•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

മിശിഹാനുഭവത്തിന്റെ പ്രഘോഷണത്തിലേക്ക്

മേയ്  21   ഉയിര്‍പ്പുകാലം ഏഴാം ഞായര്‍
ഏശ 6:1-13  ശ്ലീഹ 1:15-26
ഫിലിപ്പി 2:1-11   മര്‍ക്കോ 16:14-20

യിര്‍പ്പുകാലം ശ്ലീഹാക്കാലത്തിലേക്കു  വളരുകയാണ്.  ആഴമായ മിശിഹാനുഭവത്തില്‍ ദൃഢചിത്തമായ മനസ്സും ആത്മാവു നല്‍കുന്ന വചനധാരയുടെ അണമുറിയാത്ത പ്രവാഹവുമായി ശിഷ്യന്മാര്‍ സത്യദൈവത്തെ പ്രഘോഷിക്കാനിറങ്ങുന്നു. ശിഷ്യന്മാര്‍ക്കു സ്വയം നേടാവുന്നതിനപ്പുറമുള്ള ധൈര്യവും  പ്രഘോഷിക്കുന്നതിനുള്ള വചനവും, അവരില്‍ നിക്ഷേപിക്കപ്പെടുന്നത് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് ഇന്നത്തെ വചനഭാഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 
തനിക്കുവേണ്ടി സംസാരിക്കാന്‍ ഏശയ്യായെ ഒരുക്കുന്ന ദൈവത്തെയാണ് ഒന്നാം വായനയില്‍ (ഏശ 6: 1-13)  നാം കാണുന്നത്. ദൈവത്തിന്റെ മഹത്ത്വത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍  ഏശയ്യയ്ക്ക് തന്റെ അശുദ്ധിയെക്കുറിച്ചും ഒന്നുമില്ലായ്മയെക്കുറിച്ചും  ബോധ്യമാകുന്നു (6:5). ദൈവത്തിന്റെ മഹത്ത്വമെന്നത് ദൈവംതന്നെയാണ്. അരൂപിയായ ദൈവം  മനുഷ്യര്‍ക്കു കാണാന്‍ സാധിക്കുന്നവിധത്തില്‍ തന്നെത്തന്നെ അവതരിപ്പിക്കുന്ന ചില രീതികളാണിവ. മേഘസ്തംഭവും അഗ്‌നിസ്തംഭവുമായും (പുറ. 13, 21) ദൈവാലയം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന വസ്ത്രാഞ്ചലമായും (ഏശ 6, 1) ഭൂമി മുഴുവന്‍ തേജസ്സുകൊണ്ടു നിറയ്ക്കുന്ന പ്രകാശമായും (എസെ 43, 2) ആവരണം ചെയ്യപ്പെടുന്ന മേഘമായുമൊക്കെ (ലൂക്കാ 9: 34) അരൂപിയായ ദൈവം തന്റെ ജനത്തിനു കാണപ്പെടുന്നു. ദൈവത്തിന്റെ അതിശക്തവും ഭയഭക്തിജനകവും അതിവിശുദ്ധവുമായ സാന്നിധ്യമാണ് ഈ അവസ്ഥകളിലെല്ലാം നാം കാണുന്നത്. അത്തരമൊരു സാന്നിധ്യം മനുഷ്യനെ തന്റെതന്നെ അവസ്ഥയെക്കുറിച്ച് ആത്മശോധന നടത്താന്‍ പ്രേരിപ്പിക്കുന്നു. ആ ആത്മശോധനയുടെ ഫലമാകട്ടെ, തന്റെ അശുദ്ധിയെക്കുറിച്ചുള്ള ഉത്തമബോധ്യവും. 
തന്റെ അശുദ്ധിയെക്കുറിച്ചും അയോഗ്യതയെക്കുറിച്ചും ആകുലപ്പെടുന്ന ഏശയ്യായെ ശുദ്ധീകരിക്കുന്ന ദൈവത്തിന്റെ ആകുലത തനിക്കായി ആര് പ്രഘോഷിക്കാന്‍ പോകും എന്നതാണ്(6,8). ദൈവത്താല്‍ ശുദ്ധീകരിക്കപ്പെട്ട ഏശയ്യ ആ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാകുന്നു(6:9). എന്നാല്‍, ദൈവത്തിന്റെ മഹത്ത്വത്തെക്കുറിച്ച് ഏശയ്യ പ്രവചിക്കുന്ന കാര്യങ്ങള്‍ കേട്ടാലും ജനം അവ മനസ്സിലാക്കുകയോ ഉള്‍ക്കൊള്ളുകയോ ഇല്ലെന്നു ദൈവത്തിനറിയാം(6:9). എത്രനാള്‍വരെ ജനത്തിന്റെ ഈ നിരാകരിക്കല്‍ തുടരും എന്ന ഏശയ്യായുടെ ചോദ്യത്തിന് നഗരങ്ങളും ഭവനങ്ങളും ആള്‍പ്പാര്‍പ്പില്ലാതെ ശൂന്യമാകുന്നതുവരെ എന്നാണ് ദൈവത്തിന്റെ ഉത്തരം (6,11). 
ഈ ശൂന്യത എപ്പോഴാണ് അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്നതെന്ന്  രണ്ടാം വായന (ശ്ലീഹ 1: 15-26) പറയുന്നു. യൂദാസിന്റെ ദുഷ്‌കര്‍മംമൂലം അവന്റെ ഭവനം ശൂന്യമായിത്തീര്‍ന്നു (1: 20). ഇസ്രായേല്‍ജനം പ്രവാചകന്മാരെ തള്ളിപ്പറയുമ്പോള്‍ ദൈവത്തെത്തന്നെയാണ് തള്ളിപ്പറയുന്നത്. ഏറ്റവും വലിയ ദുഷ്‌കര്‍മം ദൈവത്തെ നിരാകരിക്കല്‍തന്നെയാണ്. മിശിഹാനുഭവത്തിന്റെ പ്രഘോഷണത്തിലേക്ക് ഇസ്രായേല്‍ഭവനത്തില്‍ നിറഞ്ഞിരിക്കേണ്ട ദൈവത്തിന്റെ സാന്നിധ്യത്തെ ജനംതന്നെ നിരാകരിക്കുമ്പോള്‍  ഭവനം ശൂന്യമാക്കപ്പെടുന്നു. ഇസ്രായേല്‍ഭവനത്തിന് സംഭവിക്കുന്ന ഈ ദാരുണാവസ്ഥയെക്കുറിച്ച് ഈശോ ഉപമകളിലൂടെ ജനത്തോടു സംസാരിച്ചിട്ടുണ്ട് (മത്താ. 21: 33-46). ദൈവത്തെ തള്ളിപ്പറയലും അതിന്റെ ഫലമായി ജനത്തിനുണ്ടാകുന്ന ശൂന്യതയും മൂര്‍ധന്യത്തിലെത്തുന്നത് പുത്രന്റെ സമയത്താണ് (മത്താ. 21: 39). യൂദാസിന്റെ ദുഷ്‌കര്‍മത്തോടെ ജനത്തിന്റെ ദൈവത്തെ നിരാകരിക്കലും അതിന്റെ ഫലമായി ഇസ്രായേല്‍ഭവനത്തിനുണ്ടാകുന്ന ശൂന്യതയും അതിന്റെ പരകോടിയിലെത്തുന്നു. 
ദൈവം ഏശയ്യായോടു പറഞ്ഞതിന്റെ പൂര്‍ത്തീകരണമാണ് ഈശോയുടെ ഉത്ഥാനശേഷം നടക്കുന്നത്. ജനത്തിന്റെ ദുഷ്‌കര്‍മം, ദൈവത്തെ നിരാകരിക്കല്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയാല്‍ ഉണ്ടാകുന്ന ശൂന്യതയില്‍ അവശേഷിക്കുന്നത് 'വിശുദ്ധ ബീജം'  ആയിരിക്കും (ഏശ. 6: 13). അത് പുത്രനായ ഈശോയെക്കുറിച്ചുള്ള പ്രവചനമാണല്ലോ. ഇസ്രായേല്‍ജനം ദൈവത്തെ നിരാകരിച്ച് സ്വഭവനത്തെ ശൂന്യമാക്കിയതുപോലെയല്ല, ഈശോ സ്വയം ശൂന്യനായിക്കൊണ്ട് ഇസ്രായേല്‍ഭവനത്തിന്റെ ശൂന്യതയെ ഇല്ലാതാക്കി (ഫിലിപ്പി 2: 1-11). എല്ലാ നാവുകളും പിതാവായ ദൈവത്തിന്റെ മഹത്ത്വം ഏറ്റുപറയുന്ന തരത്തില്‍ ഇസ്രായേല്‍ഭവനത്തിന്റെ ശൂന്യത ഈശോ മാറ്റിക്കളഞ്ഞു (2: 11). 
ദൈവത്തെ നിരാകരിക്കല്‍ എന്ന ശൂന്യത അതിന്റെ ഉച്ചസ്ഥായിയിലെത്തിയാല്‍ അവശേഷിക്കുന്ന വിശുദ്ധ ബീജം ദൈവത്തിന്റെ മഹത്ത്വത്തിനായി പ്രവര്‍ത്തിച്ച് ശൂന്യത മാറ്റും. ഇപ്രകാരം ഇസ്രായേല്‍ഭവനത്തിന്റെ ശൂന്യത മാറ്റിയ ഈശോമിശിഹായാകുന്ന ദൈവം, ഏശയ്യായോടു ദൈവം പറഞ്ഞ പ്രഘോഷണത്തിനായി,  തന്റെ ശിഷ്യന്മാരെ അയയ്ക്കുന്നു. ഇനി അവര്‍ക്കു പോകാം; ശൂന്യത ദൈവം മാറ്റിയിരിക്കുന്നു. ഇക്കാര്യമാണ് സുവിശേഷം (മര്‍ക്കോ. 16: 14-20) സൂചിപ്പിക്കുന്നത്. 
ഇസ്രായേല്‍ഭവനത്തിന്റെ ശൂന്യതയെ മാറ്റി ദൈവമഹത്ത്വംകൊണ്ടു നിറയ്ക്കാനായി, ദൈവം നടത്തിയ ഏറ്റവും വലിയ അദ്ഭുതമായ ഈശോയുടെ ഉത്ഥാനത്തില്‍, ശിഷ്യന്മാര്‍ പൂര്‍ണമായും വിശ്വസിക്കാതിരുന്നതിനാല്‍ ഈശോ അവരെ കുറ്റപ്പെടുത്തുന്നുണ്ട് (16:14). പക്ഷേ, അവരുടെ വിശ്വാസക്കുറവിനെ ആത്മാവിന്റെ നിറവാല്‍ പരിഹരിക്കുന്ന ഈശോ അവരെ പുതിയ ഉടമ്പടിയുടെ പ്രവാചകന്മാരായി അയയ്ക്കുകയാണ്. 
തങ്ങളുടെ സന്ദേശം മനുഷ്യര്‍ സ്വീകരിക്കുമോ അതോ തള്ളിക്കളയുമോ എന്നത് ശിഷ്യന്മാരുടെ വിഷയമല്ല. അത് പഴയ ഉടമ്പടിയുടെ കാര്യമാണ് (ഏശ. 6, 9-10). ദൈവപുത്രനായ ഈശോയാകുന്ന മൂലക്കല്ലാണ് (മത്താ. 21: 42) തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ''വിശ്വസിച്ചു സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും'' (മര്‍ക്കോ. 16:16). 
പഴയ ഉടമ്പടിയില്‍ ദൈവത്തിന്റെ മഹത്ത്വം ജനത്തോടു കൂടെയുള്ള അവസരങ്ങളുണ്ട്(പുറ. 13: 21-22); ജനത്തെ വിട്ടു ദൈവമഹത്ത്വം പോകുന്ന അവസരമുണ്ട്. അതുപോലെ ദൈവസാന്നിധ്യത്തിന്റെ ഏറ്റവും വലിയ സ്ഥലമായ ദൈവാലയത്തില്‍ നിന്നു ദൈവമഹത്ത്വം പോകുന്നതായും നാം കാണുന്നുണ്ട്(എസെ. 10: 18, 19). എന്നാല്‍, പുതിയ ഉടമ്പടിയില്‍, തന്റെ പുത്രന്റെ ശൂന്യമാക്കല്‍പ്രവൃത്തിയിലൂടെ, തന്റെ ജനവുമായി രമ്യതയിലാകുന്ന ദൈവം, ആ പുത്രനിലൂടെത്തന്നെ, തന്റെ സാന്നിധ്യം ജനത്തിനു നിരന്തരം നല്‍കുന്നു. ദൈവത്തെ നിരാകരിക്കുക എന്ന ദുഷ്‌കര്‍മം ഇനിയുണ്ടാകാന്‍ കഴിയാത്തതരത്തില്‍ അവിടുന്ന് പ്രവര്‍ത്തിക്കുന്നു (16: 20). 
യുക്തിവാദവും നിരീശ്വരവാദവുമൊക്കെ ദൈവത്തെ നിരാകരിക്കുന്ന ആധുനികചിന്താഗതികളിലേക്കു ജനത്തെ നയിക്കാറുണ്ട്. പക്ഷേ, അത്തരം ചിന്താഗതികളൊക്കെയും വീണ്ടും ശൂന്യത ഉള്ളില്‍ നിറയ്ക്കുവാനേ ഉപകരിക്കൂ. അതിനാല്‍ത്തന്നെ ഈശോയുടെ നാമത്തില്‍ നടക്കുന്ന ദൈവമഹത്ത്വത്തിന്റെ പ്രഘോഷണം, ശിഷ്യന്മാര്‍ നടത്തിയതുപോലെ, ഇനിയും നടക്കണം. ശ്ലീഹാക്കാലത്തില്‍ ശിഷ്യന്മാരുടെ പ്രഘോഷണത്തെയും രക്തസാക്ഷിത്വത്തെയും ഓര്‍മിക്കുമ്പോള്‍ അവരുടേതിനു തുല്യമായ ഉത്തരവാദിത്വം ജ്ഞാനസ്‌നാനത്തില്‍ ഏറ്റെടുത്തിരിക്കുന്നവരാണ് നാം എന്നു മറക്കാതിരിക്കാം. നമ്മുടെ ഉള്ളിലെ ശൂന്യത മാറ്റി ദൈവമഹത്ത്വത്താല്‍ നിറച്ച ഈശോമിശിഹായ്ക്കു നന്ദി പറയാം. ആ സുവിശേഷം നമ്മെ അറിയിച്ച നമ്മുടെ പൂര്‍വ്വപിതാക്കന്മാരെ നന്ദിയോടെ ഓര്‍ക്കാം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)