•  28 Nov 2024
  •  ദീപം 57
  •  നാളം 38
വചനനാളം

കരുണയില്‍നിന്നാണ് യഥാര്‍ഥ ബലിയര്‍പ്പണം

നവംബര്‍ 12  പള്ളിക്കൂദാശക്കാലം രണ്ടാം ഞായര്‍
പുറ 40:1-16     1 രാജാ 8:22-29 
ഹെബ്രാ 8:1-6  മത്താ 12:1-13

രുണയുടെ ശരീരം ധരിക്കുന്നതാണ് ഈശോമിശിഹാ. അതുകൊണ്ടാണ് വി. കുര്‍ബാനയിലെ ഈശോയെ ദിവ്യകാരുണ്യം എന്നു നാം വിളിക്കുന്നത്. വി. കുര്‍ബാനയര്‍പ്പണം ദൈവകരുണയെ സ്പര്‍ശയോഗ്യവും ഭക്ഷ്യയോഗ്യവുമാക്കുന്ന പ്രക്രിയയാണ്.
മിശിഹായുടെ മനുഷ്യാവതാരത്തോടെ ദൈവരാജ്യം ഭൂമിയില്‍ അനുഭവവേദ്യമായി. പഴയഉടമ്പടിയില്‍ ഇസ്രായേല്‍ജനം ദൈവത്തിന്റെ സാന്നിധ്യം പ്രത്യേകമായി അനുഭവിച്ചിരുന്നതു സമാഗമകൂടാരത്തിലും തുടര്‍ന്ന് ജെറുസലേം ദൈവാലയത്തിലുമായിരുന്നു. എന്നാല്‍, ഈശോയില്‍ ആരംഭിക്കുന്ന പുതിയ ഉടമ്പടിയിലാകട്ടെ, നാം ദൈവസാന്നിധ്യം അനുഭവിക്കുന്നത് ഈശോമിശിഹായിലും അവന്റെ ശരീരമാകുന്ന സഭയിലുമാണ്. ദൈവസങ്കല്പത്തിലും ദൈവാനുഭവത്തിലുമുണ്ടാകുന്ന ഈ മാറ്റത്തെ, വളര്‍ച്ചയെ ശരിയായി മനസ്സിലാക്കാന്‍ ഇന്നത്തെ വായനകള്‍ നമ്മെ സഹായിക്കുന്നു. 
തന്റെ സാന്നിധ്യത്താല്‍ നിറയേണ്ട സമാഗമകൂടാരം എങ്ങനെ നിര്‍മിക്കണമെന്ന് ദൈവം മോശയ്ക്കു കൊടുക്കുന്ന നിര്‍ദേശങ്ങളാണ് ഒന്നാം വായന (പുറ. 40:1-16). ഒരു കാര്യം ശ്രദ്ധേയമാണ്; അതിവിശുദ്ധവും ദൈവസാന്നിധ്യം നിറഞ്ഞതുമായ സമാഗമകൂടാരത്തിന്റെ ഉള്ളില്‍ ആയിരുന്നില്ല ബലിപീഠം, അതിന്റെ വാതില്‍ക്കല്‍ ആയിരുന്നു (40:6). ബലിപീഠത്തില്‍ അര്‍പ്പിക്കപ്പെട്ടിരുന്നത് മാനുഷികമായ ബലികളായിരുന്നു. സ്വര്‍ഗീയബലിവസ്തുക്കളുടെ സാദൃശ്യവും നിഴലും മാത്രമായിരുന്നു ഈ ബലിവസ്തുക്കള്‍ (ഹെബ്രാ. 8:5). ഈശോമിശിഹായാണ് ഭൗതികമായ ബലിവസ്തുക്കളെ മാറ്റി തന്നെത്തന്നെ എന്നേക്കുമുള്ള ആധ്യാത്മികബലിയായി ദൈവത്തിന് അര്‍പ്പിച്ചത് (ഹെബ്രാ. 7:27; 9:11-14).
പഴയ ഉടമ്പടിയില്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കലായിരുന്ന ബലിപീഠത്തെ, പുതിയ ഉടമ്പടിയില്‍ ദൈവാലയത്തിന്റെ അതിവിശുദ്ധസ്ഥലത്തേക്ക്,  മാറ്റിസ്ഥാപിച്ചത് 'എന്നേക്കുമുള്ള ഏകബലി' (ഹെബ്രാ. 10:10) അര്‍പ്പിച്ചുകൊണ്ട് ഈശോമിശിഹായാണ്. പുതിയ ഉടമ്പടിക്കാലത്തു ജീവിക്കുന്ന നമുക്കു യഥാര്‍ഥ ആധ്യാത്മികബലി എന്താണെന്ന് ഈശോമിശിഹാ കാണിച്ചുതന്നു. കാളകളെയും കുഞ്ഞാടുകളെയും അറുത്തു നടത്തുന്ന രക്തച്ചൊരിച്ചിലോടുകൂടിയ ബലി ഭൗമികമായതു മാത്രമാണെന്നും യഥാര്‍ഥ ആധ്യാത്മികബലി ഈശോയുടേതാണെന്നും അവിടുന്ന് നമുക്കു കാണിച്ചുതന്നു. അനുദിനം നാം അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാന അതിവിശുദ്ധസ്ഥലത്ത് ഈശോ അര്‍പ്പിച്ച അതേ ബലിയാണ്. ഒപ്പം, അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കാന്‍ അവന്റെ യോഗ്യതയാല്‍ നമുക്കും കഴിയുന്നു. 
നിര്‍മാണത്തിനുശേഷം, ജെറുസലേം ദൈവാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എന്ന നിലയില്‍, വാഗ്ദാനപേടകം അവിടെ എത്തിക്കുമ്പോള്‍ സോളമന്‍ രാജാവ് നടത്തുന്ന പ്രാര്‍ഥനയാണ് രണ്ടാം വായന         (1 രാജാ. 8:22-29). രാജാവ് ദൈവാലയത്തെ ദൈവത്തിന്റെ ഭവനമായാണു കാണുന്നത് (8:27-29). ഇസ്രായേല്‍ജനം തങ്ങളുടെ ദൈവത്തെ അനുഭവിക്കുന്ന, ആരാധിക്കുന്ന ഭവനമാണ് ജെറുസലേം ദൈവാലയം. 
ജെറുസലേം ദൈവാലയത്തെ പിതാവിന്റെ ഭവനമായാണ് ഈശോയും കാണുന്നത് (ലൂക്കാ 2:49; മത്താ. 21:13). ഭൗമികമായ ജെറുസലേം ദൈവാലയം തകര്‍ക്കപ്പെടുമെന്നും, തകര്‍ക്കാനാവാത്തതും മനുഷ്യനിര്‍മിതമല്ലാത്തതുമായ യഥാര്‍ഥദൈവാലയം താന്‍ തന്നെയാണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഈശോ പഴയ ഉടമ്പടിയില്‍നിന്ന് പുതിയ ഉടമ്പടിയിലേക്കുള്ള വലിയ മാറ്റം പ്രഖ്യാപിക്കുന്നത് (മത്താ. 24:2; മര്‍ക്കോ. 13:2; യോഹ. 2:19). 
യഥാര്‍ഥദൈവാലയം താന്‍ തന്നെയാണെന്നും ജെറുസലേം ദൈവാലയത്തില്‍നിന്നു തന്നിലേക്കുള്ള വളര്‍ച്ചയാണ് യഥാര്‍ഥ ആധ്യാത്മികവളര്‍ച്ചയെന്നും ഇന്നത്തെ സുവിശേഷത്തിലൂടെ (മത്താ. 12:1-13) ഈശോ പഠിപ്പിക്കുന്നു: ''എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്'' (12:6). അവന്‍ കരുണയുടെ ബലിയാകുന്നു. ബലിയല്ല കരുണയെ സൃഷ്ടിക്കുന്നത്; മറിച്ച്, കരുണയില്‍നിന്നാണ് യഥാര്‍ഥ ബലിയര്‍പ്പണം ഉണ്ടാകുന്നത്. മനുഷ്യവര്‍ഗത്തോടുള്ള ദൈവത്തിന്റെ വലിയ കരുണയില്‍ നിന്നാണ് ഈശോമിശിഹായെന്ന യഥാര്‍ഥ ബലിയര്‍പ്പകനെയും ബലിവസ്തുവിനെയും നമുക്കു ലഭിക്കുന്നത്. 
'ബലിയല്ല കരുണയാണു ഞാന്‍ ആഗ്രഹിക്കുന്നത്' എന്ന വചനം, വി. കുര്‍ബാനയില്‍ പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ല, പരോപകാരപ്രവൃത്തികള്‍ ചെയ്താല്‍ മതി എന്നൊരു തെറ്റായ ധാരണ നമ്മുടെയിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്. നാം മുകളില്‍ പറഞ്ഞതുപോലെ, കരുണയുടെ ശരീരം ധരിക്കുന്നതാണ് ഈശോമിശിഹാ. അതുകൊണ്ടാണ് വി. കുര്‍ബാനയിലെ ഈശോയെ ദിവ്യകാരുണ്യം എന്നു നാം വിളിക്കുന്നത്. വി. കുര്‍ബാനയര്‍പ്പണം ദൈവകരുണയെ സ്പര്‍ശയോഗ്യവും ഭക്ഷ്യയോഗ്യവുമാക്കുന്ന പ്രക്രിയയാണ്. അവിടെയാണു ദൈവത്തിന്റെ കരുണയെ നാം മുഖാഭിമുഖം ദര്‍ശിക്കുന്നതും സ്പര്‍ശിക്കുന്നതും ആഹരിക്കുന്നതും. ദിവ്യകാരുണ്യത്തില്‍നിന്നു ശക്തിയുള്‍ക്കൊണ്ടാണ് നാമോരോരുത്തരും കരുണയുടെ ആള്‍രൂപങ്ങളായി രൂപാന്തരം പ്രാപിക്കുന്നത്. 
ബലിയര്‍പ്പണങ്ങളിലെ കരുണയില്ലായ്മമൂലമാണ് മനുഷ്യമനസ്സുകള്‍ ഇടുങ്ങിയതും തുറവില്ലാത്തതുമായി ചുരുങ്ങുന്നത്. കരുണയും നന്മയുമില്ലാതെ ശോഷിച്ചുപോയ ഫരിസേയരുടെ ബലിയര്‍പ്പണങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ഈശോ ക്ഷണിക്കുന്നു. കൈശോഷിച്ചുപോയ വ്യക്തിയെ സുഖപ്പെടുത്തുമ്പോള്‍ (12:1014) ചുരുങ്ങിപ്പോയ ഫരിസേയമനസ്സുകളെക്കൂടിയാണ് ഈശോ സുഖമാക്കാന്‍ ശ്രമിക്കുന്നത്. കരുണയില്‍നിന്നുണ്ടാകുന്ന സ്‌നേഹബലിയാണ് യഥാര്‍ഥ ബലിയെന്ന് അവര്‍ക്കു മനസ്സിലാകുന്നില്ല. ആ ശ്രേഷ്ഠബലിയുടെ ആധികാരിക അര്‍പ്പകനും ബലിവസ്തുവുമായ ഈശോമിശിഹാ അവരുടെ മധ്യേ നില്‍ക്കുന്നത് അവര്‍ തിരിച്ചറിയുന്നുമില്ല. 
ദൈവാലയത്തില്‍ വി. കുര്‍ബാനയര്‍പ്പണത്തിനായി ഒരുമിച്ചുകൂടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇന്നത്തെ വചനഭാഗങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ദൈവാലയം ഒരു ഭവനമാണ്, ദൈവത്തെ അനുഭവിക്കാനും ആരാധിക്കാനും കഴിയുന്ന സുരക്ഷിതമായ ഭവനം. നാം സ്വീകരിക്കപ്പെടുമെന്നു നമുക്കുറപ്പുള്ള ഭവനം. ദൈവാലയം, ഒരു കെട്ടിടം എന്ന നിര്‍മിതവസ്തു മാത്രമല്ല, മനുഷ്യനിര്‍മിതമല്ലാത്തതും സത്യകൂടാരവുമായ ഈശോയെയും അവന്റെ ശരീരമായ സഭയെയും ഉള്‍ക്കൊള്ളുന്ന ഭവനമാണത്. മിശിഹായുടെ ശരീരമാകുന്ന സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ നമ്മളും ആ ഭവനത്തില്‍ സ്വീകരിക്കപ്പെടുന്നു. 
ഇടവകദൈവാലയത്തില്‍ പോയി ബലിയര്‍പ്പിക്കണം എന്നതിന്റെ ആവശ്യകതയും നമുക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. ഈശോയുടെ ശരീരത്തിലെ അംഗങ്ങളായ നമ്മള്‍ ദൈവാരാധനയ്ക്കായി ദൈവാലയത്തില്‍ ഒരുമിച്ചുകൂടുന്നു. എല്ലാ തെറ്റുകളും പൊറുക്കപ്പെട്ട്, സഹോദരര്‍ തമ്മില്‍ വന്നിട്ടുള്ള കുറവുകള്‍ പരിഹരിച്ചു സഭയില്‍ നാം ഒരുമിച്ചുകൂടുന്നതു കരുണയുടെ വ്യക്തിരൂപങ്ങളായി മാറുന്നതിനാണ്. ഈ പള്ളിയെയാണ്, സഭയെയാണ് ദൈവം മഹത്ത്വപ്പെടുത്തുന്നത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)