പീരുമേട് കോടതിയിലാണ് ഇയ്യോബും മാത്തുത്തരകനും ജോണ്‍ വക്കീലും. നീതിപീഠത്തില്‍ ജഡ്ജി വില്‍ഫ്രഡ് തോമസ് ഗ്രേ. അസാമാന്യമായ കിളരവും അതിനൊത്ത ശരീരവുമുള്ള ബ്രിട്ടീഷുകാരന്‍. അദ്ദേഹം ദീര്‍ഘകാലം കമ്പനിയുടെ ലോയറായിരുന്നു. അതുകൊണ്ട് മലയാളം നന്നായി മനസ്സിലാകും. ജഡ്ജിയായി നിയമനം ലഭിച്ചിട്ട് അഞ്ചുവര്‍ഷമേ ആയുള്ളൂ.
എതിര്‍വശത്ത്, വക്കീല്‍ ബാലകൃഷ്ണനും പരാതിക്കാരന്‍ പൗലോയും കാത്തിരിപ്പുണ്ട്. മറ്റൊരു കേസില്‍ വാദം നടക്കുകയാണ്.
രാവിലെ ജോണ്‍ വക്കീലിന്റെ ബംഗ്ലാവില്‍ച്ചെന്ന് അദ്ദേഹത്തെ കൂട്ടി വരികയായിരുന്നു, ഇയ്യോബും മാത്തുതരകനും. രണ്ടുമാസംമുമ്പാണ് മില്‍ട്ടണ്‍ സായ്‌വില്‍നിന്ന് ഇയ്യോബ് കാര്‍ വാങ്ങിയത്. നേരത്തേ പറഞ്ഞുറപ്പിച്ചതുപോലെ ഡ്രൈവറെയും മില്‍ട്ടണ്‍ സായ്‌വ് ഏര്‍പ്പാടാക്കിയിരുന്നു. കാഞ്ഞിരപ്പള്ളിക്കാരനാണ് ഡ്രൈവര്‍ വര്‍ഗീസ്. അയാള്‍ കുറേക്കാലം മില്‍ട്ടണ്‍ സായ്‌വിന്റെ ഡ്രൈവറായിരുന്നു. പിന്നീട് കാഞ്ഞിരപ്പള്ളിയിലെ ഒരു പ്ലാന്റര്‍ക്കുവേണ്ടി കുറച്ചുകാലം ഓടി. വര്‍ഗീസിനെ ഒരു കുടുംബാംഗത്തെപ്പോലെയാണ് ഇയ്യോബും മാത്തുത്തരകനും കാണുന്നത്. കൊട്ടാരത്തിലെ ഒരു മുറി അയാള്‍ക്കു താമസത്തിനായി കൊടുത്തു. ഭക്ഷണസമയത്ത് അവിടെനിന്ന് ആഹാരം കഴിച്ചുകൊള്ളണം. അതിന് ആരുടെയും അനുവാദം വേണ്ട. വര്‍ഗീസ് കാഴ്ചയില്‍ത്തന്നെ മര്യാദക്കാരനാണ്. അയാളെ ഇയ്യോബിന് ഇഷ്ടപ്പെട്ടു. ഡ്രൈവിങ്ങിലും മത്തായിയെപ്പോലെ നല്ല ശ്രദ്ധയുണ്ട്.
ആണ്ടമ്മയ്ക്കും ഡ്രൈവര്‍ വര്‍ഗീസിന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടു. അവര്‍ക്കങ്ങനെ ആളുകളെ പെട്ടെന്നു പിടിക്കുന്ന സ്വഭാവമില്ല.
ഇയ്യോബ്, വര്‍ഗീസ് വന്നതിന്റെ പിറ്റേദിവസംതന്നെ താണ്ടമ്മയുടെ വീട്ടില്‍പ്പോയി. അപ്പനെയും അമ്മയെയും ഒപ്പംകൂട്ടി. അവരുടെ ജീവിതത്തിലെ ആദ്യത്തെ കാര്‍യാത്ര.
താണ്ടമ്മയ്ക്കും സഖറിയാ കുര്യനും പ്ലമേനാമ്മയ്ക്കും സന്തോഷമായി. വയറ്റുകണ്ണിയായ മകളെ കാണാനും വിശേഷങ്ങള്‍ തിരക്കാനും അവളുടെ അമ്മായിയമ്മയും അമ്മായച്ചനും വന്നല്ലോ.
''ഇനീപ്പോ നിങ്ങക്ക് യാത്ര ചെയ്യാന്‍ കാറൊണ്ടല്ലോ. മരുമോളേ അന്വേഷിക്കാന്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ടു വരണം. ഗര്‍ഭിണിയായ അവള്‍ക്കും അതൊരു സന്തോഷമാകും.''
പ്ലമേനാമ്മ ലോഹ്യം പറഞ്ഞു. ''അതുപിന്നെ പറയാനൊണ്ടോ? കൊട്ടാരത്തില്‍ തറവാടിന്റെ അനന്തരാവകാശിയല്ലേ മോടെ വയറ്റിക്കെടക്കണ്ത്.''
ആണ്ടമ്മ ചിരിച്ചു. എല്ലാവര്‍ക്കും ആണ്ടമ്മയുടെ മറുപടി രസിച്ചു.
ഉച്ചവിരുന്നു കഴിഞ്ഞാണ് അവര്‍ മടങ്ങിയത്. അവരെ യാത്രയയ്ക്കാന്‍ താണ്ടമ്മയും പ്ലമേനാമ്മയും ഗേറ്റുവരെ വന്നു.
അടുത്ത ദിവസങ്ങളില്‍ ആണ്ടമ്മ തനിയെ പെണ്‍മക്കളുടെ വീട്ടിലെല്ലാം സൗഹൃദസന്ദര്‍ശനം നടത്തി. പിള്ളേരോടൊക്കെ അവധിക്കാലത്തു വരാന്‍ കാറയ്ക്കാമെന്ന് വാക്കും കൊടുത്തു.
കോടതിവളപ്പിലെത്തിയപ്പോള്‍ വക്കീല്‍ ബാലകൃഷ്ണന്‍ നായരെയും പൗലോയെയും കണ്ടു. അവര്‍ ഒരു മരച്ചോട്ടില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്നു. ഇയ്യോബിനെയും മാത്തുത്തരകനെയും കണ്ടപ്പോള്‍ അയാള്‍ തിടുക്കത്തില്‍ കാറിനടുത്തേക്കു വന്നു. മാത്തുത്തരകന്‍ അയാളെ മൈന്‍ഡു ചെയ്യാതെ കോടതിവരാന്തയിലേക്കു കയറിപ്പോയി.
''അച്ചായന് എന്നോടു പിണക്കമായിരിക്കുംഅല്ലേഇയ്യോബ്?''
ബാലകൃഷ്ണന്‍നായര്‍ ആവലാതിപ്പെട്ടു.
''നിങ്ങള് ഈ കേസ് ഏറ്റെടുക്കാന്‍ പാടില്ലായിരുന്നു, നായരേ!''
ഇയ്യോബ് തെല്ലു പരിഭവത്തോടെ പറഞ്ഞു.
''ഒരു കക്ഷി കേസുമായി വന്നാല് അത് സ്വീകരിക്കുക എന്റെ തൊഴിലല്ലേ? കൊട്ടാരത്തില്‍ കുടുംബക്കാര്, പ്രത്യേകിച്ച് വല്യപ്പച്ചന്‍ എനിക്കു ചെയ്തുതന്ന സഹായമൊന്നും ഞാന്‍ മറക്കില്ല ഇയ്യോബേ. അദ്ദേഹത്തിന്റെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഞാനൊരു വക്കീലാവുമായിരുന്നില്ല.''
''ആ ഓര്‍മ വക്കീലിനൊണ്ടായിരുന്നെങ്കില് ഞങ്ങളെ ഈ കേസിലേക്കു വലിച്ചിഴയ്ക്കില്ലായിരുന്നു. ഞാനും അപ്പനും ആദ്യമായിട്ടാ കോടതി കയറണത്. ങാഹാ. വക്കീലിപ്പോ പോകൂ. നമ്മക്ക് വീണ്ടും കാണാമല്ലോ.'' ഇയ്യോബ് തന്റെ അനിഷ്ടം വാക്കുകളില്‍ കലര്‍ത്തി.
അയാള്‍ ബാലകൃഷ്ണന്‍ നായരുടെ മറുപടിക്കു കാക്കാതെ കോടതിവരാന്തയിലേക്കു കയറിപ്പോയി.
ജോണ്‍ വക്കീലും മാത്തുത്തരകനും ഇയ്യോബിനെ കാത്തുനില്‍ക്കുകയായിരുന്നു.
''നമ്മടെ എതിര്‍കക്ഷിവക്കീലാണ്.'
ജോണ്‍ വക്കീലിനോടായി ഇയ്യോബ് വിശദീകരിച്ചു.
''എനിക്കറിയാം ലോയര്‍ ബാലകൃഷ്ണന്‍ നായരെ'' ജോണ്‍ വക്കീല്‍ പറഞ്ഞു. അവര്‍ കോടതിമുറിയിലേക്കു കയറി. ആ സമയത്തായിരുന്നു, ജഡ്ജി വില്‍ഫ്രഡ് തോമസ് ഗ്രേ ചേംബറില്‍നിന്നു ന്യായാസനക്കസേരയിലേക്കു വന്നത്.
ജഡ്ജിയെ കണ്ടപ്പോള്‍ എല്ലാവരും എണീറ്റ് ഉപചാരമര്‍പ്പിച്ചു. ജഡ്ജി ഇരുന്നു കഴിഞ്ഞപ്പോള്‍ ജോണ്‍ വക്കീലും മാത്തുത്തരകനും ഇയ്യോബും തങ്ങളുടെ സീറ്റുകളില്‍ ഉപവിഷ്ടരായി.
രണ്ടാമത്തെ കേസായി കൊട്ടാരത്തില്‍ തറവാടിനെതിരായുള്ള കേസാണു വിളിച്ചത്. വക്കീല്‍ ബാലകൃഷ്ണന്‍നായര്‍ എണീറ്റു.
കൊട്ടാരത്തില്‍ തറവാടിന്റെ വസ്തുവകകളെക്കുറിച്ചും ഇയ്യോ അവിരാതരകന്റെ പ്രശസ്തിയും വ്യാപാരരംഗത്തെ നേട്ടങ്ങളും അയാള്‍ വിശദമായി പ്രതിപാദിച്ചു.
വാദം മലയാളത്തിലായിരുന്നെങ്കിലും ജഡ്ജി വില്‍ഫ്രഡ് തോമസ് ഗ്രേ അതെല്ലാം സശ്രദ്ധം കേള്‍ക്കുകയും ഇടയ്ക്കിടെ ചില നോട്ടുകള്‍ കുറിക്കുകയും ചെയ്തു. ബാലകൃഷ്ണന്‍ നായരുടെ വാദം അരമണിക്കൂര്‍ നീണ്ടു.
കോടതി സശ്രദ്ധം എല്ലാം കേട്ടിരുന്നു. കൊട്ടാരത്തില്‍ തറവാടിന്റെ പൂര്‍വചരിത്രം ബാലകൃഷ്ണന്‍നായര്‍ വിവരിച്ചപ്പോള്‍ അവിടെ സന്നിഹിതരായവര്‍ കൗതുകപൂര്‍വമാണ് അതു കേട്ടിരുന്നത്. അയാള്‍ ഒന്നുനിറുത്തി. എന്നിട്ട് തുടര്‍ന്നു:
''അതുകൊണ്ട്, എന്റെ കക്ഷിക്കുകൂടി അവകാശപ്പെട്ടതാണ് കൊട്ടാരത്തില്‍ കുടുംബത്തിന്റെ വസ്തുവകകളും സമ്പാദ്യവും. അവിരാത്തരകനു പൂര്‍വികമായി കിട്ടിയ വസ്തുവകകളില്‍ അയാളുടെ സഹോദരിമാര്‍ക്കും അവകാശമുണ്ട്. ചുരുക്കത്തില്‍, എന്റെ കക്ഷി പൗലോയുടെ അമ്മ അന്നാമ്മ അവിരാത്തരകന്റെ സഹോദരിയാണ്. സഹോദരി അന്നാമ്മ മരണപ്പെട്ടതിനാല്‍ സ്വാഭാവികമായും അനന്തരാവകാശി എന്ന നിലയില്‍ പൗലോയ്ക്കുകൂടി അവകാശപ്പെട്ടതാണ് കൊട്ടാരത്തില്‍ തറവാടിന്റെ സ്വത്തുക്കള്‍. എന്റെ കക്ഷിക്ക് ബഹുമാനപ്പെട്ട കോടതി നീതി നടപ്പാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു.''
ബാലകൃഷ്ണന്‍ വക്കീല്‍ തന്റെ വാദം നിറുത്തി സീറ്റില്‍ ഉപവിഷ്ടനായി.
എതിര്‍വാദത്തിനായി ജോണ്‍ വക്കീല്‍ എണീറ്റു. അദ്ദേഹം ജഡ്ജിയെ വണങ്ങി. തന്റെ എതിര്‍വാദം ആരംഭിച്ചു. ജോണ്‍ വക്കീല്‍ ശുദ്ധമായ ഇംഗ്ലീഷിലാണ് തന്റെ എതിര്‍വാദമുഖങ്ങള്‍ നിരത്തിയത്. അതും ഓക്‌സ്ഫഡ് ആക്‌സന്റില്‍. ജോണ്‍ വക്കീലിന്റെ ശബ്ദഗാംഭീര്യവും ഇംഗ്ലീഷിലുള്ള പ്രാവീണ്യവും ജഡ്ജി വില്‍ഫ്രഡ് തോമസ് ഗ്രേ പ്രത്യേകം ശ്രദ്ധിച്ചു. ഇടയ്ക്ക് നോട്ടുബുക്കില്‍ എന്തൊക്കെയോ കുറിക്കുന്നുമുണ്ടായിരുന്നു.
അദ്ദേഹം പ്രമാണങ്ങളുടെ കെട്ടില്‍നിന്ന് ഒരു വില്‍പ്പത്രമെടുത്തു വായിച്ചു. അത് ഇയ്യോ അവിരാതരകന്റെ പിതാവ് എഴുതിയ വില്‍പ്പത്രമായിരുന്നു. അതില്‍ തന്റെ എല്ലാ വസ്തുക്കളും പേരില്‍ ചേര്‍ത്തും ആദായങ്ങളെടുത്തും അനുഭവിക്കാന്‍ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നതാണ് എന്ന വാക്യം അദ്ദേഹം സ്ഫുടമായി മലയാളത്തില്‍ വായിച്ചു. അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ജോണ്‍ വക്കീല്‍ കോടതിയെ അറിയിച്ചു. ജഡ്ജി തോമസ് ഗ്രേ കണ്ണിമയ്ക്കാതെ മുഖമുയര്‍ത്തി എല്ലാം കേട്ടിരുന്നു.
പരാതിക്കാരന്റെ അമ്മയായ അന്നാമ്മ ഇയ്യോ അവിരാത്തരകന്റെ ഇളയ സഹോദരിയാണ് എന്നും അവിരാത്തരകന്‍ അവരുടെ വിവാഹച്ചെലവുകള്‍ വഹിക്കുകയും ന്യായമായ ഓഹരി സ്വര്‍ണമായി നല്കുകയും ചെയ്തതെന്നും ജോണ്‍ വക്കീല്‍ വിശദീകരിച്ചു. ആയതിനാല്‍, പരാതിക്കാരന്‍ പൗലോയ്ക്ക് യാതൊരു അവകാശവും ലഭിക്കാന്‍ അര്‍ഹതയില്ലെന്ന വസ്തുത ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണെന്നും അറിയിച്ച് ജോണ്‍ വക്കീല്‍ തന്റെ മറുവാദം അവസാനിപ്പിച്ചു.
എല്ലാം ശ്രദ്ധിച്ചുകേട്ട ജഡ്ജി വില്‍ഫ്രഡ് തോമസ് ഗ്രേ ഈ കേസിനെക്കുറിച്ചു വിശദമായി പഠിക്കാന്‍ ആറുമാസത്തെ സാവകാശം അനുവദിച്ചുകൊണ്ട് സെപ്റ്റംബര്‍ 15 ലേക്കു കേസു മാറ്റിയതായി അറിയിച്ചിട്ട് അടുത്ത കേസു വിളിക്കാന്‍ നിര്‍ദേശം നല്കി.
ഇയ്യോബും മാത്തുത്തരകനും ജോണ്‍ വക്കീലും ഇരിപ്പിടങ്ങളില്‍നിന്ന് എണീറ്റു. പിന്നാലെ പൗലോയും വക്കീല്‍ ബാലകൃഷ്ണന്‍ നായരും.
കോടതിവളപ്പിലെ മരത്തണലില്‍ ജോണ്‍ വക്കീലും ഇയ്യോബും മാത്തുത്തരകനും സംസാരിച്ചുനില്ക്കുകയാണ്. അല്പം അകലെ മാറി വക്കീല്‍ ബാലകൃഷ്ണന്‍നായരും പൗലോയുമുണ്ട്.
പെട്ടെന്ന് പ്രകോപിതനായിത്തീര്‍ന്ന പൗലോ അക്രമാസക്തനായി മാത്തുത്തരകന്റെ നേരേ പാഞ്ഞടുത്തു.
''താന്‍ എന്റെ അമ്മയെ പറ്റിച്ച് സ്വത്തെല്ലാം കൈക്കലാക്കി അനുഭവിക്കയാണോടാ പന്നി. താന്‍ ഇതിന് അനുഭവിക്കും. എന്റെ കണ്ണീരു കര്‍ത്താവു കാണാതിരിക്കില്ല.''
അയാള്‍ അലറിക്കൊണ്ട് ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പൗലോ മാത്തുത്തരകന്റെ കഴുത്തില്‍ കയറിപ്പിടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോയ ഇയ്യോബ് ഒരു നിമിഷംകൊണ്ട് ബോധം വീണ്ടെടുത്ത് പൗലോയെ പിടിച്ചു തള്ളി. അയാള്‍ പിന്നോട്ടുമലച്ചു വീണു. വക്കീല്‍ ബാലകൃഷ്ണന്‍നായര്‍ അയാളെ പിടിച്ചെഴുന്നേല്പിച്ചു. മാത്തുത്തരകന്‍ സ്തബ്ധനായി നിന്നു.
(തുടരും)