ഓണം ഒരോര്‍മയാണ്. താലോലിക്കാന്‍ കൊതിക്കുന്ന നന്മ നിറഞ്ഞ ഒരോര്‍മ. കഥയെന്തായാലും, കള്ളവും ചതിയും കാപട്യവുമില്ലാതെ നാടു ഭരിച്ചിരുന്ന മഹാനായ ഒരു ചക്രവര്‍ത്തിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ പുതുക്കുകയാണ് ഓണദിനങ്ങളില്‍ നാം. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാളെ എല്ലാവരും സ്വപ്നം കാണുന്നുണ്ട്. പക്ഷേ, അതു യാഥാര്‍ഥ്യമാകുന്നില്ല. എന്തുകൊണ്ട്? നാം ചെയ്യുന്ന സല്‍പ്രവൃത്തികളെ ആശ്രയിച്ചാണു മനുഷ്യജീവിതം ധന്യമാകുന്നത്. മനുഷ്യന്‍ വിതയ്ക്കുന്ന വിഷവിത്തുകള്‍ പലപ്പോഴും നമ്മുടെ ദുഃഖദുരിതങ്ങളായി മുളപൊട്ടി വളരുന്നു.
പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും ഇടതടവില്ലാതെ ആഞ്ഞടിച്ചെത്തുന്ന ഈ കേരളമണ്ണില്‍ മനുഷ്യജീവനു വിലകൊടുക്കുന്ന നല്ല നേതാക്കന്മാരെ വാര്‍ത്തെടുക്കാന്‍ നമുക്കു സാധിക്കണം. പട്ടിയുടെയും പൂച്ചയുടെയും കാട്ടാനകളുടെയും ജീവനു കൊടുക്കുന്ന വിലയെങ്കിലും മനുഷ്യജീവനു കൊടുത്തിരുന്നെങ്കില്‍! ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്? കൊച്ചുകുട്ടികള്‍ തുടങ്ങി വലിയവര്‍വരെ കക്ഷിമാത്സര്യവും വെറുപ്പും പകയും കുത്തിനിറച്ച മനുഷ്യക്കോലങ്ങളായി മാറിയിരിക്കുന്നു. വെട്ടും കുത്തും കൊലയും കൊള്ളിവയ്പും വര്‍ധിച്ച് സമാധാനകാംക്ഷികള്‍ക്കു സ്വതന്ത്രമായി സഞ്ചരിക്കാന്‍പോലും വയ്യാത്ത കാലം. എവിടെ സത്യം? എവിടെ നീതി? കുറ്റവാളികളെ പാലൂട്ടി വളര്‍ത്തുന്ന ഒരു സംസ്‌കാരമാണു നാം ചുറ്റും കാണുന്നത്. വാസ്തവം പറഞ്ഞാല്‍ ഓണാഘോഷം ഇന്ന് ഒരു ബിസിനസ്സാണ്. എങ്ങനെ പണം സമ്പാദിക്കാം, ലാഭമുണ്ടാക്കാം? ഇതാണ് ഇന്നു മനുഷ്യമനസ്സിനെ ഭരിക്കുന്ന ചിന്താഗതി. കാണം വിറ്റും ഓണം ഉണ്ണണം എന്നാണു ചൊല്ല്. പണ്ട് ഊഞ്ഞാലു കെട്ടിയും ഓണക്കോടിയുടുത്തും കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ച് ഉല്ലസിച്ചിരുന്ന കാലം എത്ര മനോഹരമായിരുന്നു! ഇന്ന് മുന്തിയ ഹോട്ടലുകളില്‍പോയി വില കൂടിയ സദ്യകഴിച്ച് കൃതാര്‍ഥരാവുകയാണ്.
മഹാബലിത്തമ്പുരാന്റെ ചുവടുകളെ പിഞ്ചെന്ന് വിവേകത്തോടെയും സന്മാര്‍ഗബോധത്തോടെയും, അപരന്റെ മനസ്സിനെ മുറിപ്പെടുത്താതെ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന പൊയ്‌പോയ സുവര്‍ണകാലത്തെ ഈ ഓണനാളില്‍ നമുക്കു പുനര്‍ജീവിപ്പിക്കാം.
ലേഖനം
ഇനി വരുമോ ആ നല്ല നാളുകള്‍?
