ഒക്‌ടോബര്‍ 1 ഏലിയാ സ്ലീവാ മൂശ അഞ്ചാം ഞായര്‍
നിയ 9:13-24 ഏശ 26:1-11
ഫിലി 4:4-9 മത്താ 15:21-28
പഴയ ഉടമ്പടിയുടെയും ഈശോയില്‍ പൂര്‍ത്തിയാകുന്ന പുതിയ ഉടമ്പടിയുടെയും കാതല്‍ ദൈവത്തിന്റെ സമാധാനം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രഭാഗമാണെന്നതാണ്. ആ സമാധാനം നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്നതാണ്. ദൈവവിശ്വാസം നമ്മില്‍ നിറയ്ക്കുന്ന സമാധാനം അപരനുവേണ്ടി ജീവിക്കാന്‍, എല്ലാം പങ്കുവയ്ക്കാന്‍ നമ്മെ പ്രാപ്തരാക്കും; ഈശോ കാണിച്ചതുപോലെ!
സ്ലീവായുടെ വിജയം ഈശോ നല്‍കുന്ന രക്ഷയാണെന്നു പ്രഘോഷിക്കുകയും ആ രക്ഷ പഴയ ഉടമ്പടിയുടെ പൂര്‍ത്തീകരണമാണെന്നു പ്രവാചകന്മാരുടെ പ്രതിനിധിയായ ഏലിയായും നിയമത്തിന്റെ പ്രതീകമായ മോശയുംവഴി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ആരാധനക്രമവത്സര ഓര്‍മപുതുക്കലാണ് ഏലിയാ - സ്ലീവാ - മൂശക്കാലങ്ങള്‍. ദൈവം ദാനമായി നല്‍കുന്ന ഈ രക്ഷ ജാതിമതവര്‍ണവര്‍ഗ ഭേദമെന്യേ എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെന്ന് ഇന്നത്തെ വചനഭാഗങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ഇസ്രായേല്‍ജനത്തെ ദൈവം തിരഞ്ഞെടുക്കുന്നത് രക്ഷകനെ ലോകത്തിനു നല്‍കാനുള്ള ജനമായി അവരെ ഒരുക്കുന്നതിനാണ്. ദൈവം അവരെ അടിമത്തത്തില്‍നിന്നു രക്ഷിക്കുകയും സുരക്ഷിതമായ ഒരു രാജ്യം അവര്‍ക്കായി ഒരുക്കി നല്‍കുകയും ചെയ്തു. എന്നാല്‍, അവരുടെ അഹംഭാവവും താന്‍പോരിമയും ദൈവത്തെ തള്ളിപ്പറഞ്ഞ് മറ്റു ദേവന്മാരെ അന്വേഷിച്ചുപോകുന്ന ഗൗരവതരമായ തെറ്റിലേക്ക് അവരെ നയിച്ചു. ഇസ്രായേല്‍ജനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ സങ്കടമാണ് ഒന്നാം വായനയുടെ (നിയമാ. 9:13-24) ഇതിവൃത്തം.
ദുശ്ശാഠ്യക്കാരായ ജനം (9:13), കാളക്കുട്ടിയുടെ വിഗ്രഹം വാര്‍ത്തവര്‍ (9:16,21), കര്‍ത്താവിന്റെ മുന്നില്‍ തിന്മ ചെയ്യുന്നവര്‍ (9:18), കര്‍ത്താവിനെ പ്രകോപിപ്പിക്കുന്നവര്‍ (9:22), ധിക്കാരികള്‍ (9:24); ജനത്തിന്റെ ദൈവത്തോടുള്ള മനോഭാവം ഇത്രയധികം മോശമായിരുന്നു. ഇതിന്റെ കാരണം എന്താണെന്നു വചനഭാഗം കൃത്യമായി പറയുന്നു: ''അവിടുത്തെ നിങ്ങള്‍ വിശ്വസിച്ചില്ല; അനുസരിച്ചുമില്ല'' (9:23). ദൈവം സര്‍വശക്തനും സ്രഷ്ടാവും പരിപാലകനുമാണെന്നു വിശ്വസിക്കാന്‍ ജനത്തിനു കഴിഞ്ഞില്ല. അതിനാല്‍, അവര്‍ ദൈവത്തെ അനുസരിച്ചില്ല. അവനില്‍ വിശ്വസിക്കാത്തവര്‍, അനുസരിക്കാത്തവര്‍ ദൈവത്തിന്റെ ജനമെന്ന് എന്തിനറിയപ്പെടണം? അതിനാല്‍, 'അവരെക്കാള്‍ ശക്തവും വലുതുമായ ഒരു ജനത്തെ നിന്നില്‍ നിന്നു ഞാന്‍ പുറപ്പെടുവിക്കും' (9:14).
ജനത്തിന്റെ അനുസരണക്കേടിന്റെ ഫലം അവര്‍ ദൈവസന്നിധിയില്‍നിന്നു പുറംതള്ളപ്പെടുന്നു എന്നതാണ്. അതിന്റെ ഭൗതികമായ അവസ്ഥയാണ് അവരുടെ പ്രവാസകാലം. പ്രവാസകാലത്താകട്ടെ, ജനം ദൈവത്തിന്റെ രക്ഷയിലേക്കും രാജ്യത്തിന്റെ സുരക്ഷയിലേക്കും വീണ്ടും പ്രവേശിക്കാന്‍ ആഗ്രഹിച്ച്, അനുതപിച്ച്, പ്രത്യാശയോടെ ജീവിക്കുന്നു. ഈ പ്രത്യാശയുടെ വചനമാണ് ഏശയ്യാപ്രവാചകന്റെ വാക്കുകള്‍ (ഏശ. 26:1-11). നമ്മുടെ രക്ഷയ്ക്കുവേണ്ടി കര്‍ത്താവ് കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു (26:1). കര്‍ത്താവ് സമാധാനം നല്‍കുന്നു (26:3). എത്രമാത്രം അനുസരണക്കേട് ജനം കാണിക്കുകയും അതിനുശേഷം എത്രമാത്രം തീക്ഷ്ണതയോടെ അവര്‍ ദൈവത്തിങ്കലേക്കു തിരിച്ചുവരികയും ചെയ്‌തോ അതിന്റെ പതിന്മടങ്ങു തീക്ഷ്ണതയോടെ ദൈവം തന്റെ ജനത്തെ സ്‌നേഹിക്കുന്നു (26:11).
ദൈവത്തിന്റെ സ്വന്തം ജനം എന്നവകാശപ്പെട്ടിരുന്ന ഇസ്രായേല്‍ ദൈവത്തെ തള്ളിപ്പറയുകയും വീണ്ടും സ്വീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ദൈവം സകല മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടി തന്റെ പുത്രനെ ലോകത്തിനു നല്‍കുന്നത്. ഈ രക്ഷയുടെ ആദ്യസ്വീകര്‍ത്താക്കളും പ്രചാരകരുമായി മാറേണ്ടവരായിരുന്നു ഇസ്രായേല്‍. എന്നാല്‍, അങ്ങനെ സംഭവിക്കുന്നതല്ല സുവിശേഷത്തില്‍ കാണുന്നത്. ഇസ്രായേല്‍ ജനം ആദ്യഉടമ്പടിയില്‍ ദൈവത്തിന്റെ വാക്കുകള്‍ ശ്രവിക്കാതിരുന്നപോലെ (ഏശ. 26:23) പുതിയ ഉടമ്പടിയുടെ മധ്യസ്ഥനും ദൈവപുത്രനുമായ ഈശോയുടെ വാക്കുകളും ശ്രവിച്ചില്ല. അവരുടെ പിതാക്കന്മാരുടെ രീതി അവര്‍ പിന്തുടര്‍ന്നു. അതിന്റെ ആത്യന്തികഫലം ഇസ്രായേലിനെക്കാള്‍ ദൈവത്തിന് ആശ്രയിക്കാവുന്ന മറ്റൊരു ജനതയെ തിരഞ്ഞെടുക്കുക എന്നതാണ് (ഏശ. 26:14).
ഭാഷയുടെയോ നിറത്തിന്റെയോ ഗോത്രത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ ഈശോയിലും അതുവഴി ദൈവപിതാവിലുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും നടക്കുന്ന തിരഞ്ഞെടുപ്പാണിത്. ഇന്നത്തെ സുവിശേഷം (മത്താ. 15:21-28) ഈ വ്യത്യസ്തതയുടെ മനോഹരമായ ഉദാഹരണമാണ്.
രക്ഷ ആരുടെയും കുത്തകയല്ല. ദൈവത്തിന്റെ സ്വന്തം ജനമാണെന്ന അഹങ്കാരം രക്ഷയുടെ ഉറപ്പുമല്ല. പഴയ ഉടമ്പടിയിലെ ഇസ്രായേല്‍ ആയാലും പുതിയ ഇസ്രായേലായ സഭയായാലും, സഭയില്‍ അംഗമായി എന്നതുകൊണ്ട് രക്ഷപ്പെടും എന്നുറപ്പിക്കാനാവില്ല. പേരില്‍ ക്രിസ്ത്യാനി ആയതുകൊണ്ടു കാര്യമില്ല; മറിച്ച്, ആഴമായ ദൈവവിശ്വാസത്തിന്റെ ഉറച്ച പ്രഖ്യാപനം മാത്രമാണ് രക്ഷപ്പെടാനുള്ള ഏകവഴി (15:28).
മതനിരാസത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയും ഇക്കാലത്ത് രക്ഷയ്ക്കായുള്ള ഏകവഴി ഈശോയില്‍ വിശ്വസിക്കുകയാണ് എന്നു പറയുന്നത് വലിയ പരിഹാസങ്ങള്‍ക്കു വഴിയൊരുക്കിയേക്കാം. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും വിശ്വാസം ഏറ്റുപറയാന്‍ നാം മടികാണിക്കുന്നത്. 'ആകാശവും ഭൂമിയും കടന്നുപോകും, എന്നാല്‍, എന്റെ വചനം കടന്നുപോകുകയില്ല' എന്നു പറഞ്ഞ ദൈവത്തില്‍ വിശ്വസിക്കാതെ സാഹചര്യത്തിനനുസരിച്ച് വാദഗതികളും നിലപാടുകളും മാറ്റുന്ന യുക്തിവാദിയിലും നാസ്തികനിലും ആശ്രയം വച്ചതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
ക്രൈസ്തവവിശ്വാസം അതിന്റെ ഏറ്റവും ലളിതമായ രൂപത്തില്‍ എങ്ങനെ ജീവിക്കാമെന്ന് ഇന്നത്തെ ലേഖനഭാഗം (ഫിലിപ്പി. 4:4-9) നമ്മെ ഓര്‍മിപ്പിക്കുന്നു: ''നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍'' (4:4). ഒന്നിനെക്കുറിച്ചും ആകുലതയില്ലാതെ, ആകുലതയുണ്ടാക്കാന്‍ കാരണമായതെല്ലാം ദൈവസന്നിധിയിലേക്കു സമര്‍പ്പിക്കണം (4:6). അപ്പോള്‍, ''നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും'' (4:7).
പഴയ ഉടമ്പടിയുടെയും ഈശോയില്‍ പൂര്‍ത്തിയാകുന്ന പുതിയ ഉടമ്പടിയുടെയും കാതല്‍ ദൈവത്തിന്റെ സമാധാനം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രഭാഗമാണെന്നതാണ്. ആ സമാധാനം നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്നതാണ്. സ്വന്തം കാര്യത്തിനുവേണ്ടി അധ്വാനിക്കുക, ജീവിക്കുക; 'നീ നിന്റെ കാര്യം നോക്കി ജീവിച്ചാല്‍ നിനക്കുകൊള്ളാം' എന്നതാണ് മാനുഷികധാരണ. എന്നാല്‍, ദൈവവിശ്വാസം നമ്മില്‍ നിറയ്ക്കുന്ന സമാധാനം അപരനുവേണ്ടി ജീവിക്കാന്‍, എല്ലാം പങ്കുവയ്ക്കാന്‍ നമ്മെ പ്രാപ്തരാക്കും; ഈശോ കാണിച്ചതുപോലെ! നമ്മുടെ എല്ലാ ധാരണകളെയും ലംഘിക്കുന്ന അവന്റെ ധാരണയിലേക്കു വളരാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.