സംസ്‌കൃത അക്ഷരമാലയില്‍നിന്ന് മലയാളത്തിലേക്കു കടന്നുവന്ന അക്ഷരങ്ങളില്‍ ഒന്നാണ് ഋകാരം. സംസ്‌കൃതത്തില്‍ ഋകാരം സ്വരമായതിനാല്‍ മലയാളത്തിലും അതിനെ സ്വരമായിത്തന്നെ നിലനിര്‍ത്തി. ശുദ്ധഭാഷാപദങ്ങളില്‍ ഋകാരം സാധാരണമല്ല. സംസ്‌കൃതതത്സമങ്ങളിലാണ് ഋകാരം ചേര്‍ന്ന പദങ്ങള്‍ കാണുന്നത്. ഋകാരംകൊണ്ടു തുടങ്ങുന്ന പദങ്ങള്‍ മലയാളത്തില്‍ അധികമില്ല. 250 ല്‍പ്പരം വാക്കുകളേ നവീകരിച്ച നിഘണ്ടുക്കളില്‍പ്പോലും കാണുന്നുള്ളൂ. അവയില്‍ ഭൂരിപക്ഷവും നിത്യജീവിതത്തില്‍ ആവശ്യമില്ലാത്തവയത്രേ! ഋകാരം ചേര്‍ന്ന പദങ്ങള്‍ ഉച്ചരിക്കേണ്ടിവരുമ്പോള്‍ തദ്ഭവമായി സ്വീകരിക്കുന്ന പ്രവണതയും മലയാളത്തിലുണ്ട്. ഋഷഭം - ഇടവം, വൃത്തി - വിരുത്തി, ശൃംഖല - ചങ്ങല എന്നിങ്ങനെ.
ഋകാരത്തിന്റെ ഉച്ചാരണത്തിലും ശിഥിലതകള്‍ കടന്നു കൂടിയിട്ടുണ്ട്. ഋഷി എന്നെഴുതി റിഷി, റ്ഷി, റുഷി എന്നെല്ലാം ഉച്ചരിക്കുന്ന രീതിയാണ് ഇന്നുള്ളത്. എഴുത്തും ഉച്ചാരണവും തമ്മില്‍ അങ്ങേയറ്റം അടുപ്പമുള്ള ഭാഷയാണല്ലോ മലയാളം. ഈ തത്ത്വം കണക്കിലെടുക്കുകയാണെങ്കില്‍, ഋകാരം എന്ന ലിപി അക്ഷരമാലയില്‍നിന്ന് ഒഴിവാക്കാവുന്നതേയുള്ളൂ. തന്നെയുമല്ല, ഉച്ചാരണസ്വഭാവമനുസരിച്ച് ഋകാരം സ്വരമല്ലെന്നു സ്വരവിജ്ഞാനികള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഋകാരത്തെ വ്യഞ്ജന-സ്വരസംഹിതയെന്നാണ് അവര്‍ വ്യവഹരിക്കുന്നത്. അതായത്, ആക്ഷരികവൃഞ്ജനമാണ് ഋകാരമെന്നു ചുരുക്കം.
ഇക്കാര്യങ്ങളുടെ വെളിച്ചത്തിലാകണം ഡോ. എം. എന്‍. കാരശ്ശേരി, ഋഷി-റിഷി, ഋണം - റിണം, ഋതം - റിതം, ഋതു - റിതു എന്നെല്ലാം എഴുതിയാലും തരക്കേടില്ലെന്നു നിരീക്ഷിച്ചത്. ''ഇതൊക്കെയാണെങ്കിലും ഋ എന്ന അക്ഷരത്തിന്റെ ഉപലിപി (ൃ എന്ന ചിഹ്നം) നമുക്കു നിലനിര്‍ത്തേണ്ടിവരും. ഉദാഹണമായി, കൃഷി, വൃത്തി, മൃഗം, സൃഷ്ടി തുടങ്ങിയ പദങ്ങളില്‍ ആദ്യഭാഗം എഴുതിക്കാണിക്കാന്‍ ഈ ചിഹ്നം ഉപയോഗിക്കേണ്ടിവരും... ഭാഷ ഉപയോഗിക്കുന്ന സമൂഹത്തിന്റെ ആവശ്യവും സൗകര്യവും അനുസരിച്ചു മാറുന്നതും മാറേണ്ടതുമാണ് ലിപി എന്ന നിലപാടാണ് മേല്പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം നമ്മളെടുത്തത്. ഋ എന്ന ലിപിയുടെ കാര്യത്തില്‍ ആ നിലപാടുതന്നെ എടുക്കാവുന്നതേയുള്ളൂ.''*
* കാരശ്ശേരി, എം.എന്‍. ഡോ., മലയാളവാക്ക്, ഡി.സി.ബുക്‌സ്, കോട്ടയം, 2012, പുറം - 97, 98.