ജൂലൈ 9 ശ്ലീഹാക്കാലം ഏഴാം ഞായര്‍
നിയ 4:10-14 ഏശ 5:8-20
1 കോറി 16:1-14 ലൂക്കാ 13:22-30
രക്ഷ പ്രാപിക്കുക എന്നതാണ് മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യം. ഭൗതികലോകത്തിന്റെ സന്തോഷങ്ങളില്‍ അഭിരമിച്ചാലും മനുഷ്യന് യഥാര്‍ഥ ആനന്ദത്തില്‍ എത്തണമെങ്കില്‍ അവന്റെ സ്രഷ്ടാവായ ദൈവത്തില്‍ എത്തിച്ചേരുകതന്നെ വേണം. എന്നാല്‍, ഈ രക്ഷയാകട്ടെ എളുപ്പത്തില്‍ കണ്ടെത്താവുന്ന ഒരു കാര്യവുമല്ല എന്ന് ഇന്നത്തെ വായനകള്‍ ഊന്നിപ്പറയുന്നു.
ഇസ്രായേല്‍ജനത്തിന്റെ ഈ ലോകത്തിലെ രക്ഷയുടെ പൂര്‍ത്തീകരണമാണ് കാനാന്‍ ദേശം. സ്വസ്ഥമായി ജീവിക്കാന്‍ വീടുകളും പങ്കുവച്ചു ജീവിക്കാന്‍ സമൂഹവും സുരക്ഷിതമായി ജീവിക്കാന്‍ രാജ്യാതിര്‍ത്തികളുമുള്ള നാട്. അത്തരമൊരു നാട്ടിലേക്കു പ്രവേശിക്കുമ്പോള്‍ ഏറെ വര്‍ഷങ്ങള്‍ നാടോടികളായിരുന്ന ജനതയ്ക്ക് ആശ്വാസവും സുരക്ഷിതത്വബോധവും ഉണ്ടാകും.
ഇസ്രായേല്‍ജനത്തിന് ഈ സുരക്ഷിതത്വബോധം നല്‍കുന്നത് രാജാവോ പട്ടാളമോ അല്ല, സ്രഷ്ടാവായ ദൈവത്തിന്റെ കാരുണ്യമാണ്. ദൈവത്തിന്റെ ജനമാണ് ഇസ്രായേല്‍ ജനം. ഭൗതികമായ ഈ ലോകത്ത് ദൈവത്തിന് ഒരു ജനം! തന്റെ സൃഷ്ടിയായ, തന്നില്‍നിന്നു തികച്ചും വ്യത്യസ്തമായ, സമയവും കാലവുമുള്ള ലോകത്തില്‍ ദൈവം എന്തുകൊണ്ടാണ് ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്? മനുഷ്യരക്ഷയ്ക്കായി സ്വപുത്രനെ നല്‍കാനുള്ള ദൈവത്തിന്റെ ഒരുക്കങ്ങളില്‍ ഒന്നാണത് എന്നു നമുക്കുത്തരമുണ്ട്.
രക്ഷകനെ ലോകത്തിനു നല്കുന്നതിനുള്ള ഒരുക്കങ്ങളില്‍ സഹകരിക്കുന്നതുകൊണ്ടുമാത്രം ഇസ്രായേല്‍ രക്ഷപ്രാപിക്കില്ല. തങ്ങള്‍ കണ്ട കാര്യങ്ങള്‍ അവര്‍ മറക്കരുത്, ജാഗരൂകതയോടെ മക്കളെയും മക്കളുടെ മക്കളെയും അതു പഠിപ്പിക്കണം (ഒന്നാം വായന, നിയ. 4:10-14). ജനം കണ്ട കാര്യങ്ങള്‍ രണ്ടാണ്; ഒന്ന്, കത്തിജ്ജ്വലിക്കുന്ന പര്‍വതവും (4:11) പത്തു കല്പനകള്‍ എഴുതിയ രണ്ടു കല്പലകകളും (4:13). ജ്വലിച്ചുകൊണ്ടിരുന്ന പര്‍വതം കര്‍ത്താവിന്റെ സാന്നിധ്യമായിരുന്നു. കല്പലകകളാകട്ടെ, ദൈവത്തിന്റെ നിരന്തരസാന്നിധ്യം ഇസ്രായേല്‍ജനത്തിന് അനുഭവവേദ്യമാക്കാനുള്ള മാര്‍ഗവും.
രക്ഷപ്രാപിക്കുന്നതിനായി കല്പലകകളില്‍ എഴുതപ്പെട്ടിരിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്ന് ഇസ്രായേല്‍ജനത്തിനറിയാം. ഈ സാഹചര്യത്തിലാണ് ഈശോയോടുള്ള ഒരാളുടെ ചോദ്യം പ്രസക്തമാകുന്നത് (ലൂക്കാ 13:22-30); ''കര്‍ത്താവേ, രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?''(13:23). 'അല്ല', എന്നോ 'അതേ' എന്നോ ഈശോ ഉത്തരം നല്‍കിയില്ല; മറിച്ച്, രക്ഷ പ്രാപിക്കാന്‍ എന്തു ചെയ്യണമെന്ന ഉത്തരമാണു നല്‍കിയത്: ''ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍''(13:24). ഇടുങ്ങിയ വാതില്‍ എന്നതുകൊണ്ട് ഈശോ അര്‍ഥമാക്കുന്നതെന്ത് എന്നു കാണണമെങ്കില്‍ അത്തരമൊരു വാതിലിലൂടെ എങ്ങോട്ടാണു പ്രവേശിക്കുന്നതെന്നു മനസ്സിലാക്കണം.
സുവിശേഷമനുസരിച്ച് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നത് ഒരു ഭവനത്തിലേക്കാണ് എന്നു ചിന്തിക്കുക. ഉടമസ്ഥനുള്ള ഒരു ഭവനം! (13:25). ഒരു വീടും ഭവനവും തമ്മിലുള്ള വ്യത്യാസം നമുക്കു നന്നായറിയാം. വീട് ഭവനമാകണമെങ്കില്‍ സ്‌നേഹവും കരുണയും പങ്കുവയ്പ്പും ക്ഷമയും കരുതലുമെല്ലാം ഉണ്ടാകണം. കാത്തിരിക്കാന്‍ ആരെങ്കിലുമുള്ള, തെറ്റു പറ്റിയാല്‍ ക്ഷമിക്കുന്നവരുള്ള, താമസിച്ചാല്‍ 'എന്തേ താമസിക്കുന്നത്' എന്നു കരുതലോടെ ചോദിക്കുന്നവരുള്ള, ആവശ്യം വരുമ്പോള്‍ ചേര്‍ത്തുപിടിക്കുന്നവരുള്ള, പരിഭവങ്ങള്‍ക്കപ്പുറം സ്‌നേഹം നല്‍കുന്നവരുള്ളതാണ് ഭവനം.
തെറ്റുകള്‍മാത്രം കണ്ടുപിടിക്കുന്ന, സ്‌നേഹത്തോടെ ഒരു വാക്ക് ഉച്ചരിക്കാനില്ലാത്ത, കയറിച്ചെല്ലുമ്പോഴേ ശത്രുക്കളെപ്പോലെ പെരുമാറുന്ന, പറയുന്നതങ്ങോട്ടു കേള്‍ക്കാന്‍ തയ്യാറല്ലാത്ത ആളുകള്‍ പാര്‍ക്കുന്നിടം ഭവനമല്ല, വെറും വീടാണ്. സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ഒരുമിച്ചു കൂട്ടപ്പെട്ട ഏതാനും ആളുകളുടെ കൂട്ടംമാത്രമാണത്. കുടുംബങ്ങള്‍മാത്രമല്ല, ഇടവകകളും രൂപതകളും പഞ്ചായത്തും ജില്ലകളും സംസ്ഥാനവും രാജ്യവുമൊക്കെ ഭവനങ്ങള്‍ ആകേണ്ടവയാണ്.
ഈശോ പറയുന്നതനുസരിച്ച്, അനീതി ചെയ്യുന്നവരാണ് ഭവനത്തില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ (13:27). ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കണമെങ്കില്‍ നമ്മെത്തന്നെ അല്പം ഞെരുക്കണം, കുനിക്കണം, വേണ്ടിവന്നാല്‍ വളയ്ക്കുകയും വേണം. എന്നുവച്ചാല്‍ ക്ഷമിക്കാനും വിട്ടുകൊടുക്കാനും സഹിക്കാനും തയ്യാറാകണം. ഇതിനൊന്നിനും തയ്യാറല്ലാത്തവര്‍ അനീതി പ്രവര്‍ത്തിക്കുന്നവരാണ്, അതിനാല്‍ത്തന്നെ, ഭവനത്തില്‍ പ്രവേശിക്കാന്‍ യോഗ്യരല്ല. സൂക്ഷ്മമായ അര്‍ഥത്തില്‍ രക്ഷയുടെ ആത്യന്തികലക്ഷ്യമായ ദൈവമെന്ന ഭവനത്തിലേക്കു പ്രവേശിക്കാനുള്ള പ്രത്യേകതകളും ഇതൊക്കെത്തന്നെ (13:29,30).
അനീതിയുടെ പ്രവര്‍ത്തനങ്ങളുടെ സകല ലക്ഷണങ്ങളും രണ്ടാമത്തെ വായന (ഏശ. 5:8-20) കാണിച്ചുതരുന്നുണ്ട്. അന്നത്തേതുപോലെതന്നെ ഇന്നും അവയൊക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് നമുക്ക് അദ്ഭുതകരമായിത്തോന്നാം. ''അനേകം മന്ദിരങ്ങള്‍ നിര്‍ജനമാകും. മനോഹരമായ മാളികകള്‍ വസിക്കാന്‍ ആളില്ലാതെ ശൂന്യമായിക്കിടക്കും'' (5,9). നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ സാഹചര്യം ഏശയ്യാ പ്രവചിച്ചു എന്നതില്‍ അദ്ഭുതമില്ല! മനുഷ്യന്റെ സ്വാര്‍ഥതയുടെ (5:8) ഫലമാണ് ഈയൊരവസ്ഥയ്ക്കു കാരണമാകുന്നതെന്ന് ദൈവം പറയുന്നു. ഭൗതികസുഖങ്ങളില്‍ അഭിരമിച്ചു ജീവിക്കുന്നവരും അനീതിയുടെ പാതയില്‍ത്തന്നെയാണ് (5:11).
'കര്‍ത്താവിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുകയോ അവിടുത്തെ കരവേലകളെ നോക്കുകയോ' (5:12) ചെയ്യാത്തതുകൊണ്ടു ദൈവികയാഥാര്‍ഥ്യങ്ങളുടെ അന്തഃസത്ത മനസ്സിലാക്കാന്‍ കഴിയാതെ അജ്ഞരായി മാറുന്ന ജനം തിന്മയുടെ അടിമത്തത്തിലേക്കു നീങ്ങുന്നു (5:13). തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും (5:20), തിന്മയില്‍ ജീവിക്കുകയും (5:14) ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു.
എന്നാല്‍, ഇത്തരം അനീതി, തന്നോടുതന്നെയും ദൈവത്തോടും ചെയ്യുന്നതു നിമിത്തം മനുഷ്യന്‍ അപമാനിതനാകാന്‍ ഇടയായി (5:15). ആ അപമാനം നീക്കാന്‍ ഒരു വഴിയേയുള്ളൂ, അതു നീതിയുടെ വഴിയാണ്; ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനമാണ്. ''സൈന്യങ്ങളുടെ കര്‍ത്താവ് നീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു'' (5:16).
ഒരു സമൂഹത്തെ എങ്ങനെ ഭവനമാക്കണമെന്ന് പൗലോസ് ശ്ലീഹ പറയുന്നു (1 കോറി. 16, 1-14). സമ്പത്തിന്റെ പങ്കുവയ്ക്കല്‍, (16:12) അതിലെ സുതാര്യത (16:34), ഒരുമിച്ചുള്ള വാസം (16:59), മറ്റുള്ളവരെ നിന്ദിക്കാതെ മനസ്സിലാക്കിയുള്ള പെരുമാറ്റം (16:10,11), തുറവുള്ള സംസാരം (16:12), സര്‍വോപരി, ജാഗരൂകതയോടെ വിശ്വാസത്തിലും സ്‌നേഹത്തിലും ഉറച്ചുനിന്നുകൊണ്ട് പ്രത്യാശയോടെയുള്ള ജീവിതം (16:13,14) എന്നിവയാണവ.
ദൈവഭവനത്തിലേക്ക്, നിത്യരക്ഷയുടെ ഭവനത്തിലേക്ക് പ്രവേശിക്കാമെന്ന ഉറപ്പോടെ നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും ഭവനങ്ങളാക്കാം; അല്പം എളിമപ്പെട്ടാണെങ്കിലും നമ്മെ ആ ഭവനത്തിലേക്ക് ഉള്‍ച്ചേര്‍ക്കാം.