മേയ് 7 ഉയിര്‍പ്പുകാലം
അഞ്ചാം ഞായര്‍
ഏശ 49:7-13 ശ്ലീഹ 9:1-9
ഹെബ്രാ 10:19-25 യോഹ 21:1-14
ഉത്ഥിതനായ ഈശോ മൂന്നാം പ്രാവശ്യം തന്റെ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നതിന്റെയും പൗലോസിന്റെ മാനസാന്തരത്തിന്റെയും ഓര്‍മയാണ് ഇന്നത്തെ വായനകളുടെ കേന്ദ്രബിന്ദു. പിതാവായ ദൈവം ഉത്ഥിതനായ ഈശോയില്‍ നടത്തുന്ന പുതിയ മനുഷ്യന്റെ സൃഷ്ടിവഴി ശിഷ്യന്മാരെ പൂര്‍ണമായ ദൈവാനുഭവത്തിലേക്ക് എത്തിക്കുന്ന സംഭവവികാസങ്ങളാണിവ.
ലൂക്കായുടെ സുവിശേഷത്തില്‍ ഏശയ്യാപ്രവാചകന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് തന്റെ ദൗത്യം എന്താണെന്ന് ഈശോ കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. ''ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു'' (ലൂക്കാ 4:18). ബന്ധിതര്‍ക്കു മോചനം, അന്ധര്‍ക്കു കാഴ്ച, അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോള്‍, റോമാക്കാരുടെ ആധിപത്യത്തില്‍നിന്ന് ഈശോ തങ്ങളെ മോചിപ്പിക്കുമെന്നു കരുതിയ യഹൂദരെപ്പോലെയോ ലോകത്തിലെ എല്ലാ അനീതിയിലും അന്യായത്തിലുംനിന്നു മനുഷ്യനെ മോചിപ്പിക്കുന്നതാണ് ക്രൈസ്തവദൗത്യം എന്നു കരുതുന്ന വിമോചനദൈവശാസ്ത്രത്തിന്റെ വക്താക്കളെപ്പോലെയോ ചിന്തിക്കരുത്. സാമൂഹികനീതിയില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു വിമോചനമല്ല ഈശോ പഠിപ്പിക്കുന്നതും നല്‍കുന്നതും. സാമൂഹികനീതിയില്‍നിന്ന് അനേകമടങ്ങ് ഉയര്‍ന്നുനില്‍ക്കുന്ന ദൈവികനീതിയുടെ നടപ്പാക്കലാണ് ഈശോയുടെ ഉദ്ദേശ്യം. സാമൂഹികനീതിയുടെ ഈ ലോകത്തിലുള്ള നടപ്പാക്കലാണ് ദൈവത്തിന്റെ പദ്ധതിയുടെ പൂര്‍ത്തീകരണമെങ്കില്‍, 'നീ ദൈവമാണെങ്കില്‍ കുരിശില്‍നിന്നിറങ്ങിവരിക' (മത്താ. 27:42) എന്ന് അപഹസിക്കുന്ന ജനത്തിന്റെ മുന്നിലേക്ക് ദൈവപുത്രന്‍ ഇറങ്ങിവരുമായിരുന്നു.
മനുഷ്യനു ദൈവവുമായി ബന്ധപ്പെടാന്‍ കഴിയാതെയിരിക്കുമ്പോളുള്ള ബന്ധനത്തിന്റെ ചങ്ങല ഈശോ പൊട്ടിച്ചെറിയുന്നു. ദൈവത്തെ 'പിതാവേ' എന്നു വിളിച്ച് പിതാ - പുത്രബന്ധമായി ദൈവ - മനുഷ്യബന്ധത്തെ സ്ഥാപിക്കുന്നു. ദൈവാരാധന ഏതെങ്കിലും മലയില്‍ അര്‍പ്പിക്കുന്നതില്‍നിന്ന് ആത്മാവില്‍ അര്‍പ്പിക്കുന്ന ആരാധനയിലേക്കു വളരുന്നു. മാനുഷികനീതിയില്‍, എഴുതപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍, കാര്യങ്ങളെ അപഗ്രഥിച്ചു വിധികല്പിച്ചിരുന്ന നിയമത്തിന്റെ അന്ധമായ അനുസരണത്തില്‍നിന്ന് കരുണയുടെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയുമായ പുതിയ ദൈവികനീതിയുടെ കാഴ്ചപ്പാട് ഈശോ നല്‍കുന്നു. മരണമെന്ന സത്യത്തിന്റെ പേടിപ്പിക്കുന്ന ഓര്‍മയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന മനുഷ്യവര്‍ഗത്തെ, ഉത്ഥാനമെന്ന മരണാനന്തരസത്യത്തിന്റെ സ്വാതന്ത്ര്യം സ്വയം തെളിവായിക്കൊണ്ട് ഈശോ സ്വതന്ത്രമാക്കുന്നു.
ഈശോയുടെ ഉത്ഥാനത്തില്‍ ലോകത്തിന്റെ ചിന്താഗതിയില്‍നിന്നു വളരെ ഉയര്‍ന്നുനില്‍ക്കുന്ന ദൈവമക്കളുടെ സ്വാതന്ത്ര്യമാണു പ്രഖ്യാപിതമാകുന്നത്. അതിനെ തെളിയിക്കുന്ന സംഭവങ്ങളാണ് ഉത്ഥാനാനന്തരം സംഭവിക്കുന്നത്. ഏതെങ്കിലും സമൂഹത്തിനോ രാജ്യത്തിനോ മാത്രം അവകാശപ്പെട്ടതല്ല ആ സ്വാതന്ത്ര്യം. അതിരുകളില്ലാത്ത സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയുമാണ് ആ സ്വാതന്ത്ര്യം. സ്വയം ഇല്ലാതാകുന്നതിലൂടെ, മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നതിലൂടെ കരഗതമാകുന്നതാണ് ആ സ്വാതന്ത്ര്യം. പീഡനത്തിന്റെയും മരണത്തിന്റെയും അടയാളമായ കുരിശ് മഹത്ത്വത്തിന്റെയും വിമോചനത്തിന്റെയും അടയാളമാകുന്ന ദൈവത്തിന്റെ അദ്ഭുതം.
ഈ തിരിച്ചറിവിലേക്ക് ജനത്തെ നയിക്കാന്‍ പരിശ്രമിക്കുന്ന ഏശയ്യയെ ഒന്നാം വായനയില്‍ നാം കാണുന്നു (ഏശ. 49:7-13). ഇസ്രായേലിന്റെ പരിശുദ്ധനും വിമോചകനുമായ കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നുവെന്ന് പ്രവാചകന്‍ ഉറപ്പുതരുന്നു (49:7-13). കര്‍ത്താവിനു സ്വീകാര്യമായ വത്സരം അവിടുത്തെ ജനം ആശ്വസിപ്പിക്കപ്പെടുന്ന സമയമാണ്. അതു പൂര്‍ണമായും നടക്കുന്നത് ഈശോമിശിഹായിലാണ്. ഈശോയുടെ ഉത്ഥാനത്തില്‍ പുതിയ വത്സരം, ദൈവത്തിന്റെ രക്ഷയുടെ വത്സരം ആരംഭിക്കുകയായി.
ആ പുതിയ വത്സരത്തിന്റെ, പുതിയ കാഴ്ചയുടെ, യഥാര്‍ഥ ദൈവജ്ഞാനത്തിലേക്കുള്ള വിമോചനത്തിന്റെ പ്രധാനപ്പെട്ട തെളിവാണ് വി. പൗലോസ് (രണ്ടാം വായന: ശ്ലീഹ. 9:1-9). സാവൂളിന്റെ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീണ ചെതുമ്പലുകള്‍ പോലെയുള്ള വസ്തു (9:18) കണിശതയാര്‍ന്ന നിയമത്തിന്റെ, അന്ധതയുടെ അടയാളമാണ്. സാവൂളിനെ ബന്ധിച്ചിരുന്ന നിയമത്തിന്റെ പാരതന്ത്ര്യത്തില്‍നിന്ന് ഈശോയിലുള്ള വിശ്വാസത്തിന്റെ നീതി അവനെ സ്വതന്ത്രനാക്കുന്നു.
ഈശോ തുറന്നുതന്ന പുതിയ പാതയെക്കുറിച്ചാണ് ഹെബ്രായര്‍ക്കുള്ള ലേഖനം സംസാരിക്കുന്നത് (ഹെബ്രാ. 10: 19-25). ഈശോയുടെ ശരീരത്തിലൂടെ അവന്‍ നമുക്കായി വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാന്‍ പുതിയ പാത തുറന്നു (10:20). അപ്പോള്‍ തീര്‍ച്ചയായും നാം സംസാരിക്കുന്നതു ഭൗതികലോകത്തിന്റെ നേട്ടങ്ങളാകുന്ന ആകര്‍ഷണങ്ങളെക്കുറിച്ചല്ല; മറിച്ച്, വിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള യോഗ്യതയെക്കുറിച്ചാണ്. അതിനു നാം ഉപയോഗപ്പെടുത്തേണ്ടത് ഈശോയുടെ യോഗ്യതകളാണ്. കാരണം, മനുഷ്യനു ചെയ്യാന്‍ പറ്റാതിരുന്ന കാര്യം ദൈവം തന്റെ പുത്രനായ ഈശോമിശിഹായെ ഉപയോഗിച്ചു ചെയ്യുന്നു. എന്നിട്ട് ആ ഈശോയുടെ ശരീരം ഭക്ഷിക്കുന്നവര്‍ ദൈവമഹത്ത്വത്തിനു യോഗ്യരാകുമെന്ന് ഉറപ്പുതരുന്നു.
ഇസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകന്‍ ഈ ലോകത്തിന്റെ ബന്ധനങ്ങളില്‍നിന്നുള്ള മോചനമല്ല, അതിനപ്പുറം ദൈവികസന്നിധിയിലേക്കു തനിക്കു പ്രിയപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തുന്ന വളരെ ഉന്നതമായ സ്വാതന്ത്ര്യമാണ് ഉറപ്പു നല്‍കുന്നതെന്നു ശിഷ്യന്മാര്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ അവര്‍ക്കു വീണ്ടും പ്രത്യക്ഷനാകുന്നു (യോഹ. 21:1-14). പുതിയ സൃഷ്ടിയുടെ സ്വാതന്ത്ര്യം സകലയിടത്തുമുള്ള സാന്നിധ്യമാണ്. പുതിയ മനുഷ്യന്റെ ലക്ഷണം സ്‌നേഹത്തിന്റെയും കരുതലിന്റെയുമാണ്. കാരണം, ഉത്ഥാനത്തില്‍ ഉരുവാക്കപ്പെടുന്നത് ദൈവികമനുഷ്യനാണ്.
ഉത്ഥാനത്തിനുശേഷമുള്ള പ്രത്യക്ഷപ്പെടലുകളില്‍ ഈശോ ശിഷ്യന്മാര്‍ക്ക് ഇത്തരമൊരു രൂപീകരണമാണു നല്‍കുന്നത്. മരണത്തിനപ്പുറം നില്‍ക്കുന്ന ദൈവസ്‌നേഹത്തിന്റെ ഊഷ്മളബന്ധം സൃഷ്ടിക്കപ്പെടണം. ദൈവമഹത്ത്വത്തിലേക്കുള്ള പ്രവേശനമാണ് യഥാര്‍ഥത്തിലുള്ള സ്വാതന്ത്ര്യം നല്‍കുന്നതെന്നു ബോധ്യമാകണം. അപ്രകാരം, ദൈവത്തിലുള്ള ജീവിതത്തിനായി കാംക്ഷിക്കുമ്പോളും ഈ ലോകത്തില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുണയുടെയും ക്ഷമയുടെയും അടയാളങ്ങളായി ക്രിസ്തുശിഷ്യര്‍ മാറണം. വേദനയും സഹനവുമില്ലാതെ ഈ ലോകജീവിതം പൂര്‍ത്തിയാകില്ലെന്നും എന്നാല്‍, ആ സമയത്തുപോലും വേദന പങ്കുവയ്ക്കുന്ന ദൈവം തങ്ങളോടൊത്തുണ്ടെന്നും ശിഷ്യര്‍ക്കു ബോധ്യമുണ്ടാകണം. അതിനായി അവരുടെ നിത്യജീവിതത്തിന്റെ സാഹചര്യങ്ങളിലേക്ക് ഉത്ഥിതന്‍ ഇറങ്ങിവരുന്നു.