•  21 Nov 2024
  •  ദീപം 57
  •  നാളം 37
ബാലനോവല്‍

സ്വര്‍ണക്കുരിശ്

ജോസഫ് ഗ്രേസിയെ പൊക്കിയെടുത്ത് ജീപ്പില്‍ കയറ്റിയിരുത്തി. ഷിബിനും പിന്‍സീറ്റില്‍ അമ്മയുടെകൂടെ കയറിയിരുന്നു.  ശേഖരന്‍ തമ്പി ജീപ്പ് ആശുപത്രിയിലേക്കോടിച്ചു. ഗ്രേസിയെ  കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യം, എന്തോ ആവശ്യത്തിന് ഡോക്ടര്‍ മെറ്റില്‍ഡാ വര്‍ഗീസ് അവിടെ വന്നിട്ടുണ്ടായിരുന്നു. ഡോക്ടര്‍ ഗ്രേസിയെ പരിശോധിച്ചു. ഡോക്ടര്‍ മെറ്റില്‍ഡായുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. 
''വേഗം ഓപ്പറേഷന്‍ തീയേറ്റര്‍ റെഡിയാക്കൂ.'' 
ഓപ്പറേഷന്‍ തിയേറ്ററിലേക്കു കയറ്റുമ്പോള്‍ ഗ്രേസിക്കു ബോധമില്ലായിരുന്നു. ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പക്ഷേ, നിര്‍ഭാഗ്യം ഗ്രേസി മരിച്ചു. മിടുക്കിയായ ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞ്. പാവം ഗ്രേസിയോട് ഡോക്ടര്‍ മെറ്റില്‍ഡയ്‌ക്കൊരു പ്രത്യേക താത്പര്യവുമുണ്ടായിരുന്നു.
ഗ്രേസിയുടെ ഭര്‍ത്താവ് ജോസഫ്. മകന്‍ ഷിബിന്‍.
കുന്നത്തുവീട്ടിലെ ശേഖരന്‍ചേട്ടന്‍. അവരോടൊക്കെ താനെന്തു മറുപടി പറയും... വിധിയെന്നല്ലാതെ മറ്റെന്തു പറയാന്‍...
കതകു തുറന്നു കുഞ്ഞിനെയുംകൊണ്ട് ഡോക്ടര്‍ പുറത്തിറങ്ങി.
അവിടെ ആകാംക്ഷയോടെ കാത്തിരുന്ന മൂന്നുപേര്‍. ഡോക്ടറുടെ മുഖത്തെ ദുഃഖഭാവം... എന്തോ പന്തികേടുണ്ടെന്നവര്‍ മനസ്സിലാക്കി.
''നമ്മുടെ ഗ്രേസി ഈ ലോകംവിട്ടുപോയി. ഇതാ ഈ പെണ്‍കുഞ്ഞിനെ നമുക്കു തന്നു. നിങ്ങള്‍ ഒരു പത്തുമിനിറ്റുകൂടി താമസിച്ചിരുന്നെങ്കില്‍ ഈ കുട്ടിയെപ്പോലും നമുക്കു കിട്ടില്ലായിരുന്നു.'' ഡോക്ടര്‍ പറഞ്ഞു.
ഏങ്ങിക്കരയുന്ന ജോസഫിന്റെയും ഷിബിന്റെയും മുഖത്തേക്കു നോക്കിയപ്പോള്‍ ഡോക്ടറുടെ കണ്ണുകളും നിറഞ്ഞു.
''നമുക്കെന്തു ചെയ്യാന്‍ കഴിയും ജോസഫേ... എല്ലാം കര്‍ത്താവിന്റെ തിരുവിഷ്ടം...'' മെറ്റില്‍ഡയുടെ കൈയില്‍നിന്ന് ആ കുരുന്നിനെ ജോസഫ് വാങ്ങി ഉമ്മവച്ചു. എല്ലാം കണ്ട് ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുകയായിരുന്നു ശേഖരന്‍ തമ്പി... അയാളും കരയുകയായിരുന്നു. ഗ്രേസി തനിക്കൊരു വേലക്കാരിയായിരുന്നില്ല. സഹോദരിയായിരുന്നു.
ഇതറിയുമ്പോള്‍ സുഭദ്ര... പിന്നീടയാള്‍ക്കൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല. 
''ഡോക്ടര്‍. ഞങ്ങള്‍ക്കു ഗ്രേസിയെ ഒന്നു കാണണം.'' ശേഖരന്‍ തമ്പി പറഞ്ഞു.
''വരൂ.'' ഡോക്ടര്‍ വിളിച്ചു. പിന്നാലെ കുഞ്ഞിനെയുംകൊണ്ട് അവര്‍ അകത്തു കയറി. കിടക്കയില്‍ ഗ്രേസി ഉറങ്ങുന്നു. ഈ പൊന്നിന്‍കുടത്തിനെ നമ്മള്‍ക്കു സമ്മാനിച്ചിട്ട്...
''ഗ്രേസീ നീ പോയി അല്ലേ...? ഈ ജോസഫേട്ടനെ വിട്ട് നീ...''
''അമ്മച്ചീ...'' അതൊരാര്‍ത്തനാദമായിരുന്നു. ജോസഫും മകനും ശേഖരന്‍തമ്പിയും ദുഃഖം കൊണ്ടു വീര്‍പ്പുമുട്ടി. ഗ്രേസിയുടെ കുഞ്ഞിനെ അപ്പോള്‍ ശേഖരന്‍ തമ്പി അടക്കിപ്പിടിച്ചിരിക്കയായിരുന്നു.
പൊന്നുപോലെ... ഒരു സ്വര്‍ണമുത്ത്.''
    *        *        *
ജോസഫിന്റെ വീട്ടില്‍ ചെറിയൊരാള്‍ക്കൂട്ടംതന്നെയുണ്ടായിരുന്നു.
അലങ്കരിച്ച പന്തലില്‍ ഗ്രേസിയെ കിടത്തിയിരിക്കുന്നു.
പരിപാവനമായ ഒരു കുരിശ് അവള്‍ കൈയില്‍പ്പിടിച്ചിരിക്കുന്നു. അവസാനം ധരിക്കാറുള്ള വെള്ളവസ്ത്രത്തിനുള്ളില്‍ നിശ്ചലം കിടക്കുന്ന പാവം ഗ്രേസി. അവള്‍ ഉറങ്ങുകയാണ്.
ഒരിക്കലുമുണരാത്ത ഉറക്കം...
ചുറ്റും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ബന്ധുക്കള്‍... പരസ്പരം കെട്ടിടിച്ചുനിന്നു കരയുന്ന ജോസഫും ഷിബിനും...
എവിടെ ആ സ്വര്‍ണക്കുരുന്ന്? ഗ്രേസിയുടെ കുഞ്ഞ്.  ഇപ്പോള്‍ കുഞ്ഞുമോള്‍  സുഭദ്രയുടെ കൈയിലാണ്. 
ശേഖരന്‍തമ്പി ദുഃഖിച്ചു നില്‍ക്കുന്നു.
കൊച്ചുരാമനും കുഞ്ഞുചെറുക്കനും പൊട്ടിക്കരയുന്നു.
ദുഃഖമയം....
ദുഃഖമയം ജീവിതം...
അതാ അവസാനമായി കേള്‍
ക്കുന്ന പാട്ട്.
''നീര്‍പ്പോളകള്‍പോല്‍... എല്ലാമെല്ലാം വീണടിയുന്നു...''         
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)