•  28 Nov 2024
  •  ദീപം 57
  •  നാളം 38
വചനനാളം

സ്വര്‍ഗീയജീവിതത്തിന്റെ മുന്നാസ്വാദനം

ഓഗസ്റ്റ് 6  കൈത്താക്കാലം   നാലാം ഞായര്‍
പുറ 19:1-8+20:18-21   ശ്ലീഹ 1:15-26 
ഹെബ്രാ 12:18-29     മത്താ 17:1-9

ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം മിശിഹാസംഭവമാണ് (Christ Event). മിശിഹാ, തന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍വഴി ദൈവത്തിന്റെ മഹത്ത്വവും സാന്നിധ്യവും നമുക്കു വെളിപ്പെടുത്തുന്നു. അവിടുത്തെ മഹത്ത്വത്തിന്റെ ഔന്നത്യത്തിനും ആ മഹത്ത്വത്തിന്റെ സാന്നിധ്യം ജനം എങ്ങനെ അനുഭവിക്കുന്നു എന്നതിനും വി. ഗ്രന്ഥത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്നത്തെ സുവിശേഷം പങ്കുവയ്ക്കുന്ന ഈശോയുടെ രൂപാന്തരീകരണം ദൈവമഹത്ത്വത്തിന്റെ അനുഭവം  ശിഷ്യന്മാര്‍ക്കു ലഭിക്കുന്നതില്‍ വലിയ പങ്കു വഹിച്ച സംഭവമാണ്. തന്റെ  മഹത്ത്വത്തിലേക്കു മനുഷ്യനെയും ക്ഷണിക്കുന്ന  ദൈവത്തെ നമുക്കു വാഴ്ത്താം. 
ഇസ്രായേല്‍ജനത്തിന് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്ന സംഭവമാണ് ആദ്യ വായനയുടെ ഉള്ളടക്കം (പുറ 19:1-8+20:18-21). അതുവരെ അവര്‍ മോശയുടെ വാക്കുകളിലൂടെ മനസ്സിലാക്കിയ ദൈവത്തെ അവര്‍ ദര്‍ശിക്കാന്‍ പോകുകയാണ്. ''ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ എപ്പോഴും വിശ്വസിക്കുന്നതിനുംവേണ്ടി ഇതാ, ഞാന്‍ ഒരു കനത്ത മേഘത്തില്‍ നിന്റെ അടുക്കലേക്കു വരുന്നു'' (19:9). അരൂപിയായ ദൈവം ജനത്തിന് തന്നെത്തന്നെ വെളിപ്പെടുത്താന്‍ തിരഞ്ഞെടുക്കുന്നതു മേഘത്തെയാണ്. 
ദൈവത്തിന്റെ മഹത്ത്വം ജനത്തിന് അനുഭവവേദ്യമാകുന്ന ആദ്യസംഭവമല്ലിത്. പകല്‍ വഴികാട്ടാന്‍ മേഘസ്തംഭത്തിലും രാത്രിയില്‍ പ്രകാശം നല്കാന്‍ അഗ്‌നിസ്തംഭത്തിലും അവര്‍ക്കു ദൈവം സമീപസ്ഥനായിരുന്നു (പുറ 13:21).  പ്രവാചകന്മാരുടെ കാലത്തും ദൈവമഹത്ത്വത്തെ വിവിധ അനുഭവങ്ങളില്‍ ദര്‍ശിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.  പെരുവെള്ളത്തിന്റെ ഇരച്ചില്‍പോലെയായിരുന്നു  ദൈവത്തിന്റെ ആഗമനത്തിന്റെ സ്വരമെന്നു  പറയുന്ന എസെക്കിയേല്‍ പ്രവാചകനും (എസെ 43:2) ദൈവത്തിന്റെ സാന്നിധ്യത്തെ ദൈവാലയം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന വസ്ത്രാഞ്ചലമായി ദര്‍ശിക്കുന്ന ഏശയ്യാപ്രവാചകനും (ഏശ 6:1) തങ്ങള്‍ക്കുണ്ടായ ദൈവാനുഭവത്തെ മനുഷ്യന്റെ ഭാഷയില്‍ വര്‍ണിക്കാന്‍ ശ്രമിക്കുകയാണ്. ദൈവം മേഘമാണ്, ദൈവം അഗ്‌നിസ്തംഭമാണ്,  പെരുവെള്ളമാണ്, വസ്ത്രാഞ്ചലമാണ് എന്നു സ്ഥാപിക്കാനല്ല പ്രവാചകന്മാര്‍ ഇപ്രകാരം പറയുന്നത്. ദൈവത്തിന്റെ വര്‍ണനാതീതമായ സാന്നിധ്യം തിരിച്ചറിയുന്ന മനുഷ്യന്‍ തന്റെ ഭാഷയുടെ പരിമിതിക്കുള്ളില്‍നിന്ന്  അവിടുത്തെ മഹത്ത്വവും രൂപവും വര്‍ണിക്കുന്നുവെന്നുമാത്രം. 
ദൈവത്തിന്റെ മഹത്ത്വം സൃഷ്ടിയുടെമേല്‍ വരുമ്പോള്‍ അവര്‍ക്കു താങ്ങാവുന്നതിനപ്പുറമുള്ള സന്തോഷവും വൈകാരികാനുഭവവും ഉണ്ടാകുന്നു (പുറ 19:16-18). ദൈവത്തിന്റെ സ്വരംപോലും ഇടിമുഴക്കംപോലെ അനുഭവപ്പെടുന്നു (19:19). അതുകാണുന്ന ജനം ഭയവിഹ്വലരായിത്തീരുന്നു (20:18). ദൈവത്തിന്റെ മഹത്ത്വത്തിന്റെ അതിശ്രേഷ്ഠത കാരണം തങ്ങള്‍ മരിച്ചുപോയേക്കുമെന്നതിനാല്‍ മോശതന്നെ ദൈവത്തോടു സംസാരിച്ചാല്‍ മതിയെന്ന് ജനം പറയുന്നു (20:20).    
പഴയ ഉടമ്പടിയുടെ ഈ ദൈവാനുഭവത്തില്‍ മോശ ജനത്തിനും ദൈവത്തിനുമിടയിലുള്ള മധ്യസ്ഥനായിരുന്നു. മോശയ്ക്ക് ദൈവാനുഭവം ഉണ്ടാകുന്നുമുണ്ട്. എന്നാല്‍ തനിക്കുണ്ടായ അതേ അനുഭവം ജനത്തിനു പങ്കുവച്ചുകൊടുക്കാന്‍ മോശയ്ക്കു കഴിയുന്നില്ല. കാരണം, മോശ മനുഷ്യനായിരുന്നു എന്നതുതന്നെ. 
പുതിയ ഉടമ്പടിയിലാകട്ടെ, ദൈവംതന്നെയായ ഈശോമിശിഹാ തന്റെ പ്രിയശിഷ്യര്‍ക്ക് ദൈവമഹത്ത്വത്തിന്റെ അനുഭവം സ്വന്തമാക്കാനുള്ള കൃപ നല്കുന്നു (മത്താ 17:1-9).  പഴയ ഉടമ്പടിയില്‍ ദൈവത്തിന്റെ രൂപം ജനം എങ്ങനെ കണ്മുന്നില്‍ കണ്ടോ അതേപോലെ, പ്രപഞ്ചത്തിലെ ഒരു സാദൃശ്യങ്ങള്‍കൊണ്ടും വിവരിക്കാന്‍ കഴിയാത്ത തരത്തില്‍, സൂര്യനെപ്പോലെ പ്രകാശിക്കുന്ന ഈശോയെ ശിഷ്യന്മാര്‍ കാണുന്നു (17:2). 
പഴയ ഉടമ്പടിയില്‍ ജനത്തിനുണ്ടായ ദൈവദര്‍ശനം എത്രമാത്രം അവര്‍ണനീയമായിരുന്നെന്നും ആ ദര്‍ശനത്തെ ഒഴിവാക്കാന്‍ ശ്രമിച്ചവരാണ് ജനം എന്നും അറിയാത്തവരല്ല ശിഷ്യന്മാര്‍. മേഘത്തില്‍ വന്ന ദൈവത്തെയോ ആ ദൈവത്തെ നേരില്‍ക്കണ്ട മോശയെയോ നോക്കാന്‍പോലും ധൈര്യമില്ലാതിരുന്ന ജനമാണവര്‍. എന്നാല്‍ ഇന്നിതാ ഈശോമിശിഹാ തന്നെ ശിഷ്യന്മാര്‍ക്ക് ദൈവമഹത്ത്വത്തിന്റെ മുന്നാസ്വാദനം നല്കുന്നു. 
സുവിശേഷം നല്കുന്ന സൂചനകളില്‍ ഒന്നാമത്തേത് ഈശോ ദൈവംതന്നെയാണെന്ന ബോധ്യത്തിലേക്ക് ശിഷ്യന്മാര്‍ ഒരു പടികൂടി വളരണമെന്നതാണ്. പഴയ ഉടമ്പടിയില്‍ ദൈവം പ്രത്യക്ഷപ്പെടുമ്പോഴുള്ള ഒരു പശ്ചാത്തലസാഹചര്യം ഇവിടെയും ക്രമീകരിക്കപ്പെടുന്നു. സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുന്ന മുഖം, പ്രകാശംപോലെ ധവളമാകുന്ന വസ്ത്രം, അവരെ ആവരണം ചെയ്യുന്ന ശോഭയേറിയ മേഘം എന്നീ സൂചനകള്‍ ദൈവദര്‍ശനങ്ങളില്‍ മാത്രം സംഭവിക്കുന്നവയാണ്. മേഘത്തില്‍നിന്നു കേള്‍ക്കപ്പെടുന്ന സ്വരം സാക്ഷ്യം നല്കുന്നതും ഈശോയുടെ ദൈവത്ത്വത്തിനുതന്നെ. 
രണ്ടാമത്തെ സൂചന ദൈവമഹത്ത്വത്തിന്റെ മുന്നാസ്വാദനം ലഭിക്കാന്‍ ശിഷ്യന്മാര്‍ക്കു ലഭിക്കുന്ന അവസരത്തെപ്പറ്റിയാണ്. ആദ്യഉടമ്പടിയില്‍ സംഭവിച്ചതുപോലെ മനുഷ്യനെ താഴെനിറുത്തിയുള്ള ദൈവദര്‍ശനമല്ല ഉണ്ടാകുന്നത്. ഈശോമിശിഹാ മനുഷ്യനെ ഒപ്പംനിറുത്തി ദൈവമഹത്ത്വത്തിന്റെ അവസ്ഥയും സന്തോഷവും അതാവശ്യപ്പെടുന്ന വിശുദ്ധിയും ശിഷ്യന്മാര്‍ക്കു ബോധ്യമാക്കിക്കൊടുക്കുന്നു. 
ഈ ദൈവമഹത്ത്വത്തിന്റെ ഉള്ളില്‍ പ്രവേശിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഹെബ്രായലേഖനം നമ്മെ ഓര്‍മിപ്പിക്കുന്നു (ഹെബ്രാ 12:18-29).  മനുഷ്യന്റെ ചിന്താശക്തിക്കുള്ളില്‍ നില്ക്കുന്നതല്ല ദൈവമെന്ന യാഥാര്‍ഥ്യം. സ്പര്‍ശിക്കാവുന്ന വസ്തുവിനെ വിലയിരുത്തുന്നപോലെ ദൃഷ്ടിഗോചരവും അനുഭവവേദ്യവുമാണ് ൈദവമെന്നു ചിന്തിക്കരുത് (12:18). തികച്ചും ആത്മീയവും രൂപമില്ലാത്തതും എല്ലാറ്റിന്റെയും കാരണവുമായവന്റെ സന്നിധിയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. 
പഴയ ഉടമ്പടിയില്‍ ജനത്തെ ഭയവിഹ്വലരാക്കുന്ന രീതിയിലുള്ള ദര്‍ശനങ്ങള്‍ ആയിരുന്നെങ്കില്‍ പുതിയ ഉടമ്പടിയിലാകട്ടെ ദൈവികകരുതലുള്ള, ശിഷ്യന്മാര്‍ക്കു ദൈവാനുഭവം പകര്‍ന്നുകൊടുക്കുന്ന ദര്‍ശനമായിരുന്നു ഈശോയുടെ രൂപാന്തരീകരണം. മിശിഹാ പങ്കുവച്ചുതരുന്ന ഈ ദൈവാനുഭവത്തിലേക്കുള്ള, ദൈവമഹത്ത്വത്തിലേക്കുള്ള ക്ഷണമാണ് നമുക്കു ലഭിച്ചിരിക്കുന്നത്.
ആ ദൈവമഹത്ത്വത്തില്‍ പങ്കുകാരായിരിക്കുന്ന ദൂതന്മാരുടെ സമൂഹമുണ്ട്, നീതിമാന്മാരുടെ ആത്മാക്കളുണ്ട്. അത് ദൈവം ന്യായാധിപനായിരിക്കുന്നിടമാണ്. അത് പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ ഈശോയുടെ സന്നിധിയാണ് (12:22-24). ദൈവസന്നിധിയില്‍ ആയിരിക്കുന്ന സന്തോഷത്തിന്റെ മുന്നാസ്വാദനം ശിഷ്യന്മാര്‍ക്കു ലഭിക്കുന്നു. അത് നമുക്കും ലഭിക്കുമെന്നതിന്റെ ഉറപ്പാണ് ഈശോയുടെ രൂപാന്തരീകരണം. ദൈവമഹത്ത്വത്തിലേക്കു നമ്മെ ഉയര്‍ത്താന്‍ വന്ന ഈശോമിശിഹായ്ക്കായി നമ്മുടെ ഉള്ളിലും കൂടാരം തീര്‍ക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)