•  4 Sep 2025
  •  ദീപം 58
  •  നാളം 26
ലേഖനം

രാജവേഷത്തെ കോലം കെട്ടിക്കരുതേ!

   ചിങ്ങപ്പുലരിയില്‍ ചിറകുകള്‍ ചീകിയൊതുക്കി കിളികള്‍ ചിനുങ്ങിച്ചിനുങ്ങി ചിലച്ചു. കതിരവന്‍ കനിവുകാട്ടി കറുത്ത മേഘങ്ങളുടെ കമ്പിളിപ്പുതപ്പ് തള്ളിനീക്കി കണ്ണിറുക്കി കാട്ടി. വൃക്ഷത്തലപ്പുകള്‍ അതിന്റെ കിരണങ്ങളേറ്റ് മിന്നിത്തിളങ്ങി.  മന്ദമാരുതനില്‍ അതു ചാഞ്ചാടിയുല്ലസിച്ചു. കാട്ടരുവികള്‍ കളകളഗീതം പാടി.  പൂച്ചെടികള്‍ ആടിയുലഞ്ഞ് ആനന്ദനൃത്തം ചെയ്തു. സ്വര്‍ണ്ണവര്‍ണ്ണക്കതിരുകളാല്‍ നെല്‍പ്പാടം നിറഞ്ഞു. അങ്ങനെ ഓണക്കാലം വന്നെത്തി. കാട്ടുപൂക്കളിറുക്കി കുട്ടികള്‍ ആരവം മുഴക്കി.
'പൂവേ... പൊലി... പൂവേ... പൊലി... പൂവേ...'
അത്തം പത്തോണം ഉല്ലാസമായി കൊണ്ടാടിയവസാനം തിരുവോണനാളില്‍ നമ്മുടെ രാജാവായ മഹാബലി തന്റെ പ്രജകളെ കാണാന്‍ പാതാള ലോകത്തുനിന്നെത്തിച്ചേരുമെന്നാണ് ചൊല്ല്.
'മാവേലി നാടു വാണിടും കാലം മാനുഷരെല്ലാരുമൊന്നുപോലെ'യെന്ന് ഏതോ കവി പാടിപ്പുകഴ്ത്തിയ നൃപന്‍ പാതാളലോകത്തെങ്ങനെയെത്തിയെന്ന് പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്:
ഒരിക്കല്‍ സ്വര്‍ഗരാജാവായ ഇന്ദ്രന്റെ ഗര്‍വും ആലസ്യവുമടക്കാന്‍ വിഷ്ണുഭഗവാന്‍ മികച്ച ഭരണപാടവമുള്ളവനും ധര്‍മ്മിഷ്ഠനും നീതിമാനും  ദാനശീലനെന്നു പെരുമയുള്ളവനുമായ ബലിയെ സ്വര്‍ഗരാജ്യഭാരം തല്‍ക്കാലത്തേക്ക് ഏല്പിച്ചു.
വിഷ്ണുഭക്തനും മഹാശക്തിശാലിയുമായ മഹാബലിയോട് എതിരിടാന്‍ കെല്പില്ലാതെ ദേവന്മാര്‍ അമ്മ അദിതിയോടു പരാതി പറഞ്ഞു.  മക്കളുടെ പരാധീനത കണ്ട് കരളലിഞ്ഞ്, സങ്കടചിത്തയായി അദിതി ഭര്‍ത്താവായ കശ്യപമഹര്‍ഷിയെ കണ്ടു. പക്ഷേ, ദൈത്യരും ദേവരും തന്റെ മക്കളായതിനാല്‍ തനിക്കിതില്‍ വേര്‍തിരിവ് നടത്തുക അസാധ്യമെന്നും വിഷ്ണുഭഗവാനെ ധ്യാനിച്ച് സങ്കടം ബോധിപ്പിക്കാനും ഉപദേശിച്ചു. അങ്ങനെ അദിതി ദ്വാദശിവ്രതമെടുത്ത് കഠിനതപസ്സിലേര്‍പ്പെട്ടു. ഈ സമയത്തെ പ്രാര്‍ഥന കേള്‍ക്കാതിരിക്കാന്‍ വിഷ്ണുവിനു സാധ്യമല്ലായിരുന്നു. ഇതു മനസ്സിലാക്കിയ ബലി പിന്നീട് വളഞ്ഞവഴിയില്‍ സ്വര്‍ഗം തിരിച്ചുവാങ്ങാന്‍ ശ്രമിച്ച ദേവന്മാര്‍ക്ക് തുടര്‍ന്നങ്ങോട്ട് യജ്ഞഹവിസ്സുകള്‍ അര്‍പ്പിക്കരുതെന്ന് ഭൂലോകവാസികളായ ബ്രാഹ്‌മണര്‍ക്കു ശാസന നല്‍കി. ദേവന്മാര്‍ ക്ഷീണിതരായി. അതോടെ ഭൂമിയില്‍ വൃഷ്ടിയും പുഷ്ടിയും ഇല്ലാതാവുകയും ചെയ്തു. അഗ്‌നിദേവനും വായുദേവനും ക്ഷീണിതരായതോടെ ഭൂലോകത്ത് അന്നമില്ലാതാവുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു. ബലിയുടെ വിദ്വേഷകര്‍മ്മത്തില്‍ തന്റെ സ്ഥിതികര്‍മ്മംകൂടി അപകടത്തിലായത് വിഷ്ണുഭഗവാന്‍ മനസ്സിലാക്കി. പ്രതികാര വാഞ്ഛയോടെ ബലി യജ്ഞങ്ങള്‍ നിര്‍ത്തിച്ചത് അദ്ദേഹം ഭരിക്കുന്ന ഭൂലോകത്തിന്റെതന്നെ നാശത്തില്‍ കലാശിക്കാമെന്നതു ഖേദകരമായി. ഭക്തനായ ബലിയെ കടുത്ത തീരുമാനത്തില്‍നിന്ന് എങ്ങനെ പിന്തിരിപ്പിക്കാമെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് നര്‍മ്മദാ നദിക്കരയിലെ ഭൃഗുകച്ഛമെന്ന സ്ഥലത്ത് ബലി യാഗം നടത്താനുദ്ദേശിക്കുന്നത് അറിഞ്ഞത്. യാഗവേളയില്‍ ദാനധര്‍മ്മാദികള്‍ ചെയ്ത് പ്രജകളെ പ്രീതിപ്പെടുത്തേണ്ട കടമ രാജാവിനുണ്ട്. 
യാഗഭൂമിയില്‍ വിഷ്ണു കുടവയറനായ കുള്ളന്‍ബ്രാഹ്‌മണ ബാലനായി വാമനാവതാരം സ്വീകരിച്ചു. കക്ഷത്തില്‍ കവണയും ഇടതു കൈയില്‍ കൂജയും വലതു കൈയില്‍ ഓലക്കുടയുമേന്തി സുസ്‌മേരവദനനായി എത്തി ച്ചേര്‍ന്നു. ദൈത്യഗുരു ശുക്രാചാര്യരും മഹാബലിയും ചേര്‍ന്ന് തേജസ്വിയായ കൊച്ചുബ്രാഹ്‌മണനെ സ്വീകരിച്ചിരുത്തുമ്പോള്‍ത്തന്നെ ഗുരുവിന് എന്തോ ചതി മണത്തു. അംഗചേഷ്ടകളാല്‍ രാജാവിനു സന്ദേശം നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ബലി ആതിഥ്യമര്യാദയില്‍ മുഴുകിയിരിക്കുകയായിരുന്നു.  ബാലന് എന്തു വേണമെന്നു ചോദിക്കുമ്പോള്‍ ത്രിലോകങ്ങളും തന്റെ കൈപ്പിടിയിലാണെന്ന ഭാവമുണ്ടായിരുന്നു. നിറഞ്ഞ രാജഭക്തിയോടെ വാമനന്‍ തന്റെ പാദങ്ങള്‍ വയ്ക്കാനുള്ള മൂന്നടി മണ്ണ് വേണമെന്ന് ആവശ്യപ്പെട്ടു.
ശുക്രാചാര്യര്‍ വിലക്കിയെങ്കിലും ത്രിലോകങ്ങളുടെയും അധിപനായ മഹാബലിചക്രവര്‍ത്തിക്ക് മൂന്നടി മണ്ണിനാണോ ക്ഷാമമെന്ന മട്ടില്‍ അദ്ദേഹം മന്ദഹസിച്ചുകൊണ്ടു നിന്നു.  എവിടെ വേണമെങ്കിലും ഭൂമി അളന്നെടുക്കാന്‍ വാമനബാലനോട് അപേക്ഷിച്ചു. ധര്‍മ്മിഷ്ഠനായ ബലിയുടെ വാഗ്ദാനം കേട്ട മാത്രയില്‍ത്തന്നെ വാമനന്‍ ഭീമാകാരരൂപം പൂണ്ട് തന്റെയൊരു കാല്‍പാദംകൊണ്ട് ഭൂലോകം മുഴുവനും, രണ്ടാമത്തേതുകൊണ്ട് സ്വര്‍ഗമടങ്ങുന്ന ആകാശവും അളന്നെടുത്തു. മൂന്നാമത്തെ ചുവട് എവിടെ വയ്ക്കണമെന്നു ബലിയോടു ചോദിച്ചു. വിശ്വരൂപം പൂണ്ട വിഷ്ണുഭഗവാനെ നേരില്‍ക്കണ്ട സന്തോഷത്താല്‍ തന്റെ ആജീവനാന്തപാപകര്‍മ്മങ്ങള്‍ക്കുള്ള മോക്ഷസിദ്ധിക്കുവേണ്ടി ശിരസ്സ് കുനിച്ച്   വിഷ്ണുപാദം നെറുകയില്‍ വയ്ക്കാന്‍ അപേക്ഷിച്ചു.
ദാനശീലനായ ബലിയുടെ ത്യാഗമനസ്‌കതയിലും ഭക്തി ലാളിത്യത്തിലും സത്യബോധത്തിലും സംപ്രീതനായ വിഷ്ണുദേവന്‍ വരാനിരിക്കുന്ന മന്വന്തരത്തില്‍ ഇന്ദ്രപദവി നല്‍കുമെന്നു വാഗ്ദാനം നല്‍കി. അതുവരെ പാതാളലോകത്തിലെ സുതല രാജ്യത്ത് വിശ്വകര്‍മ്മാവിനാല്‍ പണിത കൊട്ടാരത്തില്‍  ചിരംജീവിയായി വാഴാനും,  വാമനമൂര്‍ത്തിയായ വിഷ്ണു സ്വയംതന്നെ കൊട്ടാരംകാവല്‍ക്കാരനായിരിക്കുമെന്നും അരുള്‍ ചെയ്തു. മഹാബലിയുടെ ശിരസ്സില്‍ വിഷ്ണുവിന്റെ തൃക്കാല്‍സ്പര്‍ശനമേറ്റതോടെ ഭൂമി പിളര്‍ന്ന് ഭുവര്‍ലോകത്തേക്കുള്ള പാതയൊരുങ്ങി. പുത്രനായ ബാണാസുരനെ ഭൂലോകത്തിന്റെ രാജാവായി വാഴിക്കുകയും സ്വര്‍ഗലോകം ഇന്ദ്രന് സര്‍വാധികാരത്തോടെ തിരികെലഭിക്കുകയും ചെയ്തുവെന്നാണ് കഥ.
ഇങ്ങനെയാണ് കഥയെങ്കിലും കേരളക്കരയില്‍ പല വാദങ്ങളുമുണ്ട്. ദേവനായ വാമനന്‍ അസുരനായ മഹാബലിയെ അസഹിഷ്ണുതയാല്‍ ചവിട്ടിത്താഴ്ത്തിയെന്ന് ചിലര്‍. വാമനനായ ബ്രാഹ്‌മണനെ ആര്യനായും ബലിയെ ദ്രാവിഡനായും ചിത്രീകരിക്കാനുള്ള ശ്രമവുമുണ്ട്. മഹാബലിയെ കുടവയറനും ഓലക്കുടക്കാരനുമാക്കി മാറ്റിയിട്ടുമുണ്ട്. 
വാമനമൂര്‍ത്തിയുടെ ആരാധനയായ തൃക്കാക്കരയപ്പന്റെ ഉത്സവനാളുകള്‍ അത്തം പത്ത് ഓണക്കാലമാണ് നടക്കുന്നത്. ഈ ആഘോഷത്തിമര്‍പ്പില്‍ തൃക്കാക്കരയപ്പന്റെ  കോലം കെട്ടിയാടി ഉല്ലസിച്ചിരുന്നു. അതിനോടൊപ്പം പല തരത്തിലുള്ള കോമാളിവേഷവും കെട്ടി. പിന്നീട് കപ്പടാമീശയും കിരീടവുമണിഞ്ഞ രാജവേഷവും ഓലക്കുടയും കുടവയറുമായി വാമനവേഷവും കൂട്ടിച്ചേര്‍ത്ത് സങ്കരമായി ചിലര്‍ കെട്ടിയാടി. കേരളത്തിലൊന്നാകെ മഹാബലിയുടേതെന്ന നിലയില്‍ അത് പരന്നു. യുദ്ധനിപുണനും അതികായനുമായ അസുരരാജാവിന് കുടവയര്‍ ചിന്തിക്കാനേ സാധ്യമല്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)