•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

പലായനം

ഖറിയാ തര്യന്റെ ഉപദേശപ്രകാരം മാമ്മോദീസാക്കല്യാണം   ക്ഷണിക്കാനും കേസിന്റെ കാര്യം അറിയിക്കാനും  ആദ്യം മണിമലയ്ക്കാണ് ഇയ്യോബ് പുറപ്പെട്ടത്. മറിയക്കൊച്ചമ്മേടെ ആറ് ആണ്‍മക്കള്‍ക്കും പൗലോ കൊടുത്ത കേസിനെപ്പറ്റി കേട്ടപ്പോള്‍ അദ്ഭുതം. മൂന്നാം തലമുറയായി. ഇപ്പോഴാണോ ഇവനു വെളിപാടുണ്ടാകുന്നത് എന്നായി അവര്‍. 
എന്തായാലും മാമ്മോദീസാക്കല്യാണത്തിന് അവര്‍ ആറുപേരും അവരുടെ പെമ്പിളമാരും വരും.
ചങ്ങനാശേരി വലിയ പള്ളിയിലാണ് മാമ്മോദീസാ.
മണിമലനിന്ന് കോതമംഗലത്തെ ഏലിക്കൊച്ചമ്മേടെ മക്കളെ കാണാനാണ് ഇയ്യോബ് പോയത്. അഞ്ചുപേരും അടുത്തടുത്താണു താമസിക്കുന്നത്. അവര്‍ക്കും 'കേസുവാര്‍ത്ത' കേട്ടപ്പോള്‍ അതിശയം. അവരും കുടുംബവും മാമ്മോദീസായ്ക്കു വരും. കേസിലൊന്നും അവര്‍ക്കു താത്പര്യമില്ല. എങ്കിലും എന്തിനും എവിടെയും ഒപ്പിട്ടുനല്കാനും അവര്‍ അഞ്ചുപേരും തയ്യാറാണ്. തികച്ചും  സമാധാനപ്രിയരായ സാധാരണകര്‍ഷകര്‍.
നേരം വൈകിയതിനാല്‍ ഇയ്യോബ് തിരികെ കൊട്ടാരത്തില്‍ തറവാട്ടിലേക്കു പോന്നു. ചാലക്കുടീലും അങ്കമാലിയിലും നാളെ പോകാമെന്നു നിശ്ചയിച്ചു.
പിറ്റേദിവസം രാവിലെതന്നെ ഇയ്യോബ് പുറപ്പെട്ടു. ആദ്യം ചാലക്കുടി എത്തി. റോസക്കൊച്ചമ്മേടെ മക്കള്‍ നാലുപേരും നല്ല കൃഷിക്കാര്‍. അവര്‍ അധ്വാനികളാണെന്ന് അവരുടെ വീടും പറമ്പും കണ്ടപ്പള്‍ ഇയ്യോബിനു തോന്നി. അവര്‍ മാമ്മോദീസായ്ക്കു വരും. കേസിലൊന്നും അവര്‍ക്കും ഒട്ടും താത്പര്യമില്ല. പൗലോ ഒരു ദിവസം വന്നിരുന്നു. അവന്‍ പറഞ്ഞ് വിവരങ്ങളൊക്കെ അറിയാം. എന്തു ചെയ്യാം, കുടുംബത്തില്‍ ഒരു വഴിപെഴച്ച സന്തതി ഉണ്ടായാല്‍ എന്നതാണ് അവര്‍ നാലു പേരുടെയും നിലപാട്. 'എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം' എന്ന ചിന്താഗതിക്കാരാണ് അവര്‍. നന്നായി അധ്വാനിച്ചു ജീവിക്കുന്നവര്‍. വല്യപ്പച്ചന്റെ ശവമടക്കിന് അവര്‍ നാലാളും കുടുംബസമേതം വന്നിരുന്നു.
''ഇയ്യോബിനു നിര്‍ബന്ധമാണേല്‍ മാമ്മോദീസായ്ക്കു വരാം.''
തിരികെ വരുന്നവഴി അങ്കമാലിയില്‍ പൗലോയുടെ വീട്ടിലിറങ്ങി. ഭാഗ്യത്തിന് അവന്‍ വീട്ടിലുണ്ടായിരുന്നു.
ഇയ്യോബ് തന്റെ ആഗമനോദ്ദേശ്യം പറഞ്ഞു. മാമ്മോദീസയ്ക്കു ക്ഷണിക്കാന്‍ വന്നതാണ്.
കേട്ടപാടേ പൗലോ പറഞ്ഞു: 
''ഞാന്‍ വരണില്ല. നാലു വീടുകള്‍ക്കപ്പുറമാണ് പെങ്ങള് താമസിക്കണത്. അവളും വരണില്ല.''
അവന്റെ മുഖം ചുവന്നു. രാവിലെ അല്പം മിനുങ്ങീട്ടുണ്ടെന്നു തോന്നുന്നു.
''.... ന്നാ ഇയ്യോബ് ചെന്നാട്ടെ. നമ്മക്ക് പീരുമേട്ടില് വച്ചു കാണാം.''
അവന്‍ എണീറ്റു. 
ഇയ്യോബും എണീറ്റു. ഇവനോടു കേസിന്റെ കാര്യം ഒന്നും സംസാരിക്കുന്നില്ല. കാര്യങ്ങള് വക്കീലന്മാര്‍ തമ്മില്‍ തീര്‍ക്കട്ടെ.
''ശരി പൗലോ.'
ഇയ്യോബ് മുറ്റത്തേക്കിറങ്ങി. ഇയ്യോബ് കാറില്‍ കയറുന്നതും ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ടാക്കുന്നതും പൗലോ നിര്‍വികാരതയോടെ നോക്കിനിന്നു. അവന്‍ വായിലെ മുറുക്കാന്‍ മുറ്റത്തേക്കു നീട്ടിത്തുപ്പി. 
ആലപ്പുഴ കോടതിയില്‍വച്ച് ജോണ്‍ വക്കീല്‍ ബാലകൃഷ്ണന്‍നായര്‍ വക്കീലിനെ കണ്ടു. അവര്‍ തമ്മില്‍ കൊട്ടാരത്തില്‍ തറവാട്ടിലെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചു സംസാരിച്ചു. ജോണ്‍ വക്കീല്‍ തയ്യാറാക്കിയ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ കേട്ടപ്പോള്‍ ബാലകൃഷ്ണന്‍നായര്‍ പറഞ്ഞു.
''ഇതില് പൗലോയ്ക്കു തര്‍ക്കമൊണ്ടാകാന്‍ സാധ്യതയില്ല.
യൂ പ്രൊസീഡ് സര്‍. ഞാനിക്കാര്യം പൗലോയെ വിളിച്ചുവരുത്തി സംസാരിക്കട്ടെ.''
ബാലകൃഷ്ണന്‍നായര്‍ വക്കീലിന്റെ വാക്കുകള്‍ക്കു പിന്നാലെ ജോണ്‍ വക്കീല്‍ തുടര്‍ന്നു:
''മിസ്റ്റര്‍ ബാലകൃഷ്ണന്‍, കേസ് രാജിയാവാനുള്ള ജോയിന്റ് പെറ്റീഷന്റെ നക്കലും കൊട്ടാരത്തില്‍ തറവാട് വക 500 ഏക്കര്‍ തെങ്ങിന്‍തോപ്പ് പതിനനേഴു പേര്‍ക്കായി വീതം വയ്ക്കുന്ന ഡീഡിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയതിന്റെ കോപ്പിയും എന്റെ പക്കലുണ്ട്. അതു ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അത് താങ്കള്‍ക്കു തന്നുവിടാം. മി. ബാലകൃഷ്ണന്‍ വക്കീല്‍ അത് വായിച്ചുനോക്കി എന്തെങ്കിലും സജക്ഷനുണ്ടെങ്കില്‍ ഒരു നോട്ട് എനിക്കുതരണം. ഈ കേസ് രാജിയാവാനാണ് മാത്തൂത്തരകനു താത്പര്യം. അതിന് എന്തു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറാണ്.
എല്ലാറ്റിനും എന്നെ അദ്ദേഹവും ഇയ്യോബും ചുമതലപ്പെടുത്തിരിക്കയാണ്.''
ജോണ്‍ വക്കീലിന്റെ വിശദീകരണം ബാലകൃഷ്ണന്‍നായര്‍ ശ്രദ്ധാപൂര്‍വം കേട്ടു. അയാള്‍ ജോണ്‍ വക്കീല്‍ കൊടുത്ത ഡ്രാഫ്റ്റുനോട്ടുകള്‍ ഏറ്റുവാങ്ങി. 
''സര്‍, ഞാനിത് കൊണ്ടുപോയി വായിച്ചുനോക്കാം. സാറിന്റെ ഡ്രാഫ്റ്റുനോട്ടുകള്‍ക്ക് തിരുത്തലുകള്‍ വേണ്ടിവരില്ല. സാറിനെപ്പോലൊരു വക്കീലിന്റെ സഹായം കൊട്ടാരത്തില്‍ തറവാട്ടുകാര്‍ക്ക് അനുഗ്രഹമായി. കൊട്ടാരത്തില്‍ തറവാട്ടുകാര്‍ എന്നും നീതിയുടെ പക്ഷത്തേ നിന്നിട്ടുള്ളൂ.''
ബാലകൃഷ്ണന്‍നായര്‍ വക്കീലിന്റെ വാക്കുകള്‍ക്കു മുന്നില്‍ ജോണ്‍വക്കീല്‍ ഒന്നു മന്ദഹസിച്ചതേയുള്ളൂ. അദ്ദേഹം ബാലകൃഷ്ണന്‍നായര്‍ക്കു ഹസ്തദാനം ചെയ്ത് കുതിരവണ്ടിയില്‍ കയറി. വെള്ളക്കുതിരകളെ കെട്ടിയ ജോണ്‍ വക്കീലിന്റെ കുതിരവണ്ടി മുന്നോട്ടു കുതിക്കുന്നത് അയാള്‍ കൗതുകപൂര്‍വം നോക്കിനിന്നു.
ജോണ്‍ വക്കീല്‍ തയ്യാറാക്കിയ ജോയിന്റ് പെറ്റീഷനിലും കൊട്ടാരത്തില്‍ തറവാട്ടുവക 500 ഏക്കര്‍ വരുന്ന തെങ്ങിന്‍തോപ്പ് വല്യപ്പച്ചന്റെ സഹോദരീപുത്രര്‍ക്ക് ഇഷ്ടദാനമായി മാത്തൂത്തരകന്‍ നല്കുന്നതായുള്ള ആധാരത്തിന്റെ ഡ്രാഫ്റ്റ് കോപ്പിയിലും ബാലകൃഷ്ണന്‍ നായര്‍ക്ക് പഴുതുകളൊന്നും കാണാനായില്ല. 
1092 ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമത്തിനെ പിന്തുണയ്ക്കുന്നതും ആവശ്യമെങ്കില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കു മാതൃകയാകാവുന്നതുമായ ഒരു ഇഷ്ടദാനപത്രത്തിന്റെ പകര്‍പ്പായിരുന്നു, ജോണ്‍ വക്കീല്‍ തയ്യാറാക്കിയിരുന്നത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ പൗലോയുമായി ബാലകൃഷ്ണന്‍ നായര്‍ വക്കീല്‍ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. അയാള്‍ക്കു സമ്മതം. ഇഷ്ടദാനാധാരപ്രകാരം പൗലോയ്ക്ക് 29.41 ഏക്കര്‍ തെങ്ങിന്‍തോപ്പ് ലഭിക്കും. അയാള്‍ക്ക് അതൊരു നിധി ലഭിച്ചതുപോലെ തോന്നി. താന്‍ കേസു കൊടുത്തതിനു പ്രയോജനമുണ്ടായല്ലോ എന്നായിരുന്നു, പൗലോയുടെ ചിന്ത.
ജോയിന്റ് പെറ്റീഷനില്‍ വക്കീല്‍ പറഞ്ഞിടത്തൊക്കെ പൗലോ ഒപ്പിട്ടുകൊടുത്തു. ബാലകൃഷ്ണന്‍നായര്‍ വക്കീല്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പീരുമേടുകോടതിയില്‍ സമര്‍പ്പിച്ചു. 
എല്ലാം തിടുക്കത്തില്‍ത്തന്നെ നടന്നു. ജഡ്ജി വില്‍ഫ്രഡ് തോമസ് ഗ്രേ ഏറ്റവും അടുത്ത ഒരു ദിവസം കേസ് രാജിയാക്കാനുള്ള സമയം നിശ്ചയിച്ചു. 
കോടതി തുടങ്ങുന്നതിനു മുമ്പ് ജഡ്ജിയുടെ ചേംബറില്‍ ഇരുകക്ഷികളും അവരുടെ വക്കീലന്മാരും ഹാജരാവണം.
അതനുസരിച്ച് ജോണ്‍ വക്കീലും മാത്തുത്തരകനും ഇയ്യോബും ബാലകൃഷ്ണന്‍നായര്‍ വക്കീലും പൗലോയും എത്തിച്ചേര്‍ന്നു. 
ജഡ്ജി വില്‍ഫ്രഡ് തോമസ് ഗ്രേ എല്ലാവരെയും നോക്കി പുഞ്ചിരി തൂകി.
അദ്ദേഹം പറഞ്ഞു:
''ഈ നാട്ടിലെ കേസുകള്‍ ഒത്തുതീര്‍പ്പാവുന്നതിന് ഇതൊരു പ്രചോദനമാവട്ടെ. 
കുടുംബങ്ങള്‍ തമ്മില്‍ കേസു നടത്തി അവരുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുത്തുകയും ശത്രുത വളര്‍ത്തുകയും ചെയ്യുന്നു. 
ഈ രാജ്യത്തെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നിങ്ങള്‍ നല്ലൊരു മാതൃകയാവട്ടെ.'' അദ്ദേഹം ജോയിന്റ് പെറ്റീഷനില്‍ ഒപ്പുവച്ചു. 
വില്‍ഫ്രഡ് തോമസ് ഗ്രേ ഇരു വക്കീലന്മാര്‍ക്കും അവരുടെ കക്ഷികള്‍ക്കും കൈ കൊടുത്തു. അങ്ങനെ കേസ് രാജിയായെങ്കിലും പൗലോയുടെ മുഖം തെളിഞ്ഞില്ല.
പിറ്റേ ആഴ്ചതന്നെ 'കൊട്ടാരത്തില്‍ തറവാട്ടുവക' തെങ്ങിന്‍തോപ്പ് പതിനേഴു പേര്‍ക്കായി വീതിക്കുന്ന ഇഷ്ടദാനപ്രമാണം രജിസ്റ്റര്‍ ചെയ്തു.
അധികാരിയും ചന്ത്രക്കാരനും കോല്‍ക്കാരനും മറ്റ് ഉദ്യോഗസ്ഥരും വന്ന് താന്‍ പരിപാലിച്ചുവന്ന ഭൂമി പതിനേഴായി ഭാഗിക്കുന്നത് ഒരു നിമിഷം മാത്തൂത്തരകന്‍ സ്വപ്നം കണ്ടു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ആരും കാണാതെ മാത്തൂത്തരകന്‍ കണ്ണു തുടച്ചു. 
അടുത്ത നിമിഷത്തിലാണ് ജോണ്‍ വക്കീല്‍  തന്റെ പ്ലാന്‍ അവതരിപ്പിക്കുന്നത്. അത് വല്യപ്പച്ചന്റെ പ്രിയപ്പെട്ട സഹോദരീപുത്രന്മാരോടായിരുന്നു.
കൊട്ടാരത്തില്‍ തറവാടു വക ഈ ഭൂമി പലതായി മുറിച്ച് പലര്‍ക്കായി വില്ക്കുന്നത് മി. മാത്തൂത്തരകന് ഓര്‍ക്കാന്‍കൂടി കഴിയില്ല. എന്നിരുന്നാലും അദ്ദേഹം അതു ചെയ്തു.
നിങ്ങള്‍ പതിനേഴു പേരും ചേര്‍ന്ന് ഒരു തീരുമാനമെടുത്താല്‍ ഈ തറവാടുഭൂമി അന്യംനിന്നു പോവില്ല.
ഈ ഭൂമിക്ക് അധികാരി ഒരു വില നിശ്ചയിക്കും. ആ തുക ഇയ്യോബ് തരകന്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നല്കും. നിങ്ങള്‍ക്കു ലഭിച്ച ഭൂമി ഇയ്യോബിന്റെ പേരില്‍ തിരിച്ചെഴുതി ക്കൊടുക്കുക. അത് ഈ കേസില്‍ ഇടപെട്ട ഒരു വക്കീല്‍ എന്ന നിലയില്‍ എന്റെ അഭ്യര്‍ഥനയാണ്.
വക്കീല്‍ ബാലകൃഷ്ണന്‍ നായരും സഖറിയാ തര്യനും അതു ശരിവച്ചു.
''നിങ്ങള്‍ മാറിനിന്ന് ആലോചിക്ക്.''
ഏതാനും നിമിഷത്തേക്ക് അവിടെ മൂകത പരന്നു. പതിനേഴു പേരും മുഖത്തോടു മുഖം നോക്കി.
ആദ്യം മറിയക്കൊച്ചമ്മേടെ ആറു മക്കളാണു വെടി പൊട്ടിച്ചത്. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ക്കു സമ്മതമാണ്. കൊട്ടാരത്തില്‍ തറവാടിന്റെ വസ്തുവകകള്‍ അന്യരുടെ കൈയില്‍ പോകുന്നതു ശരിയല്ല.
തുടര്‍ന്ന് ഏലിക്കൊച്ചമ്മേടെ മക്കള്‍ അഞ്ചുപേരും റോസക്കൊച്ചമ്മേടെ നാലുമക്കളും സമ്മതം മൂളി. എല്ലാവരും പൗലോയുടെ മുഖത്തേക്കു നോക്കി. അയാള്‍ ഒരുനിമിഷം ചിന്തയിലാണ്ടു. എന്നിട്ടുപറഞ്ഞു: ''ഞാനായിട്ട് എതിരു നിക്കണില്ല. എനിക്ക് ഇപ്പോ പണമാണു വേണ്ടത്.''
''എന്തു പറയുന്നു മി. മാത്തുത്തരകാ, ഇയ്യോബേ?'' 
ജോണ്‍ വക്കീല്‍ അവരുടെ മുഖത്തേക്കു കണ്ണുതിരിച്ചു.
''ഞങ്ങള്‍ക്കു സമ്മതമാണ് ജോണ്‍സാറേ! മാത്തുത്തരകന്‍ ഒരു നെടുവീര്‍പ്പോടെ മൊഴിഞ്ഞു. അയാളുടെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിരിവെട്ടം.
പിറ്റേയാഴ്ചതന്നെ രജിസ്‌ട്രേഷന്‍ നടന്നു.
മാമ്മോദീസാക്കല്യാണത്തിനു കാണാമെന്നു പറഞ്ഞ് എല്ലാവരും കൈകൊടുത്തു പിരിഞ്ഞു.
തികഞ്ഞ മനഃസമാധാനത്തോടെയാണ് അന്നു രാത്രി ഇയ്യോ മാത്തുത്തരകന്‍ ഉറങ്ങാന്‍ കിടന്നത്.
ഉറങ്ങുന്നതിനുമുമ്പ് അയാള്‍ പ്രാര്‍ഥിച്ചു: 
''അപ്പാ, ഞാനെന്റെ കടമ നിറവേറ്റി. അപ്പനു സന്തോഷമായില്ലേ?'' കൊട്ടാരത്തില്‍ തറവാട്ടിലെ ഇയ്യോ അവിരാ തരകന്‍ ഭിത്തിയിലിരുന്നു പുഞ്ചിരി തൂകി.
ആ പ്രശാന്തമായ രാവില്‍ ഇയ്യോ മാത്തുത്തരകന്‍ ഗാഢനിദ്രയില്‍ ലയിച്ചു. അത്  നിത്യമായ നിദ്രയായിരുന്നു. നിത്യമായശാന്തിയുടെയും നിത്യമായ സമാധാനത്തിന്റെ പുഞ്ചിരി ഇയ്യോ മാത്തുത്തരകന്റെ ചുണ്ടില്‍ വിരിഞ്ഞു.

(അവസാനിച്ചു)    

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)