•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

നമ്മളെല്ലാം ദൈവത്തില്‍ ഒന്നായിരിക്കാന്‍

മേയ്  14

ഉയിര്‍പ്പുകാലം  ആറാം ഞായര്‍

ഏശ 52:7-12   ശ്ലീഹ 10:9-16
എഫേ 2:11-22  യോഹ 17:20-26

ത്ഥിതനായ ഈശോയുടെ സുവിശേഷം ഇസ്രായേല്‍ ജനത്തിനോ മറ്റേതെങ്കിലും പ്രത്യേക ജനതയ്‌ക്കോ മാത്രമായി നല്കപ്പെട്ടതല്ല. ഈശോ ശിഷ്യര്‍ക്കു നല്‍കുന്ന അവസാനനിര്‍ദേശത്തിന്റെ സൂചനയും  മറ്റൊന്നല്ലല്ലോ: ''നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍'' (മത്താ. 28:19). സുവിശേഷത്തിന്റെ ഈ സാര്‍വത്രികത പഴയനിയമത്തില്‍ത്തന്നെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതും ശിഷ്യന്മാരോടു നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതുമാണ്. ഈശോയുടെ സുവിശേഷത്തിന്റെ ലോകമെങ്ങുമുള്ള വ്യാപനം സംഭവിക്കുകയെന്നത് അനുപേക്ഷണീയമാണെന്ന്  ഇന്നത്തെ വായനകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  
ഇസ്രായേല്‍ജനത്തിനിടയ്ക്കു സംഭവിക്കാനിരിക്കുന്നതും എന്നാല്‍, ഇസ്രയേലിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് ഭൂമിയുടെ അതിര്‍ത്തികള്‍ വരെ എത്തേണ്ടതുമായ രക്ഷയെക്കുറിച്ചാണ് ഏശയ്യായുടെ പ്രവചനം (ഏശ. 52:7-12). ജറൂസലേമില്‍ ഇസ്രായേല്‍ജനത്തിന്റെ മധ്യേ താമസിക്കുന്ന വിജാതീയര്‍ക്കും സന്തോഷത്താല്‍ ആര്‍ത്തുപാടാന്‍ (52:9) അവസരമുണ്ട്. കാരണം, സകല ജനത്തിനുംവേണ്ടിയുള്ള രക്ഷയുടെ (ലൂക്കാ 2:10) അവസരമാണ് ഈശോയില്‍ ദൈവം രൂപപ്പെടുത്തുന്നത്.  
''ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്ഷ കാണും'' (52:10). രാജ്യ, വര്‍ഗ, സമുദായവ്യത്യാസമില്ലാതെ  സകല മനുഷ്യര്‍ക്കുംവേണ്ടി തന്റെ പുത്രനായ ഈശോയിലൂടെ ദൈവം രക്ഷ സാധിച്ചിരിക്കുന്നു. ഈ രക്ഷ തീര്‍ച്ചയായും ഇസ്രായേലിലൂടെ ആയിരിക്കും നടക്കുന്നത്, എന്നാല്‍, അത് ഇസ്രായേലിനുമാത്രമുള്ളതായിരിക്കുകയുമില്ല. ''കര്‍ത്താവ് നിങ്ങളുടെ മുമ്പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍'' (52:12). 
രക്ഷ എല്ലാവര്‍ക്കുംവേണ്ടിയാണ് എന്ന സുവിശേഷസന്ദേശം യാഥാര്‍ഥ്യമാക്കുന്നതിനായി നിയോഗിക്കപ്പെടുന്ന ശിഷ്യന്മാര്‍ ഇക്കാര്യത്തില്‍ പൂര്‍ണബോധ്യമുള്ളവരാകണം. അതിനായി അവരെ ഒരുക്കുന്ന ദൈവത്തെയാണ് ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ നാം കാണുന്നത് (ശ്ലീഹ. 10:9-16). രക്ഷ യഹൂദര്‍ക്കു മാത്രം എന്ന ആശയത്തെ മറികടക്കണമെങ്കില്‍ അതിശക്തമായ മാറ്റം ശിഷ്യന്മാരുടെ ബൗദ്ധിക-സാമുദായിക ബോധത്തിലുണ്ടാകണം. അതിനാലാണ്  പത്രോസിന് വ്യക്തമായി മനസ്സിലാകുന്ന തരത്തിലുള്ള ഒരു ദര്‍ശനം ദൈവം നല്‍കുന്നത്. ഈ ദര്‍ശനത്തിന്റെ അനന്തരഫലമാകട്ടെ പത്രോസിന്റെ വാക്കുകളില്‍ത്തന്നെ പ്രകടമാണ്: ''സത്യമായും ദൈവത്തിനു പക്ഷപാതിത്വമില്ലെന്നും, അവിടത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു'' (ശ്ലീഹ. 10:34-35). 
ഇപ്രകാരം 'ഒരിക്കല്‍ വിദൂരസ്ഥരായിരുന്നവര്‍ ഇപ്പോള്‍ ഈശോമിശിഹായില്‍ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു' എന്ന ആശ്വാസമാണ് പൗലോസ്ശ്ലീഹ എഫേസോസിലെ സഭയ്ക്കു നല്‍കുന്നത് (എഫേ. 2:11-22). പരിച്ഛേദനമോ അപരിച്ഛേദനമോ അല്ല രക്ഷയിലേക്കു വഴിതുറക്കുന്നത്. ''വിശ്വാസംവഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്'' (2:8). നിയമം അനുശാസിക്കുന്ന കര്‍മങ്ങള്‍  ചെയ്തതുകൊണ്ടു രക്ഷയുണ്ടാകുമെന്നത് പഴയ ഉടമ്പടിയുടെ പ്രത്യേകതയാണ്. ഈശോയില്‍ പൂര്‍ത്തിയാകുന്ന പുതിയ ഉടമ്പടിയിലാകട്ടെ ഈശോയില്‍ വിശ്വസിക്കുന്നതുവഴി, നിയമത്തിനപ്പുറം നില്‍ക്കുന്ന ദൈവത്തിന്റെ കൃപയാലാണ് രക്ഷ കരഗതമാകുന്നത്. 
നിയമത്തിന്റെ പൂര്‍ണമായ അനുസരണത്തിലാണോ അതോ വിശ്വാസത്തിന്റെ ജീവിതത്തിലാണോ രക്ഷയെന്നത് തര്‍ക്കമായി നില്‍ക്കുമ്പോളാണ് ഈശോമിശിഹാ  ഇരുകൂട്ടരുടെയുമിടയില്‍ സ്ഥാപിക്കപ്പെടുന്നത്. നിയമത്തിന്റെ അനുസരണത്തിലാണ് രക്ഷ എന്ന് പറയുന്നവരെയും വിശ്വാസത്തിലാണ് രക്ഷ എന്നു പറയുന്നവരെയും നമ്മുടെ സമാധാനമായിത്തീര്‍ന്ന ഈശോ (2:14) ഒന്നിപ്പിച്ചു. കാരണം, അനുസരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അവന്‍. അതേപോലെ വിശ്വാസത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അവന്‍. 
തങ്ങള്‍ വലിയവരാണെന്നും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും നിയന്താക്കളാണെന്നും ചിന്തിക്കുന്ന മനുഷ്യന്‍ അഹങ്കാരത്തില്‍ സ്വയം നശിക്കപ്പെടുന്നു. ദൈവവുമായി സ്‌നേഹത്തില്‍ ബന്ധപ്പെടാന്‍ ഈ അഹങ്കാരം മനുഷ്യനെ അനുവദിക്കുന്നില്ല. ദൈവവുമായി സ്‌നേഹത്തില്‍ ബന്ധപ്പെടുന്ന മനുഷ്യന്‍ വേണം! ഇപ്പോഴുള്ള മനുഷ്യനെക്കൊണ്ട് അതിനാകുന്നുമില്ല. അതുകൊണ്ടാണ് ഈശോയില്‍ പുതിയ മനുഷ്യന്റെ സൃഷ്ടി ദൈവം നടത്തുന്നത് (2:16). 
ആത്മാവിനാലും ജലത്താലും മാമ്മോദീസ സ്വീകരിച്ച പുതിയ മനുഷ്യനാണവന്‍. പുതിയ മനുഷ്യന്റെ രീതികളും ഭാവവും ഈശോ കാണിച്ചുതരുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസാ സ്വീകരിക്കുന്നവരും ആത്മാവിനാലും ജലത്താലും വീണ്ടും ജനിക്കുകയാണ്. അവര്‍ ഈശോയില്‍ പുതിയ മനുഷ്യരായിത്തീരുന്നു. 
ഇനിമേല്‍ അന്യരോ പരദേശികളോ അല്ലാത്ത നമ്മളെല്ലാം ഈശോയില്‍ ഒരു ഭവനമായിരിക്കുന്നു. മിശിഹായില്‍ ഭവനമൊന്നാകെ സമന്വയപ്പെട്ടിരിക്കുന്നു; ദൈവത്തിന്റെ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു (2:21).  
ഈശോയുടെ ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയുടെയും സാരാംശം ഇതു തന്നെയാണ് (യോഹ. 17:20-26). ഈശോയില്‍ വിശ്വസിക്കുന്നവരെല്ലാം ഒന്നായിരിക്കാന്‍വേണ്ടിയാണ് ഈശോ പ്രാര്‍ഥിക്കുന്നത്. കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഈശോയില്‍ ഇപ്പോള്‍ത്തന്നെ ഒന്നായിരിക്കുന്ന വിശ്വാസിസമൂഹം തങ്ങള്‍ ഒന്നാണെന്ന തിരിച്ചറിവിലേക്കു വരാനാണ് ഈശോ പ്രാര്‍ഥിക്കുന്നത്. 
'നാം ഒന്നായിരിക്കുന്നതുപോലെ'(17:22) എന്നതാണ്,  വിശ്വസിക്കുന്നവരെല്ലാം ഒന്നാകാനുള്ള കാരണം. ഈശോ വ്യക്തമായി പറയുന്നുണ്ട്, പിതാവും പുത്രനും ഒന്നാണ്. ദൈവത്വത്തില്‍ അവര്‍ ഒന്നായിരിക്കുന്നപോലെ ആ ദൈവത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഒന്നാണ്. 
മിശിഹായില്‍ ദൈവം മനുഷ്യനു പ്രദാനം ചെയ്ത ഈ ജീവിതസമന്വയം ഇന്നത്തെ വിശ്വാസികളും തിരിച്ചറിയണമെന്ന് സഭ ആഗ്രഹിക്കുന്നു. ഭാഷയുടെയോ നിറത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ പേരിലുള്ള വിവേചനങ്ങള്‍ സഭയിലുണ്ടാകാന്‍ പാടില്ല. പക്ഷേ, മിശിഹായില്‍ നാം ഒന്നാണെന്ന ചിന്തയ്ക്കപ്പുറം, വ്യത്യസ്തത സൃഷ്ടിക്കാനും അതു നിശിതമായി പാലിക്കാനുമുള്ള താത്പര്യങ്ങള്‍ കൂടിവരുന്നത് സുവിശേഷാത്മകമാണോ എന്ന വിമര്‍ശനാത്മകചോദ്യവും നാം ഉന്നയിക്കേണ്ടതുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)