•  4 Sep 2025
  •  ദീപം 58
  •  നാളം 26
ലേഖനം

ഹൈറേഞ്ചിലെ ഓണസുഗന്ധങ്ങള്‍

    മഞ്ഞണിഞ്ഞ സുപ്രഭാതം. ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് പൊന്നോണമെത്തി. ബാല്യകാലം  ഹൈറേഞ്ചില്‍ ജീവിച്ച എന്നെ സംബന്ധിച്ചിടത്തോളം  ഏറെ പ്രധാനമായ ദിവസം. ഞങ്ങള്‍ മക്കള്‍ പന്ത്രണ്ടുപേരാണ്. രാവിലെതന്നെ പൂക്കൊട്ടയുമായി പൂക്കള്‍ ശേഖരിക്കാന്‍ ഇറങ്ങും. വീട്ടില്‍ വന്നാലുടന്‍ വല്യപ്പച്ചനും വല്യമ്മച്ചിയും ഓണസ്മരണകള്‍ ഉരുവിടുന്നതും കേട്ട്, ഞങ്ങള്‍ പൂക്കളമൊരുക്കുന്നു.
    ഹൈറേഞ്ചിലെ വിവിധ നിറങ്ങളിലുള്ള പൂവുകള്‍  പൂക്കളത്തിനു നല്കുന്ന മനോഹാരിത ഒന്നുവേറെതന്നെ. ഈ സമയം ചാച്ചനും അമ്മച്ചിയും സഹായികളും ഓണസദ്യയ്ക്കുള്ള ഒരുക്കത്തിലായിരിക്കും. മൂത്ത ചേട്ടന്മാര്‍  അക്കരെയുള്ള പ്ലാവില്‍ ഊഞ്ഞാല്‍ കെട്ടുന്നു. നാട്ടിലുള്ള കൂട്ടുകാരെല്ലാവരും വരും. ആദ്യം ഞാന്‍, പിന്നെ നീ എന്ന കണക്കിലാണ് ഊഞ്ഞാലാട്ടം. പെട്ടെന്ന്,  അക്കരെനിന്ന് 'പുലി വരുന്നേ' എന്ന് ആരോ കൂവുന്നു. പൊന്നാങ്ങളമാര്‍ 'അത് യഥാര്‍ഥ പുലിയല്ല, വാ കുഞ്ഞിപ്പെങ്ങന്മാരേ' എന്നു വിളിച്ച് ഞങ്ങള്‍ക്കു ധൈര്യം തരുന്നു. പിന്നെ വീടിനു മുന്നിലുള്ള  പൂക്കളത്തിനു ചുറ്റും കടുവാകളി.
പന്ത്രണ്ടു മണിയാകുമ്പോള്‍ സദ്യയ്ക്കുള്ള ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാകും. അമ്മ ഞങ്ങള്‍ പിള്ളേരെയെല്ലാം അക്കരെയുള്ള തോട്ടില്‍ കൊണ്ടുപോയി കുളിപ്പിക്കും.
കുളി കഴിഞ്ഞാല്‍ 12 മക്കളും വല്യപ്പച്ചനും വല്യമ്മച്ചിയും ചാച്ചനും അമ്മയും ഒന്നിച്ചിരുന്നുള്ള ഓണസദ്യ. അവിയല്‍, സാമ്പാറ്, മെഴുക്കുപുരട്ടി, പയറ്, പപ്പടം, പഴം, പായസം, ഉപ്പേരി എന്നിങ്ങനെ വിഭവങ്ങള്‍ ധാരാളം.
സ്‌കൂളിലെ ഓണാനുഭവവും വ്യത്യസ്തമായിരുന്നു. ഏലത്തിന്റെയും കുരുമുളകിന്റെയും ഗന്ധംപേറുന്ന ഹൈറേഞ്ചിലെ കൊച്ചുഗ്രാമത്തില്‍നിന്ന് ഓണക്കോടിയുടുത്തു സ്‌കൂളില്‍ ചെല്ലുമ്പോള്‍ ഓണക്കളികള്‍ ധാരാളം. സുന്ദരിക്കു പൊട്ടുകുത്തല്‍, കുന്നിക്കുരു പെറുക്കല്‍, മിഠായി പെറുക്കല്‍, തിരുവാതിര, ഓണപ്പാട്ട്, അത്തപ്പൂക്കളം... ഒടുക്കം ഹൈറേഞ്ചിന്റെ സുഗന്ധമൂറുന്ന ഓണസദ്യയും അരിപ്പായസവും.
വൈകുന്നേരമാണ് വീട്ടിലെ കലാപരിപാടികള്‍.   കൂട്ടുകാരെല്ലാവരും ചേര്‍ന്ന് വീടിനടുത്തുള്ള ഒരു പാറയില്‍ ഒത്തുകൂടുന്നു. പിന്നെ കളികളാണ്. ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ ഹര്‍മോണിയംപെട്ടിയുമായി ചാച്ചന്‍ പാട്ടുതുടങ്ങും. പ്രാര്‍ഥനാസമയം ആയി എന്ന സൂചന. സാവധാനം വീട്ടിലേക്കു മടങ്ങുന്നു. എല്ലാവരും മുട്ടിന്മേല്‍നിന്നു പ്രാര്‍ഥിക്കും. അത്താഴത്തോടെ ഓണം സമാപ്തം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)