•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്ത അംഗമാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ ജോലികിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി  ഇന്ദു സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്നു തെറ്റിദ്ധരിച്ച് ആനന്ദന്‍ അവളെ സ്‌കൂളില്‍നിന്നു പിരിച്ചുവിട്ടു. പിന്നീട് ചതിയില്‍പ്പെടുത്തി അപമാനിച്ച് അവളെ നാടുകടത്തി. അമേരിക്കയില്‍ പോയ അഭിഷേക് തിരിച്ചെത്തി. കാര്യങ്ങള്‍ അറിഞ്ഞ അഭിഷേക് ഇന്ദുവിനെ അന്വേഷിച്ചിറങ്ങി. തിരുവല്ലയില്‍ ഒരു വൈദികന്‍ നടത്തുന്ന അനാഥാലയത്തില്‍ കുഞ്ഞുങ്ങളെ നോക്കി ഇന്ദു സന്തോഷത്തോടെ കഴിയുന്നുവെന്ന് വിവരം കിട്ടി. ഇന്ദുവിനെയും അനിയത്തിമാരെയും താന്‍ സംരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞെങ്കിലും അഭിഷേകിനോടൊപ്പം നാട്ടിലേക്കു വരാന്‍ ഇന്ദു കൂട്ടാക്കിയില്ല. ഇതിനിടയില്‍ ആനന്ദന്‍ ഒരപകടത്തില്‍പ്പെട്ട് നടുവൊടിഞ്ഞ് ആശുപത്രിയിലായി. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്താപം തോന്നിയ ആനന്ദന്‍ ഇന്ദുവിനെ കണ്ട് മാപ്പു ചോദിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അഭിഷേക് പോയി ഇന്ദുവിനെ കണ്ട് അച്ഛന്റെ ആഗ്രഹം അറിയിച്ചു. (തുടര്‍ന്നു വായിക്കുക)

വിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീരില്‍ അഭിഷേകിന്റെ കരസ്പര്‍ശമേറ്റപ്പോള്‍ എന്തെന്നറിയാത്ത ഒരു ആശ്വാസം തോന്നി ഇന്ദുവിന്. ആരെങ്കിലും കാണുമോ എന്ന ഭയത്താല്‍ പൊടുന്നനേ അവള്‍ ആ കൈപിടിച്ചു മാറ്റി.
''ക്ഷമിക്കണം, പെട്ടെന്ന് അറിയാതെ ഞാന്‍... മറ്റൊന്നും ഉദ്ദേശിച്ചല്ല...'' അഭിഷേകിനു സ്ഥലകാലബോധം വന്നു.
''എനിക്കറിയാം. ഒരു സഹോദരിയുടെ കണ്ണുനീര്‍ ഒപ്പുന്ന മനസ്സോടെയാണ് അഭിഷേക് എന്നെ സ്പര്‍ശിച്ചതെന്ന് അറിയാം. ഒരു നല്ല സഹോദരനായി മാത്രമേ ഞാനും അഭിഷേകിനെ കണ്ടിട്ടുള്ളൂ. പക്ഷേ, ആശ്വസിപ്പിക്കാനും ചേര്‍ത്തുപിടിക്കാനും പറ്റിയ ഒരിടമല്ല അഭിഷേക് ഇത്. ചുറ്റും കണ്ണുകളുണ്ട്. ക്യാമറയ്ക്ക് അറിയില്ലല്ലോ നമ്മുടെ മനസ്സും ഹൃദയവും.''
''ഞാന്‍ ചോദിച്ചതിനു തീരുമാനം പറഞ്ഞില്ല. വരുമോ എന്നോടൊപ്പം? എന്നെ ഒരു സഹോദരനായി കാണുന്നെന്നല്ലേ പറഞ്ഞത്? ഒരു സഹോദരന്റെ അപേക്ഷയായിക്കണ്ട് വന്നൂടെ?''
''ആ മനുഷ്യനെ കാണുമ്പം നിയന്ത്രണം വിട്ടു ഞാന്‍ വല്ലതും പറഞ്ഞുപോയേക്കുമോന്ന് ഭയക്കുന്നു അഭിഷേക്. കണ്ടിട്ട് തിരികെവന്നാല്‍ പിന്നെ കുറച്ചു ദിവസത്തേക്ക് എനിക്കുറക്കം വരില്ല. എല്ലാം മറന്ന് ഞാനിപ്പം ഇവിടെ സന്തോഷത്തോടെ ജീവിക്കുവാ. എന്റെ മനസ്സിലേക്ക് അറിഞ്ഞുകൊണ്ട് ഞാന്‍ തീ കോരിയിടണോ?'' 
''അങ്ങനുണ്ടാവില്ല ഇന്ദു. അച്ഛനെ കണ്ടുകഴിയുമ്പം ഇന്ദുവിന്റെ ധാരണയൊക്കെ മാറുമെന്ന് എനിക്കുറപ്പുണ്ട്. പഴയ ആനന്ദന്‍ മരിച്ചുപോയി. ശരീരം അനക്കാനാവാതെ മിഴിനീര്‍ ഒഴുക്കി  തളര്‍ന്നുകിടക്കുന്ന ഒരു സാധുമനുഷ്യനാ ഇപ്പം എന്റെ അച്ഛന്‍. ആ മനസ്സിലെ തീ അണയണമെങ്കില്‍ ഇന്ദുവിനോടു മാപ്പു ചോദിക്കണമെന്നു പറഞ്ഞതുകൊണ്ടാ ഞാനിപ്പം ഇന്ദുവിനെ തേടി വീണ്ടും വന്നത്. ഒരു കൂടിക്കാഴ്ച. അതുമാത്രം മതി.''
തെല്ലുനേരം ഇന്ദു ആലോചിച്ചുനിന്നു. ആ കണ്ണുകളിലേക്കു തന്നെ നോക്കി പ്രതീക്ഷയോടെ നില്‍ക്കുകയായിരുന്നു അഭിഷേക്.
''ഞാന്‍ അച്ചനെ വിളിച്ചൊന്നു ചോദിക്കട്ടെ. അച്ചനെ ഞാനൊരു പള്ളീലച്ചനായിട്ടല്ല, എന്റെ സ്വന്തം അച്ഛനായിട്ടാ കാണുന്നത്. അത്രയേറെ സ്‌നേഹം വാരിക്കോരി തന്നയാളാ. ആ മനുഷ്യന്റെ അനുമതിയില്ലാതെ ഞാനൊന്നും ചെയ്യില്ല.''
''ചോദിച്ചോളൂ.''
ഇന്ദു അകത്തേക്കു പോയി. തെല്ലുനേരം കഴിഞ്ഞു തിരികെ വന്നിട്ടു പറഞ്ഞു:
''വരാം. മാനസാന്തരം വന്ന ഒരാളോടു കരുണ കാണിച്ചില്ലെങ്കില്‍ ദൈവം ക്ഷമിക്കുകേലെന്നാ അച്ഛന്‍ പറഞ്ഞത്. ഒരു പത്തുമിനിറ്റ് വെയ്റ്റ് ചെയ്യൂ. ഞാന്‍ വേഷം മാറി വേഗം വരാം.''
''എത്ര മിനിറ്റ് വേണമെങ്കിലും കാത്തിരിക്കാം. പോയി വേഷം മാറി വന്നോളൂ.''
ഇന്ദു അകത്തേക്കു വലിഞ്ഞു. പതിനഞ്ചുമിനിറ്റു കഴിഞ്ഞ്  വേഷം മാറി അവള്‍ സ്വീകരണമുറിയിലേക്കു വന്നു. ചുരിദാറായിരുന്നു വേഷം. അണിഞ്ഞൊരുങ്ങി  വന്നപ്പോള്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു. യാത്രയാക്കാന്‍ ഒരു കന്യാസ്ത്രീയുമുണ്ടായിരുന്നു.
കാറില്‍ പിന്‍സീറ്റിലാണ് അവള്‍ കയറിയത്. പോകുന്നതിനുമുമ്പ് മണപ്പള്ളിയച്ചനെ വിളിച്ചു നന്ദി പറയാന്‍ മറന്നില്ല അഭിഷേക്. 
കാറിലിരിക്കുമ്പോള്‍ ഇന്ദു ഒന്നും മിണ്ടിയില്ല. വണ്ടി ഓടിക്കൊണ്ടിരുന്നു. ഇന്ദുവിന്റെ മൗനം അഭിഷേകിനെ അസ്വസ്ഥനാക്കി. 
''എന്നോടും ദേഷ്യമാണോ ഇന്ദുവിന്?''
''ഒരിക്കലുമില്ല.''
''പിന്നെന്തേ  ഒന്നും മിണ്ടാത്തത്?'
''അഭിഷേകിനെപ്പോലൊരു വലിയ മനുഷ്യനോടു ഞാനെന്തു മിണ്ടാനാണ്?''
''അങ്ങനെയൊരു വലുപ്പച്ചെറുപ്പം നമുക്കിടയില്‍ ഇനി വേണ്ട. സ്വന്തം സഹോദരനെപ്പോലെ കണ്ട് മനസ്സുതുറന്ന് ഇന്ദുവിന് എന്നോടു സംസാരിക്കാം.''
''ഞാനങ്ങനെയേ കണ്ടിട്ടുള്ളൂ. ഇപ്പഴല്ല, നേരത്തേയും. പക്ഷേ, ചുറ്റും നിന്നവര്‍ക്ക് എന്റെ മനസ്സിന്റെ നിഷ്‌കളങ്കത കാണാനുള്ള കണ്ണില്ലാതെപോയി.''
''സ്‌നേഹലതയാണ് എന്റെച്ഛനെ തെറ്റിദ്ധരിപ്പിച്ചത് അല്ലേ?''
''ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല. കഴിഞ്ഞതൊക്കെ മറക്കാന്‍ ശ്രമിക്കുകയാണ്.''
''വീട്ടില്‍പ്പോയി അനിയത്തിമാരെ കാണുന്നുണ്ടോ?''
''ഇല്ല. അവരെ അഭിമുഖീകരിക്കാനുള്ള കരുത്ത് എനിക്കില്ല. എന്നെ കണ്ടകാര്യം അവരെ അറിയിക്കുകയും ചെയ്യരുത്.'
''ഒരിക്കലുമില്ല.''
''അഭിഷേക് അവരെ സംരക്ഷിക്കുമെന്ന് എനിക്കറിയാം. ആ ഒരു സന്തോഷം മതി എനിക്ക്.''
''ഞാന്‍ എന്നും ഫോണ്‍ ചെയ്യാറുണ്ട്. നാല് അനിയത്തിമാരോടും സംസാരിക്കാറുണ്ട്. എന്റെ വിളി കേള്‍ക്കാന്‍ അവര്‍ കാതോര്‍ത്തിരിക്കും.'' അഭിഷേക് പറഞ്ഞു.
''അഭിഷേക് മുമ്പൊരിക്കല്‍ എന്നെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞിരുന്നല്ലോ അനിയത്തിമാരുടെ സംരക്ഷണം ഇനി അഭിഷേകിന്റെ കൈകളിലാണെന്ന്. അതുകേട്ടപ്പോള്‍മുതല്‍ കൂടുതല്‍ സന്തോഷത്തോടെയാ ഞാനുറങ്ങുന്നത്.''
''അവരുടെ ഭാവി എന്റെ കൈകളില്‍ ഭദ്രമായിരിക്കും. ഞാനുറപ്പുതരുന്നു.''
''ഹോട്ടല്‍ മുറിയില്‍നിന്ന് പിടിക്കപ്പെട്ട് അപമാനിതയായി ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ആദ്യം ചിന്തിച്ചത് ആത്മഹത്യയെപ്പറ്റിയാ. പിന്നെന്തോ ചാണ്ടി അച്ചായനെ വിളിക്കാന്‍ ദൈവം എന്നെ തോന്നിപ്പിച്ചു. മണപ്പള്ളി യച്ചന്റെ അടുത്ത് എത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ  ഇന്ദു ഇന്നീ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. എന്റെ കണ്ണീരു കാണാന്‍ അച്ചനു കഴിഞ്ഞു. എന്നെ അടുത്തുപിടിച്ചിരുത്തി ഒരുപാട് ഉപദേശങ്ങളും നിര്‍ദേശങ്ങളുമൊക്കെ നല്‍കി അച്ചന്‍.  ഒരു ബൈബിള്‍ തന്നിട്ട് എന്നും രാത്രിയില്‍ അരമണിക്കൂര്‍ നേരം അതു വായിക്കണമെന്ന്  അച്ചന്‍ പറഞ്ഞു. അരമണിക്കൂര്‍നേരം അതു വായിക്കണമെന്ന് അച്ചന്‍ പറഞ്ഞു. അതു വായിക്കാന്‍ തുടങ്ങിയതുമുതല്‍ എന്റെ മനസ്സിന് ഒരുപാടു ശാന്തികിട്ടി. രാത്രി കുഞ്ഞുങ്ങളോടും കന്യാസ്ത്രീകളോടുമൊപ്പം ഞാനും കൊന്തചൊല്ലാനിരിക്കും. എന്നും രാവിലെ പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കുകൊള്ളും. ക്രൂശിതരൂപത്തിലേക്കു നോക്കി ഒരുപാടുനേരം പ്രാര്‍ഥിക്കും. എന്റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടതുകൊണ്ടായിരിക്കും എന്റനിയത്തിമാരെ അന്വേഷിച്ചു ചെല്ലാനും അവരെ സംരക്ഷിക്കാനും ദൈവം അഭിഷേകിനെ പ്രേരിപ്പിച്ചത്.''
''ബൈബിള്‍ എന്നെയും സ്വാധീനിച്ചിട്ടുള്ള വിശുദ്ധഗ്രന്ഥമാ. എന്റെ മുറിയിലും ഉണ്ട് ഒരെണ്ണം. കിടക്കുന്നതിനുമുമ്പ് അഞ്ചുമിനിറ്റുനേരം ഞാനും വായിക്കാറുണ്ട്.'' അഭിഷേക് പറഞ്ഞു.
''ജന്മംകൊണ്ട് ഞാന്‍ ഹിന്ദുവാണെങ്കിലും കര്‍മംകൊണ്ട് ഞാനിപ്പോള്‍ ക്രിസ്ത്യാനിയാണ്. എനിക്കിനി ആ ജീവിതമേ തുടരാന്‍ പറ്റൂ. അത്രയേറെ യേശു എന്റെ മനസ്സിനെ മാറ്റിമറിച്ചിരിക്കുന്നു.''
''മാമ്മോദീസാ മുങ്ങി അങ്ങോട്ടു ചേര്‍ന്നോ?'' അഭിഷേക് ചിരിച്ചു.
''ഒരിക്കലുമില്ല. അച്ചനെന്നെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. അങ്ങനെയുള്ള ഒരച്ചനല്ല മണപ്പള്ളിയച്ചന്‍. ബൈബിള്‍ വായിക്കുകയും സന്ധ്യാപ്രാര്‍ഥനയില്‍ പങ്കെടുക്കുകയും ചെയ്തപ്പോള്‍ മനസ്സ് ആ വഴി സ്വയം തിരിഞ്ഞുപോയതാണ്. ഞാനറിയാതെ ക്രിസ്തു എന്റെ മനസ്സില്‍ കുടിയേറുകയായിരുന്നു.''
''ക്രിസ്തു സമൃദ്ധമായി ഇന്ദുവിനെ അനുഗ്രഹിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം.''
''നന്ദി അഭിഷേക്.''
ഓരോന്നു ചോദിച്ചും പറഞ്ഞും അവര്‍ യാത്ര തുടര്‍ന്നു. സന്ധ്യയായപ്പോഴേക്കും ആശുപത്രിയിലെത്തി. അഭിഷേകിനോടൊപ്പം ലിഫ്റ്റ് കയറി മൂന്നാംനിലയിലെത്തി. അഭിഷേകിന്റെ പിന്നാലെ നൂറ്റിരണ്ടാം നമ്പര്‍ റൂം ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഹൃദയമിടിപ്പ് കൂടിയിരുന്നു. ആനന്ദനെ കാണുമ്പോള്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ മനസ്സിനെ പിടിച്ചുനിറുത്തണേ യേശുവേ എന്നവള്‍ പ്രാര്‍ഥിച്ചു.
വാതില്‍ മെല്ലെ തള്ളിത്തുറന്ന് അഭിഷേക് മുറിയിലേക്കു കയറി. പിന്നാലെ ഇന്ദുലേഖയും. അവരെ കണ്ടതും ശ്രീദേവി എണീറ്റു. ഇന്ദു ആദരവോടെ കൈകൂപ്പി.
ആനന്ദന്‍ മയക്കത്തിലായിരുന്നു. ഇന്ദു നോക്കി. അവിടവിടെ പ്ലാസ്റ്റര്‍ ഒട്ടിച്ച്, തുണി ചുറ്റി ഒരു ശരീരം നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഒരു വലിയ മരം കടപുഴകി വീണുകിടക്കുന്നപോലെ തോന്നി ഇന്ദുവിന്. ആ കിടപ്പു കണ്ടപ്പോള്‍ സഹതാപം തോന്നി.
''അച്ഛന്‍ എപ്പഴാ ഉറങ്ങീത്?''
അമ്മയെ നോക്കി അഭിഷേക് ചോദിച്ചു.
''വേദന സഹിക്കാനാവാതെ കരയുകയായിരുന്നു. കുറച്ചു മുമ്പ് നേഴ്‌സ് വന്ന് ഒരിഞ്ചക്ഷന്‍ കൊടുത്തു. അപ്പം മയങ്ങിപ്പോയി.'' ഇന്ദുവിനെ നോക്കി ശ്രീദേവി തുടര്‍ന്നു:
''ഓര്‍മയുണ്ടോ മോളേ എന്നെ?''
''മറക്കാന്‍ പറ്റുമോ അമ്മേ? സ്‌കൂളില്‍ ജോയിന്‍ ചെയ്ത് ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ എനിക്കു ചായ തന്നതും അച്ഛന്റെ അസുഖം പറഞ്ഞപ്പോള്‍ എന്നെ ആശ്വസിപ്പിച്ചതുമൊന്നും ഞാന്‍ മറന്നിട്ടില്ല.''
''ഞങ്ങള്‍ അമേരിക്കേല്‍ ആയിരുന്നതുകൊണ്ട് ഇവിടെ നടന്നതൊന്നും അറിഞ്ഞില്ല.''
''എനിക്കറിയാം. അമ്മയും അഭിഷേകുമൊക്കെ എന്നെ സഹായിച്ചിട്ടുമാത്രേയുള്ളൂ.''
''മോളു വരുമെന്ന് അച്ഛനു പ്രതീക്ഷയില്ലായിരുന്നു. ഇടയ്ക്ക് ഇവനെ വിളിച്ചപ്പോഴും വരാന്‍ കൂട്ടാക്കിയില്ലെന്നാ പറഞ്ഞത്.''
''അച്ഛന് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ ഞാനൊരു നുണ പറഞ്ഞതല്ലേ.'' അഭിഷേക് ചിരിച്ചു.
ശ്രീദേവിയും ഇന്ദുവും ഓരോന്നു സംസാരിച്ചിരുന്നു. അഭിഷേക് കാന്റീനില്‍നിന്നു ചായയും വടയും വരുത്തി ഇന്ദുവിനു കൊടുത്തു.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആനന്ദന്‍ മെല്ലെ കണ്ണുതുറന്നു.
''അച്ഛാ.''
കട്ടിലിനോടു ചേര്‍ന്നുനിന്ന് ആ കരം പിടിച്ച് അഭിഷേക് വിളിച്ചു. ആനന്ദന്‍ മിഴികള്‍ തിരിച്ച് അഭിഷേകിനെ നോക്കി.
''ഇന്ദു വന്നില്ല അല്ലേ?'
ആനന്ദന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അഭിഷേക് കണ്ടു.
''വന്നു അച്ഛാ. ഇവിടുണ്ട്.''
മുഖം തിരിച്ച് അഭിഷേക് ഇന്ദുവിനെ കണ്ണുകൊണ്ട് അടുത്തേക്കു വിളിച്ചു. ഇന്ദു സാവധാനം നടന്ന് അടുത്തുവന്നു. മിഴിയോടു മിഴി നോക്കി, ഒന്നും മിണ്ടാതെ തെല്ലുനേരം നിന്നു. ആനന്ദന്റെ കണ്ണുകള്‍ പൊട്ടിയൊഴുകുന്നത് ഇന്ദു കണ്ടു. കരം ഉയര്‍ത്തി ഇന്ദുവിന്റെ കൈയില്‍ പിടിച്ചുകൊണ്ട് ആനന്ദന്‍ പറഞ്ഞു:
''വരില്ലെന്നാ കരുതിയത്.''
ഇന്ദു ഒന്നും മിണ്ടിയില്ല.
''എന്നോടു ക്ഷമിക്കണം, പൊറുക്കണം... മാപ്പ് മോളേ... മാപ്പ്.''
അപ്പോഴും അവള്‍ മൗനം.
''ചെയ്തുപോയ തെറ്റുകള്‍ക്ക് ദൈവം ശിക്ഷ തന്നു. ഇനി ജീവിതാന്ത്യം വരെ ഈ കിടപ്പ്. ഓര്‍ക്കാന്‍പോലും കഴിയുന്നില്ല. എണീറ്റു നടക്കാന്‍ ശക്തിതരണേന്ന് എനിക്കുവേണ്ടി പ്രാര്‍ഥിക്കണം കേട്ടോ... മോളു പ്രാര്‍ഥിച്ചാല്‍ ദൈവം കേള്‍ക്കും... ക്ഷമിക്കും.''
നിര്‍വികാരയായി നിന്നതേയുള്ളൂ ഇന്ദു.
''പ്രാര്‍ഥിക്കില്ലേ?''
പ്രാര്‍ഥിക്കാം എന്നവള്‍ തലയാട്ടി.
''ക്ഷമിച്ചു എന്നൊരു വാക്ക്...''
''ക്ഷമിച്ചില്ലായിരുന്നെങ്കില്‍ ഞാനിപ്പം വരില്ലായിരുന്നല്ലോ. എന്റെ മനസ്സില്‍ ഇപ്പം ആരോടും വെറുപ്പും ദേഷ്യവുമില്ല. ശത്രുക്കള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണമെന്നാണല്ലോ ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കാം. മാനസാന്തരം ഉണ്ടായതില്‍ ഒരുപാട് സന്തോഷമുണ്ട്.''
''മോളവിടെ ഇരിക്ക്. എനിക്കു കുറച്ചു കാര്യങ്ങള്‍കൂടി പറയാനുണ്ട്.''
ഇന്ദു കസേര വലിച്ചിട്ട് ഇരുന്നു.
 
 
(തുടരും)
 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)