പെസഹായ്ക്കു മുറിക്കാനുള്ള അപ്പം പുഴുങ്ങല്‍ നാണിയമ്മയെ ഏല്പിക്കാനാവില്ല. അതു സ്വയം ചെയ്യണം. ആണ്ടമ്മയും സഹായിക്കാന്‍ താണ്ടമ്മയും അടുക്കളയിലെത്തി. അരി പൊടിച്ചെടുത്തത് താണ്ടമ്മ അരിപ്പയില്‍ തെള്ളി. അപ്പോഴേക്കും ആണ്ടമ്മ അപ്പം പുഴങ്ങാനുള്ള ചെമ്പ് കഴുകി അടുപ്പത്തുവച്ചു. മൂന്നു കിണ്ണത്തിലായി അരിമാവുകുഴച്ച് പരത്തി, താണ്ടമ്മ. അപ്പോഴേക്കും ഓശാന ഞായാറാഴ്ച പള്ളിയില്‍നിന്നു കിട്ടിയ കുരുത്തോല ചെറുതായി കീറി കുരിശാകൃതിയില്‍ അരിമാവിനു മുകളില്‍ പതിച്ചു. താണ്ടമ്മ അപ്പത്തിനൊപ്പം വേണ്ട പാലു പിഴിയാനുള്ള തേങ്ങ ചുരണ്ടി. ശര്‍ക്കരയും ചീവിയെടുത്തു. പാലുപിഴിഞ്ഞ് ശര്‍ക്കര ചേര്‍ത്ത് അത് മറ്റൊരടുപ്പില്‍ വച്ചു.
നാണിയമ്മയും സഹായികളും എല്ലാം നോക്കിനില്ക്കുകയാണ്. കുരിശപ്പവും പാലും വീട്ടുകാര്‍തന്നെ ഉണ്ടാക്കുകയാണ്. അത് വിശുദ്ധമായി ചെയ്യാനുള്ളതാണ്. മറ്റാരെയും ഏല്പിക്കാനാവില്ല.
''നാണ്യേമ്മേ! ഒരമ്പതപ്പം മധുരം ചേര്‍ത്ത് വാഴയിലയില്‍ പരത്തി വേറെ ഒണ്ടാക്കണം കേട്ടാ. പുറവര്‍ക്കു കൊടുക്കാന്.''
പെസഹാപ്പിറ്റേന്ന് അമ്പിട്ടന്റേം കൊല്ലന്റേം വേലന്റേം വെളുത്തേടന്റേം ആശാരീടേം പൊണ്ടാട്ടിമാര്‍ വരും. അതവരുടെ അവകാശമാണ്. കൊട്ടാരത്തിലെ കുടികിടപ്പുകാരല്ലേ അവര്‍.
ഓരോ കുടീലെയും പ്രായം ചെന്നവരുടെയും കിടാങ്ങളുടെയും എണ്ണം നോക്കി ഏഴും എട്ടും പത്തുംവീതം അവര്‍ക്കു കൊടുക്കണം. അതിനാണ് കുരിശപ്പത്തിനു പുറമേ ഇലയപ്പം പുഴുങ്ങുന്നത്.
കൊട്ടാരത്തില്‍ക്കാര് അഞ്ചു തേങ്ങയും അഞ്ചിടങ്ങഴി അരിയും നാലഞ്ചുകിലോ കപ്പയും അമ്പതു വെള്ളിയുറുപ്പികയും എല്ലാ വേലക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും കൊടുക്കും, 'നോമ്പുവീടല്‍' ആഘോഷിക്കാന്‍. ഇട്ടി ലൂക്കാ തരകന്റെ കാലം മുതലുള്ള പതിവാണ്. ആ പതിവ് ഇട്ടി അവിരാ തരകനും തുടര്‍ന്നു. ഇപ്പോഴിതാ മാത്തൂതരകനും.
പെസഹാവിരുന്നിന് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും പിള്ളേരും എത്തിയിട്ടുണ്ട്. പിള്ളേര്‍ക്ക് വെക്കേഷനാണല്ലോ. ഇനി 'നോമ്പുവീടല്‍' കഴിഞ്ഞേ പോവുകയുള്ളൂ. വല്യപ്പച്ചനില്‍നിന്നു കുരിശപ്പം വാങ്ങാന്‍ അടുത്തവര്‍ഷം സാധിക്കുമോ എന്നാര്‍ക്കറിയാം?
സന്ധ്യാപ്രാര്‍ഥനയും അത്താഴവും കഴിഞ്ഞ് എട്ടുമണിയോടെ പെസഹാവിരുന്നിന് കുടുംബാംഗങ്ങളെല്ലാവരും ഊണുമുറിയില്‍ ഒത്തുകൂടി. വല്യപ്പച്ചനെ ഇയ്യോബും തൊമ്മിയും ചേര്‍ന്ന് ഒരു ചക്രക്കസേരയിലിരുത്തി ഊണ്‍മുറിയില്‍ കൊണ്ടുവന്നു. കാരണവര്‍ക്ക് തലേദിവസം പള്ളിയില്‍നിന്നു വികാരിച്ചനെത്തി കുമ്പസാരവും കുര്‍ബാനയും നല്കി. വികാരിയച്ചന്‍ മൂന്നുമാസത്തിലൊരിക്കല്‍ കുമ്പസാരത്തിനായി വരുന്നതാണ്.
കാരണവര്‍ക്കുവേണ്ടി ഇയ്യോബാണ് കര്‍ത്തൃപ്രാര്‍ഥനകള്‍ ചൊല്ലിയത്. ചക്രക്കസേരയിലിരുന്നുതന്നെ കാരണവര്‍ നെറ്റിയില്‍ കുരിശുവരച്ച് അപ്പം മുറിച്ച് മൂപ്പുമുറയ്ക്ക് ഓരോരുത്തര്‍ക്കും നല്കി. വല്യപ്പച്ചനു സ്തുതി ചൊല്ലി കുരിശപ്പം ഏറ്റുവാങ്ങിയവര്‍ മേശയില്‍ ഗ്ലാസിലൊഴിച്ചു വച്ചിരിക്കുന്ന പാലും എടുത്തു മാറിനിന്നു ഭക്ഷിച്ചു. യേശുവിന്റെ തിരുവത്താഴത്തിന്റെ ഓര്‍മ പുതുക്കുന്ന പെസഹാഭക്ഷണം. ചിലര്‍ ഊണ്‍മേശയില്‍ പ്ലേറ്റില്‍ ഉരിഞ്ഞുവച്ചിരിക്കുന്ന പൂവന്‍പഴം കൂടി എടുത്തു. താണ്ടമ്മ പുത്തന്‍പാനയിലെ രണ്ടുപാദങ്ങള്‍ ആലപിച്ചു. ഭക്തിസാന്ദ്രമായ ആലാപനം. കുട്ടികളടക്കം എല്ലാവരും വല്യപ്പച്ചന്റെ കവിളില്‍ മുത്തം കൊടുത്തു. കാരണവരുടെ ജീവിതത്തിലെ അപൂര്‍വമായ നിമിഷങ്ങള്‍. ക്ഷീണിതനായ അവിരാ തരകന്‍ താണ്ടമ്മയുടെ ഗാനാലാപനം തീരുന്നതിനുമുന്നേ തന്റെ കിടപ്പറയിലേക്കു മടങ്ങി.
പതിവുപോലെ രാവിലെ താണ്ടമ്മ കാപ്പിയുമായി ചെല്ലുമ്പോള്‍ വല്യപ്പച്ചന്‍ എണീറ്റിട്ടില്ല. കട്ടിലിനു താഴെ തൊമ്മിയും ചുരുണ്ടുകൂടി കിടക്കുകയാണ്. സാധാരണഗതിയില്‍ ഈ സമയത്ത് പ്രഭാതകൃത്യങ്ങള്‍ക്കുശേഷം ചാരുകസേരയില്‍ വിശ്രമിക്കുകയാണു പതിവ്. ഇന്നെന്തു പറ്റി? താണ്ടമ്മ കാപ്പി മേശയില്‍ വച്ചിട്ട് വല്യപ്പച്ചനെ വിളിച്ചു.
''വല്യപ്പച്ചാ! വല്യപ്പച്ചാ!'' വിളി കേള്‍ക്കുന്നില്ല.
അവള്‍ വീണ്ടും കുലുക്കി വിളിച്ചു.
''വല്യപ്പച്ചാ... വല്യപ്പച്ചാ... എണീക്ക്.''
ഇട്ടി അവിരാ തരകന്‍ വിളി കേട്ടില്ല. അവള്‍ സംശയത്തോടെ മൂക്കിനു താഴെ കൈവച്ചു. പിന്നെ തിടുക്കത്തില്‍ നെറ്റിയില്‍. അവിടെ മരവിച്ചിരുന്നു.
''ഈശോയേ...'' ഒരു നിലവിളിയോടെ താണ്ടമ്മ മുറിക്കു പുറത്തേക്കോടി. അവളുടെ നിലവിളികേട്ട് തൊമ്മി പിടഞ്ഞെണീറ്റു.
ഇട്ടിമാത്തുതരകനും ആണ്ടമ്മയും അടുത്ത മുറിയില്‍നിന്നിറങ്ങി വന്നു.
''നമ്മ്‌ടെ വല്യപ്പച്ചന്‍...'' അവള്‍ക്ക് വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. അവര്‍ അപ്പന്റെ മുറിയിലേക്ക് ഓടി.
തൊമ്മിത്തരകനെ കുലുക്കി വിളിക്കുന്നു. മാത്തുതരകനും അപ്പനെ കുലുക്കി വിളിച്ചു.
''അപ്പാ... അപ്പാ... കണ്ണുതൊറക്ക്...''
ഇട്ടി അവിരാ തരകന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചിരിക്കുന്നു. 94 വര്‍ഷത്തെ ജീവിതപ്പോരാട്ടത്തിനൊടുവില്‍, ഓട്ടം പൂര്‍ത്തിയാക്കി ഇട്ടി അവിരാ തരകന്‍ തന്റെ സപ്രമഞ്ചക്കട്ടിലില്‍ നീണ്ടുനിവര്‍ന്ന് നിശ്ചലം കിടന്നു. കണ്ണുകളടഞ്ഞ് ശാന്തമായ ഒരു ഗാഢനിദ്രപോലെ. സംതൃപ്തമായ ഒരു കുടുംബജീവിതത്തിന്റെ ശാന്തി നേരിയ മന്ദസ്‌മേരമായി ആ മരവിച്ച ചുണ്ടുകളില്‍ ഒളിപ്പിച്ചിരുന്നു.
ആണ്ടമ്മയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കൊട്ടാരത്തില്‍ തറവാടിനെ ഉണര്‍ത്തി. ഇയ്യോബ് ഓടി വന്നു.
താണ്ടമ്മ ഒരു വെള്ള വിരിപ്പുകൊണ്ടുവന്ന് വല്യപ്പച്ചനെ പുതപ്പിച്ചു. തലയ്ക്കല്‍ ഒരു കുരിശുരൂപവും ഒരു കെടാവിളക്കും വച്ചു.
ആണ്ടമ്മയും പെണ്‍മക്കളും അവരുടെ കുട്ടികളും താണ്ടമ്മയും ചേര്‍ന്ന് ജപമാല ചൊല്ലാനാരംഭിച്ചു.
തറവാട്ടിലെ ആണുങ്ങള്‍ പൂമുഖത്ത് ഒത്തുകൂടി. മൃതസംസ്‌കാരം എന്നു വേണം?
ഇയ്യോബ് പറഞ്ഞു:
''ഇന്നു ദുഃഖവെള്ളി, നാളെ ദുഃഖശനി. പിറ്റേദിവസം ഈസ്റ്ററാ. അപ്പോഴ് നാളെ രാവിലെ പത്തുമണിയാണ് സൗകര്യം. ബന്ധുക്കള്‍ക്ക് എത്താനും സമയം കിട്ടും. ഇപ്പോ എത്രയും വേഗം പള്ളില് വികാരിയച്ചനെ അറീക്കണം. ''അങ്ങനെതന്നെ. എന്നെല്ലാവരും സമ്മതിച്ചു.
പള്ളീല് അച്ചന് കാണാന് ഇയ്യോബുതന്നെ പോട്ടെ. പൊറിഞ്ചു ഒരു കാര്യം ചെയ്യ്. 'മരിപ്പ്' അറീക്കാനൊള്ള ബന്ധുക്കടെ ലിസ്റ്റൊണ്ടാക്ക്. കുഞ്ഞുതോമായും കൂടിക്കോളൂ.
''മുറ്റത്ത് പന്തലിടണം. ഓലകെട്ടി അടീല് വെള്ളവിരിക്കണം. ചാക്കോച്ചനും കുഞ്ഞൗതയും പഷ്ണിക്കഞ്ഞീടെ കാര്യം നോക്കണം. ബന്ധുക്കള് നേരത്തേ എത്തും. കുഞ്ഞുമാണീം ലൂക്കാച്ചനും വരുന്നവരെ സ്വീകരിക്കാന്‍ നില്ക്കട്ടെ. കാപ്പീം മുറുക്കാനും ബീഡീമൊക്കെ ഒരുക്കണം. വേണ്ടപ്പെട്ടവര്‍ക്ക് ഒന്നിനും ഒരു മുട്ടുവരരുത്.
''മരിച്ചറീപ്പുമായ് ഇന്നുതന്നെ വേലക്കാര് ബന്ധുവീടുകളിലേക്കു പൊറപ്പെടണം.''
നിര്‍ദേശം കൊടുത്തിട്ട് മാത്തൂത്തരകന്‍ തന്റെ അറയിലേക്കു പോയി. എല്ലാറ്റിനും പണം വേണം. തന്റെ കാല്‍പ്പെട്ടി തുറന്നുനോക്കി. വെള്ളിയുറുപ്പികയും നോട്ടുമായി ആവശ്യത്തിനൊണ്ട്. ശവമടക്കിനുശേഷം ഒത്തുകൂടുന്ന ദൈവാധീനം! ഇന്നലെ തേങ്ങ വിറ്റതിന്റെ പണം കിട്ടീട്ടൊണ്ട്. കാര്യസ്ഥന്മാരിലൊരാളെ ശവപ്പെട്ടിക്കു വിടണം. മറ്റൊരാളെ കുടുംബക്കല്ലറ പുതുക്കാനും. മാത്തൂത്തരകന്‍ ഒരു നിമിഷം ആലോചിച്ചിരുന്നു. അപ്പന്‍ ഇനി ഇല്ല. അതാലോചിച്ചപ്പോള്‍ അയാള്‍ക്ക് സങ്കടം വിങ്ങിപ്പൊട്ടി. തൊണ്ട കനത്തു. ഒന്നുറക്കെ കരയണം. അയാള്‍ അറയില്‍ കയറി ആരും കാണാതെ ഏതാനും നിമിഷം തന്റെ സങ്കടം കരഞ്ഞുതീര്‍ത്തു.
തന്റെ അപ്പന്റെ 'ശവമടക്ക്' ഗംഭീരമാക്കണം. മറ്റാരും ചെയ്യാത്തവിധം. അയല്‍പള്ളികളിലെ 'കുരിശും കൊടേം' കൊണ്ടുവരണം. മൂന്നോ നാലോ സെറ്റ് ബാന്‍ഡുമേളം വേണം. ഈ കരയുടെ നാഥനാണ് അരങ്ങൊഴിയുന്നത്. കൊട്ടാരത്തില്‍ തറവാടിന്റെ അന്തസ്സ് നിലനിറുത്തണം.
അയാള്‍ നനഞ്ഞ കണ്ണുകളൊപ്പി തോളില്‍ കിടന്ന കുറിയതുകൊണ്ട് മുഖം തുടച്ച്, ദൃഢനിശ്ചയത്തോടെ എണീറ്റു.
വില്ലുവണ്ടിയില്‍ ഇയ്യോബിനൊപ്പം വികാരിയച്ചനും കപ്യാരും വന്നു. അച്ചന്‍ നേരേ വലിയ തരകന്റെ അറയിലേക്കു പോയി. വീണ്ടും എല്ലാവരും അറയില്‍ ഒത്തുകൂടി.
അച്ചന്‍ മരിച്ചവര്‍ക്കുള്ള ഒപ്പീസ് ചൊല്ലി. കുടുംബാംഗങ്ങള്‍ ഒപ്പം ചേര്‍ന്നു. ഒപ്പീസുകഴിഞ്ഞ് ഒരു മിനിറ്റ് വികാരിയച്ചന്‍ വലിയ തരകന്റെ മുഖത്തേക്കു നോക്കി മൗനമായി നിന്നു.
''മാത്തൂച്ചാ! വിവരമറഞ്ഞ ഉടന്‍തന്നെ ഞാന്‍ അരമനേല് മെത്രാനച്ചന് ഒരു കത്ത് കൈക്കാരന്റെ കൈയില് കൊടുത്തുവിട്ടിട്ടൊണ്ട്. വലിയ തരകന്റെ ശവമടക്കിന് മെത്രാനച്ചന്‍തന്നെ മുഖ്യകാര്‍മികത്വം വഹിക്കട്ടെ.''
കാപ്പികുടിക്കുന്നതിനിടയില്‍ വികാരിയച്ചന്‍ പറഞ്ഞു: ''ഇയ്യോ മെത്രാനച്ചന്‍ വരികയാണെങ്കില് അയല്‍പള്ളികളിലെ വികാരിച്ചന്മാരെക്കൂടി വിവരം അറീക്കണം.''
അച്ചന്‍ മടങ്ങിയതിനുപിന്നാലെ ഇയ്യോബ് തന്റെ മുറിയിലേക്കു വന്നു. ഒപ്പം താണ്ടമ്മയുമുണ്ട്.
''വീട്ടില് അപ്പച്ചനേം അമ്മച്ചിയേം അറീക്കണ്ടെ.''
''വേണം. നമ്മടെ വില്ലുവണ്ടീല് ആളെ വിടാം. അപ്പച്ചനും അമ്മച്ചീം ഇന്നുതന്നെ അതില് പോരട്ടെ.'' ഒരു പായ് കടലാസെടുത്ത് താണ്ടമ്മയുടെ കൈയില്‍ കൊടുത്ത് ഇയ്യോബ് പറഞ്ഞു:
''എഴുത്.''
''ഞങ്ങളുടെ പ്രിയപ്പെട്ട വല്യപ്പച്ചന്‍ പകലോമറ്റത്തായ കൊട്ടാരത്തില്‍ ഇയ്യോ ലൂക്കാ തരകന്‍ മകന്‍ ഇയ്യോ അവിരാ തരകന്‍, 94 വയസ്സ്, ഇന്നു വെളുപ്പിനു കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. ശവസംസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 12 മണിക്ക് ദേവമാതാപ്പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ നടത്തപ്പെടും. തറവാട്ടിലെ ശുശ്രൂഷകള്‍ കൃത്യം പത്തുമണിക്ക് ആരംഭിക്കും. ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന് അപേക്ഷിക്കുന്നു.''
എന്ന്
കൊട്ടാരത്തില്‍ ഇയ്യോ മാത്തുത്തരകന്‍ ഇയ്യോബ് ലൂക്കാ തരകന്‍
''നിയ്യ് ഇതിന്റെ പത്തുമൂപ്പതു കോപ്പി എഴുതണം.'' ഒരു നോട്ടുബുക്കെടുത്തു കൊടുത്തിട്ട് ഇയ്യോബ് പറഞ്ഞു.
മുറ്റത്ത് പന്തലിന്റെ പണി തുടങ്ങിക്കഴിഞ്ഞു. കുടികിടപ്പുകാരായ ചെറുമരും മറ്റു വാല്യക്കാരും അയല്‍ക്കാരും ചേര്‍ന്നു. പറമ്പിലെ പൊക്കം കൂടിയ കവുങ്ങുകള്‍ മുറിഞ്ഞുവീണു. അയല്‍പക്കത്തെ വീടുകളില്‍ മെടഞ്ഞു സൂക്ഷിച്ചിരുന്ന ഓലക്കെട്ടുകള്‍ കൊട്ടാരത്തിലേക്കു വന്നു. ഇഷ്ടംപോലെ പണിക്കാര്‍. സന്ധ്യയാവുമ്പോഴേക്കും പന്തല്‍ തീരും.
സന്ധ്യയായപ്പോള്‍ തൊട്ടടുത്ത പട്ടണത്തില്‍നിന്നു വാടകയ്‌ക്കെടുത്ത പെട്രോമാക്‌സ് ലൈറ്റുകള്‍ പന്തലിലും പൂമുഖത്തും തെളിഞ്ഞു. അവിരാ തരകന്റെ മൃതദേഹം പെട്ടിയിലാക്കി. ഇപ്പോള്‍ പൂമുഖത്തുണ്ട്. ഇരുവശത്തും ഇട്ടിരിക്കുന്ന ചാരുബഞ്ചുകളില്‍ പെണ്‍മക്കളും മറ്റ് അടുത്ത ബന്ധുക്കളും താണ്ടമ്മയുടെ നേതൃത്വത്തില്‍ നൂറ്റിയമ്പത്തിമൂന്നുമണി ജപം ചൊല്ലുന്നു.
കേട്ടറിഞ്ഞ അയല്‍ക്കാരും നാട്ടുകാരും വലിയ തരകനെ 'ഒന്നു കാണാന്‍' വന്നും പോയും ഇരിക്കുന്നു. ചിലര്‍ പന്തലിലിരുന്ന് പിച്ചളത്തളികയില്‍ വച്ചിരിക്കുന്ന വെറ്റില എടുത്ത് ഞരമ്പുകളഞ്ഞ് ചുണ്ണാമ്പുകുടത്തില്‍നിന്നു ചുണ്ണാമ്പെടുത്തു പുരട്ടി നുറുക്കിയിട്ടിരിക്കുന്ന പാക്കും പുകയിലയും ചേര്‍ത്ത് നന്നായി മുറുക്കുന്നു. അതിനിടയില്‍ നാട്ടുവര്‍ത്തമാനത്തില്‍ മുഴുകുന്നവരെയും കാണാം.
കൊട്ടാരത്തില്‍ തരകന്മാരുടെ കുടുംബചരിത്രം വിളമ്പുന്നവരും ഉണ്ട്. വലിയ തരകന്റെ അപദാനങ്ങള്‍ എണ്ണിപ്പറഞ്ഞ്, മുറ്റത്തിനു വെളിയില്‍പോയി നീട്ടിത്തുപ്പി, വീണ്ടും കഥ തുടരുന്നവരെയും കാണാം. ബീഡി വലിക്കുന്നവര്‍ വേലക്കാര്‍ കൊണ്ടുവരുന്ന 'ചുക്കുകാപ്പി' കുടിക്കുകയും പഴംപുരാണങ്ങള്‍ വിളമ്പുകയും ചെയ്യുന്നുണ്ട്.
രാത്രി മുഴുവനുമിരുന്നു പാന വായിക്കാനുള്ള സംഘം പുത്തന്‍പാനയുടെ പുസ്തകങ്ങള്‍ ശേഖരിക്കുകയാണ്. അവര്‍ക്കു രണ്ടുമൂന്നു സെറ്റു തിരിഞ്ഞുവേണം പാനവായന നടത്താന്‍. പുത്തന്‍പാന മുഴുവന്‍ കാണാതെ പഠിച്ചിട്ടുള്ള ചില വിദഗ്ധരും അക്കൂട്ടത്തിലുണ്ട്. അവര്‍ മരിപ്പു വീടുകളിലെല്ലാം പോകും. ഈണത്തില്‍ പാനവായിക്കും. അത്താഴത്തിനുശേഷം പാനവായന തുടങ്ങാനുള്ള ഒരുക്കത്തിലാണ് അവര്‍. ചിലര്‍ക്കു ചുക്കുകാപ്പിയും ചിലര്‍ക്ക് കുടിയും വേണ്ടി വരും. കാര്യസ്ഥന്മാര്‍ ഒന്നിനും ലോഭമില്ലാതെ ഒരുക്കുന്നുണ്ട്. ഇരുട്ടില്‍ ചൂട്ടുകറ്റ മിന്നിച്ച് വരുന്നവരും പോകുന്നവരും.
അകലെയുള്ള ബന്ധുജനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അവര്‍ വന്ന കാളവണ്ടികള്‍ പടിപ്പുരമാളികയ്ക്കു പുറത്ത്. നുകം അഴിച്ച വണ്ടിക്കാര്‍ കാളകളെ സ്വതന്ത്രരാക്കി അവയ്ക്ക് വൈക്കോലിട്ടുകൊടുത്തു.
സന്ധ്യയ്ക്കുമുമ്പേ ഇയ്യോയുടെ വില്ലുവണ്ടിയില്‍ താണ്ടമ്മയുടെ അമ്മയും അപ്പനും എത്തിയിട്ടുണ്ട്. അവര്‍ ഇയ്യോയുടെ മാളികപ്പുരയില്‍ വിശ്രമിക്കുകയാണ്. ബന്ധുക്കാരിലെ മുഖ്യാതിഥികളാണല്ലോ അവര്‍. ഒന്നും അറിയാതെ ഇയ്യോ അവിരാ തരകന്‍ പൂമുഖത്ത് പെട്ടിയില്‍ അന്ത്യനിദ്ര കൊള്ളുന്നു.
പൂഞ്ഞാര്‍ കോവിലകത്തെ ഇളയവര്‍മ രാജാ ഒരു അനുചരനുമൊത്ത് പല്ലക്കില്‍ വന്നു. അദ്ദേഹം വലിയ തരകനെ ഒരു ചുവന്ന പട്ടു പുതപ്പിച്ചു. എന്നിട്ട് കുറേസമയം പ്രശാന്തമായ ആ മുഖത്തേക്കു നോക്കിനിന്നു.
അതിനുശേഷം കൈകൂപ്പി തൊഴുതിട്ട് അവിടെനിന്ന് നിഷ്‌ക്രമിച്ചു. മാത്തുതരകനെയും ഇയ്യോബ് തരകനെയും കണ്ട് അനുശോചനം അറിയിച്ച് അദ്ദേഹം മടങ്ങി.
കൃത്യം പത്തുമണിക്ക് അഞ്ചുമിനിറ്റ് ഉള്ളപ്പോള്‍ വികാരിയച്ചനും കപ്യാരും വന്നു. ഇപ്പോള്‍ അവിരാതരകന്റെ മൃതദേഹം പന്തലിലാണ്. ശവപ്പെട്ടി പൂക്കള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മഠത്തിലെ കന്യാസ്ത്രീമാര്‍ കൊണ്ടുവന്നു കൊടുത്ത വെള്ളപ്പൂക്കളുള്ള മുടി ശിരസ്സില്‍. പിന്നില്‍ രണ്ടു മെഴുകുതിരിക്കാലുകള്‍ക്കു നടുവില്‍ പള്ളിയിലെ പൊന്‍കുരിശ്.
വികാരിയച്ചന്‍ അവിരാതരകന്റെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ച് 10 മിനിറ്റു പ്രസംഗിച്ചു. അതിനുശേഷം പ്രാര്‍ഥനപ്പുസ്തകം തുറന്നു വലിയ ഒപ്പീസ് ചൊല്ലി. അനന്തരം അടുത്ത ബന്ധുക്കള്‍ക്ക് അന്ത്യചുംബനം നല്കാവുന്നതാണെന്ന് അറിയിച്ചു.
ആണ്ടമ്മയും മാത്തൂതരകനും ഏഴുമക്കളും തങ്ങളുടെ പ്രിയപ്പെട്ടവന് അന്ത്യചുംബനം നല്കി. വികാരിച്ചന്റെ നിര്‍ദേശാനുസരണം ശവസംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ രണ്ടു വരിയായി പള്ളിയിലേക്കു നീങ്ങി. ഇയ്യോബും അവിരാതരകന്റെ സഹോദരപുത്രന്മാരും ചേര്‍ന്ന് മൃതദേഹം സംവഹിച്ച് പടിപ്പുരമാളികയ്ക്കു പുറത്ത് നിറുത്തിയിരിക്കുന്ന ശവവണ്ടിയില്‍ എത്തിച്ചു.
പള്ളിപ്പുറത്തുനിന്നു വന്ന ബാന്റുമേളക്കാര്‍ ശോകഗാനട്യൂണ്‍ വായിച്ചു. അനേകം മുത്തുക്കുടകളുടെയും വെള്ളിക്കുരിശുകളുടെയും അകമ്പടിയോടെ അവിരാതരകന്‍ ഇടവകപ്പള്ളിയിലേക്കു സാവകാശം നീങ്ങി.
പള്ളിയില്‍ ചങ്ങനാശേരി രൂപതാധ്യക്ഷന്‍ മാര്‍ കുര്യാളശേരി പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ശവസംസ്‌കാരശുശ്രൂഷ നടന്നു. അവിരാതരകനെക്കുറിച്ച് മെത്രാനച്ചന്‍ അരമണിക്കൂര്‍ ചരമപ്രസംഗവും നടത്തി.
സെമിത്തേരിയിലെ ഒന്നാംനിരയിലുള്ള കുടുംബക്കല്ലറയില്‍ ഇയ്യോ അവിരാ തരകന്റെ മൃതദേഹം സംസ്‌കരിച്ചു. അവിരാ തരകനു മുന്നോടിയായി തരകന്റെ സഹധര്‍മിണി അന്നാമ്മ തരകന്‍ നേരത്തേ കബറടങ്ങിയിരുന്നു.
പള്ളിമുറ്റത്ത് ദാനധര്‍മത്തിനായി എത്തിയവരില്‍ മുതിര്‍ന്നവര്‍ക്ക് 20 വെള്ളിയുറുപ്പികയും കുട്ടികള്‍ക്ക് പത്തുറുപ്പികയും വീതം വിതരണം ചെയ്തു.
ഉച്ചയ്ക്ക് വീട്ടില്‍ 'പഷ്ണിക്കഞ്ഞി'യില്‍ അയല്‍ക്കാരും ബന്ധുമിത്രാദികളും പങ്കെടുത്തു. തൊട്ടടുത്ത സ്‌കൂളില്‍നിന്നു കൊണ്ടുവന്ന ബെഞ്ചും ഡസ്‌കും പന്തലില്‍ നിരത്തിയിരുന്നു. 'പഷ്ണിക്കഞ്ഞി' എന്നാണ് പേരെങ്കിലും ഇലയിട്ട് ഊണാണ്. നല്ല ഒന്നാന്തരം ചമ്പാവരിയുടെ ചോറ്. താണ്ടമ്മയുടെ വീട്ടില്‍ നിന്നുകൊണ്ടുവന്നത്. എരിശേരി, മാങ്ങ, നാരങ്ങാ അച്ചാറുകള്‍. കറിവേപ്പില മുറിച്ചിട്ട മോര്, പപ്പടം, ഉപ്പേരി അവസാനം ഒരു പഴം. വിളമ്പാന്‍ അയല്‍ക്കാരും അടുത്ത ബന്ധുക്കളിലെ യുവാക്കളും. ബന്ധുക്കളും അയല്‍ക്കാരും പിരിഞ്ഞതോടെ കൊട്ടാരത്തില്‍ ബംഗ്ലാവ് ശ്മശാനമൗനത്തിലായി. അങ്ങനെ അവിരാതരകന്റെ യുഗം അവസാനിച്ചു.
(തുടരും)