•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

ദൈവരാജ്യത്തിന്റെ വഴികള്‍


    ലിയാക്കാലം, സ്ലീവാക്കാലം, മൂശക്കാലം എന്നിങ്ങനെ മൂന്നു കാലങ്ങളെ ചേര്‍ത്തിണക്കി ആചരിക്കുന്ന ഒരു ആരാധനാക്രമവത്സരത്തിലാണ് നാമിപ്പോള്‍. ആദ്യമൂന്നാഴ്ചകള്‍ ഏലിയാക്കാലവും സെപ്തംബര്‍ 14 ന് ആചരിക്കുന്ന കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷം വരുന്ന നാലാഴ്ചകള്‍ സ്ലീവാക്കാലവും തുടര്‍ന്നുവരുന്ന നാലാഴ്ചകള്‍ മൂശക്കാലവും. ഈ വര്‍ഷം സെപ്തംബര്‍ 14 നുശേഷം വരുന്ന ആദ്യഞായറാഴ്ചയായതിനാല്‍ സെപ്തംബര്‍ 20 സ്ലീവാ ഒന്നാം ഞായറാണ്. സ്ലീവാ കേന്ദ്രീകൃതമായ മനുഷ്യജീവിതവും സ്ലീവായിലൂടെ യാഥാര്‍ഥ്യമായ രക്ഷയും സംസ്ഥാപിതമായ സ്വര്‍ഗരാജ്യവും വരാനിരിക്കുന്ന നിത്യമഹത്ത്വവും ആരാധനസമൂഹം ധ്യാനവിഷയമാക്കുന്നു. 
വി. സ്ലീവായുടെ തിരുനാള്‍ സഭയിലെ വലിയ ഒരു തിരുനാളായി പൗരസ്ത്യസഭകളും പാശ്ചാത്യസഭയും വളരെ പ്രാചീനകാലംമുതല്‍ ആചരിച്ചിരുന്നതാണ്. സ്ലീവായുടെ മഹത്ത്വം പ്രഘോഷിക്കുന്നതിനൊപ്പം സഭയുടെ ചരിത്രത്തിലെ ഏതാനും സംഭവങ്ങള്‍ അനുസ്മരിക്കുന്ന ഒരു തിരുനാളുകൂടിയാണിത്. ഒന്നാമതായി, വിശുദ്ധ ഹെലേന ഈശോയുടെ കുരിശ് കണെ്ടത്തിയതും ഈശോയുടെ തിരുക്കല്ലറയുടെ മുകളിലായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠയും ഈശോയുടെ കുരിശ് പരസ്യവണക്കത്തിനായി ആ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചതും അനുസ്മരിക്കുന്നു. എ.ഡി. 614-ല്‍ ജറുസലേംദൈവാലയം പേര്‍ഷ്യന്‍ ആക്രമണത്തിനിരയാവുകയും ജറുസലേമിലെ പാത്രിയാര്‍ക്കീസും ജനങ്ങളുമെല്ലാം ബന്ദികളാക്കപ്പെട്ട് പേര്‍ഷ്യയിലേക്കു കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിനുശേഷം എ.ഡി. 629-ല്‍ ജസ്റ്റീനിയന്‍ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ പേര്‍ഷ്യയില്‍ നിന്നു പാത്രിയാര്‍ക്കീസിനെയും ജനത്തെയും വിമോചിപ്പിച്ചുകൊണ്ടുവരുകയും വീണ്ടും സ്ലീവാ ജറൂസലേംദൈവാലയത്തില്‍ പരസ്യവണക്കത്തിനായി പുനഃപ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഇത് 629 സെപ്തംബര്‍ 14 നായിരുന്നു. ഇപ്രകാരം രണ്ടു പ്രാവശ്യം ഈശോയുടെ കുരിശ് ജറുസലെം ദൈവാലയത്തില്‍ പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചതിനെ അനുസ്മരിക്കുന്ന തിരുനാളാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍. കുരിശാണ് രക്ഷയുടെ അടയാളം. കുരിശിലൂടെയാണ് മനുഷ്യരക്ഷ യാഥാര്‍ത്ഥ്യമായത്. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ നമ്മുടെ കര്‍ത്താവിന്റെ മഹത്ത്വത്തിന്റെ പ്രഘോഷണമാണ്. 
നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള വായന ദൈവത്തിന്റെ മഹത്തരമായ പ്രവൃത്തികള്‍ അനുസ്മരിച്ചുകൊണ്ട് ഇസ്രായേല്‍മക്കള്‍ ജീവിക്കണം എന്ന ഓര്‍മപ്പെടുത്തലാണ്. സംരക്ഷണം നല്കി രക്ഷിക്കുന്ന ദൈവത്തെ മറന്നുജീവിക്കരുത് എന്ന ആഹ്വാനവുമാണ്. സമൃദ്ധിയിലെത്തിക്കഴിയുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ദൈവത്തെ മറന്നുജീവിക്കരുതെന്നും. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു തന്റെ ശക്തിയും തന്റെ കരങ്ങളുടെ ബലവുമാണ് എന്നു പറയരുത്. മറിച്ച്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്മരിക്കണം. മരുഭൂമിയിലെ ചില കഷ്ടപ്പാടുകള്‍ ഒരു രൂപീകരണത്തിന്റെ കാലമായിരുന്നുവെന്ന് തിരുവചനം ഓര്‍മിപ്പിക്കുന്നു: ''നിങ്ങളെ എളിമപ്പെടുത്താനും പരീക്ഷിക്കാനും അവസാനം നന്മ കൊണ്ട് അനുഗ്രഹിക്കാനുമായിരുന്നു അത്''(4,16). 
ഏശയ്യാപ്രവാചകന്റെ പുസ്തകം അടിമത്തത്തില്‍നിന്നുമുള്ള വിമോചനത്തെയും തുടര്‍ന്നുള്ള അവസ്ഥയെയും കുറിച്ചാണ് വിവരിക്കുന്നത്. എണ്ണിയവന്‍ എവിടെ? കപ്പം തൂക്കിനോക്കിയവന്‍ എവിടെ? ദുര്‍ഗ്രഹഭാഷ സംസാരിക്കുന്നവന്‍ എവിടെ? വിക്കിവിക്കി സംസാരിക്കുന്നവന്‍ എവിടെ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇസ്രായേലിനെ അടിമയാക്കിയിരുന്ന ജനതയെ ഉദ്ദേശിച്ചാണ്. അടിമകളാക്കിയിരുന്നവര്‍ ചെയ്തിരുന്ന പ്രവൃത്തികളാണ് മുകളില്‍ പ്രസ്താവിച്ചത്. കര്‍ത്താവ് ന്യായാധിപനായും രാജാവായും വാഴുന്ന അവസ്ഥയാണ് പ്രവാചകന്‍ മുന്നില്‍ കാണുന്നത്. മിശിഹായിലൂടെ യാഥാര്‍ഥ്യമാകുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു പ്രവചനം കൂടിയായിരുന്നു ഇത്. 
'മാനസാന്തരപ്പെടുവിന്‍' സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രഘോഷിച്ചുകൊണ്ട് തന്റെ പരസ്യജീവിതം ആരംഭിക്കുന്ന ഈശോയെയാണ് സുവിശേഷത്തില്‍ കാണുന്നത്. ഏശയ്യാപ്രവാചകന്‍ മുന്‍കൂട്ടി പ്രവചിച്ച വിമോചനത്തിന്റെ വാര്‍ത്ത, കര്‍ത്താവ് ന്യായാധിപനും രാജാവുമായി വാഴുന്ന സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നുതന്നെയാണ് ഈശോയുടെ പ്രസംഗം. ആ സ്വര്‍ഗരാജ്യസ്ഥാപനത്തിനുവേണ്ടി അടിമത്തത്തില്‍ കഴിഞ്ഞിരുന്നവര്‍ വാളും പരിചയുമെടുക്കുവാനല്ല; മറിച്ച്, മാനസാന്തരത്തിലേക്കു വരുവാനുള്ള ആഹ്വാനമാണ് ഈശോ നല്കുന്നത്. വെട്ടിപ്പിടിച്ചുകൊണ്ട് രാജ്യം സ്ഥാപിക്കുകയല്ല, വിട്ടുകൊടുത്തുകൊണ്ട് രാജ്യം സ്ഥാപിക്കുകയാണ് അവിടന്ന് ലക്ഷ്യംവയ്ക്കുന്നത്. അതിന്റെ ക്ലൈമാക്‌സായിരുന്നു കാല്‍വരിയില്‍ നിറവേറിയത്. അതുകൊണ്ടാണ് സ്ലീവാ കര്‍ത്താവിന്റെ മഹത്ത്വപൂര്‍ണമായ രാജകീയസിംഹാസനം ആയത്. 
ഈശോയുടെ രാജ്യം സ്ഥാപിക്കല്‍ എപ്രകാരമാണു യാഥാര്‍ഥ്യമായത് എന്നാണ് പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നത്: ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കേണ്ട കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു; … മരണംവരെ - കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ഇതായിരുന്നു ഈശോയുടെ സ്വര്‍ഗരാജ്യസ്ഥാപനം. അത് എല്ലാ നാവുകളും ഈശോമിശിഹായിലൂടെ ദൈവമഹത്ത്വം ഏറ്റുപറയുന്നതിനാണ്. ഈ ഏറ്റുപറച്ചില്‍ നടക്കേണ്ടത് എങ്ങനെയാണെന്ന് പൗലോസ്ശ്ലീഹാ ഫിലിപ്പിയിലെ സഭയെ ഓര്‍മിപ്പിക്കുന്നു. മാത്സര്യവും വ്യര്‍ഥാഭിമാനവും ഉപേക്ഷിച്ച് മിശിഹായുടെ മനോഭാവം സ്വീകരിക്കലാണത്. അതായത്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതുവിന്‍, സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച്, മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം (ഫിലി. 2,6). അപ്പോള്‍ ഈശോ പ്രഘോഷിച്ച ദൈവരാജ്യം നമ്മുടെയിടയില്‍ സംജാതമാകും.

 

Login log record inserted successfully!