ഭൂതകാലത്തെ പ്രതിഫലിപ്പിക്കാന്‍ കടംകൊള്ളുന്ന പദങ്ങള്‍ക്കു കഴിയും. അവയുടെ പൂര്‍വരൂപം പുനഃസൃഷ്ടിക്കാന്‍ നിരുക്തിനിര്‍ണയനം സഹായിക്കുന്നു. സംസ്‌കൃതത്തിലെ ''ആര്‍ദ്രാ'' യാണ് മലയാളത്തിലെ ആതിര. ക്ലേശിച്ച് ഉച്ചരിക്കേണ്ടിവരുന്ന വര്‍ണങ്ങളെ എളുപ്പം ഉച്ചരിക്കുന്ന പ്രവണതയ്ക്ക് ഔദാസീന്യന്യായം എന്നു പറയുന്നു. പ്രയത്‌നലഘുത്വമാണ് ഇതിന്റെ പിന്നിലെ ഭാഷാശാസ്ത്രതത്ത്വം. ആര്‍ദ്രാ ഉദാസീനതമൂലം ആദ്രാ എന്നാകുന്നു. ''ആദ്ര'' സ്വരഭക്തി(anaptyxis) കൊണ്ട് ആദിരയാകും. സംയുക്തവ്യഞ്ജനങ്ങളെ ഇ/അ ചേര്‍ത്ത് വികസിപ്പിച്ചുച്ചരിക്കുന്ന സ്വഭാവമാണ് സ്വരഭക്തി. വര്‍ഷം - വരിഷം; ആര്‍ഷം - ആരിഷം; ചിത്ര - ചിത്തിര; പാത്രം - പാത്തറം, വാര്യര്‍ - വാരിയര്‍ എന്നിങ്ങനെ മറ്റ് ഉദാഹരണങ്ങള്‍. പ്രാചീനമലയാളത്തില്‍ നാദിയായ വര്‍ണങ്ങള്‍ (മൃദുക്കള്‍) ഇല്ലാതിരുന്നതുകൊണ്ട് ആദിര, ആതിരയായി. (ഉച്ചാരണത്തില്‍ ഇപ്പോഴും ദ നിലനില്ക്കുന്നുണ്ട്.) ആതിരയുടെ നിഷ്പത്തി ഇങ്ങനെ അടയാളപ്പെടുത്താം. ആര്‍ദ്രാ ഹ്‌മ ആദ്രാ ഹ്‌മആദിരഹ്‌മആതിര. (ദീര്‍ഘാന്തം ഹ്രസ്വമാക്കേണ/മനേകാക്ഷരമാവുകില്‍, കാരിക 194).
ആതിരയ്ക്കു മുമ്പില്‍ തിരുചേര്‍ന്നപ്പോഴത് തിരുവാതിരയായി. ആദരവിനെ കുറിക്കാന്‍ പദങ്ങളുടെ മുമ്പില്‍ ചേര്‍ക്കുന്ന പ്രത്യയ (honorific prefix) )മാണ് തിരു. സംസ്‌കൃതത്തിലെ ശ്രീയുടെ തദ്ഭവമാണ് മലയാളത്തിലെ തിരു. ബാലഗോപാലനെ ഭര്‍ത്താവായി ലഭിക്കാന്‍ വേണ്ടി ഗോപസ്ത്രീകള്‍ കാര്‍ത്ത്യായനീപൂജ നടത്തിയ ദിവസമത്രേ തിരുവാതിര. കൂടാതെ, ശിവന്റെ പിറന്നാള്‍ ദിനമാണ്, കാമനെ പുനര്‍ജീവിപ്പിച്ച ദിവസമാണ്, വിഷം കഴിച്ച ശിവനെ ഉറക്കാതിരിക്കാന്‍ പാര്‍വതിയും തോഴിമാരും ആടിപ്പാടിയതിന്റെ സ്മരണയാണത്രേ തുടങ്ങി പല സങ്കല്പങ്ങളും തിരുവാതിരയെപ്പറ്റിയുണ്ട്*. 27 നക്ഷത്രങ്ങളില്‍ ആറാമത്തേതാണ് തിരുവാതിര (ആര്‍ദ്രാനക്ഷത്രം).
വാല്‍ക്കഷണം
ഒരിക്കല്‍ ബ്രഹ്‌മാവ് സ്വപുത്രിയായ സന്ധ്യയെ പ്രാപിക്കാന്‍ അടുത്തപ്പോള്‍ സന്ധ്യ മാന്‍പേടയുടെ രൂപം ധരിച്ച് ഓട്ടം തുടങ്ങി. മാനിന്റെ രൂപത്തില്‍ ബ്രഹ്‌മാവും പിന്തുടര്‍ന്നു. അതുകണ്ട് ശിവന്‍ ബ്രഹ്‌മാവിന്റെ നേരേ അസ്ത്രം അയച്ച് ശിരസ്സു ഛേദിച്ചു. ബ്രഹ്‌മാവ് സ്വരൂപം ധരിച്ച് ശിവനെ ഭജിച്ചു. അനന്തരം ശിവന്റെ അസ്ത്രം ആര്‍ദ്ര എന്ന നക്ഷത്രമായും മാനിന്റെ ശിരസ്സ് മൃഗശിരസ്സ് (മകയിരം) എന്ന നക്ഷത്രമായും തീര്‍ന്നു. ബ്രഹ്‌മാവിന്റെ മര്യാദകേടും നക്ഷത്രങ്ങളുടെ ഉത്ഭവവും മനോഹരമായി വ്യക്തമാക്കുന്നു ഈ പൗരാണികകഥ.
1. വസന്തന്‍, എസ്.കെ; കേരളസംസ്‌കാരചരിത്രനിഘണ്ടു, ഭാഗം ഒന്ന്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 703.