•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

മകയിരം

സംസ്‌കൃതത്തില്‍നിന്നു മലയാളം കടംകൊണ്ട ഒരു പദമാണ് മകയിരം. നക്ഷത്രങ്ങളില്‍ അഞ്ചാമത്തേത്. സംസ്‌കൃതത്തിലെ മൃഗശിരസ് എന്ന ശബ്ദത്തിന്റെ മലയാളരൂപമാണ് മകയിരം. മൃഗശിരസിന് മാനിന്റെ തലപോലെയുള്ളത് എന്നാണ് ധാത്വര്‍ഥം. മൃഗം എന്നുമാത്രമായാലും മലയാളത്തിന്റെ പര്യായമാകും. മൃഗശിരസ് എന്ന ശബ്ദത്തിന്റെ നേരിട്ടുള്ള തദ്ഭവമല്ല മകയിരം. സംസ്‌കൃതത്തില്‍നിന്ന് പ്രാകൃതം (സംസ്‌കൃതം ദുഷിച്ചുണ്ടായ ഭാഷ) വഴിയാണ് മകയിരം മലയാളത്തിലെത്തിയത്. (സംസ്‌കൃതത്തിന്റെയും മലയാളത്തിന്റെയും ഇടക്കണ്ണിയാണല്ലോ പ്രാകൃതം).
സംസ്‌കൃതത്തിലെ മൃഗശിരസിനു തുല്യമായ പ്രാകൃതപദം മഗസിരയാണ്. ഈ മഗസിരയില്‍നിന്നത്രേ മലയാളത്തിലെ മകയിരത്തിന്റെ നിഷ്പത്തി. മൃഗശിരസ്, മകയിരമായപ്പോള്‍ സംഭവിച്ച വര്‍ണപരിണാമങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം. ''ഒന്ന്: മൃ എന്ന  സംയുക്തവ്യഞ്ജനത്തിലെ രേഫത്തിന്റെ തിരോഭാവം (മൃ-മ) രണ്ട്: ഗകാരത്തിന് എഴുത്തില്‍ ശ്വാസത്വാപത്തി(ഗ-ക)മൂന്ന്; സകാരത്തിന്റെ യകാരമായുള്ള പരിണാമം. (സ-യ) നാല്: അം എന്ന പൂരകപ്രത്യയത്തിന്റെ ആവിര്‍ഭാവം (ര-രം).* ഈ മാറ്റങ്ങളെ ഇങ്ങനെ രേഖപ്പെടുത്താം. മൃഗശിരസ് ഹ്‌മ മഗസിര ഹ്‌മ മഗയിര ഹ്‌മ മകയിര ഹ്‌മ മകയിരം.
കൂട്ടക്ഷരങ്ങളിലെ രേഫം പ്രാകൃതത്തില്‍ നഷ്ടപ്പെടാറുണ്ട്. അങ്ങനെയാണ് മൃ - മ ആകുന്നത്. സകാരത്തിന്റെ യകാരപരിണാമവും ഭാഷയില്‍ സ്വാഭാവികമാണ്. നാദിയായ ഗകാരത്തിന്റെ ശ്വാസീസ്പര്‍ശമാണല്ലോ ക. ഖരമൃദുവിനിമയത്തിന് എതിരായ പ്രവണതയാണിത്. ഖരമൃദുവിനിമയം ഉച്ചാരണത്തിലും ശ്വാസത്വാപത്തി എഴുത്തിലും സംഭവിക്കുന്നു എന്നതത്രേ അവ തമ്മിലുള്ള ഭേദം. പാദാന്ത്യത്തിലെ അം - നെ മലയാളത്തിന്റെ സംഭാവനമായി കരുതാം. ചുരുക്കത്തില്‍, മൃഗശിരസ് എന്ന സംസ്‌കൃതപദം പ്രാകൃതത്തില്‍ എത്തിയപ്പോള്‍ മഗശിര എന്നും അവിടെനിന്ന് വീണ്ടും പരിണമിച്ചപ്പോള്‍ അത് മകയിര എന്നുമായി. അതോടെ പ്രാകൃതത്തിന്റെ രൂപവ്യതിയാനങ്ങളില്‍ ഒന്നായി മകയിരത്തെ കരുതാമെന്നു വന്നു.
1. ലത, വി. നായര്‍, സമ്പാദനം, എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍, വാല്യം ഒന്ന്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം-335.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)