•  4 Sep 2025
  •  ദീപം 58
  •  നാളം 26
ലേഖനം

സ്‌നേഹാക്ഷരങ്ങളുടെ ഓര്‍മ്മത്താളുകള്‍

   നഷ്ടപ്പെട്ട ജീവിതമൂല്യങ്ങള്‍ പുനര്‍ജനിക്കാന്‍ ഈ ഓണനാളുകള്‍ ഇടയാക്കട്ടെ. നന്മയുടെ, സ്‌നേഹത്തിന്റെ, കൂടിച്ചേരലിന്റെ, ഇന്നലകളിലേക്കുള്ള തിരിച്ചുപോകലിന്റെ, കരുതലിന്റെ, പങ്കുവയ്ക്കലിന്റെ  സുവര്‍ണലിപികളാല്‍ മനസ്സില്‍ എഴുതിസൂക്ഷിക്കാന്‍ കഴിയുന്ന ഓര്‍മകളുടെ ഒരു പുസ്തകം രചിക്കാന്‍ ഈ ഓണക്കാലത്തു നമുക്കു കഴിയട്ടെ.
   പൊന്നുംചിങ്ങമാസത്തിലെ  തിരുവോണത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. മഹാബലിത്തമ്പുരാന്റെ സുവര്‍ണകാലഘട്ടത്തിന്റെ ഓര്‍മകളാണ് ഓണത്തെ മധുരതരമാക്കുന്നത്. ഓരോ തിരുവോണനാളിലും മഹാബലിത്തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വരും എന്നാണ് ഐതിഹ്യം. ഓണക്കോടിയുടുത്തും, ഓണപ്പൂക്കളമൊരുക്കിയും, ഓണപ്പാട്ടുകള്‍ പാടിയും, ഓണസദ്യ കഴിച്ചും നാം ഓണം ആഘോഷിക്കുന്നു. 'മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാവരും ഒന്നുപോലെ' എന്നു തുടങ്ങുന്ന ഗാനം മലയാളികള്‍ക്കു മറക്കാനാവുമോ?
   ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ, ഉള്ളവനും ഇല്ലാത്തവനും പരസ്പരം പങ്കുവച്ചാഘോഷിക്കുന്ന ഒരു ഓണക്കാലമുണ്ടായിരുന്നു. അധ്വാനിക്കുന്ന മണ്ണില്‍ കാലുറപ്പിച്ച്, വിയര്‍പ്പുതുള്ളികളെ രക്തത്തുള്ളികളാക്കി കാര്‍ഷികമേഖലയെ സംരക്ഷിച്ച ഒരു ജനതയുടെ ആഘോഷം. വര്‍ഷത്തില്‍ 365 ദിവസവും ചില മനുഷ്യര്‍ പണിയെടുത്തിരുന്നത് ഓണം ആഘോഷിക്കാനായിരുന്നു. ഓണത്തിനെ അതിന്റെ എല്ലാ മനോഹാരിതയോടുംകൂടി ആഘോഷിച്ചിരുന്നവര്‍. ഭൂതകാലത്തില്‍ നാം കണ്ട തിരുവോണമല്ല വര്‍ത്തമാനകാലത്തില്‍ കാണുന്നത്. 
ഈ വര്‍ത്തമാനകാലഘട്ടത്തില്‍ നാം കാണുന്ന ഓണാഘോഷങ്ങളെല്ലാം കൃത്രിമത്വം നിറഞ്ഞവയാണ്. ഓര്‍ക്കാനോ ഓര്‍ത്തുവയ്ക്കാനോ ഒന്നും ബാക്കിയാകാതെ പോകുന്ന വെറുമൊരു ആഘോഷം. പണ്ടുകാലങ്ങളില്‍ അത്തംമുതല്‍ പത്തു ദിവസം ഓണം ആഘോഷിച്ചിരുന്നു. എന്നാലിന്ന്, തിരുവോണദിനം മാത്രമായി ആഘോഷങ്ങള്‍ ഒതുങ്ങുന്നു. കൂട്ടുകുടുംബവ്യവസ്ഥിതിയില്‍നിന്ന് അണുകുടുംബവ്യവസ്ഥിതിയിലേക്കു മാറിയതുപോലെ ഓണാഘോഷവും മാറിയിരിക്കുന്നു. പഴയ ഒത്തുചേരലോ ആഘോഷങ്ങളോ ഇന്നില്ല. സ്വന്തമായി ഓണം ആഘോഷിച്ച്, കൃത്യമായി ഓണസദ്യയും കഴിച്ച് വീട്ടിലൊതുങ്ങുന്നു.
   കാലം മുന്നോട്ടുനീങ്ങുമ്പോള്‍ കലണ്ടറില്‍ അവധിദിനത്തിന്റെ ഒരു ചുവപ്പടയാളംമാത്രമായി ഓണം മാറാതിരിക്കട്ടെ. മറ്റുള്ളവര്‍ക്കു ചിന്തിക്കാന്‍ അവസരം നല്കുന്ന ഒരു ആഘോഷദിനമായി  ഓണത്തെ മാറ്റാന്‍ നമുക്കു കഴിയണം. പുറമേയുള്ള ആഘോഷങ്ങളും, ആഡംബരങ്ങളുമല്ല യഥാര്‍ഥ ഓണം. ഇന്നു നാടിനെ പ്രതിനിധാനം ചെയ്യുന്നത് ജാതിയും മതവും സംഘടനകളും വിവിധ നേതാക്കളുമാണ്. സ്വന്തം ജീവിതം മെച്ചപ്പെടുത്താന്‍ തിരക്കിന്റെ ലോകത്തില്‍ ഓടിക്കിതയ്ക്കുകയാണു മനുഷ്യര്‍. അവിടെ നഷ്ടപ്പെടുന്ന ഒരുപാടു ജീവിതമൂല്യങ്ങളുണ്ട്. മറ്റുള്ളവരുടെ വേദനകള്‍ കാണാതെ, സഹായിക്കാന്‍ ഒരു കരം നീട്ടാതെ, ബന്ധങ്ങള്‍ വാക്കില്‍മാത്രം ഒതുക്കി ക്കഴിയുന്ന സമൂഹം.
   യഥാര്‍ഥ സമൃദ്ധി പണമോ പ്രതാപമോ അല്ല. സ്‌നേഹം, ദയ, ഒരുമ എന്നിവയാല്‍ സമ്പന്നരാകുക എന്നതാണ്  ഓണത്തിന്റെ സന്ദേശം.
ഇനിവരുന്ന തലമുറയ്ക്ക് ഓണം ഒരു ഓര്‍മയായി മാറാന്‍ സാധ്യതയുണ്ട്. കാരണം, ഓണമെന്നത് ആഘോഷങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. വെറുമൊരു ആഘോഷത്തിനപ്പുറം ഒരു വ്യക്തി എങ്ങനെ ആയിരിക്കണം, സമൂഹം എങ്ങനെയായിരിക്കണം എന്നൊക്കെ നാമറിയണം. ദാരിദ്ര്യത്തില്‍നിന്നു സമൃദ്ധിയിലേക്കുള്ള  ഒരു യാത്രയാണ് ഓണം. ടിവിയുടെയും മൊബൈലിന്റെയും വെളിച്ചത്തില്‍ കൂനിക്കൂടുന്ന ഒരു സമൂഹമാണിന്നുള്ളത്. എല്ലാം വിരല്‍ത്തുമ്പില്‍ എത്തുന്ന ഒരു കാലം. കച്ചവടകേന്ദ്രിതമാണ് ഇന്നു കാണുന്ന ഓണം.
മാറിച്ചിന്തിക്കാന്‍ ഇനിയും സമയമുണ്ട്. ഈ ഓണനാളുകളില്‍ നമുക്കു പലതും ചെയ്യാന്‍ സാധിക്കും. പല മാറ്റങ്ങള്‍ക്കും തുടക്കംകുറിക്കാന്‍ സാധിക്കും. പ്രളയവും കൊവിഡ് മഹാമാരിയും തകര്‍ത്തെറിഞ്ഞ കുറെയധികം ജീവിതങ്ങളുണ്ടിവിടെ. ദുരന്തഭൂമിയില്‍ പുതിയൊരു ജീവിതത്തിനായി കാത്തിരിക്കുന്നവര്‍. ഈ തിരുവോണനാളില്‍ ഓണം അതിന്റെ എല്ലാ  ഭംഗിയോടുംകൂടി ആഘോഷിക്കാന്‍ അവര്‍ക്കു സാധിക്കണമെങ്കില്‍ കഴിയുന്ന രീതിയില്‍ അവരുടെ നേരേ നാം കരം നീട്ടണം.
''ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.''
എന്നു വൈലോപ്പിള്ളി എഴുതിയത് വിഷുവിനെക്കുറിച്ചാണെങ്കിലും ഓണക്കാലത്തും അതിനു പ്രസക്തിയുണ്ട്.
നഷ്ടപ്പെട്ട ജീവിതമൂല്യങ്ങള്‍ പുനര്‍ജനിക്കാന്‍ ഈ ഓണനാളുകള്‍ ഇടയാക്കട്ടെ. നന്മയുടെ, സ്‌നേഹത്തിന്റെ, കൂടിച്ചേരലിന്റെ, ഇന്നലകളിലേക്കുള്ള തിരിച്ചുപോകലിന്റെ, കരുതലിന്റെ, പങ്കുവയ്ക്കലിന്റെ  സുവര്‍ണലിപികളാല്‍ മനസ്സില്‍ എഴുതിസൂക്ഷിക്കാന്‍ കഴിയുന്ന ഓര്‍മകളുടെ ഒരു പുസ്തകം രചിക്കാന്‍ ഈ ഓണക്കാലത്തു നമുക്കു കഴിയട്ടെ.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)