•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

പിറന്നാള്‍

രു പദത്തിലെ സാമ്യമുള്ള അക്ഷരങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അവയിലൊന്ന് ലോപിക്കുന്ന പ്രവണത എല്ലാ ഭാഷകളിലും ഉണ്ട്. ഇതിന് സമാക്ഷരലോപം അഥവാ '"Haplology''എന്നു പറയുന്നു. ഒറ്റ എന്നര്‍ത്ഥമുള്ള ഗ്രീക്കുവാക്കില്‍നിന്നാണ് ഹാപ്‌ലോളജി എന്ന സംജ്ഞയുടെ ഉദ്ഭവം. അതനുസരിച്ച്, Library-libary കുപ്പപ്പാട് - കുപ്പാട് എന്നിങ്ങനെ രൂപഭേദങ്ങള്‍ സംജാതമാകുന്നു.
പിറന്ന നാള്‍ (ജന്മദിനം) പിറന്നാള്‍ ആകുന്നതിന്റെ പിന്നിലും ഇതേ നയമാണു പ്രവര്‍ത്തിക്കുന്നത്. ''പിറന്ന നാള്‍ ചേര്‍ത്തു പറയുമ്പോള്‍ 'ന്നനാള്‍'  ന്നാള്‍ (ന - ലോപം) എന്നാകുന്നു. അങ്ങനെ പിറന്നാള്‍ അഥവാ ജന്മനാള്‍ ശരിയാകുന്നു.*  പിറന്നാള്‍ സ്വരപ്പൊരുത്തത്താല്‍ (ഢീംലഹ ഒമൃാീി്യ)പുറന്നാള്‍ ആകുമെങ്കിലും അതിനെ മാനകരൂപമായി കണക്കാക്കിയിട്ടില്ല. ആയതിനാല്‍ പിറന്നാള്‍ മാത്രം ശരി.
പിറന്നാള്‍ അല്ല പിറനാള്‍ ആണു ശരി എന്നൊരു പക്ഷം ചില വൈയാകരണന്മാര്‍ക്കുണ്ട്. പിറ + നാള്‍ = പിറനാള്‍. പിറക്കുക എന്ന ക്രിയയുടെ ധാതുവായ 'പിറ' യോടാണല്ലോ നാള്‍ ചേരുന്നത്. പൂര്‍വപദം കേവലധാതുവായി വര്‍ത്തിക്കുമ്പോള്‍ നാള്‍ എന്നതിലെ നകാരം ഇരട്ടിക്കേണ്ടതില്ല. അപ്പോള്‍ ശരിയായ സമസ്തപദം പിറനാള്‍ എന്നാകുന്നു. ഇരട്ടിപ്പില്ല സംഹിതമാത്രം എന്നു ചുരുക്കം.
ഈ നിരീക്ഷണത്തിന് വ്യാകരണത്തിന്റെ പിന്‍ബലമുണ്ട്; സംശയമില്ല. പക്ഷേ, ഭാഷയില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ണവികാരങ്ങള്‍ വ്യാകരണത്തിന്റെ കേവലയുക്തിയില്‍ മാത്രം നില്‍ക്കണമെന്നില്ലല്ലോ! നൂറു വൈയാകരണന്മാര്‍ ഒത്തുചേര്‍ന്നു വാദിച്ചാലും പിറന്നാളിനെ മാറ്റി പിറനാളിനെ സ്ഥിരീകരിക്കാനാവുമോ? അങ്ങനെയെങ്കില്‍, ഭാഷാശാസ്ത്രയുക്തികളോടു ചേര്‍ന്നുനില്‍ക്കുന്ന പിറന്നാളിനെ അംഗീകരിക്കുകയല്ലേ സമീചീനം?


* കൃഷ്ണന്‍നായര്‍, കുളത്തൂര്‍, പ്രഫ. തെറ്റരുത് മലയാളം, മനോരമ ബുക്‌സ്, കോട്ടയം, 2023, പുറം - 126.

 

Login log record inserted successfully!