ഒക്‌ടോബര്‍ 29 ഏലിയാ സ്ലീവാ മൂശ ഒമ്പതാം ഞായര്‍
നിയ 13:12-18 ഏശ 41:8-16
ഗലാ 6:1-10 മത്താ 8:23-34
ഏലിയാ-സ്ലീവാ-മൂശക്കാലങ്ങളുടെ അവസാനഞായറാഴ്ചയാണ് ഇന്ന്. ഈശോയില്‍ ആരംഭിക്കുന്ന പുതിയ ഉടമ്പടിയെ, മോശയും ഏലിയായും പ്രതിനിധീകരിക്കുന്ന പഴയ ഉടമ്പടി എങ്ങനെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഈ കാലത്തിലെ വായനകള്‍ തെളിയിക്കുന്നു. ഈശോയില്‍ പൂര്‍ത്തിയാകുന്ന രക്ഷതന്നെയാണ്, പഴയ ഉടമ്പടിയിലെ ജനം പൂര്‍വപിതാക്കന്മാരുടെ നേതൃത്വത്തില്‍, പ്രത്യാശിച്ചിരുന്നതെന്ന് ഇന്നത്തെ വായനകളും ചൂണ്ടിക്കാണിക്കുന്നു.
'ആകുന്നവന്‍' (ക അാ ണവീ അാ) എന്ന് തന്റെ നാമം (പുറ. 3:14) വെളിപ്പെടുത്തിയിരിക്കുന്ന കര്‍ത്താവായ ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയും ഇസ്രായേല്‍ജനം ആരാധിക്കരുത്. അന്യദേവന്മാരെ സേവിക്കുന്നവര്‍ക്ക് ഇസ്രായേല്‍ ജനങ്ങളുടെ ഇടയില്‍ സ്ഥാനമുണ്ടാകുകയുമരുത്. (ഒന്നാം വായന: നിയമാ. 13:12-18). തന്റെ ജനത്തിനുവേണ്ടി എല്ലാമൊരുക്കുന്ന പിതാവായ ദൈവത്തിന് ഇത്രയുമെങ്കിലും ചോദിക്കാന്‍ അവകാശമില്ലേ?
തന്നെ ജനം അംഗീകരിക്കണമെന്നും തന്നോടുള്ള വിശ്വസ്തതയിലും വിശുദ്ധിയിലും ആയിരിക്കണമെന്നും ദൈവം ആവശ്യപ്പെടുന്നത് അവിടുത്തെ നാമത്തിന്, ഇസ്രായേല്‍ജനത്തിന്റെ സ്തുതിയുടെ പേരില്‍, കൂടുതല്‍ നേട്ടമോ പ്രശസ്തിയോ ഉണ്ടാകുമെന്നു കരുതിയല്ല; മറിച്ച്, ദൈവത്തോടു ചേര്‍ന്നുനിന്നാല്‍മാത്രമേ ജനത്തിനു ഭൗതികമായ നേട്ടങ്ങളും നിത്യരക്ഷയും കരഗതമാകുകയുള്ളൂ എന്നതിനാലാണ്. ദൈവത്തിന്റെ സ്വഭാവമനുസരിച്ചു ജനവും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് അഭിവൃദ്ധിയും നേട്ടവുമുണ്ടാകും (13:18). സ്‌നേഹവും പരിശുദ്ധിയുമായ ദൈവത്തിന്റെ സ്വഭാവം ആര്‍ജിച്ചെങ്കില്‍മാത്രമേ ദൈവത്തോടു ചേര്‍ന്നുനില്‍ക്കാനും ആത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാനും കഴിയൂ.
ഇപ്രകാരം, തന്നോടുള്ള വിശ്വസ്തയിലേക്കു തിരിച്ചുവരുന്നവരോടു സംസാരിക്കുന്ന ദൈവത്തിന്റെ വാക്കുകളാണ് രണ്ടാം വായനയില്‍ (ഏശ. 41:8-16) നമ്മള്‍ ശ്രവിക്കുന്നത്. പ്രവാസത്തില്‍നിന്നു തിരിച്ചുവരുന്ന ജനത്തോടുള്ള ദൈവത്തിന്റെ ബന്ധമാണ് ചര്‍ച്ചാവിഷയം. പ്രവാസം ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയുടെ ഫലമാണ് എന്ന വി. ഗ്രന്ഥചിന്തയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ദൈവത്തില്‍നിന്ന്അകലുമ്പോള്‍ ഉണ്ടാകുന്ന പ്രയാസവും ദൈവത്തോടു ചേര്‍ന്നിരിക്കുമ്പോഴുള്ള സന്തോഷവും വ്യക്തമാകും.
ഭൂമിയുടെ അതിര്‍ത്തിക്കുള്ളില്‍ എവിടെയായിരുന്നാലും തന്നോടുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്ന വ്യക്തിയോട് ദൈവം വ്യക്തമായി പറയുന്നു, ''ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണു നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും'' (41:10). 'ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ രക്ഷകന്‍'' (41:14).
കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന, പിശാചുബാധിതരെ സുഖപ്പെടുത്തുന്ന (മത്താ. 8:23-34) ഈശോയെക്കുറിച്ച് ജനം ആശ്ചര്യപ്പെടുന്നു; ഇവനാര് എന്നു ചോദിക്കുന്നു. ഈ ഈശോതന്നെയാണ് മിശിഹാ, ഇസ്രായേലിന്റെ പരിശുദ്ധന്‍ ഇതാ മനുഷ്യശരീരമെടുത്ത് രക്ഷകനായിരിക്കുന്നുവെന്ന തിരിച്ചറിവിലേക്കാണു ജനം വളരേണ്ടത്. പക്ഷേ, ഈശോയാകുന്ന രക്ഷകനെ തിരിച്ചറിയാനാകാതെ ആശ്ചര്യത്തിലും (8:26,27) അതിര്‍ത്തികടത്തലിലും (8:34) അവസാനിക്കുന്ന ആത്മീയതയാണു ജനത്തിന്റേത്.
മനുഷ്യനുണ്ടാകുന്ന രണ്ടു തരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ടതെങ്ങനെയെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഭൗതികതലത്തിലുള്ള വെല്ലുവിളികളാണ് ഒന്നാമത്തേത്. എല്ലാം തകര്‍ന്ന് ജീവിതം ഇല്ലാതായിപ്പോകുമോ എന്നു ചിന്തിക്കുന്ന നിമിഷങ്ങളും ജീവിതത്തില്‍ ഉണ്ടാകാം (8:26). അപ്പോള്‍ പ്രത്യാശയുടെ തുരുത്തായി മാറേണ്ടത് അടുത്തുറങ്ങുന്ന മിശിഹായുടെ സാന്നിധ്യമാണ്(8:24). ''ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ രക്ഷകന്‍'' (ഏശ. 41:14). അവനു ശരിയാക്കാന്‍ പറ്റാത്ത എന്തു പ്രശ്‌നമാണു നിനക്കുള്ളത്?
ആത്മീയതലത്തിലുള്ള സംഘര്‍ഷങ്ങളും പ്രലോഭനങ്ങളുമാണ് മനുഷ്യരക്ഷയ്ക്കു തടസ്സമായി നില്‍ക്കുന്ന മറ്റൊരു മേഖല(8:29). പിശാചിന്റെ സ്വാധീനത്തിനു കീഴ്‌പെട്ടുപോയ ആ മനുഷ്യരുടെ കാര്യം അതിദയനീയമാണ്. ആ പിശാചുക്കളാകട്ടെ, രക്ഷകനെ തിരിച്ചറിയുന്നുവെങ്കിലും തങ്ങള്‍ക്കു കീഴ്‌പെട്ടിരിക്കുന്ന മനുഷ്യരെ ദൈവത്തിനു തിരിച്ചുകൊടുക്കാന്‍ തയ്യാറല്ല. പക്ഷേ, അവിടെയും അന്തിമവിജയം 'ഇസ്രായേലിന്റെ പരിശുദ്ധനു'തന്നെയാണ്! എങ്കിലും, ജനത്തിന് അവനാണു രക്ഷകന്‍ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല!
ആത്മീയതലത്തിലെയും ഭൗതികതലത്തിലെയും വെല്ലുവിളികളെ മനുഷ്യന് ഒഴിവാക്കാനാവില്ല എന്നൊരു ചിന്തയും സുവിശേഷം മുന്നില്‍ വയ്ക്കുന്നു. എന്നാല്‍, നമ്മുടെ കൂടെയുള്ള 'ഇസ്രായേലിന്റെ പരിശുദ്ധന്‍' അവന്‍ അവകാശപ്പെടുന്നതുപോലെ നമ്മുടെ 'രക്ഷകനാണ്' (ഏശ. 41:14). വി. ഗ്രന്ഥാനുഭവങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന ഈ മിശിഹാനുഭവം സഭാജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് വി. പൗലോസ് ലേഖനത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നു (ഗലാ. 6:1-10).
ഈ മിശിഹാനുഭവത്തിന്റെ കേന്ദ്രഭാഗം മിശിഹായുടെ നിയമത്തിന്റെ പൂര്‍ത്തീകരണമാണ് (6:2). മിശിഹായുടെ നിയമമാകട്ടെ, സ്‌നേഹത്തിന്റെയും (6:9) പരിശുദ്ധിയുടെയും (ഏശ. 41:14). അതിനാല്‍, സഭാമക്കളുടെ ജീവിതത്തിലും സ്‌നേഹത്തിന്റെയും പരിശുദ്ധിയുടെയുമായ ജീവിതം നയിച്ച് ദൈവത്തിനായി ജീവിക്കാന്‍ നമുക്കു പരിശ്രമിക്കാം. അപ്പോള്‍ വി. പൗലോസിന്റെ വചനം നമ്മുടെ ജീവിതത്തിലും അന്വര്‍ഥമാകും: ''ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ, ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും''(6:8).