നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള വായന ശ്രവിച്ചുകഴിയുമ്പോള്‍ നമ്മുടെ മനസിലേക്കുവരുന്ന ഒരു ചോദ്യമാണ് ദൈവം എന്തുകൊണ്ട് ഇപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നത്. ഒരു ജനതയെ പാര്‍പ്പിക്കുവാന്‍വേണ്ടി മറ്റൊരു ജനതയെ നിഷ്ഠുരം നശിപ്പിക്കുന്നത് എന്തുകൊണ്ട്? ശക്തരായ ജനതയെ അവിടെനിന്നു മാറ്റി ഇസ്രായേലിനെ അവിടെയാക്കുന്നത് അവരുടെ എന്തെങ്കിലും മേന്മകൊണേ്ടാ അവകാശംകൊണേ്ടാ അല്ല; മറിച്ച്, അവിടെയുണ്ടായിരുന്ന ജനതയുടെ ദുഷ്ടത നിമിത്തമാണ് എന്നാണ് വചനം പറയുന്നത്. ദുഷ്ടതയെ, തിന്മയെ ഇല്ലാതാക്കുന്ന ദൈവത്തിന്റെ മുഖമാണ് ഇന്നത്തെ തിരുവചനം നല്കുന്നത്.
വിശുദ്ധ ബൈബിളിന്റെ ആദ്യഅധ്യായങ്ങള്‍മുതല്‍ തിന്മയെ ഇല്ലാതാക്കുന്ന ദൈവത്തെയാണു നാം കാണുന്നത്. ക്രമരാഹിത്യത്തെ ഇല്ലാതാക്കി എല്ലാം ക്രമപ്പെടുത്തിക്കൊണ്ടും ശൂന്യമായതിനെ നിറച്ചുകൊണ്ടും സൃഷ്ടികര്‍മം നടത്തുന്ന ദൈവം എല്ലാം നല്ലതായി ക്രമീകരിച്ചു. തുടര്‍ന്നുവരുന്ന അധ്യായങ്ങളിലെല്ലാം, തിന്മയുണ്ടാകുമ്പോള്‍, ദുഷ്ടത പെരുകുമ്പോള്‍ ദൈവം ഇടപെടുന്നതും തിന്മയെ തുടച്ചുനീക്കുന്നതും കാണാം. അപ്രകാരം തിന്മയെ നിര്‍മാര്‍ജനം ചെയ്യുന്നു എന്ന ഒരു സന്ദേശമാണ് ഇന്നത്തെ ആദ്യവായനയില്‍നിന്നു മനസ്സിലാക്കേണ്ടത്. അവിടെയുണ്ടായിരുന്ന ജനതകളെ നശിപ്പിക്കുന്നു എന്നതിലൂടെ തിന്മയുടെ നശീകരണമാണ് വിവക്ഷിക്കുന്നത്. പ്രത്യേകിച്ച്, ദൈവം ഒരുവന്‍ മാത്രമേയുള്ളൂ എന്നു വചനം പഠിപ്പിക്കുമ്പോള്‍ ദൈവമല്ലാത്തതിനെ ദൈവമായി ആരാധിക്കുന്ന വലിയ തിന്മയാണ് ഇവിടെ വിവക്ഷ. ഇപ്രകാരം ദൈവമല്ലാത്തതിനെ ദൈവമായി ആരാധിക്കുന്നത് മ്ലേച്ഛമായാണ് വി. ബൈബിള്‍ കാണുന്നത്. ആ തിന്മയെ ഇല്ലാതാക്കുക, സകല ദുഷ്ടതയും നീക്കിക്കളയുക എന്ന കാര്യമാണ് ഇവിടെ പ്രതിപാദ്യം. തിന്മ എന്തു വലിയ ശക്തിയാണെങ്കിലും, ദൈവം അവയെ പൂര്‍ണമായും നശിപ്പിക്കുന്നു എന്നുള്ള പാഠമാണ് നല്കുന്നത്. അതുകൊണ്ടാണ് ഐതിഹ്യകഥാപാത്രങ്ങളായ അനാക്കിമുകളെക്കുറിച്ചു പറയുന്നത്. കര്‍ത്താവിന്റെ ജ്വലിക്കുന്ന ക്രോധത്തിനുമുമ്പില്‍ അതു നീക്കം ചെയ്യപ്പെടും എന്ന് വചനം പറയുന്നു. ഇസ്രായേല്‍ ജനതയും ദൈവം നല്കിയ നാട്ടില്‍ വിശ്വസ്തതയോടെ ജീവിച്ചില്ലെങ്കില്‍ പുറത്താക്കപ്പെടും എന്ന കാര്യവും ദൈവം മുന്‍കൂട്ടി പറയുന്നുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തില്‍ അതു നിറവേറിയിട്ടുമുണ്ട്. ഇസ്രായേല്‍ജനത ദൈവത്തെ ഉപേക്ഷിച്ച് അന്യദൈവങ്ങളുടെ പിന്നാലെ പോയി മ്ലേച്ഛപാപം ചെയ്തതിന്റെ ഫലമായിട്ടാണ് അവര്‍ക്കു ദേശം നഷ്ടപ്പെടുകയും അടിമത്തത്തിലേക്കു പോവുകയും ചെയ്തത്.
രണ്ടാമത്തെ വായന ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ളതാണ്. ഇവിടെ അവിശ്വസ്തത കാണിക്കുന്ന പട്ടണം കല്‍ക്കൂമ്പാരമാകുമെന്നും സുരക്ഷിതമായ നഗരം ശൂന്യമാക്കപ്പെടുമെന്നും കാണുന്നു. കര്‍ത്താവ് പാവപ്പെട്ടവര്‍ക്കു കോട്ടയും കഷ്ടപ്പാടിന്റെ കാലത്ത് ഉറപ്പുള്ള അഭയസ്ഥാനവുമാണെന്ന് പ്രവാചകന്‍ പറയുന്നു. ദുഷ്ടതയെ നശിപ്പിക്കുന്നവനും ബലഹീനനെ സംരക്ഷിക്കുന്നവനുമായ കര്‍ത്താവിന്റെ ചിത്രമാണ് ഈ വചനഭാഗത്തും കാണുന്നത്.
ലേഖനത്തില്‍, സഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; അത് നിങ്ങള്‍ക്കു സുരക്ഷിതത്വം നല്കുമെന്നും തിന്മ പ്രവര്‍ത്തിക്കുന്നവരെയും അംഗവിച്ഛേദം നടത്തുന്നവരെയും സൂക്ഷിച്ചുകൊള്ളുവിനെന്നും ഉപദേശം നല്കുന്നു. എശയ്യാപ്രവാചകന്‍ പറഞ്ഞ സുരക്ഷിതമായ കോട്ടയും അഭയസ്ഥാനവും കര്‍ത്താവായ മിശിഹായാണെന്ന് ഫിലിപ്പിയിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നു. മിശിഹായുമായി ഒന്നായിമാറുകയാണ് തന്റെ ലക്ഷ്യമെന്ന് ശ്ലീഹാ ഓര്‍മിപ്പിക്കുന്നു. മിശിഹായോട് അനുരൂപപ്പെടുന്നവരാകാന്‍ ശ്ലീഹാ നമ്മെയും ക്ഷണിക്കുന്നു. ജീവിതംകൊണ്ടാണെങ്കിലും മരണംകൊണ്ടാണെങ്കിലും മിശിഹാ മഹത്ത്വപ്പെടണമെന്നാണ് ശ്ലീഹാ ആഗ്രഹിക്കുന്നത്.
ദുഷ്ടതയുടെ ശക്തിയില്‍നിന്ന് എപ്രകാരം വിടുതല്‍ നേടാം എന്നാണ് സുവിശേഷവും പങ്കുവയ്ക്കുന്നത്. രൂപാന്തരീകരണത്തിന്റെ മലയില്‍നിന്ന് ഈശോ താഴ്‌വാരത്തേക്കു വരുമ്പോള്‍ വലിയ ജനക്കൂട്ടം ഈശോയുടെ ശിഷ്യന്മാരുടെ ചുറ്റും കൂടിയിരിക്കുകയാണ്. അവരുടെ ആവശ്യം ഒരു ബാലനെ പിശാചുബാധയില്‍നിന്നു വിമോചിപ്പിക്കുക എന്നതാണ്. ശിഷ്യന്മാര്‍ക്ക് അതു സാധിക്കുന്നില്ല. അവര്‍ ഈശോ വരാന്‍ കാത്തിരിക്കുകയാണ്. ഈശോ പിശാചിനെ ശാസിച്ചപ്പോള്‍ അത് ബാലനെ വിട്ടുപോയി. പിന്നീട്, തങ്ങള്‍ക്ക് എന്തുകൊണ്ടാണ് ആ തിന്മയുടെമേല്‍ ആധിപത്യം നേടാന്‍ സാധിക്കാത്തത് എന്ന് ശ്ലീഹന്മാര്‍ ചോദിച്ചപ്പോള്‍ 'വിശ്വാസരാഹിത്യംമൂലം' എന്നാണ് ഈശോ പറഞ്ഞത്. പ്രാര്‍ത്ഥനയും ഉപവാസവുംകൊണേ്ട ദുഷ്ടാരൂപിയുടെമേല്‍ വിജയം നേടാന്‍ സാധിക്കുകയുള്ളൂവെന്ന് ഈശോതന്നെ പറയുന്നുണ്ട്. പൗലോസ് ശ്ലീഹായും ഈശോമിശിഹായിലുള്ള വിശ്വാസമാണ് ദുഷ്ടതയുടെമേല്‍ വിജയം നേടുവാനുള്ള മാര്‍ഗമായി പറയുന്നത്. ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും വിശ്വാസമെന്ന ദൈവികപുണ്യംകൊണ്ടു വിജയിക്കാനാകുമെന്നാണ് സുവിശേഷം പറയുന്നത്. കടുകുമണിയോളം വിശ്വാസമുണെ്ടങ്കില്‍ മലയോടു മാറി മറ്റൊരു സ്ഥലത്തായിരിക്കുവാന്‍ പറഞ്ഞാല്‍ അതു സാധിക്കും. മലതന്നെ ഒരു പ്രതിസന്ധിയുടെ പ്രതീകമാണ്. അതു മാറ്റപ്പെടുവാന്‍ വിശ്വാസത്തിന്റെ കണ്ണുകള്‍ വേണം. വിശ്വാസത്തിന്റെ കണ്ണുകള്‍കൊണ്ടു കണ്ടാല്‍ എതു പ്രതിസന്ധിയെയും തരണം ചെയ്യാം എന്നു പാഠം.