•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

പീഡനങ്ങളില്‍നിന്നു ഫീനിക്‌സ്പക്ഷിയെപ്പോലെ ഷെറിന്‍

ഷെറിന്‍ ഷഹാനയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. വീല്‍ചെയറിലിരുന്ന് ഷെറിന്‍ ഷഹാന കണ്ട സ്വപ്‌നം യാഥാര്‍ഥ്യമായി. ഏഴു ദിവസത്തില്‍ക്കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഷെറിന്‍ ഷഹാന നവംബര്‍ ആറിന് ലക്‌നൗ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ തന്റെ സിവില്‍ സര്‍വീസ് 

ജീവിതം ആരംഭിക്കുകയാണ്. മുഴുവന്‍ മെയിന്‍സ് പരീക്ഷയും മലയാളത്തിലെഴുതി, മലയാളത്തില്‍ത്തന്നെ ഇന്റര്‍വ്യൂവുമെടുത്താണ് ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയെന്നറിയപ്പെടുന്ന സിവില്‍ സര്‍വീസ് ഷഹാന പാസ്സായത്. 
പി.ജിക്കു പഠിക്കുമ്പോഴായിരുന്നു ഷെറിന്റെ വിവാഹം. കൊടിയ ഗാര്‍ഹികപീഡനംകൊണ്ടു വലഞ്ഞ നാളുകള്‍.തികഞ്ഞ സാഡിസ്റ്റായിരുന്നു പങ്കാളി. ശരീരമാസകലം ബ്ലേഡുകൊണ്ടു വരഞ്ഞു മുറിവേല്പിച്ചു ഷവറിനു താഴെ ക്കൊണ്ടുപോയി നിര്‍ത്തും. ആ മുറിവിലേക്കു തണുത്ത വെള്ളം വീഴുമ്പോഴുള്ള വേദനകൊണ്ടു പുളയുന്നതുകണ്ട് ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്ന ഭര്‍ത്താവ്. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്കു മടങ്ങി. വിധിവൈപരീത്യമെന്നു പറയട്ടെ, ഒരു ദിവസം ഉണക്കാനിട്ട തുണി എടുക്കുന്നതിനിടയില്‍ ഷെറിന്‍ ടെറസില്‍നിന്നു കാല്‍ വഴുതി താഴേക്കുവീണു. നട്ടെല്ലുതകര്‍ന്നു വീല്‍ചെയറിലായ ജീവിതം. പക്ഷേ, അവള്‍ തളര്‍ന്നില്ല. അവള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. ഉത്സാഹിച്ചു പഠിച്ചു. ഇപ്പോഴിതാ, ഡോ. ജോബിന്‍ എസ്. കൊട്ടാരം എന്ന മനുഷ്യസ്‌നേഹി ആരംഭിച്ച 'ചിത്രശലഭം' എന്ന സൗജന്യപരിശീലനപരിപാടിയിലൂടെ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക്. 
2017 മേയ് 22 നാണ് ഷെറിന്‍ ടെറസില്‍നിന്നു വീണത്. പരിക്ക് അതീവഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ചു. വെല്ലൂരിലും മറ്റും നടത്തിയ ചികിത്സയുടെ ഫലമായി പൂര്‍ണമായും തളര്‍ന്ന അവസ്ഥയില്‍നിന്ന് വീല്‍ ചെയറിലിരിക്കാവുന്ന അവസ്ഥയിലായി. ആദ്യമൊക്കെ കഴുത്തുപോലും ഉയര്‍ത്തിവയ്ക്കാന്‍ സാധിച്ചിരുന്നില്ല.
വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടപ്പോഴാണ് പഠിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായത്. അങ്ങനെ ഒരു പുസ്തകം വാങ്ങി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തു. നെറ്റും ജെ.ആര്‍.എഫും ലഭിച്ചത്  ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
സിവില്‍ സര്‍വീസിലേക്കുള്ള വഴി വീല്‍ ചെയറിലിരുന്ന് ജെ.ആര്‍.എഫ്. നേടിയപ്പോള്‍ വനിതാമാസികയില്‍ ഒരു അഭിമുഖം വന്നു. അതുകണ്ടാണ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അബ്‌സൊല്യൂട്ട് ഐ.എ.എസ്. അക്കാദമിയുടെ ഡയറക്ടര്‍ ഡോ. ജോബിന്‍ എസ്. കൊട്ടാരം വിളിക്കുന്നത്.
ദൈവിക ഇടപെടല്‍ ഇതില്‍ എത്രത്തോളമുണ്ടെന്ന് ഷെറിന്റെ വാക്കുകള്‍ കേട്ടാല്‍ മനസ്സിലാകും: 
''കോട്ടയത്തുനിന്നു ചങ്ങനാശ്ശേരിയിലേക്കു കുടുംബമായി യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജോബിന്‍ സാറിനോട് ഒരു ലൈറ്റര്‍ വാങ്ങണമെന്നു ഭാര്യ പറയുന്നത്. ചിങ്ങവനം എന്ന ചെറിയ ടൗണിലെ ഒരു കടയില്‍ ലൈറ്റര്‍ വാങ്ങാനായി കയറിയപ്പോള്‍ സ്റ്റാന്‍ഡില്‍ കിടന്നിരുന്ന 'വനിത' ജോബിന്‍സാര്‍ മറിച്ചുനോക്കി. അപ്പോഴാണ് എന്നെക്കുറിച്ചുള്ള ഫീച്ചര്‍ കാണാനിടയായതും, 'ചിത്രശലഭം' പദ്ധതിയിലേക്ക് എന്നെ ക്ഷണിച്ചതും. ജോബിന്‍സാര്‍ ആ കടയില്‍ കയറിയില്ലായിരുന്നെങ്കില്‍, ആ മാസിക കാണാനിടയായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, ഒരു സിവില്‍ സര്‍വീസ് ഓഫീസറായി ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല.'' 
ഷെറിന്‍ പറയുന്നു: ''മലയാളഭാഷയോടുള്ള സ്‌നേ ഹംകൊണ്ടാണ് ഇംഗ്ലീഷില്‍ മികച്ച പരിജ്ഞാനമുണ്ടായിട്ടും മലയാളത്തില്‍ത്തന്നെ പരീക്ഷയെഴുതാന്‍ തീരുമാനിച്ചത്. മാത്രമല്ല, മലയാളത്തിലെഴുതി വിജയിക്കുമ്പോള്‍ മറ്റു പലര്‍ക്കും അത് ഒരു
പ്രചോദനമാകുമെന്നും തോന്നി. പൊളിറ്റിക്കല്‍ സയന്‍സില്‍ നെറ്റും ജെ.ആര്‍.എഫുമുണ്ടായിട്ടും മലയാളസാഹിത്യമാണ് ഓപ്ഷണല്‍ വിഷയമായി തിരഞ്ഞെടുത്തത്.'' മലയാളസാഹിത്യമടക്കം നാലു വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമുള്ള ഡോ. ജോബിന്‍ എസ്. കൊട്ടാരമായിരുന്നു മലയാളസാഹിത്യം പഠിപ്പിച്ചുതന്നത്. 
കൊവിഡ് കാലഘട്ടത്തില്‍ ഓണ്‍ലൈനായും പിന്നീട്  തിരുവനന്തപുരം അബ്‌സൊല്യൂട്ട് ഐ.എ.എസ്. അക്കാദമിയില്‍ ഓഫ്‌ലൈനായുമായിരുന്നു പരിശീലനം.
മുന്‍ ഡി.ജി.പി. ഋഷിരാജ് സിങ്, മുന്‍ യു.പി.എസ്.സി. മെമ്പറും സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമായിരുന്ന റോയ് പോള്‍ ഐ.എ.എസ്., പ്രശാന്ത് ഐ.എ.എസ്. തുടങ്ങിയവരൊക്കെ അവിടെ ഇന്റര്‍വ്യൂ പരിശീലനം നല്കി. മുരളി തുമ്മാരുകുടിയുടെ പിന്തുണയും പരിശീലനകാലഘട്ടത്തില്‍ ലഭിച്ചു. സിവില്‍ സര്‍വീസ് കിട്ടിയതറിഞ്ഞ് വയനാട് എം.പി. കൂടിയായ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിരുന്നിനായി ക്ഷണിച്ചതാണ് മറ്റൊരു സൗഭാഗ്യം. കെ.കെ. ഷൈലജ റ്റീച്ചര്‍, എം.വി. ഗോവിന്ദന്‍ മാഷ്, സ്പീക്കര്‍ എം.എന്‍. ഷംസീര്‍, എം.ബി. രാജേഷ്, അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങി നിരവധി പ്രമുഖരാണ് നേരിട്ടും അല്ലാതെയും ആശംസകളറിയിച്ചത്.
''ഇന്ത്യയില്‍ രണ്ടേകാല്‍ കോടി ഭിന്നശേഷിക്കാരുണ്ട്. അവരെക്കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല എന്നു പറയുന്ന സമൂഹത്തിന്റെ മനോഭാവം മാറ്റിക്കുറിക്കണം. സമൂഹത്തിനു നന്മ ചെയ്യുന്ന ഒരു മികച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാകണം.'' ഷെറിന്‍ പറയുന്നു. 
വയനാട് കണിയാമ്പറ്റ തേനൂട്ടി കല്ലിങ്കല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ് ഷെറിന്‍. താജുന്നിസയും റസിയയും ജലീഷയുമാണ് സഹോദരിമാര്‍

 

Login log record inserted successfully!