നവംബര്‍ 19 പള്ളിക്കൂദാശക്കാലം മൂന്നാം ഞായര്‍
സംഖ്യ 9:15-18 ഏശ 54:1-10
ഹെബ്രാ 9:5-15 യോഹ 2:13-22
ഈശോമിശിഹാ സ്ഥാപിച്ച എന്നേക്കുമായുള്ള പുതിയ ഉടമ്പടി ഇന്നു സ്ഥാപിക്കപ്പെടുന്നത് മിശിഹായുടെ ശരീരമാകുന്ന സഭയിലാണ്. വാഗ്ദാനം ചെയ്യപ്പെട്ട നിത്യാവകാശത്തിനായി വിളിക്കപ്പെട്ട നാമോരോരുത്തരും ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നത് ജറുസലേംദൈവാലയത്തിലല്ല; മറിച്ച്, സജീവദൈവമായ മിശിഹായുടെ ശരീരമാകുന്ന സഭയിലാണ്.
സഭയെ യുഗാന്തത്തില്‍ അവളുടെ നാഥനായ ദൈവം തന്റെ മഹത്ത്വത്തിലേക്കു പ്രവേശിപ്പിക്കും എന്ന യാഥാര്‍ഥ്യത്തിന്റെ മുന്നാസ്വാദനമാണ് പള്ളിക്കൂദാശക്കാലം. സഭയെന്ന ഭൗതികയാഥാര്‍ഥ്യത്തിന്റെ ആധ്യാത്മികവും ദൈവികവുമായ ചില ചിന്തകളാണ് ഇന്നത്തെ വായനകള്‍ നമ്മോടു സംവദിക്കുന്നത്.
മോശ സാക്ഷ്യകൂടാരം സ്ഥാപിച്ച ദിവസം അതിന്മേല്‍ ആവരണം ചെയ്യപ്പെട്ട മേഘത്തെക്കുറിച്ചാണ് ഒന്നാം വായന (സംഖ്യ 9:15-18). മോശയും ഇസ്രായേല്‍ജനം മുഴുവനും സമാഗമകൂടാരത്തിലാണ് ദൈവസാന്നിധ്യം (പുറ. 33:7) അനുഭവിച്ചിരുന്നത്. സമാഗമകൂടാരത്തെ ആവരണം ചെയ്യുന്ന മേഘം ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അടയാളമായിരുന്നുവെന്നു ജനം വ്യക്തമായി മനസ്സിലാക്കിയിരുന്നു. ''അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണം ചെയ്തു. കര്‍ത്താവിന്റെ മഹത്ത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു'' (പുറ. 40:34). അരൂപിയായ ദൈവത്തിന്റെ സാന്നിധ്യത്തെ തിരിച്ചറിയാനുള്ള അടയാളമാണിവിടെ മേഘം.
ദൈവം നല്കാന്‍ പോകുന്ന പുതിയ ദേശത്തേക്കുള്ള യാത്രയില്‍ ജനത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയത് ഈ മേഘത്തിന്റെ ചലനങ്ങളാണ് (9:17) അഥവാ ദൈവത്തിന്റെ നിര്‍ദേശങ്ങളാണ്. മേഘത്തിന്റെ ചെറിയ ചലനംപോലും ജനത്തെ മുഴുവന്‍ ചലിപ്പിച്ചു. മേഘം നില്‍ക്കുമ്പോള്‍ ജനത്തിന്റെ ചലനവും നിലച്ചിരുന്നു (9:21). ദൈവത്തിന്റെ ഹൃദയത്തോട് അത്രയും അടുത്തു വ്യാപരിച്ചിരുന്ന, അവിടുത്തെ ഇഷ്ടംമാത്രം നിറവേറ്റിയിരുന്ന ജനമായിരുന്നു ഇസ്രായേല്‍ജനം. പുതിയ ഉടമ്പടിയിലെ ഇസ്രായേലായ സഭയില്‍ പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിന്റെ ഇഷ്ടമനുസരിച്ചു ചലിക്കേണ്ടവരാണ് നമ്മള്‍ എന്നു വചനം നമ്മെ ഓര്‍മിപ്പിക്കുന്നു.
തന്റെ നഗരമായ ജറുസലേമിനോടുള്ള ദൈവത്തിന്റെ സ്‌നേഹം വര്‍ണിക്കുന്ന വാക്കുകളാണ് ഏശയ്യാപ്രവാചകനിലൂടെ നാം കേള്‍ക്കുന്നത് (ഏശ 54:1-10). ''നിന്നോടു കരുണയുള്ള കര്‍ത്താവ് അരുള്‍ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരികയുമില്ല'' (54:10).
പ്രവാസകാലത്തിന്റെ കയ്പു നിറഞ്ഞ അനുഭവത്തിലായിരിക്കുന്ന ജനത്തിന് ആശ്വാസം ദൈവത്തിന്റെ ഈ സാന്ത്വനവചസ്സുകളാണ്. ജനം അനുസരണക്കേടു ചെയ്ത് ദൈവത്തില്‍നിന്ന് അകലുമ്പോളും അവിടുന്നു തന്റെ ജനത്തെ കരുണയോടെതന്നെ നോക്കുന്നു. ഇസ്രായേല്‍ജനത്തിനു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹവും അതുതന്നെയാണ്. എത്രയൊക്കെ അവര്‍ ദൈവത്തില്‍നിന്ന്അകന്നാലും അവര്‍ക്കുവേണ്ടി ദൈവം അംഗീകരിച്ച സമാധാനഉടമ്പടി എന്നേക്കും നിലനില്‍ക്കും. സഭയിലും നാം അനുഭവിക്കുന്ന ദൈവികസ്നേഹം ഇതേ ആശയമാണു മുന്നോട്ടു വയ്ക്കുന്നത്. അചഞ്ചലമായ സ്‌നേഹം തന്റെ പുത്രനിലൂടെ ദൈവം നമുക്കു നല്കിക്കൊണ്ടേയിരിക്കുന്നു:
സമാഗമകൂടാരത്തെ ഉള്‍ക്കൊള്ളുന്ന, ഇസ്രായേല്‍ക്കാരുടെ ആധ്യാത്മികസമ്മേളനസ്ഥലമായിരുന്നു ജെറുസലേം ദൈവാലയം. ചെറിയ സമാഗമകൂടാരത്തിന്റെ സ്ഥാനത്ത് വളരെപ്പേര്‍ക്കു പ്രവേശിക്കാന്‍ കഴിയുന്ന ദൈവാലയം ദൈവത്തിന്റെ നിര്‍ദേശത്തിന്റെയും ജനത്തിന്റെ ആഗ്രഹത്തിന്റെയും സാഫല്യമായിരുന്നു: മനുഷ്യന്‍ തന്റെ ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്ന സ്ഥലം ((പുറ. 33:7); അവിടെ അവര്‍ ദൈവസാന്നിധ്യം അനുഭവിച്ചിരുന്നു (ഏശ. 6:1; എസെ. 43:2). അവിടെ ദൈവസാന്നിധ്യം ഇല്ലാതാകുന്നതിനും അവര്‍ സാക്ഷികളായിരുന്നു (എസെ. 11:22-23).
തന്റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ദൈവാലയത്തിന്റെ വിശുദ്ധ അന്തരീക്ഷത്തെ നശിപ്പിക്കുന്ന പ്രവൃത്തികള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ദൈവത്തിന്റെ പ്രതികരണമാണ് ഇന്നത്തെ സുവിശേഷം (യോഹ. 2:13-22). എത്ര വിശുദ്ധമായ സ്ഥലങ്ങളാണെങ്കിലും ആത്മീയതയോടുള്ള മനുഷ്യന്റെ മമതയെ വിദഗ്ധമായി ഉപയോഗിച്ചു മനുഷ്യന്‍ അവയെ കച്ചവടസ്ഥലങ്ങളാക്കുന്നത് അന്നുമാത്രമല്ല, ഇന്നുമുള്ള പ്രവണതയാണല്ലോ. ആത്മീയകേന്ദ്രങ്ങളോടു ചുറ്റിപ്പറ്റിയാണു കച്ചവടങ്ങള്‍ കൊഴുക്കുന്നതുതന്നെ. ആത്മീയതയെത്തന്നെ കച്ചവടമാക്കുന്നവരും കുറവല്ല.
ഇതെല്ലാം ആത്മീയതയില്ലായ്മയുടെ വിവിധമുഖങ്ങള്‍ തന്നെയാണെന്ന് ഈശോ പറയുന്നു. ''എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്'' (2:16). ഇസ്രായേല്‍ജനത്തിന്റെ യഥാര്‍ഥ ആത്മീയത ഏറ്റവും ശോഭനമായിരുന്നത് മോശയുടെ സമാഗമകൂടാരത്തിലായിരുന്നു. വലിയ ദൈവാലയം ബാഹ്യമായി ആരാധനയുടെ സമ്പന്നതയും ഔന്നത്യവും എടുത്തുകാണിക്കുമ്പോഴും ആന്തരികമായുള്ള ദൈവോന്മുഖതയുടെ കുറവിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
സുവിശേഷത്തിന്റെ രണ്ടാം ഭാഗം ശ്രദ്ധേയമാകുന്നത് ഈശോ തന്റെ ശരീരമാകുന്ന ദൈവാലയത്തെപ്പറ്റി പറയുന്നതുകൊണ്ടാണ് (2:18-22). പൂര്‍ണദൈവമായ അവന്റെ മനുഷ്യശരീരം ദൈവത്തിന്റെ ആലയം തന്നെയാണ്. കല്ലും മണ്ണും കൊണ്ടു നിര്‍മിക്കപ്പെട്ട ജറുസലേംദൈവാലയത്തെ തന്റെ ശരീരത്തോടു താദാത്മ്യപ്പെടുത്തിക്കൊണ്ടു ദൈവാലയം എന്ന ഭൗതികഹര്‍മ്യത്തെ ദൈവികമായ തന്റെ ശരീരത്തോട് അവന്‍ ചേര്‍ത്തുനിര്‍ത്തുന്നു. ഇനി ജറുസലേംദൈവാലയം ഇല്ലെങ്കിലും കുഴപ്പമില്ല, ഇതാ യഥാര്‍ഥ ദൈവാലയം നമ്മുടെയിടയില്‍!
എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നുവെന്നും (യോഹ. 14:9) കല്ലും മണ്ണും കൊണ്ടുണ്ടാക്കിയ ദൈവാലയം നശിപ്പിക്കപ്പെട്ടാല്‍ തന്റെ ശരീരമാകുന്ന ദൈവാലയം ഉണ്ടായിരിക്കും (2:19) എന്ന ഉറപ്പും അവന്‍ നമുക്കു നല്‍കുന്നു. ജറുസലംദൈവാലയം ഇനിയും പുനര്‍നിര്‍മിക്കപ്പെടാത്തതിന്റെ കാരണവും മറ്റൊന്നായിരിക്കില്ല. സഭ മിശിഹായുടെ മൗതികശരീരമാണെന്നു പറയുമ്പോള്‍ ദൈവത്തിന്റെ യഥാര്‍ഥ ആലയമായി അവള്‍ മാറുകയാണ് എന്ന യാഥാര്‍ഥ്യം അതില്‍ അടങ്ങിയിരിക്കുന്നു എന്നതും നാം വിസ്മരിക്കരുത്.
ഒരേസമയം ബലിയര്‍പ്പകനും ബലിവസ്തുവുമായി, പഴയ ഉടമ്പടിയിലെ ബലിയര്‍പ്പണം ഈശോമിശിഹാ പൂര്‍ണമാക്കുന്നുവെന്ന് ലേഖനം (ഹെബ്രാ. 9:5-15) നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈശോമിശിഹാ സ്ഥാപിച്ച എന്നേക്കുമായുള്ള ആ പുതിയ ഉടമ്പടി (9:15) ഇന്നു സ്ഥാപിക്കപ്പെടുന്നത് മിശിഹായുടെ ശരീരമാകുന്ന സഭയിലാണ്. വാഗ്ദാനം ചെയ്യപ്പെട്ട നിത്യാവകാശത്തിനായി വിളിക്കപ്പെട്ട നാമോരോരുത്തരും ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നത് ജറുസലേംദൈവാലയത്തിലല്ല; മറിച്ച്, സജീവദൈവമായ മിശിഹായുടെ ശരീരമാകുന്ന സഭയിലാണ്. അങ്ങനെ ഒരേസമയം നമ്മള്‍ മിശിഹായുടെ ശരീരം കെട്ടിപ്പടുക്കുന്നവരും മിശിഹായില്‍ ദൈവപിതാവിനു സമര്‍പ്പിക്കപ്പെട്ടവരുമാകുന്നു. ഈ സഭയെയാണ്, നമ്മെത്തന്നെയാണ് മിശിഹാ യുഗാന്തത്തില്‍ മഹത്ത്വീകരിക്കുന്നത്.