•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

ഈശോമിശിഹായിലൂടെ രക്ഷയിലേക്ക്

സെപ്റ്റംബര്‍ 17 ഏലിയാ സ്ലീവാ മൂശ മൂന്നാം ഞായര്‍

നിയ 8:11-20  ഏശ 33:13-24 
ഫിലി 2:1-11   മത്താ 4:12-17

പൂര്‍വ്വപിതാക്കന്മാരും  പ്രവാചകന്മാരും പ്രത്യാശയോടെ കാത്തിരുന്ന രക്ഷകനായ മിശിഹായെ സ്ലീവായില്‍ ദര്‍ശിക്കുന്ന ആരാധനക്രമവത്സര കാലമാണിത്. സകലമനുഷ്യര്‍ക്കുംവേണ്ടി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള, ഈശോയില്‍ കേന്ദ്രീകൃതമായ രക്ഷാപദ്ധതിയിലേക്കു പ്രവേശിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ശരിയായ ദിശാബോധം നല്‍കുന്ന വായനകളാണ് ഇന്നത്തേത്. 
ഭൗതികമായ വിജയങ്ങള്‍ ഉണ്ടാകുകയും അഭിവൃദ്ധി നേടുകയും ചെയ്യുമ്പോള്‍ അതിനു കാരണമായ ദൈവത്തെ ജനം മറന്നുകളയാന്‍ സാധ്യതയുണ്ടെന്ന് മോശ മനസ്സിലാക്കി. അതിനാല്‍, തങ്ങളെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുകയും കാനാന്‍ദേശം നല്‍കുകയും ചെയ്ത 'കര്‍ത്താവിനെ വിസ്മരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍' (8: 11,14,19) എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മോശ അവരോട്  താക്കീതിന്റെ സ്വരത്തില്‍ സംസാരിക്കുന്നു. ഇസ്രായേലിന് ദൈവമൊരുക്കിയ സുരക്ഷയെക്കുറിച്ച് ഉത്തമബോധ്യം അവര്‍ക്കുണ്ടാകണം എന്നതിെനക്കുറിച്ചാണ് ഒന്നാംവായന (നിയമാ. 8:11-20). 
പിതാക്കന്മാര്‍ക്കു ദൈവം നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ്  ഇസ്രായേല്‍ജനത്തിന്റെ അടിമത്തത്തില്‍നിന്നുള്ള മോചനവും കാനാന്‍ദേശവും. തങ്ങളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ അവര്‍ നേടിയെടുത്തതോ അവരുടെ അവകാശമോ ആയിരുന്നില്ല ഇതൊന്നും. ദൈവസന്നിധിയില്‍ തങ്ങളെത്തന്നെ എളിമപ്പെടുത്തിയാല്‍ അനുഗ്രഹങ്ങളായിരിക്കും ഉണ്ടാകുക, അല്ലെങ്കില്‍ നാശമായിരിക്കും ഫലം (8:20) എന്ന് മോശ ജനത്തെ ഓര്‍മിപ്പിക്കുന്നു. 
എന്നാല്‍, എക്കാലവും ഇസ്രായേല്‍ജനം മോശയുടെ ഈ താക്കീത് ഓര്‍മിച്ചില്ല എന്നു  നമുക്കറിയാം. അനുസരണക്കേടും ദൈവത്തെ മറന്നുള്ള പ്രവൃത്തികളും നിരന്തരം അവരില്‍നിന്നുണ്ടായി, അവര്‍ വീണ്ടും പ്രവാസത്തിലായി. അടിമത്തത്തില്‍നിന്നു സ്വതന്ത്രരാകാനുള്ള അവരുടെ ആഗ്രഹവും ദൈവം തന്റെ വാഗ്ദാനം വീണ്ടും ഓര്‍ക്കുന്നതും ഏശയ്യാപ്രവാചകനിലൂടെ വീണ്ടും രക്ഷയുടെ കാഹളം മുഴങ്ങാന്‍ കാരണമാകുന്നു (രണ്ടാം വായന: ഏശ 33: 13-24). 'വിദൂരസ്ഥരേ, ഞാന്‍ എന്താണു പ്രവര്‍ത്തിച്ചതെന്നു ശ്രവിക്കുവിന്‍. സമീപസ്ഥരേ, എന്റെ ശക്തി അറിഞ്ഞുകൊള്ളുവിന്‍'' (33:13). ദൈവം ഇസ്രായേലിനു നല്‍കിയ രക്ഷയുടെ ചരിത്രം അവര്‍ മറന്ന് അടിമത്തത്തില്‍ ആയതിനാല്‍ ദൈവം ഇനിയും പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയാണ്. 
ദൈവത്തിന്റെ രക്ഷയുടെ മാര്‍ഗത്തിലേക്കു പ്രവേശിക്കണമെങ്കില്‍ എന്തു ചെയ്യണമെന്ന് പ്രവാചകന്‍ ജനത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. നീതിയുടെ മാര്‍ഗത്തില്‍ ചരിക്കണം, സത്യം സംസാരിക്കണം, കൈക്കൂലി വാങ്ങാതിരിക്കണം, തിന്മയെക്കുറിച്ചുള്ള ചിന്തപോലും ഉണ്ടാകരുത്. ഇങ്ങനെയുള്ളവന്‍ ഉന്നതങ്ങളില്‍ വസിക്കും'' (33:15). 'ഉന്നതങ്ങളില്‍ വസിക്കും' എന്നത് ദൈവരാജ്യത്തില്‍ പ്രവേശിക്കും, രക്ഷ നേടും എന്നതിന്റെ സൂചനയാണല്ലോ. ''രാജാവിനെ അവന്റെ സൗന്ദര്യത്തോടുകൂടെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും'' (33:17). 
ഈ പ്രവചനത്തിന്റെ ആത്യന്തികലക്ഷ്യം സ്വര്‍ഗരാജ്യത്തില്‍ ദൈവവുമായുള്ള മുഖാമുഖദര്‍ശനം ആണെങ്കിലും അതിന് ഈ ലോകത്തില്‍ ഒരു പൂര്‍ത്തീകരണമുണ്ടായി. അന്ധകാരത്തിന്റെ അടിമത്തത്തില്‍നിന്നു പ്രകാശത്തിന്റെ സന്തോഷത്തിലേക്ക് മനുഷ്യനെ നയിക്കുന്ന യഥാര്‍ഥരാജാവായ ദൈവം ഇതാ ഭൂമിയില്‍ മനുഷ്യനായി അവതരിക്കുന്നു (മത്താ 4:12-17). ''അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനം വലിയ പ്രകാശം കണ്ടു'' (4:16). ഭൗതികമായ ഒരു രാജ്യത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഇസ്രായേലിനെ നയിച്ച ദൈവം ഇതാ അവരുടെ ആത്മീയമായ രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ നല്‍കുന്നു. 
ഇസ്രായേല്‍ജനം ഭൗതികമായ സുരക്ഷിതത്വം അനുഭവിച്ചിരുന്നെങ്കിലും യഥാര്‍ഥ ദൈവരാജ്യസങ്കല്പത്തിലേക്ക്  പ്രവേശിച്ചിരുന്നില്ല. കാരണം, അതുവരെ നിയമങ്ങളുടെ കൃത്യമായ പാലനമായിരുന്നു രക്ഷയുടെ അടിസ്ഥാനം. എന്നാല്‍, ഈശോമിശിഹാ ദൈവരാജ്യപ്രവേശനത്തിന്റെ പുതിയ നിയമം ജനത്തിനു മുന്നില്‍ വെളിപ്പെടുത്തി. ''മാനസാന്തരപ്പെടുവിന്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു'' (4:17). നിയമങ്ങളുടെ സൂക്ഷ്മമായ പാലനത്തില്‍നിന്ന് ദൈവത്തിലുള്ള പൂര്‍ണമായ വിശ്വാസത്തിലേക്കുള്ള മാറ്റമാണ് ദൈവം ആഗ്രഹിക്കുന്നത്. 
യഥാര്‍ഥത്തില്‍ ഈ മാറ്റം ഉണ്ടാകേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം, ഇസ്രായേല്‍ജനം മറ്റു ജനതകള്‍ക്കുള്ളതുപോലെ തങ്ങള്‍ക്കും രാജാവിനെ വേണം എന്നാവശ്യപ്പെട്ടപ്പോള്‍ത്തന്നെ ദൈവം പറഞ്ഞതാണ്, താനല്ലാതെ മറ്റൊരു രാജാവ് ജനത്തിനാവശ്യമില്ല എന്ന്. അന്നു ജനം പിടിവാശി കാണിച്ച് രാജാവിനെ വാഴിച്ചു. അങ്ങനെ, നിയമാനുഷ്ഠാനംമൂലമാണ് രക്ഷ എന്ന ചിന്ത രൂഢമൂലമായി. പക്ഷേ, ഇപ്പോള്‍ വീണ്ടും യഥാര്‍ഥ രാജാവിനെ ജനത്തിനു ലഭിക്കുന്നു. മാനസാന്തരപ്പെട്ട് ദൈവത്തിലും അവിടുന്നയച്ച ഈശോമിശിഹായിലും പൂര്‍ണമായി വിശ്വസിക്കുക എന്നതായി രക്ഷയുടെ അടിസ്ഥാനം. 
രാജാക്കന്മാര്‍ തങ്ങളുടെയും രാജ്യത്തിന്റെയും  സുരക്ഷയ്ക്കായി പ്രജകളെ ബലികൊടുക്കുമ്പോള്‍ യഥാര്‍ഥ രാജാവായ ദൈവം തന്റെ പുത്രനെ തന്റെ മക്കള്‍ക്കായി ബലികൊടുക്കുന്നു. അതിനായി, ഈശോമിശിഹാ സ്വന്തം താത്പര്യങ്ങള്‍ നോക്കാതെ പിതാവിന്റെ താത്പര്യം നോക്കുന്നു (ഫിലി 2:1-11). സ്വയം ശൂന്യനാക്കി കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തിയ ഈശോമിശിഹായുടെ മനോഭാവം എല്ലാവരിലും ഉണ്ടാകണമെന്നതാണ് ദൈവത്തിന്റെ ഇഷ്ടം. ഈശോമിശിഹായുടെ അനുസരണത്തിന്റെ അംഗീകാരമായാണ് (നീതീകരണം) ദൈവം അവനെ ഉയര്‍ത്തിയതെന്ന് വി. പൗലോസ് നമ്മെ ഓര്‍മിപ്പിക്കുന്നു (2:9).

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)