ഓഗസ്റ്റ് 13
കൈത്താക്കാലം അഞ്ചാം ഞായര്‍
ലേവ്യ 23:33-44 ഏശ 28:14-22
2 കോറി 12:14-21 ലൂക്കാ 16:19-31
''വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്'' (ഹെബ്രാ. 11:1). ദൈവം ഉണ്ട് എന്ന ഉറച്ച ബോധ്യവും നമ്മുടെ ആത്മാവ് ആഗ്രഹിക്കുന്ന നിത്യരക്ഷ ലഭിക്കുമെന്ന പ്രത്യാശയുമാണ് ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനം. അരൂപിയായ, എന്നാല്‍ മനുഷ്യനു മറഞ്ഞിരിക്കുന്ന ഒരു ദൈവത്തിലുള്ള അന്ധമായ വിശ്വാസമല്ല ക്രിസ്തീയവിശ്വാസം. മറിച്ച്, കാലത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിവിധ രീതിയില്‍ തന്നെത്തന്നെ വെളിപ്പെടുത്തുകയും സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ തന്റെ പുത്രനിലൂടെ വെളിപ്പെടുത്തലിന്റെ പൂര്‍ണത സാധിക്കുകയും (ഹെബ്രാ. 1:1,2) ചെയ്ത ദൈവമാണ് നമ്മുടേത്.
മനുഷ്യനു ദൈവത്തെക്കുറിച്ചുള്ള അറിവു ലഭിക്കുന്നത് രണ്ടു തരത്തിലാണ്. പ്രകൃതിയിലെ പ്രതിഭാസങ്ങളെ നോക്കി അവയ്ക്കു കാരണഭൂതനായ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ബോധ്യം ഉണ്ടാകുന്നതാണ് അതിലാദ്യത്തേത്. ഇതിനെയാണ് പൊതുവായ വെളിപാട് (ഏലിലൃമഹ ഞല്‌ലഹമശേീി) എന്നു പറയുന്നത്. 'മുകളില്‍ കാണുന്ന നക്ഷത്രപൂരിതമായ ആകാശവും ഉള്ളില്‍ എഴുതപ്പെട്ട ധാര്‍മികനിയമങ്ങളും ആദരവും വിസ്മയവും ജനിപ്പിക്കുന്നു' എന്നു തത്ത്വചിന്തകനായ ഇമ്മാനുവല്‍ കാന്റ് എഴുതുന്നുണ്ട്. മനുഷ്യന്റെ ചിന്താശക്തിയും വിവേകവും ഉപയോഗിച്ച് ദൈവത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് സ്വന്തമാക്കാനാകും.
വിവിധകാലങ്ങളില്‍ പൂര്‍വപിതാക്കളിലൂടെയും പ്രവാചകന്മാരിലൂടെയും വെളിപ്പെടുത്തപ്പെട്ട ദൈവത്തെക്കുറിച്ചുള്ള അറിവാണ് രണ്ടാമത്തെ രീതി. ഇപ്രകാരം ലഭിക്കുന്ന ദൈവികവെളിപാട് പ്രത്യേകമായ രീതിയില്‍ ലഭിക്കുന്നത് ഇസ്രായേല്‍ജനത്തിനാണ്. അതുകൊണ്ട് ഇതിനെ പ്രത്യേക വെളിപാട് (ടുലരശമഹ ഞല്‌ലഹമശേീി) എന്നു വിളിക്കുന്നു. അവരുടെ ചരിത്രത്തിലാണ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. ഈ ദൈവികവെളിപാടിന്റെ പൂര്‍ത്തീകരണമാണ് ഈശോമിശിഹായില്‍ നടക്കുന്നത്.
ഈശോ പറയുന്ന ധനവാന്റെയും ലാസറിന്റെയും ഉപമ (ലൂക്കാ 16: 19-31) കേള്‍ക്കുന്ന ഇസ്രായേല്‍ജനം അപ്പോള്‍ നില്‍ക്കുന്നത് നിയമത്തിന്റെയും പ്രവാചകന്മാരുടെയും കാലഘട്ടത്തിന്റെ അന്ത്യത്തിലാണ്. ഈശോ അതു വ്യക്തമായി പറയുന്നുണ്ട്. ''നിയമവും പ്രവാചകന്മാരും യോഹന്നാന്‍വരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു'' (ലൂക്കാ 16:16). ആ സുവിശേഷം പ്രസംഗിക്കുന്നതാകട്ടെ സമയത്തിന്റെ പൂര്‍ത്തീകരണമായ, ദൈവപുത്രനായ ഈശോമിശിഹായാണ്. എന്നാല്‍, ഇസ്രായേല്‍ജനമാകട്ടെ, അവരുടെ നേതാക്കന്മാരാകട്ടെ ഈശോയില്‍ വിശ്വസിക്കുന്നില്ല.
സുഖലോലുപതയിലും ജീവിതസന്തോഷങ്ങളിലും മാത്രം അഭിരമിക്കുന്ന, സഹോദരനെയും ദൈവത്തെയും അന്വേഷിക്കാന്‍പോലും ശ്രമിക്കാത്ത ഓരോ മനുഷ്യനും ഉപമയിലെ ധനവാന്റെ സ്ഥാനത്താണ്. അബ്രാഹത്തെയും ലാസറിനെയുമൊക്കെ സ്വര്‍ഗരാജ്യത്തില്‍ തിരിച്ചറിയുന്നതില്‍നിന്ന് അയാളൊരു യഹൂദന്‍തന്നെയാണെന്നു നമുക്കു മനസ്സിലാക്കാം. ഇസ്രായേലിന്റെ ചരിത്രത്തില്‍ പ്രത്യേകമായി വെളിപ്പെടുത്തുന്ന ദൈവത്തെ അറിയാനുള്ള കടമ അയാള്‍ക്കുണ്ടായിരുന്നു. പക്ഷേ, അതൊന്നും ചിന്തിക്കാതെ തന്റെ സുഖസൗകര്യങ്ങളിലും അതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിലുംമാത്രം മുഴുകിയവനാണ് ധനവാന്‍ (16:19). ഉള്ളിലെഴുതപ്പെട്ട സാമാന്യധാര്‍മികനിയമങ്ങളെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ തന്റെ പടിവാതില്‍ക്കല്‍ കിടന്നിരുന്ന ലാസര്‍ എന്ന ദരിദ്രനെ അയാള്‍ കാണുമായിരുന്നു. കണ്ടിട്ട് അവഗണിക്കുകയായിരുന്നില്ല, കാണാനേ കഴിഞ്ഞിരുന്നില്ല! ജീവിതത്തില്‍ ദൈവത്തെയോ സഹോദരനെയോ കാണാത്തയൊരാള്‍ മരിക്കുമ്പോള്‍ അബ്രാഹത്തിന്റെ മടിയില്‍ കിടന്നു ദൈവദര്‍ശനം അനുഭവിക്കണം എന്നു വാശിപിടിക്കുന്നത് സാമാന്യബുദ്ധിക്കോ ദൈവികനീതിക്കോ നിരക്കുന്നതല്ലന്ന് നമുക്കറിയാമല്ലോ.
തങ്ങളുടെ പിതാവായ അബ്രാഹത്തെക്കുറിച്ച് അഭിമാനിക്കുന്ന ജനമാണ് ഇസ്രായേല്‍ജനം. പക്ഷേ, അബ്രാഹം തങ്ങളുടെ പിതാവാകുന്നത് ദൈവം തിരുമനസ്സാകുമ്പോളാണ് എന്ന കാര്യം ജനം മറന്നു. അക്കാര്യം അവരെ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ച പ്രവാചകരെ ജനം വധിച്ചു. ''നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്'' (മത്താ. 23:9) എന്ന് ഈശോ അവരെ ഓര്‍മിപ്പിച്ചു. പക്ഷേ, ആ ഈശോ ദൈവദൂഷണം പറയുന്നുവെന്ന് അവര്‍ ആരോപിച്ചു.
മരണശേഷമുള്ള ധനവാന്റെ സ്ഥിതി സങ്കടകരമാണ്. ലോകത്തില്‍ ദൈവത്തെയോ സഹോദരനെയോ തിരിച്ചറിയാത്തവന്‍ നരകവേദനയുടെ ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോള്‍ സഹോദരനെ കാണുന്നു, ദൈവത്തെ കാണുന്നു (16:23). അബ്രാഹത്തിന് പഥ്യം ആരോടാണെന്നു തിരിച്ചറിയുന്നു. പക്ഷേ, നല്ല ഫലം, സ്വര്‍ഗരാജ്യം ആര്‍ജിക്കാനുള്ള സമയം അപ്പോഴേക്കും കഴിഞ്ഞുപോയിരുന്നു. ഇനി തിരിച്ചുവരവില്ലാത്ത നരകത്തിന്റെ വേദന, ദൈവത്തില്‍നിന്നുള്ള അകല്ച അനുഭവിക്കാന്‍ അവന്‍ തുടങ്ങിക്കഴിഞ്ഞു. ഭൂമിയിലെ ജീവിതത്തില്‍ത്തന്നെ മരണശേഷമുള്ള ജീവിതാവസ്ഥയെ തിരെഞ്ഞടുക്കാന്‍ കഴിയുമെന്ന് അയാള്‍ പഠിക്കുന്നു.
അപ്പോഴാണ് ഭൂമിയിലുള്ള തന്റെ സഹോദരര്‍ക്ക് മരണശേഷം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ധാരണ കൊടുത്താല്‍ അവരെങ്കിലും നല്ല രീതിയില്‍ ജീവിക്കുമല്ലോ എന്ന ആശയം ധനവാനു തോന്നുന്നത് (16:28). അവര്‍ക്ക് നിയമവും പ്രവാചകരും ഉണ്ടല്ലോ, അവര്‍ പറയുന്നതുപോലെ ഭൂമിയിലുള്ളവര്‍ ജീവിക്കട്ടെ എന്നാണ് അബ്രാഹത്തിന്റെ മറുപടി (16:29).
ഈശോയാണ് ഈ ഉപമ പറയുന്നതെന്ന് നാമോര്‍ക്കണം. നിയമത്തിന്റെയും പ്രവാചകന്മാരുടെയും പൂര്‍ത്തീകരണമായ ഈശോമിശിഹാ; ദൈവിക കാര്യങ്ങള്‍ കൃത്യമായി പഠിപ്പിക്കാന്‍ കഴിയുന്ന ഈശോ. അവന്റെ വചനങ്ങള്‍ ഓരോന്നും മനുഷ്യര്‍ക്കു സാക്ഷ്യംതന്നെയാണ്.
രക്ഷ കരഗതമാകാന്‍ തക്കവിധത്തില്‍ ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് നമുക്കു പഠിക്കാന്‍ പറ്റിയ പാഠങ്ങള്‍ ദൈവികവെളിപാടിലൂടെ നമുക്കു ലഭിക്കുന്നുണ്ട്. നിയമവും പ്രവാചകന്മാരും നിയമത്തിന്റെ പൂര്‍ത്തീകരണമായ ഈശോമിശിഹായും മരണശേഷമുള്ള കാര്യങ്ങള്‍തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈശോ മുമ്പില്‍ നില്ക്കുമ്പോളും അടയാളങ്ങള്‍ അന്വേഷിച്ചു നടക്കുന്ന (യോഹ 6:30) യഹൂദരെപ്പോലെയാകരുത് നമ്മള്‍ എന്ന് സഭാമാതാവ് നമ്മെ ഓര്‍മിപ്പിക്കുന്നു.
ഈശോമിശിഹായുടെ വചനങ്ങള്‍ നിത്യജീവിതത്തിലേക്കുള്ള വഴിയില്‍ നമ്മുടെ പാദങ്ങള്‍ക്കു പ്രകാശവും അവന്റെ മരണം നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരവും അവന്റെ ഉത്ഥാനം നമ്മുടെ ഉത്ഥാനത്തിന്റെ ഉറപ്പുമാണ്. അതുകൊണ്ട് ഇനി സ്വര്‍ഗത്തില്‍നിന്ന് മറ്റൊരടയാളത്തിന്റെ ആവശ്യമില്ല. 'ഇനിയും അടയാളങ്ങള്‍ ഉണ്ടാകട്ടെ, കണ്ണിനും കാതിനും വിശ്വാസയോഗ്യമായ തെളിവു നല്കട്ടെ, അപ്പോള്‍ ഞങ്ങള്‍ മാനസാന്തരപ്പെട്ടോളാം' എന്ന് അവകാശപ്പെടുന്നവര്‍ മാനസാന്തരത്തിനു താത്പര്യമില്ലാതെ സ്വയം ന്യായീകരിക്കുന്നവര്‍ മാത്രമാണ്.