ക്രൈസ്തവസമൂഹത്തിനു സുപരിചിതമായ ഒരു പദമാണ് കപ്പേള. ഇടവകദൈവാലയത്തിനു കീഴിലുള്ള ചെറിയപള്ളി(കുരിശുപള്ളി)യാണത്. ഇടവകപ്പള്ളിക്ക് ഒരു കപ്പേളയെങ്കിലും ഉണ്ടാകും. ലത്തീന്‍ഭാഷയില്‍നിന്നു പോര്‍ത്തുഗീസിലേക്കും അവിടെനിന്ന് മലയാളത്തിലേക്കും കടന്നുവന്ന വാക്കാണ് കപ്പേള.* ഫ്രാന്‍സിന്റെ മധ്യസ്ഥനായി വന്ദിക്കപ്പെടുന്ന വി. മാര്‍ട്ടിന്റെ ഉപരിവസ്ത്രം (പുറങ്കുപ്പായം) സൂക്ഷിക്കനാണ് ആദ്യത്തെ കപ്പേള നിര്‍മിക്കപ്പെട്ടതെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ക്രൈസ്തവപുരോഹിതന്മാര്‍ മതപരമായ ചടങ്ങുകളില്‍ ധരിക്കുന്ന മേല്‍വസ്ത്രമാണ് കാപ്പ. പാദംവരെ (മുട്ടുവരെ) നീണ്ടുകിടക്കുന്ന ബാഹ്യാവരണം എന്നു സാമാന്യമായി പറയാം. സില്‍ക്കുതുണികൊണ്ടു നിര്‍മിച്ചതും കൈയില്ലാത്തതുമായ വസ്ത്രമാണത്. കുര്‍ബാനസമയത്ത് കാപ്പയാണ് വൈദികന്റെ ഉപരിവസ്ത്രം. വി. മാര്‍ട്ടിന്റെ കുപ്പായം മരണാനന്തരം ഫ്രാന്‍സിലെ രാജാക്കന്മാര്‍ പൂജ്യവസ്തുവായി കരുതി. അവര്‍ മാര്‍ട്ടിന്റെ കാപ്പയെ ഒരു പെട്ടിയിലാക്കി സ്വകാര്യപ്രാര്‍ഥനാലയത്തില്‍ സൂക്ഷിച്ചുവച്ചു. കാപ്പ സൂക്ഷിച്ചുവച്ച പേടകവും ആ പേടകമിരിക്കുന്ന സ്ഥലവും കപ്പെല്ല (രമുുലഹമ) എന്നറിയപ്പെട്ടു. 'ചെറിയ കാപ്പ' എന്നാണ് കപ്പെല്ല എന്ന വാക്കിന്റെ അര്‍ഥം. (ചെറുത് എന്നു കാണിക്കാന്‍ എല്ലാ എന്ന പ്രത്യയം ചേര്‍ക്കുന്നു) കപ്പെല്ലാ സാക്തീ മര്‍ത്തീനി (വി. മാര്‍ട്ടിന്റെ ചെറുദേവാലയം) എന്ന് ആ പ്രാര്‍ഥനാലയത്തിന് ആ പേരുവന്നു. അങ്ങനെ കാപ്പ എന്നതിന് ദൈവാലയമെന്നും കപ്പെല്ല എന്നതിന് ചെറുദൈവാലയം എന്നും പേരായി. ഈ കപ്പെല്ല എന്ന വാക്കാണ് ഇംഗ്ലീഷില്‍ ചാപ്പല്‍ (രവമുലഹ) എന്നും പോര്‍ത്തുഗീസില്‍ കപ്പേല എന്നും മലയാളത്തില്‍ കപ്പേള എന്നും രൂപം മാറി പ്രചരിച്ചത്. (ക കാരം ഇംഗ്ലീഷില്‍ ച കാരമാകുന്നതുകൊണ്ട് ചാപ്പല്‍ എന്നു പറയുന്നു).
പ്രാര്‍ഥനാലയമായി ഉപയോഗിക്കുന്ന ** ചെറിയ മുറി എന്നും കപ്പേളയ്ക്ക് അര്‍ഥമുണ്ട്. ആശുപത്രികള്‍, കോളജുകള്‍, കന്യാസ്ത്രീമഠങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ പ്രാര്‍ഥനാമുറിക്ക് കപ്പേള എന്നോ ചാപ്പല്‍ എന്നോ പറയാറുണ്ടല്ലോ.
* ജോസഫ്, പി.എം. ഡോ., മലയാളത്തിലെ പരകീയപദങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1984, പുറം - 438, 441.
** ജോര്‍ജ് കുരുക്കൂര്‍, ഡോ., ക്രൈസ്തവശബ്ദകോശം, പി.ഒ.സി. പ്രസിദ്ധീകരണം, 2002, പുറം - 45, 46.