുഷ്യരെയും പ്രകൃതിയെയും വിവേകത്തോടെ സമീപിക്കാന്‍ ശീലിച്ച പഴയൊരു കാലഘട്ടത്തില്‍ നാട്ടുവഴിയോരങ്ങളിലെ വേലിപ്പടര്‍പ്പുകള്‍ നിറച്ചാര്‍ത്തണിഞ്ഞുനിന്ന് ഓണത്തെ വരവേറ്റു. കാഴ്ചയുടെ വിരുന്നൊരുക്കി നാമറിയാതെതന്നെ നമ്മെ ഓണത്തിനുവേണ്ടിയൊരുക്കുന്ന പ്രകൃതിയുടെ വിസ്മയം. തൊടിയിലും വീട്ടുമുറ്റത്തും വഴിയോരങ്ങളിലും തലനീട്ടി ചിരിക്കാനൊരുങ്ങുന്ന ചെറുനാമ്പുകളുടെ തലയില്‍ 'മരുന്ന'ടിച്ച് കരിച്ചുകളഞ്ഞ് പരിസരം വൃത്തിയാക്കുന്നതിനൊപ്പം നാം ആ വിസ്മയത്തെക്കൂടിയാണ് മായിച്ചുകളയുന്നത്.
'മകനേ മനസ്സിലാക്കുന്നു
ഞാന്‍ ഭാവദുഃഖം
മലനാട്ടിലിന്നോണം
പത്രപംക്തിയില്‍ മാത്രം
പുള്ളുവക്കുടം വീണ
കൈകൊട്ടികളിപ്പാട്ട്
വില്ലടിയെല്ലാമിന്ന്
റേഡിയോകളില്‍ മാത്രം ഓണത്തെ തിരുവോണമാക്കിയിരുന്ന നന്മകളെല്ലാം അപഹരിക്കപ്പെട്ട ഒരു നാടിന്റെ പൂമുഖത്തിരുന്നാണ് കാലങ്ങള്‍ മുമ്പേ അക്കിത്തം ഈ വരികള്‍ (ബലിദര്‍ശനം) കുറിച്ചത്.
അകവും പുറവും ഒരുപോലെ നിറവാര്‍ന്ന ജീവിതാവസ്ഥകളിലേക്കുള്ള ചൂണ്ടുപലകയാണ് ഓണം. ഓണസദ്യയൊരുക്കാനും പൂക്കളമിടാനും സ്വയംപര്യാപ്തരല്ലാത്ത ഒരു നാടായി നാം മാറിക്കഴിഞ്ഞു. കാര്‍ഷികസര്‍വകലാശാല സേഫ് ടു സേഫ് പദ്ധതി പ്രകാരം നടത്തു പഠനത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് പൊതുവിപണിയില്‍നിന്ന് നാം വാങ്ങി ഉപയോഗിക്കുന്ന മിക്ക പച്ചക്കറികളിലെയും വിഷാംശം മുപ്പത്തിയഞ്ചുശതമാനോ അതിലധികമോ ആണ്. രോഗാതുരമായ ഒരു സമൂഹമായി കേരളം മാറുന്നതില്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ക്കും വ്യായാമരഹിതമായ ജീവിതശൈലികള്‍ക്കും വ്യക്തിബന്ധങ്ങളിലെ ശൈഥില്യങ്ങള്‍ക്കുമെല്ലാം നിര്‍ണയാകസ്ഥാനമുണ്ട്. അഞ്ചിലൊരാള്‍ക്ക് പ്രമേഹം, മൂന്നിലൊരാള്‍ക്ക് രക്തസമ്മര്‍ദം, ദിവസേന നൂറിലധികം അര്‍ബുദരോഗികള്‍ എന്നിങ്ങനെ ശക്തമായ ആത്മശോധനകള്‍ക്കും തിരുത്തലുകള്‍ക്കും മലയാളിയെ പ്രേരിപ്പിക്കുന്ന കണക്കുകളാണിത്. പാശ്ചാത്യസമൂഹത്തില്‍ 50-60 വയസ്സിനു മുകളിലുള്ളവരില്‍ മാത്രം കാണുന്ന ജീവിതശൈലീരോഗങ്ങള്‍ കേരളത്തില്‍ 30-40 വയസ്സിനുള്ളിലുള്ളവരില്‍ പ്രത്യക്ഷപ്പെടുന്ന ഉപഭോഗപരതയിലൂന്നിയ ഒരു നാടായി കേരളം മാറിയപ്പോള്‍ പ്രകൃതിയിലും ജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അത്ര നല്ല സൂചനയല്ല എന്നു തിരിച്ചറിയണം. ആഘോഷങ്ങളുടെയെല്ലാം അന്തഃസത്തകളെ മറന്ന് പുറംമോടികളില്‍ മാത്രം അഭിരമിക്കുന്ന ഒരു സമൂഹമായി നാം മാറാതിരിക്കട്ടെ. ഇനിയും പാതയോരങ്ങളില്‍ നാട്ടുപൂക്കള്‍ ചിരിച്ചുനില്‍ക്കട്ടെ. ഓടാനും ചാടാനും വീഴാനും വീണാലെഴുന്നേല്ക്കാനും ചൊടിയും ചുണയുമുള്ള കുഞ്ഞുങ്ങള്‍ ആ ചിരി തേടി മടുപ്പറിയാതെ സഞ്ചരിക്കട്ടെ. അവര്‍ക്കുണ്ണാന്‍ വിഷം കലരാത്ത അന്നം കൊടുക്കാനുള്ള വിവേകം നമുക്കുണ്ടാകട്ടെ. അവര്‍ കേള്‍ക്കാനും പഠിക്കാനും നമ്മുടെ നാടിന്റെ നന്മകളോതുന്ന കഥകളും പാട്ടുകളും കടങ്കഥകളുമൊക്കെ നമ്മുടെ ചുണ്ടിലുമുണ്ടാകട്ടെ. ഓണം തിരുവോണമാകട്ടെ.