•  9 May 2024
  •  ദീപം 57
  •  നാളം 9
ബാലനോവല്‍

സ്വര്‍ണക്കുരിശ്

ഗ്രേസിക്കിത് ഒമ്പതാംമാസമാണ്. ചെറിയ ചില അസുഖങ്ങളൊക്കെ കണ്ടു തുടങ്ങി. ഡോക്ടറെക്കണ്ടപ്പോള്‍ ഒന്നും സാരമില്ലെന്നു പറഞ്ഞു.
''ഇപ്പോള്‍ പേടിക്കാനൊന്നുമില്ല. ഈ ചെറിയ അസ്വസ്ഥതകള്‍ എല്ലാ ഗര്‍ഭിണികള്‍ക്കും ഉള്ളതാ. പ്രത്യേകിച്ചെന്തെങ്കിലും ക്ഷീണമായിത്തോന്നുമ്പോള്‍ ആശുപത്രിയില്‍ വരണം.'' ഗ്രേസിയെ ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റ് ഡോ. മെറ്റില്‍ഡാ വര്‍ഗീസ് പറഞ്ഞു.
''വരാം ഡോക്ടര്‍.'' ജോസഫ് പറഞ്ഞു.
''ശരി, ഇപ്പോള്‍ ഈ മരുന്നു വാങ്ങി പൊയ്‌ക്കൊള്ളൂ. രണ്ടു മൂന്നു ദിവസം പണികള്‍ക്കൊന്നും പോകണ്ട. ഈ മരുന്നു കഴിച്ച് ശരീരസുഖം തോന്നുന്നെങ്കില്‍ പണിക്കുപോകാം. ഭാരപ്പെട്ട ജോലികള്‍ ചെയ്യരുത്.'' ഡോക്ടര്‍ പറഞ്ഞു.
''ശരി ഡോക്ടര്‍.' ഗ്രേസി സമ്മതിച്ചു. 
പിറ്റേന്നു പണിക്കുചെന്നപ്പോള്‍ ജോസഫ് തന്നെ കുന്നത്തുവീട്ടില്‍ച്ചെന്നു പറഞ്ഞു, ഗ്രേസി രണ്ടു മൂന്നു ദിവസം പണിക്കു പോവില്ലെന്ന്.
''നാലഞ്ചുദിവസം റെസ്റ്റെടുത്തിട്ടു വന്നാല്‍ മതി ജോസഫേ.'' സുഭദ്ര പറഞ്ഞു.
''ഗ്രേസിയെ ആശുപത്രിയില്‍ കൊണ്ടുപോയോ ജോസഫേ.'' ലക്ഷ്മിമുത്തശ്ശി ഇറങ്ങി വന്നു ചോദിച്ചു.
''കൊണ്ടുപോയി മുത്തശ്ശീ. കുറച്ചു റെസ്റ്റെടുക്കണമെന്നാ ഡോക്ടറു പറഞ്ഞത്.''
''എടുത്തോട്ടെ. കുറെ ദിവസം കഴിഞ്ഞിങ്ങോട്ടു വന്നാല്‍ മതിയെന്നവളോടു പറ.''
''പറയാം മുത്തശ്ശീ. എന്നാല്‍ ഞാന്‍ പോട്ടെ. പറമ്പില്‍ ഒരുപാടു പണിയുണ്ട്.'' ജോസഫ് പറഞ്ഞു.
''എന്നാ ശരി നീ പൊയ്‌ക്കോ ജോസഫേ.'' മുത്തശ്ശി പറഞ്ഞു.
അയാള്‍ പോയി.
പാവം ജോസഫ്. നല്ല മനുഷ്യന്‍. മുത്തശ്ശി വിചാരിച്ചു.
ലക്ഷ്മിമുത്തശ്ശി വരാന്തയില്‍ വന്ന് കാലും നീട്ടിയിരുന്നു.
''മോളേ ശുഭേ.''
''ന്താ മുത്തശ്ശീ.''
''നീയിങ്ങു വന്നേ.''
ശുഭ മുത്തശ്ശിയുടെ അടുത്തു വന്നു.
''മുത്തശ്ശീടെ കാലൊന്നു തിരുമിത്താ മോളേ.''
ശുഭ നിലത്തിരുന്ന് മുത്തശ്ശിയുടെ രണ്ടുകാലും നന്നായി തിരുമ്മിക്കൊടുത്തു.
''രതീഷെന്തിയേ മോളേ.''
''അവനിരുന്നു പുസ്തകം വായിക്കുന്നു.''
''അതിനിപ്പം സ്‌കൂളില്ലല്ലോ പിന്നെന്തു പൊസ്തകവായന.''
''അവനേ മുത്തശ്ശീ കഥപ്പുസ്തകമാ വായിക്കുന്നത്.''
''നല്ലത്. അക്ഷരജ്ഞാനം നല്ലതാ. വായന മരിക്കാതിരിക്കട്ടെ...''
''മുത്തശ്ശി വായിക്കുമായിരുന്നോ?''
''പിന്നേ...''
''എന്തൊക്കെപ്പുസ്തകമാ വായിക്കാറ്.''
''രാമായണം, ഭാഗവതം. പിന്നെപത്രം, മാസികകള്‍ ഒക്കെ മുത്തശ്ശി വായിച്ചിരുന്നു.''
''ഇപ്പന്തേ വായന നിര്‍ത്തിയെ...'' ശുഭ കുസൃതിയോടെ ചോദിച്ചു.
''ന്റെ കാന്താരിക്കുട്ടീ ഇപ്പ മുത്തശ്ശിക്കു കാഴ്ചക്കുറവുണ്ട് അതോണ്ടാ വായിക്കാത്തത്.''
''ഓ അതു ശരി. ഇപ്പോ കാലിനു സുഖോണ്ടോ മുത്തശ്ശീ...'' ശുഭ ചോദിച്ചു.
''നല്ല സുഖോണ്ട്. ന്റെ കുട്ടീടെ മൃദുവായ കൈകൊണ്ടു തടവിയാപ്പിന്നെ സുഖോല്ലാണ്ടു വരുമോ... മതി. മോളുപോയി വല്ലതും കഴിക്ക്. ഞാനൊന്നു  മയങ്ങട്ടെ.'' മുത്തശ്ശി എണീറ്റുപോയിക്കിടന്നു. 
''എടാ രതീഷേ, അച്ഛനെവിടെ?''
''അച്ഛന്‍ തോട്ടത്തില്‍പ്പോയതല്ലേ അമ്മേ.''
''ഇന്നു പോകുന്നില്ലെന്നു പറഞ്ഞാരുന്നു. അതുകൊണ്ടു ചോദിച്ചതാ.''
ഗ്രേസി പണിക്കു വരാത്തതുകൊണ്ട് കുന്നത്തുവീട്ടില്‍ ബുദ്ധിമുട്ടായി ഒരുപാട് അടുക്കളപ്പണിയുണ്ട് ഭക്ഷണം കാലമാക്കണം. ഗ്രേസിയുള്ളപ്പോള്‍ സുഭദ്രയ്‌ക്കൊന്നുമറിയണ്ട. അവള്‍ എല്ലാം ചെയ്‌തോളും. ഒന്നിനും ഒരു മടിയുമില്ലാത്ത സ്ത്രീ. ഇങ്ങനെയൊരു പണിക്കാരിയെക്കിട്ടാന്‍ സുകൃതം ചെയ്യണം.
ശേഖരേട്ടനോടു താന്‍ പറയാറുണ്ട്.
''ഗ്രേസിക്കു നല്ല ശമ്പളം കൊടുക്കണം. എല്ലാക്കാര്യങ്ങളിലും അവരെ സഹായിക്കണം.''
''അതു നീ പറയാതെതന്നെ ഞാന്‍ ചെയ്യുന്നുണ്ട് സുഭദ്രേ.''
''ഞാന്‍ ഒന്നോര്‍മിപ്പിച്ചൂന്നു മാത്രം. നേരം വെളുത്താല്‍ ഇരുട്ടുന്നതുവരെ അവളിവിടെക്കിടന്നു കഷ്ടപ്പെടുകയല്ലേ. നമ്മളതറിയണ്ടേ...'' സുഭദ്ര ഭര്‍ത്താവിനോടു പറഞ്ഞു.
''അവള്‍ക്കെന്താണു ചെയ്യേണ്ടതെന്നു വച്ചാല്‍ നീ പറഞ്ഞാല്‍ മതി.'' ശേഖരന്‍ തമ്പി ഭാര്യയോടു പറഞ്ഞു.
''അതാ ജോസഫാണല്ലോ ഓടി വരുന്നത്. എന്താണാവോ...''
''ശേഖരേട്ടാ ഗ്രേസിക്കല്പം അസുഖം കൂടുതലാ. നല്ല ബ്ലീഡിങ്ങുണ്ട്. ജീപ്പുമായി ഒന്നുവന്നാല്‍...''
''നീ വന്നുകേറു ജോസഫേ...'' ജോസഫ് വേഗം ജീപ്പില്‍ കയറി. ശേഖരന്‍ തമ്പി ജീപ്പു തിരിച്ചു ജോസഫിന്റെ വീട്ടിലേക്കു വിട്ടു.

(തുടരും)

Login log record inserted successfully!