കുറേക്കാലമായി കര്‍ഷകര്‍ വന്യമൃഗങ്ങളുടെയും വനംവകുപ്പിന്റെയും ഭീഷണിയിലാണ്. ബഫര്‍സോണ്‍ വിഷയങ്ങളും കുടിയിറക്കുപ്രശ്‌നങ്ങളും ഒരുവശത്ത്. വന്യജീവികളുടെ ആക്രമണവും കൃഷിനശിപ്പിക്കലും മറുഭാഗത്ത്. ഈ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ട വനം-പരിസ്ഥിതിമന്ത്രാലയം കോമാളിവേഷംകെട്ടി ജനത്തിന്റെ പരിഹാസം ഏറ്റുവാങ്ങുകയാണ്.
അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. കടുവശല്യം ഇതുവരെ മാറിയിട്ടില്ല. കാട്ടുപോത്താണ് ഏറ്റവുമൊടുവിലത്തെ ഭീഷണി. പോത്ത് മൂന്നുപേരുടെ ജീവനപഹരിച്ചു. കാട്ടുപോത്ത് ഉപദ്രവകാരിയല്ലെന്നു പറഞ്ഞു പോത്തിന് സല്‍സ്വഭാവസര്‍ട്ടിഫിക്കറ്റു നല്‍കിയ വനംമന്ത്രിയെ പോത്തിനെക്കാള്‍ ഉപദ്രവകാരിയായിട്ടാണു ജനം കാണുന്നത്.
വന്യമൃഗങ്ങള്‍ കാടിറങ്ങി നാടു നശിപ്പിക്കുന്നതിന്റെ കാരണം കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ കാരണമാണു ജനത്തിനു മനസ്സിലാകാത്തത്. കാട്ടുപോത്ത് കൊലപ്പെടുത്തിയവരുടെ കുടുംബം സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ക്കു സമയം കിട്ടാത്തതോ ജനരോഷം ഭയന്നു രംഗത്തുവരാത്തതോ?
വന്യജീവികള്‍ നാട്ടിലിറങ്ങാന്‍ കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, കാടിനു താങ്ങാനാവുന്നതിലും അധികമാണ് മൃഗങ്ങളുടെ എണ്ണം. രണ്ടാമത്തെ കാരണം, കാടിന്റെ വിസ്തൃതി കുറഞ്ഞുവരുന്നുവെന്നതാണ്. ആനയുടെമാത്രം കാര്യമെടുക്കാം. 1993 ല്‍ കേരളത്തില്‍ 3500 കാട്ടാനകളാണുണ്ടായിരുന്നത്. 2017 ലെ കണക്കുപ്രകാരം അത് 5706 ആണ്. അതായത്, ആനയുടെ വളര്‍ച്ചാനിരക്ക് 63 ശതമാനമാണ്. കേരളത്തെക്കാള്‍ കൂടുതല്‍ ആനകളുള്ള കര്‍ണാടകയിലും ഏറ്റവും കൂടുതല്‍ ആനകളുള്ള ആസാമിലും ആനയുടെ പ്രജനനനിരക്ക് 3.5 ശതമാനം മാത്രമാണ്. ഒരു ആനക്കൂട്ടത്തിനു പാര്‍ക്കാന്‍ 180 മുതല്‍ 600 ചതുരശ്രകിലോമീറ്റര്‍ വരെ വിസ്തൃതി വേണം. കേരളത്തില്‍ ഇത്തരം രണ്ടിടങ്ങളാണുള്ളത്. പറമ്പിക്കുളവും പെരിയാര്‍ ടൈഗര്‍ റിസേര്‍വും. മറ്റിടങ്ങളില്‍ ഒരാനയ്ക്കു മേയാന്‍ 1.70 കി.മീറ്റര്‍മാത്രം. തമിഴ്‌നാട്ടില്‍ ഒരാനയ്ക്കു ലഭിക്കുന്ന സ്ഥലം 6.35 ച.കി. മീറ്ററും കര്‍ണാടകയില്‍ 3.73 ച.കി. മീറ്ററുമാണ്. കേരളത്തിന്റെ വനവിസ്തൃതി 9679 ച.കി. മീറ്ററും ആസാമിലേത് 20,003 ച.കി. മീറ്ററും കര്‍ണാടകയുടേത് 22,548 ച.കി. മീറ്ററുമാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ളത് ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയിലാണ്-130,000 ആനകള്‍. സിംബാവേയില്‍ ഒരു ലക്ഷം ആനകളുണ്ട്. ബോട്ട്‌സ്വാനയിലെ വനവിസ്തൃതി 581,730 ച. കി. മീറ്ററാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ഇന്ത്യയില്‍. ഒരു ലക്ഷം ആനകള്‍. കേരളം മൂന്നാം സ്ഥാനത്താണത്രേ.
ആനക്കാര്യം അല്പംകൂടി പറയാം. ലോകത്തിലെ ഏറ്റവും വലിയ ആനകള്‍ ആഫ്രിക്കയിലാണ്. ആനകള്‍ക്ക് 4000 മുതല്‍ 8000 വരെ കിലോ ഭാരമുണ്ട്. ഏഷ്യന്‍ ആനകളുടെ തൂക്കം 3000 മുതല്‍ 6000 കിലോവരെയാണ്. മദപ്പാടുള്ള ആനകള്‍ അക്രമകാരികളാണെന്നു പഠനങ്ങള്‍ പറയുന്നു. മദപ്പാട് രോഗമല്ല, ആരോഗ്യലക്ഷണമാണ്. മദപ്പാടുള്ള ആനകള്‍ക്ക് 60 ഇരട്ടി ശക്തിയുണ്ടെന്നു ഗവേഷകപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പല രാജ്യങ്ങളിലും മൃഗങ്ങളുടെ എണ്ണം ക്രമീകരിക്കുന്നത് അതിനെ വേട്ടയാടിയും വിലയ്ക്കു വിറ്റും നാടുകടത്തിയുമൊക്കെയാണ്. കേരളത്തില്‍ ഇതൊന്നും ചെയ്യുന്നില്ല. പ്രാകൃതനിയമങ്ങളുടെ മറവിലാണ് സര്‍ക്കാരുകള്‍ മൃഗങ്ങളുടെ പക്ഷത്തു നില്ക്കുന്നത്. വന്യജീവികളെ കൊല്ലാനോ വില്‍ക്കാനോ നിയമമില്ലെങ്കില്‍ അതു തിരുത്തണം. സര്‍ക്കാരുകളും നിയമനിര്‍മാണസഭകളും മനുഷ്യനുവേണ്ടിയാകണം. മൃഗങ്ങളെ അവഗണിക്കാതെതന്നെ മനുഷ്യനു മുന്‍ഗണനയും സംരക്ഷണവും നല്‍കണം. മൃഗങ്ങള്‍ക്കു വംശനാശമുണ്ടാകാതിരിക്കാന്‍ ഉണ്ടാക്കിയ പഴഞ്ചന്‍നിയമങ്ങളാണു പലതും.
വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതു തടയാനുള്ള സാങ്കേതികവിദ്യപോലും അറിയാത്തവനംവകുപ്പു പിരിച്ചുവിട്ടാല്‍ ജനത്തിനു സന്തോഷമാകും. മൃഗങ്ങളെ തടയാന്‍ ആധുനികനിര്‍മിതബുദ്ധിയുടെ സഹായമൊന്നും വേണ്ടാ. ബഫര്‍സോണ്‍ അതിര്‍ത്തികളിലും വനാതിര്‍ത്തികളിലും കിടങ്ങുകള്‍ തീര്‍ത്താല്‍ മതിയാകും. നാല്ക്കാലികള്‍ പറക്കുകയില്ലെന്നു വനംമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ മനസ്സിലാകുമല്ലോ.
കപടപരിസ്ഥിതിവാദികളുടെയും മൃഗസ്‌നേഹികളുടെയും പക്ഷംചേര്‍ന്ന സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെയും ആദിവാസികളെയും മൃഗങ്ങള്‍ക്ക് ഇരയാക്കരുത്. മന്ത്രിമാരെയും എംഎല്‍എ മാരെയും ഉദ്യോഗസ്ഥപ്രമുഖരെയും മൃഗങ്ങള്‍ക്കു വലിയ ബഹുമാനമാണ്. അവരെ തൊടില്ല. സര്‍ക്കാരിനു വേണ്ടാത്ത തൊഴിലാളികളെയും കര്‍ഷകരെയും ആദിവാസികളെയുമാണ് മൃഗങ്ങള്‍ ആക്രമിച്ചു കൊലപ്പെടുത്തുന്നത്. മൃഗങ്ങളുടെ വിവേചനം പ്രതിഷേധാര്‍ഹമാണ്.