പുരാണപ്രസിദ്ധനായ ഒരു രാജാവാണ് ത്രിശങ്കു. അദ്ദേഹത്തിന്റെ യഥാര്‍ഥനാമം സത്യവ്രതന്‍ എന്നാണ്. മൂന്നു ശങ്കുക്കളില്‍ (ആണികള്‍)* പീഡിതന്‍ എന്ന വിവക്ഷിതത്തിലാണ് സത്യവ്രതന് ത്രിശങ്കു എന്ന പേര്‍ ലഭിച്ചത്. ഭൂമിയിലും സ്വര്‍ഗത്തിലുമല്ലാതെ മൂന്നാമതൊരിടത്ത് ശങ്കു (തൂണ്‍)പോലെ സ്ഥിതി ചെയ്തതിനാലാണ് ആ പേര്‍ സിദ്ധിച്ചതെന്നും കരുതപ്പെടുന്നു. വാസ്തവം എന്തായാലും ത്രിശങ്കുവിനെ 'തൃശങ്കു'വാക്കാന്‍ പാടില്ല.
ഉടലോടെ സ്വര്‍ഗത്തില്‍ പോകണമെന്നായിരുന്നു ത്രിശങ്കുവിന്റെ മോഹം. വിശ്വാമിത്രന്‍ ത്രിശങ്കുവിന്റെ സഹായത്തിനെത്തി. വസിഷ്ഠശാപംമൂലം ചണ്ഡാലനായിത്തീര്‍ന്ന ത്രിശങ്കുവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ ഇന്ദ്രന്‍ തയ്യാറായില്ല. കുപിതനായ വിശ്വാമിത്രന്‍ സ്വര്‍ഗത്തിനുതാഴെ ഭൂമിക്കു മുകളില്‍ ഒരു പുതിയ സ്വര്‍ഗം ത്രിശങ്കുവിനുവേണ്ടി തപോബലത്താല്‍ നിര്‍മിച്ചു. അതത്രേ ത്രിശങ്കുസ്വര്‍ഗം.
ത്രിശങ്കുസ്വര്‍ഗം ഇന്ന് ഒരു ശൈലിയായിത്തീര്‍ന്നിട്ടുണ്ട്. അങ്ങുമിങ്ങുമില്ലാത്ത നിലയെ (അനിശ്ചിതാവസ്ഥ) സൂചിപ്പിക്കേണ്ടിവരുന്നിടത്ത് ഇതുപയോഗിക്കുന്നു. അയാള്‍ ത്രിശങ്കുവില്‍ എന്നല്ല ത്രിശങ്കുസ്വര്‍ഗത്തില്‍ എന്നുവേണം ശരിയായി പ്രയോഗിക്കാന്‍. ഒരുതരം 'മിശ്രഭാഷ'യില്‍ സംസാരിക്കുന്നതിനു ത്രിശങ്കുഭാഷ എന്നു പറയാറുണ്ട്. ത്രിശങ്കുപുഷ്പം എന്നൊരു മര്‍മവും ഉണ്ട്. മുല രണ്ടിനും ഒത്തനടുവിലുള്ള ഭാഗമാണ് ത്രിശങ്കുപുഷ്പമര്‍മം. ത്രിശങ്കുവിന്റെ പുത്രനെ ത്രിശങ്കുജന്‍ (ഹരിശ്ചന്ദ്രന്‍) എന്നു വിശേഷിപ്പിക്കാം. 'തൃശങ്കു' അപരൂപമാണ്. ഉച്ചാരണത്തിലോ എഴുത്തിലോ കൊണ്ടുവരരുത്.
ഇത്തരം ശൈലികളും പ്രയോഗങ്ങളും മനസ്സിലാക്കാന്‍ കവിഭാഷയെ ആശ്രയിക്കാം. 1976 ല്‍ പുറത്തിറങ്ങിയ തെമ്മാടി വേലപ്പന്‍ എന്ന ചിത്രത്തിനുവേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എഴുതിയ ഒരു ഗാനത്തിന്റെ പല്ലവി ശ്രദ്ധിക്കുക: ''ത്രിശങ്കുസ്വര്‍ഗത്തെ തമ്പുരാട്ടി/ ത്രിശൂലമില്ലാത്ത ഭദ്രകാളി/ ആണുങ്ങളില്ലാത്ത രാജ്യത്തെ/ അല്ലിറാണിപോലെത്തെ രാജാത്തി''** എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍, കെ.ജെ. യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കവി ശരിയായി എഴുതിക്കൊടുത്ത വരികള്‍ തെറ്റാതെ പാടാന്‍ ദാസിനു കഴിഞ്ഞിട്ടുണ്ട്. ശരികളെ, ശരിയായിത്തന്നെ നിലനിര്‍ത്താന്‍ ഭാഷാപ്രയോക്താക്കള്‍ക്കും കഴിയണം.
* പിതൃകോപം, പരദാരാപഹരണം, പശുമാംസഭക്ഷണം എന്നിവയാണ് മൂന്നു പാപങ്ങളാകുന്ന ശങ്കുക്കള്‍ അഥവാ ആണികള്‍.
** ഗോപാലകൃഷ്ണന്‍ മങ്കൊമ്പ്, ഇളംമഞ്ഞില്‍ കുളിരുമായ്, ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2014, പുറം - 58