ജൂലൈ 30 കൈത്താക്കാലം മൂന്നാം ഞായര്‍
നിയമ 5:6-16 ഏശ 5:1-7
2 കോറി 7:1-11 യോഹ 9:1-12, 35-38
ദൈവത്തെ തേടിയുള്ള യാത്രയാണ് മനുഷ്യന്റേത്. ഈ ലോകത്തില്‍ ആയിരിക്കാന്‍ തന്നെ അനുവദിച്ച സ്രഷ്ടാവിനെ തേടിയുള്ള യാത്ര. ലോകം സൃഷ്ടിക്കുന്ന മതിഭ്രമത്താല്‍ കണ്ണുകള്‍ക്ക് അന്ധത ബാധിച്ച് ചിലപ്പോഴെങ്കിലും വഴിമാറിപ്പോകുമെങ്കിലും, ദൈവത്തിലേക്കു തിരിയാനും അവിടുത്തെ കണ്ടുമുട്ടാനുമുള്ള ആഗ്രഹം അവന്റെ അന്തരാളങ്ങളില്‍ എപ്പോഴും കത്തിജ്ജ്വലിക്കുന്നുണ്ടാകും. സുവിശേഷത്തില്‍ നിരന്തരം കാണുന്ന തീക്ഷ്ണമായ ഇത്തരമൊരു ദൈവാനുഭവത്തെയാണ് നമ്മുടെ വിചിന്തനത്തിനായി സഭാമാതാവ് ഇന്നു നമുക്കു നല്കുന്നത്.
ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെ ഉറപ്പിച്ചുനിര്‍ത്തുന്ന പ്രധാന ഘടകം പത്തു കല്പനകളാണ്. സമൂഹത്തിന്റെ സുസ്ഥിതിക്കായുള്ള നിയമങ്ങള്‍ പാലിക്കുക എന്നതുതന്നെ മനുഷ്യനു ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോഴാണ് ദൈവത്തിന്റെ കല്പനകള്‍! പക്ഷേ, കല്പനകളുടെ കാഠിന്യത്തേക്കാള്‍ അവ സൂക്ഷ്മമായി പാലിക്കുമ്പോഴുള്ള അനുഗ്രഹങ്ങളാണ് ദൈവകല്പനകള്‍ പാലിക്കാന്‍ നമുക്കു പ്രേരണയാകേണ്ടത്. അതിനെക്കുറിച്ചാണ് ഇന്നത്തെ ആദ്യവായന ചര്‍ച്ചചെയ്യുന്നത് (നിയ 5:6-16).
''എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും'' (5: 10). കല്പനകള്‍ പാലിക്കുന്നത് സ്‌നേഹത്തിന്റെ പ്രകടനമായാണ് ദൈവം കാണുന്നത്. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് കല്പനകള്‍ പാലിക്കാതിരിക്കാനാവില്ല എന്നതാണ് അവിടുത്തെ നിലപാട്. സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന നിയമങ്ങള്‍മാത്രമേ ബോധപൂര്‍വം അനുസരിക്കപ്പെടുകയുള്ളൂ. രാജ്യത്തിന്റെ നിയമങ്ങള്‍ നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിക്കുന്നതാെണന്നു പൗരന്മാര്‍ക്കു ബോധ്യം വരുമ്പോള്‍മാത്രമേ സൃഷ്ടിപരമായ നിയമപാലനം നടക്കൂ, രാജ്യത്തിനും പൗരന്മാര്‍ക്കും ഒരുപോലെ ഉപകാരപ്പെടൂ. അതുപോലെതന്നെയാണ് ദൈവകല്പനകളും! ദൈവരാജ്യത്തെ സ്‌നേഹിക്കുന്നവര്‍ ദൈവകല്പനകള്‍ പാലിക്കണം.
ഇസ്രായേലിനു വിശിഷ്ടമായ കാനാന്‍ദേശം നല്കിയപ്പോള്‍ ദൈവത്തിന്റെ ചിന്തയും ഇതുതന്നെയായിരുന്നു. ദൈവം നല്കുന്ന സമ്പത്തും അവിടുത്തെ നിരന്തരമായ കാരുണ്യത്തിന്റെ ഓര്‍മയുമൊക്കെ ജനത്തിന് കല്പനകള്‍ സ്‌നേഹത്തോടെ പാലിക്കാനുള്ള പ്രചോദനം നല്കുമെന്ന് അവിടുന്ന് വിചാരിച്ചു. പക്ഷേ, കാര്യങ്ങള്‍ വിപരീതമായാണു സംഭവിച്ചതെന്ന് രണ്ടാം വായന നമ്മെ ഓര്‍മിപ്പിക്കുന്നു (ഏശ 5:1-7). ''അത് വിശിഷ്ടമായ മുന്തിരിപ്പഴം നല്കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതു പുറപ്പെടുവിച്ചത് കാട്ടുമുന്തിരിപ്പഴമാണ്'' (5:2). ദൈവത്തിന്റെ ആഗ്രഹം ജനം വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നില്ല എന്നതാണ് അവിടുത്തെ സങ്കടത്തിനു നിദാനം. ''എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാന്‍ ചെയ്തതിലേറെ എന്താണു ചെയ്യേണ്ടിയിരുന്നത്?'' (5:4).
നിയമം അനുസരിക്കുക, കല്പനകള്‍ പാലിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെ സ്‌നേഹവുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് അവയുടെ പാലനം ഭാരമായിത്തോന്നും. അതിനൊരു ഉദാഹരണമാണ് ഇന്നത്തെ സുവിശേഷത്തിന്റെ (യോഹ 9:1-12,35-38) ആദ്യഭാഗം. അന്ധനായ ഒരു മനുഷ്യന്‍ അങ്ങനെ ജനിച്ചത് ആരുടെ പാപം നിമിത്തമാണ് എന്നതാണ് ശിഷ്യന്മാരുടെ ചോദ്യം (9:2). അയാളുടെ മാതാപിതാക്കളോ അവന്‍തന്നെയോ ചെയ്ത കല്പനകളുടെ ലംഘനം അവനു പാപഹേതുവായിത്തീര്‍ന്നെന്നും അങ്ങനെ അവന്‍ അന്ധനായിത്തീര്‍ന്നെന്നുമാണ് ശിഷ്യന്മാരുടെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാട് തെറ്റാണെന്ന് ഈശോ സമര്‍ഥിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികള്‍ അവനില്‍ പ്രകടമാകേണ്ടതിനാണ് അവന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചതെന്ന് ഈശോ പറയുന്നു (9:3). തന്റെ ഈ അഭിപ്രായത്തെ സാധൂകരിക്കുന്ന പ്രവൃത്തികള്‍, അവനു കാഴ്ചനല്കിക്കൊണ്ട്, ഈശോ തുടര്‍ന്നുചെയ്യുന്നുമുണ്ട്.
ദൈവത്തിന്റെ പ്രവൃത്തികള്‍ അവനില്‍ യഥാര്‍ഥത്തില്‍ പ്രകടമാകുന്നത് അവന് കണ്ണിന്റെ കാഴ്ച കിട്ടിയപ്പോളല്ല; മറിച്ച്, ഈശോയിലുള്ള തന്റെ വിശ്വാസം അവന്‍ ഏറ്റുപറയുമ്പോളാണ് (9:38). അതുവരെ അന്ധനായിരുന്ന ആ വ്യക്തിയില്‍ നടക്കുന്ന വിശ്വാസപരിശീലനപദ്ധതി ദൈവികമാണ്. അദ്ഭുതകരമായി തനിക്കു കാഴ്ച തന്നവനെവിടെയെന്നു തനിക്കറിഞ്ഞുകൂടായെന്ന് (9:12) പറയുന്നതുമുതല്‍ പടിപടിയായി വളരുന്ന അവന്റെ വിശ്വാസത്തിന്റെ വളര്‍ച്ച അനുകരണീയമാണ്. പ്രവാചകന്‍ (9:18) എന്നും ഗുരുവെന്നും (9:27) ഈശോയെ മനസ്സിലാക്കുന്ന അയാള്‍ അവസാനം ഈശോയെ മനുഷ്യപുത്രനെന്ന് ഏറ്റുപറഞ്ഞ് അവനില്‍ വിശ്വസിക്കുന്നു (9:37,38).
ഈശോയെക്കുറിച്ചുള്ള ഭാഗികമായ അറിവുകളുടെ അടിസ്ഥാനത്തിലാണ് ധീരമായ ചില ചുവടുവയ്പുകള്‍ ഈ മനുഷ്യന്‍ നടത്തുന്നത്. തന്റെ കണ്ണുകള്‍ ഈശോ തുറന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഈശോ പ്രവാചകനാണെന്ന് (9:18) അവന്‍ ഉറപ്പിക്കുന്നു. തനിക്കു സംഭവിച്ച ഈ അദ്ഭുതം ഇത്രയധികം ചര്‍ച്ചാവിഷയമായതുകൊണ്ട് ഈശോയുടെയടുത്ത് ശിഷ്യത്വം സ്വീകരിക്കാന്‍ ചില യഹൂദരെങ്കിലും തയ്യാറായി എന്ന് തെറ്റിദ്ധരിച്ചുകൊണ്ടാണ് ഈശോയെ ഗുരുവായി (9:27) അവന്‍ കാണുന്നത്.
എന്നാല്‍, അവര്‍ നിയമത്തിന്റെ അന്ധരായ പിന്‍ഗാമികള്‍ മാത്രമാണെന്നും നിയമത്തിന്റെയും കല്പനകളുടെയും പാലനത്തില്‍ ദൈവസ്‌നേഹം കലര്‍ത്താത്തവരാണെന്നും വ്യക്തമാകുന്നു. നിയമത്തിന്റെ പാലനത്തില്‍ അല്പം സ്‌നേഹം കലര്‍ത്താന്‍ അവര്‍ തയ്യാറായിരുന്നെങ്കില്‍ അവര്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കുകയില്ലായിരുന്നു (9:34).
തന്റെ സ്‌നേഹത്തില്‍ മനുഷ്യര്‍ നിരന്തരമായിരിക്കാന്‍ കല്പനകള്‍ നല്കിയ ദൈവം അതു പാലിക്കുന്നവര്‍ക്ക് വാഗ്ദാനങ്ങളും നല്കിയെന്ന് വി. പൗലോസ് നമ്മെ ഓര്‍മിപ്പിക്കുന്നു (2 കോറി 7: 1-11). വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം നടക്കുന്നത് ദൈവത്തിന്റെ വചനത്തെ മനുഷ്യന്‍ സ്വീകരിക്കുമ്പോളാണ്.
വചനം മാംസമാകുമ്പോഴും അന്ധനായ മനുഷ്യന്റെ വിശ്വാസം വളര്‍ന്ന് പൂര്‍ണമാകുമ്പോഴും ദൈവമനുഷ്യബന്ധത്തിന്റെ മനോഹരമായ പൂര്‍ത്തീകരണമാണ് സംഭവിക്കുന്നത്. നമ്മുടെ ഉള്ളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ദൈവതാത്പര്യത്തെ വളര്‍ത്താന്‍ പരിശ്രമിക്കാം. തന്റെ സാന്നിധ്യത്തിലൂടെയും വചനത്തിലൂടെയും അദ്ഭുതങ്ങളിലൂടെയും ഈശോമിശിഹാ ദൈവവിചാരം വളര്‍ത്തി. ഇന്നും അവന്റെ വചനവും അവനാകുന്ന അപ്പവും ദൈവത്തിലേക്കു നമ്മെ നയിക്കുന്നു. 'കര്‍ത്താവേ, നീ മനുഷ്യപുത്രനാണ്, ദൈവമാണ്' എന്ന് നമുക്കും പൂര്‍ണബോധ്യത്തോടെ ഏറ്റുപറയാം.