ഈശോമിശിഹായുടെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയും പ്രധാന വിചിന്തനവിഷയമാക്കുന്ന ഏലിയ-സ്ലീവാ-മൂശക്കാലങ്ങളിലേക്ക് ആരാധനാസമൂഹം പ്രവേശിക്കുകയാണ്. ഈ കാലത്തിലെ പ്രധാന തിരുനാള്‍ വിശുദ്ധ സ്ലീവായുടെ ആത്യന്തികമായ വിജയം പ്രഘോഷിക്കുന്ന സ്ലീവായുടെ പുകഴ്ചയുടെ തിരുനാളാണ്. (സെപ്റ്റംബര്‍ 14) രൂപാന്തരീകരണത്തിന്റെ മലയില്‍ മോശയും എലിയായും പ്രത്യക്ഷപ്പെട്ടപ്പോള്‍ കര്‍ത്താവിന്റെ വരാനിരിക്കുന്ന മഹത്ത്വം പ്രഘോഷിക്കപ്പെട്ടതുപോലെ കുരിശിന്റെ തിരുനാളാചരണം കേന്ദ്രബിന്ദുവായ സ്ലീവാക്കാലത്തിന്റെ ഇരുവശങ്ങളിലുമായി ഏലിയാക്കാലവും മൂശക്കാലവും അനുസ്മരിച്ചുകൊണ്ട് മിശിഹായുടെ മഹത്ത്വപൂര്‍ണമായ രണ്ടാംവരവിനെ തിരുസഭ'ഓര്‍മ്മിക്കുന്നു.
ഇസ്രായേല്‍ജനത്തെ വാഗ്ദത്തനാട്ടിലേക്കു നയിച്ച മോശയെയും ജനം സത്യദൈവത്തില്‍നിന്ന് അകന്നുപോയപ്പോള്‍ അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്ക്, മോശയിലൂടെ നല്കിയ തോറായിലേക്ക്, തിരിച്ചുകൊണ്ടുവരുവാന്‍ കഠിനമായി പ്രയത്‌നിച്ച ഏലിയാ പ്രവാചകനെയും ചേര്‍ത്തുവച്ചാല്‍ പഴയനിയമത്തെ പൂര്‍ണ്ണമായും പ്രതിനിധീകരിക്കുന്നു എന്നാണ് യഹൂദപാരമ്പര്യം. നിയമഗ്രന്ഥത്തിന്റെയും പ്രവാചകഗ്രന്ഥങ്ങളുടെയും സ്ഥാനത്താണ് ഈ രണ്ടു പേരും നില്ക്കുന്നത്. അതിന്റെ കേന്ദ്രത്തില്‍ സ്ലീവാ വച്ചിരിക്കുന്നതിലൂടെ പഴയനിയമത്തിന്റെയും കേന്ദ്രം മിശിഹായാണെന്നും പഴയനിയമം ലക്ഷ്യം വച്ചിരുന്നതും മിശിഹായില്‍ പൂര്‍ത്തീകരിക്കപ്പെട്ടതുമായ ദൈവികവെളിപാടിന്റെ മഹത്ത്വപൂര്‍ണമായ ആഘോഷം നോക്കിപ്പാര്‍ത്തിരിക്കുന്ന ആരാധനാസമൂഹം ആ യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേരുന്നതിനെയുമാണ് ഈ ആരാധനക്രമകാലത്ത് ആചരിക്കുന്നത്.
മിശിഹായുടെ മഹത്ത്വപൂര്‍ണ്ണമായ ആഗമനത്തില്‍ അവിടത്തെ എതിരേല്ക്കുന്നതിനും അവിടത്തെ മഹത്ത്വത്തില്‍ പങ്കാളികളാകുന്നതിനും സഭാമക്കള്‍ ഒരുങ്ങണമെന്ന് അനുസ്മരിപ്പിക്കുന്ന ആരാധനാവസരമാണിത്. ഈശോ, സുനിശ്ചിതമായും ഉണ്ടായിരിക്കുമെന്നു പഠിപ്പിച്ചതും എന്നാല്‍, അത് എപ്പോഴാണെന്ന് വളരെ അനിശ്ചിതമായി പറഞ്ഞിരിക്കുന്നതുമായ ഒരു കാര്യമാണ് മിശിഹായുടെ രണ്ടാംവരവും അന്ത്യവിധിയും. ജനം എപ്രകാരം അതിനുവേണ്ടി ഒരുങ്ങണമെന്നാണ് ഈ കാലത്തെ തിരുവചനവായനകളുടെയെല്ലാം സന്ദേശം. നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള വായനയില്‍ കണ്ടുമുട്ടുന്നത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ദേശത്തേക്കു നയിക്കപ്പെടുന്ന ഇസ്രായേല്‍ജനത്തെയാണ്. ദൈവജനം വാഗ്ദത്തനാട്ടിലേക്കു നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ ശാശ്വതഭവനമില്ല; വാഗ്ദത്തനാട്ടിലെത്തിയെങ്കിലും അവിടവും ഇസ്രായേലിനു സ്ഥിരവാസസ്ഥലമായി മാറ്റപ്പെടുന്നില്ല. അവിടെ പ്രവേശിച്ചതിനുശേഷവും അവര്‍ക്ക് ആ നാടും രാജത്വവും പേരും എല്ലാം നഷ്ടപ്പെടുന്നുണ്ട്. ഈ പ്രപഞ്ചത്തില്‍ ശാശ്വതമായൊരു ഭവനം ഇല്ലായെന്ന ചിന്തയാണ് അതു പങ്കുവയ്ക്കുന്നത്. ദൈവം വാഗ്ദാനം ചെയ്തതും അവിടത്തോടുകൂടി ശാശ്വതമായ വിശ്രമത്തിലായതുമായ സ്ഥലത്തേക്കു മനുഷ്യന്‍ യാത്രയിലാണ്. ദൈവികപദ്ധതിയോടുചേര്‍ന്ന് നിത്യവസതിയിലേക്കുള്ള യാത്രയിലാണു നാം. തിരുവചനം പറയുന്നു: നമുക്ക് എന്നും നന്മയുണ്ടാകാനും ഇന്നു ജീവിക്കുന്നതുപോലെ എന്നും ജീവിക്കാനും ദൈവത്തിന്റെ പ്രമാണങ്ങള്‍ പാലിക്കണം. നിത്യജീവിതത്തിനുള്ള അച്ചാരം ദൈവപ്രമാണങ്ങളുടെ പാലനമാണ്. സങ്കീര്‍ത്തകന്‍ പറയുന്നു: അങ്ങയുടെ നിയമങ്ങളില്‍നിന്നു വ്യതിചലിക്കുന്നവരെ അങ്ങ് നിരാകരിക്കുന്നു (119,118). അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്കു ശാന്തി ലഭിക്കും (119,165).
ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള വായനയും വിമോചനത്തിന്റെയും പരിപാലനയുടെയും സന്ദേശമാണു നല്കുന്നത്. സിയോനെ രക്ഷിക്കുന്നതും മോചിപ്പിക്കുന്നതും അവരുടെ ജീവനെ സുരക്ഷിതമായി പരിപാലിക്കുന്നതും കര്‍ത്താവാണ്. അതിനാല്‍, കര്‍ത്താവിന്റെ പക്കലേക്കു തിരിയാനാണ് പ്രവാചകന്‍ സിയോന്‍നിവാസികളെ ഓര്‍മിപ്പിക്കുന്നത്. ഇസ്രായേലിന്റെ വിമോചനത്തിലുള്ള ദൈവിക ഇടപെടലിനെ സൂചിപ്പിക്കുന്നതാണ് അസീറിയ, മനുഷ്യന്റേതല്ലാത്ത ഒരു വാള്‍കൊണ്ടുവീഴും എന്നു പറഞ്ഞിരിക്കുന്നത്; കര്‍ത്താവിന്റെ സംരക്ഷണത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു.'പക്ഷി ചിറകിന്‍കീഴില്‍ എന്നതുപോലെ സൈന്യങ്ങളുടെ കര്‍ത്താവ് ജറുസലേമിനെ സംരക്ഷിക്കും'എന്നാണ് പ്രവാചകന്‍ പറയുന്നത്.
ജറീക്കോയിലൂടെ കടന്നുപോകുമ്പോള്‍ അന്ധയാചകന്റെ നിലവിളികേട്ട് അവന് കാഴ്ച വീണ്ടുകൊടുക്കുന്ന ഈശോയെയാണ് സുവിശേഷത്തില്‍ (ലൂക്കാ 18:35-43) നാം കണെ്ടത്തുന്നത്. അന്ധനായ മനുഷ്യന്‍ അന്ധതയില്‍നിന്നു വിമോചിപ്പിക്കപ്പെടുന്നതിനൊപ്പം അന്ധകാരത്തില്‍നിന്നു മിശിഹായാകുന്ന പ്രകാശത്തിലേക്കും നയിക്കപ്പെടുന്നു. അന്ധനായ മനുഷ്യന്‍ മറ്റുള്ളവരെക്കാള്‍ മിശിഹായെ ഏറ്റുപറയുന്നുണ്ട്. ജനക്കൂട്ടം കടന്നുപോകുന്നതുകേട്ട് അത് എന്താണെന്നന്വേഷിച്ച അന്ധനോട് അവര്‍ പറയുന്നത് നസ്രായനായ ഈശോ കടന്നുപോകുന്നു എന്നാണ്. എന്നാല്‍, അവന്‍ വിളിച്ചപേക്ഷിക്കുന്നത് ദാവീദിന്റെ പുത്രനായ മിശിഹായേ, എന്നില്‍ കനിയണമേ എന്നാണ്. ശാരീരികമായുള്ള അന്ധത നീക്കപ്പെടുന്നതിനുമുമ്പുതന്നെ അവന്റെ ആത്മീയാന്ധത നീക്കപ്പെട്ടിരുന്നു. വിശ്വാസത്തിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടപ്പോഴാണ് ബാഹ്യനേത്രങ്ങളും തുറക്കപ്പെട്ടത്. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നുവെന്നാണ് അന്ധനോട് ഈശോ പറഞ്ഞത്. കാഴ്ച വീണ്ടുകിട്ടിയവന്‍ മിശിഹായെ അനുഗമിക്കുകയും ചെയ്തു.
തെസലോനിക്കായിലെ സഭയില്‍ കഷ്ടതകളുടെയും പീഡനങ്ങളുടെയും നടുവില്‍ വിശ്വാസം സമൃദ്ധമായി വളരുന്നതിനെയും പരസ്‌നേഹം വര്‍ദ്ധിച്ചുവരുന്നതിനെയുംപ്രതി പൗലോസ്ശ്ലീഹാ ദൈവത്തിനു നന്ദി പറയുകയും അവരെക്കുറിച്ച് അഭിമാനിക്കുകയുമാണ്. മിശിഹായുടെ മഹത്ത്വപൂര്‍ണമായ ആഗമനത്തില്‍ അവര്‍ക്കു സമാശ്വാസം ലഭിക്കുമെന്ന് ശ്ലീഹാ അവരെ ഓര്‍മിപ്പിക്കുന്നു. കര്‍ത്താവിന്റെ ദിനത്തെ പ്രത്യാശയോടെ നോക്കിപ്പാര്‍ത്തിരിക്കുവാന്‍ ശ്ലീഹാ സഭാസമൂഹത്തെ പ്രബോധിപ്പിക്കുന്നു. സുവിശേഷാനുസൃതമായ ജീവിതത്തിലൂടെ മിശിഹായുടെ മഹത്ത്വപൂര്‍ണമായ ആഗമനത്തെ കാത്തിരിക്കുവാന്‍ ഇന്നും തിരുവചനം നമ്മെ വിളിക്കുന്നു.