•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

സത്യാത്മാവു വരുമ്പോള്‍

മേയ്  28  ശ്ലീഹാക്കാലം  ഒന്നാം ഞായര്‍

പുറ 19:1-9  ശ്ലീഹ 2:1-13
1 കോറി 12:1-11  യോഹ 16:5-15

ദൈവം സകലജനതകള്‍ക്കുമായി വാഗ്ദാനം ചെയ്ത രക്ഷ അതിന്റെ പൂര്‍ണതയിലേക്കെത്തുന്ന ആദ്യനാഴികക്കല്ലാണ് പന്തക്കുസ്താത്തിരുനാള്‍. ഈശോ വാഗ്ദാനം ചെയ്ത പരിശുദ്ധ റൂഹായുടെ ആവാസത്താല്‍ ശിഷ്യരും ജനങ്ങളും നിറയുമ്പോള്‍ സഭയുടെ ജനനം രേഖപ്പെടുത്തപ്പെടുന്നു. രക്ഷ അതിന്റെ പൂര്‍ണതയിലെത്തുന്ന രണ്ടാമത്തെ ഘട്ടം ഈശോയില്‍ വിശ്വസിച്ചവരെല്ലാം അവസാനനാളില്‍, ദൈവസാന്നിധ്യത്തില്‍, സ്വര്‍ഗത്തില്‍, ഒരുമിച്ചായിരിക്കുന്ന അവസ്ഥയാണ്. 
ഇസ്രായേല്‍ജനത്തിന്റെ  രൂപീകരണത്തിനായി ദൈവം ചെയ്ത അതേ പ്രവര്‍ത്തനങ്ങള്‍, പുതിയ ഇസ്രായേലായ സഭയുടെ രൂപീകരണത്തിലും നടക്കുന്നതിന്റെ മനോഹരമായ സാമ്യം ആദ്യ രണ്ടു വായനകളില്‍ (പുറ. 19:1-9; ശ്ലീഹ. 2:1-13) കാണാന്‍ കഴിയും. 
ഇസ്രായേല്‍ജനത്തെ മോചിപ്പിക്കാന്‍ ഈജിപ്തുകാരോടു  ദൈവം എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചുവെന്ന കാര്യം മോശയ്ക്കു നന്നായറിയാം. അക്കാര്യം മോശ ഇസ്രായേലിനെ അറിയിക്കണം (പുറ. 19:4). ദൈവം എന്തിനുവേണ്ടി ഇസ്രായേല്‍ജനത്തെ തിരഞ്ഞെടുത്തോ, ആ രക്ഷ പൂര്‍ത്തിയായതായി അറിയാവുന്നവര്‍ ഈശോയുടെ അടുത്ത സഹചാരികളും രക്ഷയുടെ അനുഭവം സ്വന്തമാക്കിയവരുമായ ശിഷ്യന്മാരാണ്. അവര്‍ മിശിഹാനുഭവം പ്രഘോഷിക്കണം (ശ്ലീഹ. 2:36). 
ദൈവം തന്റെ സ്വന്തജനമായി ഇസ്രയേലിനെ തിരഞ്ഞെടുത്തപ്പോള്‍ അവര്‍ തന്നോടു ചേര്‍ന്നുനില്‍ക്കേണ്ടതിന്റെ ആവശ്യകത അവിടുന്ന് എടുത്തുപറയുകയും അത് ഒരു കല്പനയായി നല്‍കുകയും ചെയ്തു (പുറ. 19:5). തന്റെ സ്വപുത്രനെ അയച്ച് രക്ഷ അതിന്റെ പൂര്‍ണതയിലേക്കെത്തിച്ചപ്പോള്‍, അതിനടുത്ത വിശ്വാസവും ഈശോമിശിഹായിലുള്ള ജ്ഞാനസ്‌നാനവും ദൈവം ജനത്തില്‍ നിന്നാവശ്യപ്പെടുന്നു (ശ്ലീഹ. 2:38). 
ദൈവം കല്പിച്ചതെല്ലാം തങ്ങള്‍ ചെയ്തുകൊള്ളാമെന്നു ജനം മോശയെ അറിയിച്ചു (പുറ 19:8). ശ്ലീഹന്മാരുടെ വചനങ്ങള്‍ ശ്രവിച്ചവരാകട്ടെ, സ്‌നാനം സ്വീകരിച്ചു, കൂട്ടായ്മയിലും ബലിയര്‍പ്പണത്തിലും പ്രാര്‍ഥനയിലും വളര്‍ന്നു (ശ്ലീഹ. 2:41-42). 
തന്റെ വചനം പ്രഘോഷിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെകൂടെ ദൈവമുണ്ട് എന്നു തെളിയിക്കാന്‍ ദൈവം തന്റെ മഹത്ത്വം ജനത്തെ കാണിക്കാന്‍ തയ്യാറാകുന്നു. ''ഇതാ, ഞാന്‍ ഒരു കനത്ത മേഘത്തില്‍ നിന്റെ അടുത്തേക്കു വരുന്നു'' (പുറ. 19: 9). ഈശോയുടെ രക്ഷാകര പ്രവര്‍ത്തനത്തിന്റെ സാംഗത്യം ശിഷ്യന്മാരില്‍ ഉറപ്പിക്കുന്നതിനും ജനം അവരില്‍ വിശ്വസിക്കേണ്ടതിനുമായി ശിഷ്യന്മാരെ ദൈവം തന്റെ റൂഹായാല്‍ നിറയ്ക്കുന്നു. ദൈവമഹത്ത്വം അവരില്‍ നിറയുന്നു. ജനം ആ സംഭവം കണ്ണുകളാല്‍ ദര്‍ശിക്കുന്നു (ശ്ലീഹ. 2:1-7). 
ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധ റൂഹായെ ഈശോ തന്റെ ശിഷ്യന്മാര്‍ക്കു പരിചയപ്പെടുത്തുന്നതാണ് സുവിശേഷഭാഗം (യോഹ. 16:5-15). ഈശോമിശിഹാ സാധിച്ച രക്ഷയുടെ ഫലങ്ങള്‍ ഭൂമിയുടെ അതിര്‍ത്തികള്‍വരെ എത്തുന്നതിനു സഹായിക്കുന്നത് റൂഹായുടെ പ്രവര്‍ത്തനമാണ് (16:78). ഈശോ പഠിപ്പിച്ച കാര്യങ്ങള്‍ പൂര്‍ണമായും ശിഷ്യന്മാര്‍ക്കു മനസ്സിലാകുന്നത് റൂഹായുടെ ആവാസത്തിലാണ്. 
തന്റെ ശിഷ്യന്മാരുടെ കൂടെ ഈശോ വീണ്ടും തുടര്‍ന്നാല്‍ കൂടുതല്‍ വളര്‍ച്ചയൊന്നും അവരില്‍ ഉണ്ടാകുകയില്ല. അവര്‍ ഈശോയെത്തന്നെ ആശ്രയിച്ച്, അവിടുത്തെ തണലില്‍ ജീവിക്കുകയേയുള്ളൂ. ഈശോ എന്ന വ്യക്തി അവരുടെ കാഴ്ചയില്‍നിന്നു മറഞ്ഞു. പക്ഷേ, അവന്‍ ദൈവത്തില്‍നിന്നു വന്നവനാണ് എന്ന പൂര്‍ണവും അടിസ്ഥാനപരവുമായ ബോധ്യം ശിഷ്യന്മാര്‍ക്കു ലഭിച്ചുകഴിഞ്ഞു. ഇനി വേണ്ടത് ആ ബോധ്യത്തില്‍ ജീവിക്കാനും, ആ സുവിശേഷം പ്രസംഗിക്കാനും അവര്‍ക്കു ധൈര്യം ലഭിക്കുകയെന്ന കാര്യമാണ്. ആ ദൗത്യം ഈശോയില്‍ നിന്നു വ്യത്യസ്തമല്ലാത്ത, അവിടത്തെ റൂഹാതന്നെ നിര്‍വഹിക്കുന്നു. 
പിതാവും പുത്രനും റൂഹായും തമ്മിലുള്ള ഗാഢമായ ഐക്യം ഇവിടെ വ്യക്തമാകുന്നു. രക്ഷാചരിത്രത്തില്‍ ഓരോരുത്തരും തങ്ങളുടെ ഭാഗം നിര്‍വഹിക്കുന്നതായി കാണാമെങ്കിലും അവര്‍ മൂവരും ഒന്നാണ്.   ''അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. ...''
പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍ നിന്നു സ്വീകരിച്ച് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്'' (16:14,15). പിതാവിന്റെയും പുത്രന്റെയും റൂഹായുടെയും 'ഉള്ളത്' (ഉള്ള്, സത്ത, ൗെയേെമിരല) ഒന്നാണ്. 
റൂഹാ പഠിപ്പിക്കുമെന്ന് ഈശോ പറയുന്ന മൂന്നു കാര്യങ്ങളുണ്ട്: ഒന്ന്, ഈശോയെ വിശ്വസിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ പാപം (16:9). ഈശോ ദൈവംതന്നെയാണെന്നു വിശ്വസിക്കുന്നില്ലെങ്കില്‍, അതു പാപമാകുമെന്നും, ആ പാപം മരണത്തിനു കാരണമാണെന്നും ഈശോ സൂചിപ്പിക്കുന്നുണ്ട് (യോഹ. 8:24: പുറ. 3:13-14). രണ്ട്, ദൈവസന്നിധിയില്‍ എത്തിച്ചേരുകയെന്നതാണ് ദൈവികമായ നീതിനിര്‍വഹണം (16:10). കാരണം, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനായി ഈശോ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ച് ,  നമ്മെ നീതിമത്കരിച്ച് ദൈവസന്നിധിയില്‍ നില്ക്കാന്‍ പ്രാപ്തരാക്കി. ആ ഈശോയെ ദൈവം നീതീകരിച്ചു. മൂന്ന്, മനുഷ്യനെ പാപത്തിന്റെ, അനുസരണക്കേടിന്റെ അടിമയാക്കിയ പിശാചിനെ ശിക്ഷിക്കണമെന്നതാണ് ദൈവികമായ ന്യായവിധി (16:11). തന്റെ മരണവും ഉത്ഥാനവുംവഴി ഈശോമിശിഹായാണ് ആ ന്യായവിധി നടപ്പാക്കുന്നത്. ഇക്കാര്യങ്ങള്‍ ഈശോയില്‍ പൂര്‍ത്തിയായെന്ന് ശിഷ്യന്മാര്‍ക്കു ബോധ്യം നല്‍കുന്നതും അതു പ്രഘോഷിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതും ഈശോയുടെ റൂഹായാണ്. 
ത്രിത്വത്തിന്റെ ഐക്യത്തെക്കുറിച്ചും വ്യതിരിക്തതയെക്കുറിച്ചും ദൈവത്തിന്റെ റൂഹാ സഭയില്‍  പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുമാണ് ലേഖനഭാഗം (1 കോറി. 12:1-11). 'ഈശോ കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്ന്' (12:3) പത്രോസിന്റെയും മറ്റു ശിഷ്യന്മാരുടെയും അനുഭവത്തില്‍നിന്നു നമുക്കു മനസ്സിലായതാണ്. 
ഈശോയുടെ റൂഹായെ സ്വീകരിച്ചവരായ നമുക്കു  പ്രത്യേകദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൗലോസ്ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നു (12:11). ആ ദാനങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ സഭയുടെയും സമൂഹത്തിന്റെയും ഉന്നതിക്കായി ഉപയോഗിക്കുമ്പോള്‍ നമ്മളും ഈശോയെപ്പോലെ ദൈവികനീതി നിറവേറ്റുന്നവരായി മാറുന്നു; ശിഷ്യന്മാരെപ്പോലെ സുവിശേഷപ്രഘോഷകരായി മാറുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)