ഒക്‌ടോബര്‍ 22 ഏലിയാ സ്ലീവാ മൂശ എട്ടാം ഞായര്‍
നിയ 11:26-32 ഏശ 41:1-7
ഗലാ 5:16-26 ലൂക്കാ 8:41യ-56
മനുഷ്യനെ രക്ഷയിലേക്കു നയിക്കുന്നതാണ് ദൈവത്തിന്റെ സന്തോഷം. സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവര്‍ നശിച്ചുപോകാന്‍ ആഗ്രഹിക്കാത്ത ദൈവം ''തന്റെ ഏകപുത്രനെ നല്കാന്‍ തക്കവിധം'' ലോകത്തെ അത്യധികം സ്‌നേഹിച്ചു (യോഹ. 3:16). രക്ഷയിലേക്കു ദൈവം നമ്മെ കൈപിടിച്ചു നടത്തുന്നു. പൂര്‍വകാലങ്ങളില്‍ അഥവാ പഴയ ഉടമ്പടിയില്‍ നിയമവും പ്രവാചകന്മാരുംവഴിയും, സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ അഥവാ പുതിയ ഉടമ്പടിയില്‍ ഈശോമിശിഹാവഴിയും ദൈവം നമ്മെ നയിക്കുന്നു. ഈ കരുതലുള്ള, കൂടെയുള്ള, രക്ഷയിലേക്കു നമ്മെ കരം പിടിച്ചുനടത്തുന്ന ദൈവത്തെ കൂട്ടുപിടിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ് ഇന്നത്തെ വായനകള്‍.
കാനാന്‍ദേശത്തിന്റെ സുരക്ഷയിലേക്ക് ഇസ്രായേല്‍ ജനത്തെ നയിക്കുന്ന ദൈവത്തിന്റെ വാക്കുകളാണ് ഒന്നാം വായന (നിയമാ. 11: 26-32). ദൈവം നല്‍കുന്ന രക്ഷ നിത്യമാകണമെങ്കില്‍ ഇസ്രായേല്‍ ജനം അവിടുന്നു 'നല്‍കുന്ന ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം' (11:32). ഇപ്രകാരമൊരു നിര്‍ദേശത്തിന്റെ പ്രാധാന്യം ജനത്തിനു മനസ്സിലാകുന്നില്ല. അവിടുത്തെ സ്വഭാവം ആര്‍ജിച്ചാല്‍മാത്രമേ ദൈവത്തിന്റെ വാസസ്ഥാനത്തേക്കു പ്രവേശിക്കാന്‍ മനുഷ്യനു കഴിയൂ എന്നതാണ് ദൈവം നിരന്തരം ഇത്തരമൊരാവശ്യം ഉന്നയിക്കാന്‍ കാരണം.
അതിനു മാറ്റം വരുത്താന്‍ ദൈവത്തിനു കഴിയില്ല. കാരണം, ദൈവം പൂര്‍ണമായും സത്യവും സ്‌നേഹവും ജീവനുമാണ്. അവിടെ അസത്യത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. ദൈവം നല്‍കുന്ന കല്പനകളാകട്ടെ, ദൈവസ്‌നേഹവും സഹോദരസ്‌നേഹവും ജ്വലിപ്പിക്കുന്നതാണ്. അതിനാല്‍, ആ കല്പനകള്‍ അനുസരിച്ചു ജീവിച്ചു പൂര്‍ണസ്നേഹമായ ദൈവത്തില്‍ പ്രവേശിക്കുകയെന്നതാണ് നമ്മുടെ വിളി.
ഇസ്രായേല്‍ജനം ആശയോടെ കാത്തിരിക്കുന്ന, പ്രവാസത്തില്‍നിന്നുള്ള വിമോചനം ആസന്നമാണെന്ന് അവരെ ഓര്‍മിപ്പിക്കുന്ന ഏശയ്യാപ്രവാചകന്റെ വാക്കുകളാണ് രണ്ടാം വായന (ഏശ. 41:1-7). ജനം പ്രവാസത്തിലേക്കു പോകുന്നത് ദൈവത്തില്‍നിന്നകലുമ്പോളാണ്. അവര്‍ വിഗ്രഹാരാധകരായി ഇസ്രായേലിന്റെ സത്യദൈവത്തെ തള്ളിപ്പറയുമ്പോള്‍ അവര്‍ സ്വയം ദൈവത്തില്‍നിന്നകലുന്നു. അപ്പോഴും ദൈവം പൂര്‍ണസ്‌നേഹത്തോടെ നിലനില്‍ക്കുന്നു, അവരുടെ കൂടെയായിരിക്കാന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ പ്രതികരണം എങ്ങനെയായാലും ദൈവം ഒന്നുമാത്രം! അവന്‍ ഇന്നലെയും ഇന്നും നാളെയും ഒന്നുതന്നെ! മനുഷ്യനോടൊത്തായിരിക്കാന്‍ കൊതിക്കുന്നവന്‍തന്നെ ''ആദിയിലുള്ളവനും അവസാനത്തവനോടു കൂടെയുള്ളവനുമായ കര്‍ത്താവായ ഞാനാണ്'' (41:4).
സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ മനുഷ്യനോടൊത്തായിരിക്കാന്‍, അവനെ രക്ഷയിലേക്കു നയിക്കാന്‍, ദൈവം തന്റെ പുത്രനെ ലോകത്തിനു നല്‍കുന്നു. മനുഷ്യന്റെകൂടെ, അവന്റെ ജീവിതസാഹചര്യങ്ങളില്‍ ആയിരിക്കാന്‍ ദൈവം തീരുമാനിക്കുന്നു. അവന്‍ സ്പര്‍ശിക്കുന്നവനും സ്പര്‍ശിക്കപ്പെടാന്‍ മനസ്സാകുന്നവനുമാണ്. ഇതാണ് സുവിശേഷം (ലൂക്കാ 8:41യ-56) നല്‍കുന്ന വെളിച്ചം.
ഈശോയെ സ്പര്‍ശിക്കാന്‍ കൊതിച്ചവരുടെയും ഈശോ സ്പര്‍ശിക്കുന്നവരുടെയും അനുഭവസമാഹാരമാണു സുവിശേഷങ്ങള്‍! പരിശുദ്ധ കന്യകാമറിയംമുതല്‍ കുരിശിലെ നല്ല കള്ളന്‍ ഉള്‍പ്പെടെയുള്ളവര്‍വരെ ദൈവത്തെ സ്പര്‍ശിക്കാന്‍ കൊതിച്ചവരാണ്. ദൈവത്തെ സ്പര്‍ശിക്കുകയെന്നാല്‍ അവനാല്‍ പൊതിയപ്പെടുക, നിറയുക എന്നാണര്‍ഥം. അത്രയധികം ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയുമാകണം രോഗാതുരയായ സ്ത്രീ ഈശോയെ സ്പര്‍ശിക്കുന്നത് (8:44). അതാ, അവള്‍ ഈശോയുടെ ശക്തിയാല്‍ നിറയുന്നു! രോഗം അവളില്‍നിന്ന് ഇല്ലാതാകുന്നു.
സിനഗോഗധികാരിയുടെ മകളെ ഈശോ സ്പര്‍ശിക്കുകയാണ്; അതാ അവളിലേക്കും ദൈവികജീവന്‍ ഒഴുകി, മരിച്ച ബാലിക ജീവന്‍ പ്രാപിക്കുന്നു (8:54). രണ്ട് അദ്ഭുതങ്ങളും ഒരേ ലക്ഷ്യം അനുവാചകരുമായി പങ്കുവയ്ക്കുന്നു; ഈശോയെ സ്പര്‍ശിക്കുന്നവരും ഈശോ സ്പര്‍ശിക്കുന്നവരും ദൈവികജീവനാല്‍ നിറയുന്നു. അങ്ങനെയെങ്കില്‍ അനുദിനം അവനെ ആഹാരമാക്കുന്ന നമ്മില്‍ എത്രത്തോളം ദൈവസ്‌നേഹം നിറയേണ്ടതാണ്?
ദൈവാത്മാവിന്റെ ഫലങ്ങളെക്കുറിച്ചുള്ള വി. പൗലോസിന്റെ ലേഖനഭാഗം (ഗലാ. 5:16-26) ദൈവം കൂടെയുള്ളതിന്റെ ചില അടയാളങ്ങള്‍ കൂടി കാണിച്ചുതരുന്നു. ''ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്'' (5:16). എല്ലാ വായനഭാഗങ്ങളും ഒന്നിച്ചുവച്ചാല്‍ ദൈവത്തിന്റെ സ്‌നേഹം മനുഷ്യനോടുകൂടെയായിരിക്കാന്‍ തയ്യാറാണ് എന്ന അടിസ്ഥാനപരവും ലളിതവുമായ സന്ദേശം ലഭിക്കും.
മനുഷ്യന്റെ രക്ഷാകരപദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ത്രിത്വത്തെ ഇന്നത്തെ വായനകളില്‍ നമുക്കു കാണാവുന്നതാണ്. ഇസ്രായേലിന്റെകൂടെയുള്ള ദൈവത്തെക്കുറിച്ചാണ് പഴയ ഉടമ്പടിയില്‍നിന്നുള്ള വായനകള്‍ സൂചിപ്പിക്കുന്നത്. സുവിശേഷത്തിലാകട്ടെ, മനുഷ്യനായിപ്പിറന്ന ദൈവത്തെ, ഈശോമിശിഹായെ എടുത്തുകാണിക്കുന്നു. ലേഖനത്തിലാകട്ടെ ദൈവികഫലങ്ങള്‍ നല്‍കുന്ന ആത്മാവിനെക്കുറിച്ചും സൂചനയുണ്ട്. ഇപ്രകാരം, ത്രിയേകദൈവം തന്റെ ജനത്തിന്റെ ഇടയില്‍ പിതാവും പുത്രനും പരിശുദ്ധ റൂഹായുമായി പ്രവര്‍ത്തിക്കുന്നതിന്റെ സാക്ഷ്യം ഇന്നത്തെ വായനകള്‍ പങ്കുവയ്ക്കുന്നു.