•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ഏകശരിയായ ദൈവത്തെ തിരഞ്ഞെടുക്കുവിന്‍

ജൂലൈ 2 ശ്ലീഹാക്കാലം  ആറാം ഞായര്‍
നിയമാ 4:1-8  ഏശ 2:1-5 
1 കോറി 10:23-31  ലൂക്കാ 12:57-13:5 

ശ്ലീഹന്മാര്‍, തങ്ങള്‍ അടുത്തറിഞ്ഞ മിശിഹായെ സൈധര്യം പ്രഘോഷിക്കുന്നതിന്റെ ഭാഗമായി അനുഭവിച്ച സഹനങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും  ഓര്‍മപുതുക്കലാണ് ശ്ലീഹാക്കാലം. എന്തുകൊണ്ടാണ് അവര്‍ ഏകസത്യദൈവത്തിലും അവിടുന്നയച്ച പുത്രനിലും വിശ്വസിക്കുകയും ആ വിശ്വാസത്തിനുവേണ്ടി തങ്ങളുടെ ജീവന്‍പോലും ത്യജിക്കാന്‍ സന്നദ്ധമാകുകയും ചെയ്തത്? ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുകയാണ് ഇന്നത്തെ എല്ലാ വായനകളും. 
ദൈവം സമീപസ്ഥമായിരിക്കുന്ന ജനത എന്ന നിലയില്‍ ദൈവത്തെ മനസ്സിലാക്കാന്‍, അനുഭവിക്കാന്‍ കഴിയുന്നതുകൊണ്ട് ഇസ്രായേല്‍ജനം ദൈവത്തില്‍ വിശ്വസിക്കേണ്ടതുണ്ട് എന്ന് ഒന്നാം വായന (നിയമാ. 4:1-8) ഓര്‍മിപ്പിക്കുന്നു. ഇസ്രായേലിന് കാനാന്‍ദേശം നല്‍കുന്നത് ദൈവമായ കര്‍ത്താവിന്റെ പ്രവൃത്തിയാണ്.
തന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് ശാന്തവും സമാധാനം നിറഞ്ഞതുമായ ജീവിതം ലോകത്തില്‍ ഒരുക്കിക്കൊടുക്കുകയെന്നതാണ് ദൈവത്തിന്റെ ലക്ഷ്യം. ''നാം വിളിച്ചപേക്ഷിക്കുമ്പോളൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവ് നമുക്കു സമീപസ്ഥനായിരിക്കു ന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്?'' (4:7). ദൈവം നമ്മോട് അടുത്തിരിക്കുന്നു, അത് എനിക്കു മനസ്സിലാകുന്നതുകൊണ്ട് ഞാന്‍ ദൈവത്തെ സര്‍വസ്വവുമായി സ്വീകരിക്കുന്നു, പ്രഘോഷിക്കുന്നു. 
തന്റെ വിശ്വസ്തമായ മാര്‍ഗങ്ങള്‍ ദൈവം ജനത്തെ പഠിപ്പിക്കുന്നതുകൊണ്ട് ആ ദൈവത്തില്‍ ജനം വിശ്വസിക്കേണ്ടതുണ്ട് എന്ന് രണ്ടാം വായന (ഏശ. 2:1-5) ചൂണ്ടിക്കാണിക്കുന്നു. ''അവിടുന്ന് തന്റെ മാര്‍ഗങ്ങള്‍ നമ്മെ പഠിപ്പിക്കും. നാം ആ പാതകളില്‍ ചരിക്കും'' (2:3). ദൈവംമാത്രമാണ് ഗുരു എന്ന് ഈശോ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ (മത്താ. 23:8). 
കര്‍ത്താവിന്റെ നിയമങ്ങളുടെ ഫലദായകത്വവും അവയെ പിന്തുടരുന്നവര്‍ക്കു ലഭിക്കുന്ന ശാന്തിയും അനുഭവിച്ചവരാണ് ഇസ്രായേല്‍ക്കാര്‍. പുതിയ തലമുറകള്‍ വരുമ്പോള്‍ ആ ദൈവത്തിന്റെ സാന്നിധ്യബോധം നഷ്ടപ്പെട്ടുപോകുന്നു. അപ്പോഴൊക്കെയും ദൈവമെന്ന ഗുരുവിന്റെ വചനങ്ങളും പ്രവൃത്തികളും വീണ്ടും ഓര്‍മിപ്പിക്കേണ്ടതുണ്ട്. കര്‍ത്താവിന്റെ പ്രവാചകന്മാരുടെ ദൗത്യം അതാണ്. ദൈവത്തിനുവേണ്ടി ജനത്തെ ക്ഷണിക്കുക. ''യാക്കോബിന്റെ ഭവനമേ വരിക. നമുക്കു പ്രകാശത്തില്‍ വ്യാപരിക്കാം'' (2:5). 
ഭൂമിയും അതിലുള്ള സകലതും കര്‍ത്താവിന്റേതായതുകൊണ്ട് എല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യണമെന്ന് ലേഖനത്തിലൂടെ (1 കോറി. 10:23-31) പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നു. മനുഷ്യന്റെ നന്മയെ കാംക്ഷിക്കലല്ല നിയമത്തിന്റെ ആത്യന്തികലക്ഷ്യം; സമൂഹത്തിന്റെ പ്രശ്‌നങ്ങളില്ലാത്ത പ്രയാണമാണ്. ആ ശ്രമത്തില്‍ എവിടെയെങ്കിലും തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമം ഇടപെടുന്നു, തിരുത്തേണ്ടതു തിരുത്തുന്നു; ശിക്ഷിക്കേണ്ടവനെ ശിക്ഷിക്കുന്നു. ഇവിടെ നന്മയുടെയും സ്‌നേഹത്തിന്റെയും സാന്നിധ്യം ആരും ശ്രദ്ധിക്കാറില്ല. അതുകൊണ്ടാണ് ''എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പടുത്തുയര്‍ത്തുന്നില്ല'' (10:23) എന്ന് പൗലോസ് അപ്പസ്‌തോലന്‍ പറയുന്നത്. 
നിയമത്തിന്റെ പ്രയോഗം നടക്കുന്ന സാഹചര്യങ്ങളിലും ഒരു ക്രൈസ്തവന്റെ ചിന്ത നിയമത്തിനപ്പുറം നില്‍ക്കുന്ന ദൈവികസത്യങ്ങളെക്കുറിച്ചും പുണ്യങ്ങളെക്കുറിച്ചും ആകണമെന്ന് ശ്ലീഹ ആഗ്രഹിക്കുന്നു. ''ഏതൊരുവനും സ്വന്തം നന്മ കാംക്ഷിക്കാതെ അയല്‍ക്കാരന്റെ നന്മ കാംക്ഷിക്കട്ടെ'' (10:24). ''മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെതന്നെ അവരോടും പെരുമാറുവിന്‍'' (ലൂക്കാ 6:31).  കാരണം, ഈശോമിശിഹായിലുള്ള വിശ്വാസംവഴി നാമെല്ലാം ദൈവപുത്രരും (ഗലാ. 3:26), അതിനാല്‍ത്തന്നെ ദൈവമഹത്ത്വത്തിനായി പ്രവര്‍ത്തിക്കേണ്ടവരുമാണ് (10:31).    
മുകളില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചെല്ലാം ഇപ്പോള്‍ത്തന്നെ ചിന്തിച്ച് ഈ ലോകത്തിന്റെ നശ്വരതയും ദൈവമഹത്ത്വത്തിന്റെ അതുല്യതയും അനശ്വരതയും തിരിച്ചറിഞ്ഞ് ഏകശരിയായ ദൈവത്തെ പ്രാപിക്കുന്നതായിരിക്കും ബുദ്ധിപൂര്‍വമായ നീക്കമെന്ന്  ഈശോ സുവിശേഷത്തിലൂടെ (ലൂക്കാ 12:57-13;5) നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ തിരഞ്ഞെടുപ്പാണ് ശ്ലീഹന്മാര്‍ നടത്തിയത്. ലോകചരിത്രത്തിന്റെ തുടക്കം മുതല്‍ ഇന്നോളവും ഇനി മുന്നോട്ടും ലോകവും ദൈവവും തമ്മില്‍ ചേര്‍ന്നുപോകില്ല. ദൈവമാണ് സ്രഷ്ടാവെന്ന ബോധ്യവും  ദൈവത്തിന്റെ സര്‍വശക്തിയും അംഗീകരിക്കുന്നതിനു ലോകത്തിന്റെ ശക്തികള്‍ തയ്യാറല്ല. എന്നാല്‍, ആ യാഥാര്‍ഥ്യം ഇല്ലാതാകുകയുമില്ല. അതുകൊണ്ടാണ് കാലത്തെ വ്യാഖ്യാനിക്കാന്‍ തന്റെ അനുയായികള്‍ക്കു കഴിയണമെന്ന് ഈശോ സമര്‍ഥിക്കുന്നത് (12:57). 
രണ്ട് ഉദാഹരണങ്ങളാണ് ഈശോ പറയുന്നത്. ഒന്ന്, ശത്രുവിനോടുള്ള തര്‍ക്കത്തില്‍ കോടതിയിലേക്കു പോകുമ്പോള്‍ അവനുമായി രമ്യപ്പെടാന്‍ ശ്രമിക്കുക (12:58). ശത്രു ഈ ലോകത്തിന്റെ തന്ത്രങ്ങള്‍ അറിയാവുന്നവനും നിയമത്തിന്റെ കുറുക്കുവഴികള്‍ മനസ്സിലാക്കിയിരിക്കുന്നവനുമായിരിക്കും. ദൈവികമായ നന്മ ആഗ്രഹിക്കുന്നവനെ ഇല്ലാതാക്കാന്‍ അവനെന്തു കുടിലമാര്‍ഗവും പ്രയോഗിക്കും. 
രണ്ടാമത്തെ ഉദാഹരണം മരണം എന്ന യാഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് (13:15). അപകടം മൂലമോ യുവത്വത്തില്‍ത്തന്നെയോ മരണം സംഭവിക്കുന്നതുകൊണ്ട് അവരൊക്കെയും വലിയ പാപികളായിരുന്നുവെന്ന് വിധിയെഴുതാനാവില്ല. മരണം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. വലിയ പാപികളും മരിക്കും. അവരുടെ മരണം സമൂഹദൃഷ്ടിയില്‍ ചിലപ്പോള്‍ 'നല്ല മരണം' എന്നു വിശേഷിപ്പിക്കപ്പെടുന്നവയായിരിക്കും. 
അതിനാല്‍, കാലത്തിന്റെ അടയാളങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടത് വിശ്വാസിയുടെ കടമയാണ്. അക്കാലത്തിന്റെ അടയാളം ഈശോ തന്നെയായിരുന്നു. ''യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്കപ്പെടുകയില്ല'' (മത്താ. 12:39). യോനായുടെ അടയാളം സ്വജീവിതത്തില്‍ ഏറ്റെടുക്കുന്ന ഈശോയാണ് ഏതുകാലത്തിന്റെയും അടയാളം.  ആ അടയാളത്തെ, ഏക ശരിയെ തിരിച്ചറിയുന്നതാണ് ഏതു കാലത്തിന്റെയും വെല്ലുവിളി. ആ ശരി തിരിച്ചറിഞ്ഞാല്‍, അനുഭവിച്ചാല്‍, ശിഷ്യന്മാരെപ്പോലെ ജീവിക്കാന്‍ തീരുമാനമെടുത്താല്‍ അതാകും കാലത്തെ തിരിച്ചറിഞ്ഞുള്ള നമ്മുടെ ജീവിതം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)