മനുഷ്യരെല്ലാവരും തുല്യരാണെന്നതു പൊതുതത്ത്വം. എന്നാല്‍, ചരിത്രവും അനുഭവവും നേരേ മറിച്ചാണ്. ബഹുഭൂരിപക്ഷംപേരും ചെറിയവരും വളരെ കുറച്ചുപേര്‍ മാത്രം വലിയവരുമാണ്. പണവും അധികാരവുമുള്ളവരാണ് വലുപ്പം നടിക്കുക. അറിവും പ്രതിഭയും ഉള്ളവര്‍ വലിയവരാണെങ്കിലും അവരെ അംഗീകരിക്കാന്‍ ലോകത്തിനു മടിയാണ്.
അധികാരം രണ്ടുവിധമുണ്ട്. പരമ്പരാഗതമായി കിട്ടുന്നതും മത്സരത്തിലൂടെ നേടിയെടുക്കുന്നതും. രാജഭരണം പരമ്പരാഗതമായി ലഭിക്കുന്ന അധികാരമാണ്. രാജഭരണമാണ് ദീര്‍ഘകാലം ലോകമെമ്പാടും നിലവിലിരുന്നത്. പ്രജാവത്സലരായ നല്ല രാജാക്കന്മാര്‍ ഭരണാധികാരികളായിരുന്നു. രാജഭരണത്തിന്റെ പ്രധാന പരിമിതി മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നതാണ്. അധികാരം ഒരാളിലോ ഏതാനും ചിലരുടെ കൈകളിലോ ഒതുങ്ങുന്നു. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചിന്തയാണ് ജനാധിപത്യഭരണക്രമത്തിലേക്കെത്തിച്ചത്.
ലോകത്തില്‍ പല ഭരണരീതികളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഏറ്റവും സ്വീകാര്യവും ജനകീയവുമായി മാറിയിട്ടുള്ളത് ജനാധിപത്യഭരണക്രമമാണ്. ഭരിക്കാന്‍ അര്‍ഹതയുള്ളവരെ പ്രതിനിധികളായി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിയാണത്. തിരഞ്ഞെടുപ്പ് ജനാധിപത്യപരമാണെങ്കിലും തിരഞ്ഞെടുക്കപ്പെടുന്നവര്‍ തിരഞ്ഞെടുത്തവരെ മറന്ന് സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന രീതിയാണ് പൊതുവെ കാണുന്നത്. അതായത്, ജനാധിപത്യത്തിന്റെ ചട്ടക്കൂടും ഏകാധിപത്യത്തിന്റെ ശൈലിയുമാണ് പലയിടങ്ങളിലും കാണുന്നത്. അത്തരം ആക്ഷേപങ്ങള്‍ക്കു വിധേയരായ ചില നേതാക്കന്മാര്‍ ഇന്ത്യയിലുണ്ട്. എങ്കിലും, അവര്‍ നിയമപരമായി ഏകാധിപതികളല്ല; ജനാധിപത്യത്തിന്റെ മറവില്‍ ഏകാധിപതികളായി വാഴുന്നവരാണ്.
എന്നാല്‍, പല കമ്യൂണിസ്റ്റുരാജ്യങ്ങളിലും സ്ഥിതി അതല്ല. തിരഞ്ഞെടുപ്പു നടത്താതിരിക്കുകയോ നടത്തിയാല്‍ അതില്‍ തിരിമറികള്‍ നടത്തുകയോ ചെയ്ത് അധികാരം നിലനിറുത്തുന്നവരാണ് പലരും. ഏകാധിപതികള്‍ ഭിന്നാഭിപ്രായങ്ങളെ മാനിക്കാത്തവരും അടിച്ചമര്‍ത്തുന്നവരുമാണ്. ഏകാധിപതികള്‍ ജനഹിതം കാറ്റില്‍ പറത്തുന്നവരും സ്വന്തം ഇഷ്ടവും സ്വജനപക്ഷപാതവും നടപ്പിലാക്കുന്നവരുമാണ്. അവര്‍ ജനത്തെ മാനിക്കാത്തവരും അവരെ ഭയപ്പെടുന്നവരുമാണ്. അതിന്റെ ഭാഗമായി അവര്‍ വലിയ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കുന്നു. ഏറ്റവും കൂടുതല്‍ സുരക്ഷാഭടന്മാരും വെടിക്കോപ്പുകളുമുള്ള റഷ്യന്‍ പ്രസിഡന്റും നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. നമ്മുടെ നാട്ടിലും ഇത്തരക്കാരെ കാണാം. ജനാധിപത്യമര്യാദയനുസരിച്ചു ഭരിക്കുന്നവര്‍ക്കു ജനം മിത്രങ്ങളാണ്. അവര്‍ ശത്രുക്കളാണെന്ന ഭയമാണ് സ്വന്തം സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണം.
ഏകാധിപതികള്‍ സ്വതവെ ഭീരുക്കളും അക്രമകാരികളും ഏതു ക്രൂരതയും കാണിക്കാന്‍ മടിക്കാത്തവരുമാണ്. ഹിറ്റ്‌ലറിന്റെയും സ്റ്റാലിന്റെയും കഥ ഏവര്‍ക്കും അറിവുള്ളതാണ്. കഴിഞ്ഞ ദിവസം റഷ്യയില്‍ സംഭവിച്ച ഒരു വിമാനാപകടം പ്രസിഡന്റ് പുടിന്റെ കണക്കുപുസ്തകത്തിലാണ് എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ 23 നു വാഗ്നര്‍ഗ്രൂപ്പിന്റെ സ്ഥാപകനും തലവനുമായ പ്രിഗോഷിനും സഹസ്ഥാപകന്‍ ദിമിത്രി ഉട്കിനും ഒപ്പമുണ്ടായിരുന്ന എട്ടുപേരും മോസ്‌കോയില്‍ സ്വകാര്യവിമാനം തകര്‍ന്നുവീണു മരിച്ചു. 2022 ഫെബ്രുവരിയില്‍ യുക്രെയിന്‍ അധിനിവേശത്തില്‍ റഷ്യയുടെ കൂലിപ്പട്ടാളമായി പങ്കെടുത്ത വ്യക്തിയാണ് പ്രിഗോഷിന്‍. വെളിപ്പെടുത്തപ്പെടാത്ത കാരണങ്ങളാല്‍ പുടിനുമായി അഭിപ്രായഭിന്നതയുണ്ടായ പ്രിഗോഷിന്‍ 2500 ഓളം വരുന്ന സൈന്യവുമായി പുടിനെതിരേ മോസ്‌കോയിലേക്കു കുതിച്ചു. മദ്ധ്യസ്ഥ ഇടപെടലിലൂടെ അട്ടിമറിശ്രമം പ്രിഗോഷിന്‍ ഒഴിവാക്കിയെങ്കിലും പ്രശ്‌നം കെട്ടടങ്ങിയിരുന്നില്ല. സ്വേച്ഛാധിപതികളുടെ സ്വഭാവമറിയാവുന്ന എല്ലാവരും പ്രിഗോഷിന്റെ ജീവിതത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്നു വിശ്വസിച്ചു. അക്ഷരാര്‍ഥത്തില്‍ അതു സംഭവിക്കുകയും ചെയ്തു.
സ്വേച്ഛാധിപതികള്‍ക്ക് ചോരയുടെ ഗന്ധം സുഗന്ധമാണ്. നശിപ്പിക്കുമ്പോഴുണ്ടാകുന്ന ആശ്വാസമാണ് അവരുടെ സന്തോഷം. നീതിന്യായവ്യവസ്ഥയെ മാനിക്കാത്ത അവര്‍ നിയമത്തിനുമുമ്പില്‍ എത്തുന്നില്ല. ഏതു മാര്‍ഗം ഉപയോഗിച്ചും അവര്‍ വിമതനീക്കങ്ങളെ തകര്‍ക്കും. നിരപരാധികളെപ്പോലും കൊല ചെയ്ത് അവര്‍ സമൂഹത്തില്‍ ഭീതി പടര്‍ത്തും. അങ്ങനെ അവര്‍ അജയ്യരായി വാഴും.
ജനാധിപത്യത്തിന്റെ ഉരകല്ലായ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ സ്വേച്ഛാധിപതികളും സ്വജനപക്ഷപാതികളും അഴിഞ്ഞാട്ടം നടത്തുന്നതു കണ്ടില്ലെന്നു നടിച്ചാല്‍ രാജ്യം അക്രമികളുടെ കീഴിലാകും. ജനാധിപപത്യം വെറും പാഴ്‌വാക്കായി മാറും.