ഓണം കേരളീയര്‍ കാലാ കാലമായി ജാതിമതഭേദമെന്യെ കൊണ്ടാടുന്ന ഉത്സവമാണെന്ന് എനിക്ക് അനുഭവവേദ്യമായത് നാലാംതരത്തില്‍ പഠിക്കുന്ന കാലത്താണ്. അന്നു ഞങ്ങള്‍ അമയന്നൂര്‍ വരകുമലക്കവലയിലാണ് താമസം. ഓണം അടുത്തപ്പോള്‍ നാടും വീടും ഉണര്‍ന്നതും ചുറ്റുപാടുകള്‍ ശബ്ദായമാനമായതും പ്രകൃതിപോലും പൂത്തുലസിക്കുന്നതും എല്ലാം ഇന്നും ഓര്‍മയില്‍ ത്രസിച്ചുനില്‍ക്കുന്നു.
ഒരാഴ്ചമുന്നേ, വലിയച്ഛന്‍(അമ്മയുടെ അച്ഛന്‍) കിളിരൂരില്‍നിന്ന് ഒരു വല്ലക്കുട്ട നിറയെ എന്തൊക്കെയോ പലഹാരങ്ങളും പാളത്തൈരുമായി വീട്ടിലെത്തിയിരുന്നു. വീടും വഴിയും പരിസരങ്ങളും ചെത്തിയൊരുക്കി ഓണം വരുത്തിയത് വലിയച്ഛനാണ്. എന്നെയും നാലു സഹോദരങ്ങളെയും അയല്‍പക്കത്തെ ചില കുട്ടികളെയും ചുറ്റിനുമിരുത്തി മാവേലിയുടെ കഥ പറഞ്ഞുതരുന്നത് മറന്നിട്ടില്ല. പ്രജാക്ഷേമതത്പരനായിരുന്ന ആ നല്ല ചക്രവര്‍ത്തിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ കഥ കേട്ട് ഞങ്ങള്‍ കുട്ടികള്‍ സങ്കടപ്പെട്ടു. മുന്‍നിരയിലെ ഒരു പല്ലുപോയ വല്യച്ഛന്റെ ചിരിയും അഭിനയവും കണ്ട് ഞങ്ങള്‍ രസിച്ചിരുന്നുപോയി. ഇടയ്‌ക്കൊരു കാര്യം; വലിയച്ഛന്‍ തിക്കുറിശ്ശി സുകുമാരന്‍നായരുടെ നാടകക്കമ്പനിയിലെ നടനായിരുന്നു(കൊമേഡിയന്‍, ബഫൂണ്‍ എന്നു പറയും). പാതാളത്തിലേക്കു പോയ മാവേലി ഓണനാളില്‍ പ്രജകളെ കാണാന്‍ നാട്ടിലേക്കു വരുമെന്നും, നമ്മള്‍ കുളിച്ചൊരുങ്ങി പുത്തനുടുത്ത് വയറുനിറയെ ആഹാരം കഴിക്കണമെന്നും തമ്പുരാന്‍ വയറില്‍ തപ്പിനോക്കുമെന്നും ഒക്കെപ്പറഞ്ഞു. അതിനു ജാതിമതഭേദമൊന്നുമില്ലത്രേ! ഇതു കേട്ട് ഞങ്ങളുടെ കൂടെയിരുന്ന ശങ്കരന്റെ ഒരു സംശയം: 'മാപ്പളമാരും കോഷിക്ക്വോ വല്യച്ഛാ...''
''പിന്നെ; അവരും ഘോഷിക്കും.'' ക്രിസ്ത്യാനികളെ ഒന്നടങ്കം മാപ്പിളമാര്‍ എന്നായിരുന്നു അക്കാലത്ത് ആ പ്രദേശങ്ങളില്‍ വിളിച്ചിരുന്നത്.
''താതെയ്യം തായെയ്യം താരോ - തക - തിന്തകം തിന്തകം താരോ ഓണം വന്നോണം വന്നല്ലോ നമ്മള്‍, കാണം വിറ്റുണ്ണണം പെണ്ണേ!'' വല്യച്ഛന്‍ ഈണത്തില്‍പ്പാടി. നാടകത്തിലെ ചില ഇനങ്ങളും ഞങ്ങളെ കാണിച്ചു; ചിരിപ്പിച്ചു. താളം പിടിപ്പിച്ചു.
ഓണത്തിന്റെ തലേദിവസം ഉത്രാടം! ഉത്രാടപ്പാച്ചില്‍ എന്താണെന്ന് അന്നാണ് ഞങ്ങള്‍ക്കു മനസ്സിലായത്. ചന്തയിലും കടകളിലും വഴിയോരക്കച്ചവടസ്ഥലത്തും എല്ലാം തിരക്കോടു തിരക്ക്. ഏത്തയ്ക്കാ, മത്തങ്ങാ, ചേന, പയറ്, മാങ്ങാ, പടവലങ്ങ, പാവയ്ക്ക, വഴുതിനങ്ങ എന്നുവേണ്ട എന്തിനും തലങ്ങും വിലങ്ങും അമ്മമാരും ചേച്ചിമാരും ചേട്ടന്മാരും ഓട്ടംതന്നെ ഓട്ടം! ഇതാണത്രേ ഉത്രാടപ്പാച്ചില്‍!
്യൂഞാനും കുറെ കൂട്ടുകാരും കൊട്ടയുമായി പൂ പറിക്കാനിറങ്ങി. ആറാട്ടുകടവുങ്കല്‍ ഭാഗത്തേക്കും അയര്‍ക്കുന്നം കാളച്ചന്തഭാഗത്തേക്കും ഒക്കെ സം ഘങ്ങളായി പിരിഞ്ഞ് രസംപറഞ്ഞ് പൂതേടി യാത്രയായി! ഏറെനേരം കഴിഞ്ഞിട്ടും ഞങ്ങളെ കാണാഞ്ഞതിനാല്‍ കാറിക്കൂവി ചേച്ചിമാരും ചേട്ടന്മാരും അതാ വരുന്നു! കിട്ടിയ പൂക്കള്‍ കൊട്ടയോടെ തട്ടിപ്പറിച്ച് അവര്‍ ഓടി! ഞങ്ങള്‍ കരഞ്ഞുകാറിപ്പിറകേ, ആകെ ബഹളം!
വൈകിട്ടായപ്പോള്‍ കായ പൊളിച്ചും അരിഞ്ഞും അച്ഛനും വലിയച്ഛനും! അതു ചീനച്ചട്ടിയിലും ഉരുളിയിലും വറുത്തുകൊണ്ട് അമ്മയും അപ്പച്ചിയും (അച്ഛന്റെ പെങ്ങള്‍) വല്യമ്മയും. പിറ്റേന്നു വേണ്ട ഇഡ്ഡലിക്ക് അരി അരയ്ക്കാന്‍ ആട്ടുകല്ലുള്ള ചാക്കോമാപ്ലയുടെ വീട്ടിലേക്ക് ഒരു ചേട്ടനെ പറഞ്ഞുവിട്ടു. രാത്രിയാവുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കഞ്ഞിയും പയറും പുഴുക്കും ചമ്മന്തിയും തന്ന്; പോയി സുഖമായി ഉറങ്ങി രാവിലെ വരാന്‍ കല്പിച്ച് വല്യച്ഛനും പോയി. ഓണം സ്വപ്നം കണ്ടു ഞങ്ങള്‍ കിടന്നു; പെട്ടെന്ന് ഉറങ്ങിപ്പോയി.
നേരം വെളുക്കുംമുമ്പേ അമ്മ ഞങ്ങളെ വിളിച്ചുണര്‍ത്തി. തലനിറയെ എണ്ണ വച്ച് സോപ്പും തോര്‍ത്തും തന്ന് അയല്‍പക്കത്തെ ചേച്ചിമാരുടെകൂടെ കുളിക്കാന്‍ വിട്ടു; വാലുങ്കല്‍തോട്ടില്‍. നല്ല തെളിഞ്ഞ വെള്ളം. അധികം സമയം നീന്താന്‍ ചേച്ചിമാര്‍ സമ്മതിച്ചില്ല. വീട്ടിലെത്തി. ഇഡ്ഡലിയും ചമ്മന്തിയും ഉപ്പേരിയും പപ്പടവും കൂട്ടി പ്രഭാതഭക്ഷണം. പിന്നെ അയല്‍പക്കത്തെ മോഹനന്‍, കുഞ്ഞുമോന്‍, അനിയന്‍, സുര എന്നിവരുമായി ഞാന്‍ നാടന്‍പന്തുകളിയിലും എന്റെ പെങ്ങന്മാര്‍ അവരുടെ കൂട്ടുകാരായ, കല്യാണി, പൊന്നമ്മ, കനകമ്മ എന്നിവരുമായി തുമ്പിതുള്ളാനും പോയി. 12 മണിയായപ്പോള്‍ വല്യച്ഛന്റെ വിളി (കല്പന) വന്നു. വേഗം വരൂ. കൈകഴുകി ഇരിക്കൂ. ഞങ്ങള്‍ നോക്കുമ്പോള്‍ വരാന്തയില്‍ പത്തുപന്ത്രണ്ട് ഇലകളില്‍ കറികളെല്ലാം വിളമ്പിവച്ചിരിക്കുന്നു. അല്പം മാറ്റി മറ്റൊരു നാക്കിലയില്‍ ചോറ് ഉള്‍പ്പെടെ, കിണ്ടിയില്‍ വെള്ളവും കോടിമുണ്ടും. ഇതെന്തു കഥ! ഞങ്ങള്‍ നോക്കിനിന്നപ്പോള്‍ അത് മാവേലിമന്നനു വിളമ്പിയ ഇലയാണെന്ന് അമ്മ പറഞ്ഞു. എല്ലാവരും ചമ്രംപടിഞ്ഞിരുന്നു. ചൂടുപറക്കുന്ന കുത്തരിച്ചോറ്, അതിനുമുകളില്‍ പരിപ്പുകറി, പപ്പടം, പിന്നെ നെയ്യ്. വല്യച്ഛന്‍ മുന്നില്‍ വന്ന് പപ്പടം പൊടിച്ചിട്ട് പരിപ്പുകറി ഇളക്കിക്കുഴച്ച് ആദ്യത്തെ ഉരുള കൈയിലെടുക്കാന്‍ കല്പന തന്നു. എല്ലാരും കഴിയുന്നത്ര വലുപ്പത്തില്‍ ഉരുട്ടി കൈയില്‍ വച്ചു. അടുത്ത ഓര്‍ഡര്‍ വന്നു, വായിലിട്ടു വിഴുങ്ങാന്‍. ഇനി ഇഷ്ടംപോലെ എന്നു പറഞ്ഞ് വല്യച്ഛന്‍ പോയി. അവസാനം പായസമുണ്ട്, അതുകഴിക്കാന്‍ വയറ് ഒഴിച്ചിടണമെന്ന് അപ്പച്ചി. പയറുപായസം വന്നുകഴിഞ്ഞു. പപ്പടവും പഴവും കൂട്ടിക്കുഴച്ച് നാരങ്ങാക്കറി തൊട്ടുകൂട്ടി പായസം കഴിക്കണം. അങ്ങനെതന്നെ കഴിച്ചു. അവസാനം മോരുകുടിച്ച് ഊണു നിര്‍ത്തണമെന്ന് അപ്പച്ചിയുടെ അഭിപ്രായവും ഞങ്ങള്‍ കണക്കിലെടുത്തു. ഓണസദ്യ കഴിഞ്ഞു.