ജീവകാരുണ്യപ്രവൃത്തികള്‍ ആരു ചെയ്താലും അതില്‍ ദൈവത്തിന്റെ കൈയൊപ്പുണ്ട്. അതൊരു ബാലികയായാലോ? ആരുമതിനെ അതിശയക്കണ്ണുകളോടെ ആദരിക്കും. ഇവിടെയിതാ, ആലുവ തേജസ്സ് വീട്ടില്‍ പാലിയേറ്റീവ് പ്രവര്‍ത്തകരായ തങ്കച്ചന്റെയും സിനിമോളുടെയും ഏകമകള്‍ ല്യാന ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വേറിട്ട വ്യക്തിത്വമായി സമൂഹത്തിന്റെ മുഴുവന്‍ ആദരം ഏറ്റുവാങ്ങിക്കഴിഞ്ഞു. ആലുവ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമാലാഖ.
ഒരിക്കല്‍ അച്ഛന്റെയൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോകുന്ന വഴിയില്‍ ട്രാഫിക് പോലീസുകാരന്‍ വല്ലാതെ ചുമയ്ക്കുന്നതു കണ്ട ല്യാന അച്ഛനോട് അതിന്റെ കാരണം തിരക്കി. വഴിയിലെ പൊടിയും പുകയും ശ്വസിച്ചിട്ടാണെന്ന അച്ഛന്റെ മറുപടി അവളെ വേദനിപ്പിച്ചു. പിറ്റേന്നു സ്‌കൂളിലേക്കു പോകാന്‍നേരം ഒരു മാസ്‌കുകൂടി വാങ്ങിത്തരണമെന്ന് അവള്‍ വാശിപിടിച്ചു. അന്നുമുതല്‍ ട്രാഫിക് പോലീസുകാര്‍ക്ക് അവള്‍ ഓരോ മാസ്‌ക് നല്കാന്‍ തുടങ്ങി. മാസങ്ങള്‍ കഴിഞ്ഞ് വേനല്‍ കടുത്തപ്പോള്‍ എല്ലാ ദിവസവും കുപ്പിവെള്ളവും അവള്‍ കൈയില്‍ കരുതി.
ഒരു ദിവസം ആലുവ പോലീസ് തങ്ങള്‍ക്കു ദാഹജലവും മാസ്‌കും ദിവസവും മുടങ്ങാതെ എത്തിച്ചുതരുന്ന കൊച്ചുല്യാനയെ ആദരിക്കാന്‍ തീരുമാനിച്ചു.
അക്കാര്യമറിയിക്കാന്‍ പോലീസ് സ്റ്റേഷനിലേക്കു
വിളിപ്പിച്ച എസ്.പി. ജോര്‍ജ് സാറാണ് ചെറുപ്പത്തിലേ ഇത്രനീളത്തില്‍ മുടിവളര്‍ത്തുന്നതെന്തിനെന്നു ചോദി
ച്ചത്. ഉടന്‍ വന്ന മറുപടികേട്ട് എസ്.പി. പോലും ഞെട്ടിപ്പോയി: ''അങ്കിളേ, കാന്‍സര്‍ രോഗികള്‍ക്കു വിഗ്ഗുണ്ടാക്കാന്‍ കൊടുക്കാനാ ഞാനിതു വളര്‍ത്തുന്നത്.'' ''എങ്കില്‍ നമ്മള്‍ക്കത് ഇവിടെവച്ചായാലോ?'' എസ്.പി.യുടെ ചോദ്യം. ല്യാനയ്ക്കു പൂര്‍ണസമ്മതം. അപ്പോള്‍ത്തന്നെ കാന്‍സര്‍രോഗികള്‍ക്കു സൗജന്യമായി വിഗ്ഗു നിര്‍മിച്ചുനല്കുന്ന സര്‍ഗചേതന വിമന്‍സ് ഫോറത്തെ വിവരമറിയിച്ചു. അങ്ങനെ ആലുവ പോലീസ് സ്റ്റേഷനില്‍വച്ച് ല്യാന മുടിമുറിച്ചു. ഇതുകണ്ട് പ്രചോദിതയായി അവിടെ സന്നിഹിതയായിരുന്ന സി.ഐ. രാധാമണിയും രണ്ടു വനിതാപോലീസുകാരും ല്യാനയുടെ അമ്മയും മുടി ദാനം ചെയ്തു.
ഇതിനിടെ, ആലുവ റെയില്‍വേസ്റ്റേഷനില്‍ ഭിന്നശേഷിക്കാര്‍ക്കു വീല്‍ച്ചെയര്‍ ഇല്ലെന്നറിഞ്ഞു നാടുനീളെ പിരിവെടുത്ത് മള്‍ട്ടി ടൈപ്പ് വീല്‍ച്ചെയര്‍ വാങ്ങിക്കൊടുത്തു ല്യാന. അന്നത്തെ എറണാകുളം കളക്ടര്‍ മുഹമ്മദ് സഫറുള്ളയാണ് ചടങ്ങില്‍ മുഖ്യാതിഥിയായത്.
ഒരിക്കല്‍ മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്ന മാരകരോഗം പിടിപെട്ട് കിടക്കയില്‍നിന്ന് അനങ്ങാന്‍പോലും വയ്യാതെ തളര്‍ന്നുകിടന്ന അനൂപ് എന്ന പത്തുവയസ്സുകാരന് വീല്‍ച്ചെയര്‍ ഉള്‍പ്പെടെ സകലതും പ്രളയത്തില്‍ നഷ്ടപ്പെട്ട കാര്യം പത്രത്തിലൂടെയറിഞ്ഞ ല്യാന സ്വന്തം വീട്ടില്‍ താന്‍ കണ്ടുകൊണ്ടിരുന്ന റ്റി.വി. ആ കുട്ടിക്കു കൊടുത്തു. തന്റെ ജന്മദിനം ഒരിക്കല്‍പോലും വീട്ടില്‍വച്ച് ആഘോഷിക്കാന്‍ ആഗ്രഹിക്കാത്ത ല്യാന എന്നും അത് ഏതെങ്കിലും അനാഥമന്ദിരത്തില്‍വച്ച് അവരോടൊപ്പമാണ് ആചരിക്കാറ്.
പ്രളയസമയത്ത് ദുരിതാശ്വാസക്യാമ്പില്‍ അരിയും വസ്ത്രങ്ങളും നല്കുകയും മുഖ്യമന്ത്രിക്കു നേരിട്ട് തന്റെ കുടുക്കയിലെ കൊച്ചുസമ്പാദ്യവും കാതില്‍ക്കിടന്ന കമ്മലും ഊരി നല്കുകയും ചെയ്തു ല്യാന. ചില സന്നദ്ധസംഘടനകള്‍ ദരിദ്രവിദ്യാര്‍ഥികള്‍ക്കായി നല്കാന്‍ പുസ്തകവും ബുക്കും കുടയുമെല്ലാം ല്യാനയെ ഏല്പിക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകതാത്പര്യമെടുത്ത് ല്യാനയെ വിളിച്ച് ആദരിക്കുകയുണ്ടായി.
ജീവിതത്തിലെ ഏറ്റവും സന്തോഷവും അഭിമാനവും നല്കുന്ന നിമിഷം ഏതെന്നു ചോദിച്ചാല്‍ ല്യാന രണ്ടാമതൊന്നാലോചിക്കാതെ പറയും, മദര്‍ തെരേസയുടെ ഫോട്ടോ സമ്മാനം കിട്ടിയ നിമിഷമെന്ന്. മനുഷ്യസേവനത്തിനായി ബഹറിന്‍ ഗുരുസേവ ഏര്‍പ്പെടുത്തിയ പ്രഥമ 'ഗുരുഗീതം' അവാര്‍ഡ് ല്യാനയ്ക്കാണു കിട്ടിയത്. അതു സമ്മാനിക്കുന്ന ചടങ്ങ് ആലുവ ടൗണ്‍ ഹാളില്‍ നടക്കുന്ന സമയം വമ്പിച്ച ജനാവലിക്കിടയില്‍നിന്ന് ഒരു കൈയ്ക്കു തളര്‍ച്ച ബാധിച്ച കമലന്‍ എന്ന ചിത്രകാരന്‍ മറുകൈയില്‍ ഒരു സമ്മാനപ്പൊതിയുമായി സ്റ്റേജിലേക്കു കയറിവന്നു. എന്നിട്ടു പറഞ്ഞു: ''ഞാന്‍ ഒരു ചിത്രകാരനാണ്. 1972 ല്‍ ഞാന്‍ മദര്‍ തെരേസയുടെ ഒരു ചിത്രം വരച്ച് അത് കല്‍ക്കട്ടയില്‍ മദറിന് നേരിട്ടു നല്കി. എന്നാല്‍, ആ ചിത്രത്തിനടിയില്‍ തന്റെ സ്വന്തം കൈപ്പടയില്‍
'തെരേസാ മേ' എന്നെഴുതി ഒപ്പിട്ട് എനിക്കു മടക്കിത്തന്നു. അമ്മയുടെ കൈപിടിച്ച ആ ചിത്രം ഇതുവരെ ഞാന്‍ എന്റെ ദൈവങ്ങള്‍ക്കൊപ്പം പൂജാമുറിയിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്നെനിക്കു മനസ്സിലായി അത് എന്റെ വീട്ടിലല്ല, ആലുവയുടെ മദര്‍ തെരേസയായ ഈ കൊച്ചുമിടുക്കിയുടെ കൈയിലാണിരിക്കേണ്ടതെന്ന്. അതുകൊണ്ടു വളരെ സന്തോഷത്തോടെയും നിങ്ങളുടെ എല്ലാം സമ്മതത്തോടെയും ഞാനാ ചിത്രം ല്യാനമോള്‍ക്കു സമ്മാനിക്കുന്നു.''
ല്യാന ഇപ്പോഴും വെറുതെയിരിക്കുകയല്ല. ആലുവയിലെ തെരുവോരങ്ങളില്‍ വിശന്നു വലഞ്ഞിരിക്കുന്ന സാധുക്കള്‍ക്കു വീട്ടില്‍നിന്ന് അവള്‍ കൊണ്ടുവരുന്ന പൊതിച്ചോറ് സ്‌നേഹത്തോടെ നല്കുന്നു. കാടപ്പക്ഷികളെ വളര്‍ത്തിക്കിട്ടുന്ന ലാഭവും തന്റെ കൊച്ചു കുടുക്കയിലെ നിക്ഷേപവുമൊക്കെയാണ് ഇതിനുള്ള മൂലധനം. ഏതായാലും ല്യാനയുടെ പുണ്യപ്രവൃത്തി ചില സുമനസ്സുകളുടെയെങ്കിലും കണ്ണു തുറപ്പിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജി കെ. ബാലകൃഷ്ണന്റെ ഭാര്യ റിട്ട. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥ ശ്രീമതി ഗിരിജാ ബാലകൃഷ്ണനും സഹപ്രവര്‍ത്തകരും ല്യാനയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. അങ്ങനെ കഴിഞ്ഞ കുറെ മാസങ്ങളായി ഇരുപത്തിയഞ്ചിലേറെ സാധുക്കള്‍ക്കു ല്യാനയും സഹപ്രവര്‍ത്തകരും സഹായമേകുന്നു.
സംശയിക്കേണ്ട, ചിത്രകാരന്‍ കമലന്‍ പറഞ്ഞതു ശരിയാണ്: ആലുവയുടെ മദര്‍ തെരേസയാണു ല്യാന. അതേ, അവള്‍ ദൈവത്തിന്റെ കുട്ടിയാണ്!