•  28 Mar 2024
  •  ദീപം 57
  •  നാളം 4
ശ്രേഷ്ഠമലയാളം

ഐകമത്യം

''ഐകമത്യം മഹാബലം'' എന്ന പഴമൊഴി കേള്‍ക്കാത്തവരുണ്ടാകില്ല. ചിലരതിനെ ''ഐക്യമത്യം മഹാബലം'' എന്നാക്കിക്കാണുന്നു. ഐക്യം എന്ന വാക്കു പരിചിതമായതിനാലാകണം ''ഐക്യമത്യം'' എന്നു പറയാനും എഴുതാനും ഇടവന്നത്. ഐകമത്യം മഹാബലം, എന്നാണു ശരിയായ പ്രയോഗം. യോജിപ്പുതന്നെ വലിയ ശക്തി എന്ന് ആശയം. 
ഏക എന്ന വിശേഷണത്തിന് ഒന്നായ, ഒറ്റയായ, ഒരു എന്നൊക്കെയാണ് അര്‍ഥം. ഏക സമാസത്തില്‍ ഐക എന്നാകും. ഒന്നിനെ സംബന്ധിച്ച എന്നു പൊരുള്‍. ഐകത്തോട് മത്യം (ഐക+മത്യം) ചേര്‍ന്ന രൂപമാണ് ഐകമത്യം. ഏകമതിയാവൂ എന്ന അവസ്ഥയാണ് ഐകമത്യം. ഏക+മതി+ത്വം സന്ധി ചെയ്യുമ്പോള്‍ ഐകമത്യം എന്നാകുന്നു. ഐകമത്യത്തിന്റെ തെറ്റായ രൂപംമാത്രമാണ് 'ഐക്യമത്യം' എന്ന പ്രയോഗം. 'ഐക്യമത്യം' ഉച്ചാരണത്തിലോ എഴുത്തിലോ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഐകമത്യം എന്ന നാമശബ്ദം, ഒരേ ബുദ്ധി, അഭിപ്രായത്തിലുള്ള യോജിപ്പ്, ഒരുമിപ്പ്,    ഒരേ മനസ്സുള്ള അവസ്ഥ തുടങ്ങിയ വിവക്ഷിതങ്ങളിലാണ് ഭാഷയില്‍ പ്രയോഗിക്കുന്നത്. ഏക - ഐക ആകുന്ന ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താനാകും. ഏക + രൂപം = ഐകരൂപ്യം (തുല്യത) ഏക + കണ്ഠ = ഐകകണ്ഠ്യം (ഏകകണ്ഠമായ സ്ഥിതി) ഏക + ശ്രുതി = ഐകശ്രുത്വം (ഒരേ ശ്രുതി അല്ലെങ്കില്‍ സ്വരം ആയിരിക്കുന്ന അവസ്ഥ) ഏക + ഭാവം = ഐകഭാവ്യം (ഒന്നായിരിക്കല്‍) ഏക + രാജ് = ഐകരാജ്യം (ഏകാധിപത്യം) ഏക + അഗ്ര = ഐകാഗ്ര്യം (ഏകാഗ്രത) ഏക + അധിപതി =  ഐകാധിപത്യം (ഏകാധിപതി എന്ന അവസ്ഥ) മുതലായവയെ ഒരേ നിയമവകുപ്പില്‍ ഉള്‍പ്പെടുത്താം. ''ലോകത്തിലോരോജാതിക്കു/മൈകമത്യം മഹാബലം/ പുല്ലേറെച്ചേര്‍ന്ന കയറി/ ട്ടല്ലേ കെട്ടുന്നിതാനയേ''* എന്നു വി. സി. ബാലകൃഷ്ണപ്പണിക്കര്‍ ഐകമത്യം മഹാബലം ശരിയാംവണ്ണം കവിതയില്‍ പ്രയോഗിച്ചു കാണിച്ചുതന്നിരിക്കുന്നു.
*രാജരാജവര്‍മ്മ, വടക്കൂംകൂര്‍, ഭാഷാശൈലീപ്രദീപം, ഭാഷാപരിഷ്‌കരണ കമ്മിറ്റി പ്രസിദ്ധീകരണം, കൊച്ചി - 1124 ഇടവം, പുറം - 97.

 

Login log record inserted successfully!