കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തയാളാണ് ഇന്ദുലേഖ. ദൂരെ സ്‌കൂളില്‍ ജോലികിട്ടിയ ഇന്ദു സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി സൗഹൃദത്തിലായി. അവര്‍ തമ്മില്‍ പ്രണയമാണെന്നു തെറ്റിദ്ധരിച്ച ആനന്ദന്‍ ഇന്ദുവിനെ ചതിയില്‍പ്പെടുത്തി അപമാനിച്ച് നാടുകടത്തി. അമേരിക്കയില്‍ പോയ അഭിഷേക് തിരിച്ചെത്തി. കാര്യങ്ങള്‍ അറിഞ്ഞ അഭിഷേക് ഇന്ദുവിനെ അന്വേഷിച്ചിറങ്ങി. തിരുവല്ലയില്‍ ഒരു വൈദികന്‍ നടത്തുന്ന അനാഥാലയത്തില്‍ കുഞ്ഞുങ്ങളെ നോക്കി ഇന്ദു സന്തോഷത്തോടെ കഴിയുന്നുവെന്നു വിവരം കിട്ടിയതിനെ തുടര്‍ന്ന് അഭിഷേക് അവിടെ ചെന്ന് ഇന്ദുവിനെ കണ്ട് അച്ഛനുവേണ്ടി മാപ്പു ചോദിച്ചു. ഇന്ദുവിന്റെയും കുടുംബത്തിന്റെയും സംരക്ഷണം താന്‍ ഏറ്റെടുത്തുകൊള്ളാമെന്നു പറഞ്ഞെങ്കിലും അഭിഷേകിനോടൊപ്പം നാട്ടിലേക്കു പോരാന്‍ ഇന്ദു വിസമ്മതിച്ചു.
(തുടര്‍ന്നു വായിക്കുക)
സന്ധ്യ.
അടുക്കളയില്‍ ജോലിയിലായിരുന്നു അഭിഷേകിന്റെ അമ്മ ശ്രീദേവി. ഫോണ്‍ ശബ്ദിക്കുന്നതു കേട്ടപ്പോള്‍ ഓടിച്ചെന്ന് അതെടുത്തു. അഭിഷേകിന്റെ പ്രതിശ്രുതവധു അപര്‍ണയുടെ അച്ഛന്‍ വിശ്വനാഥനായിരുന്നു അങ്ങേത്തലയ്ക്കല്‍. കുശലം ചോദിക്കാന്‍ വിളിച്ചതാകുമെന്നാണു വിചാരിച്ചത്. പക്ഷേ, അപര്‍ണയും അഭിഷേകും തമ്മിലുള്ള വിവാഹം നടക്കില്ലെന്നു പറഞ്ഞപ്പോള്‍ ശ്രീദേവി ഞെട്ടി.
''എന്തേ ഇപ്പം ഇങ്ങനെ തോന്നീത്?'' ശ്രീദേവി ആരാഞ്ഞു.
''ഇന്ദു എന്നൊരു റ്റീച്ചര്‍ നിങ്ങളുടെ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നോ?''
''ഉവ്വ്.''
''സ്വഭാവദൂഷ്യത്തിന് ആ റ്റീച്ചറെ സ്‌കൂളീന്നു പിരിച്ചുവിട്ടതല്ലേ?''
''അതേ.''
''കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞു. കേട്ടപ്പം, ഈ കല്യാണത്തിന് അപര്‍ണയ്ക്കു താത്പര്യമില്ല എന്നവളു പറഞ്ഞു. പിള്ളേരുടെ ഇഷ്ടമല്ലേ നമ്മളു നോക്കേണ്ടത്. അതുകൊണ്ട് ഇതു പ്രൊസീഡു ചെയ്യാന്‍ താത്പര്യമില്ല.''
കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനുമുമ്പേ ഫോണ്‍ കട്ടായി.
ശ്രീദേവി താടിക്കു കൈയും കൊടുത്ത് ഇരുന്നുപോയി. നല്ലൊരു ബന്ധം കിട്ടിയല്ലോ എന്നോര്‍ത്തു സന്തോഷിച്ചതാണ്. അഭിഷേകിനോട് എങ്ങനെയിതു പറയും?
രാത്രി അഭിഷേക് കയറി വന്നപ്പോള്‍ ശ്രീദേവി വിവരം പറഞ്ഞു. അഭിഷേക് ഒന്നു ചിരിച്ചു.
''അമ്മ വിഷമിക്കണ്ട. അപവാദം പറഞ്ഞുപരത്തുന്നോര് പരത്തിക്കോട്ടെ. ഇതിനേക്കാള്‍ നല്ല ബന്ധം നമുക്കു കിട്ടും.'' അതു പറഞ്ഞിട്ട് അഭിഷേക് മുറിയിലേക്കു പോയി.
ആനന്ദന്‍ വന്നപ്പോള്‍ ശ്രീദേവി കാര്യങ്ങള്‍ ധരിപ്പിച്ചു.
''എനിക്കു പറ്റിയ വലിയ അബദ്ധമായിപ്പോയി ആ പെണ്ണിനു നമ്മുടെ സ്‌കൂളില്‍ ജോലി കൊടുത്തത്.'' ആനന്ദന്‍ വിഷണ്ണനായി.
''പോട്ടെ, ഇനി അതു പറഞ്ഞ് അവനുമായി വഴക്കുണ്ടാക്കാന്‍ നിക്കണ്ട. നമുക്കു വേറേ ആലോചിക്കാം. ഇതിനേക്കാള്‍ നല്ലതു കിട്ടുമെന്നേ.''
''അമ്മയും മകനുംകൂടി ആലോചിച്ചോ. എന്നെ കൂട്ടണ്ട.''
''ഇത്ര വാശിപിടിക്കാന്‍ മാത്രം എന്താ ഉണ്ടായേ? അവര്‍ക്കിഷ്ടമില്ലെന്നു പറഞ്ഞു. ഉപേക്ഷിച്ചു. നമ്മുടെ മോന്റെ കുറ്റംകൊണ്ടല്ലല്ലോ.''
ശ്രീദേവി ഭര്‍ത്താവിനെ അനുനയിപ്പിക്കാന്‍ നോക്കി.
* * *
ഉച്ച കഴിഞ്ഞനേരം.
ഹൈറേഞ്ചില്‍നിന്ന് കാറില്‍ നാട്ടിലേക്കു മടങ്ങുകയാണ് ആനന്ദന്‍. ഹൈറേഞ്ചില്‍ ഒരു ഏലത്തോട്ടം കാണാന്‍ പോയതാണ്. ഇനി ഏലക്കൃഷികൂടി ഒന്നു പരീക്ഷിച്ചാലോ എന്ന് ആനന്ദന് ഒരു മോഹം.
കാര്‍ നല്ല സ്പീഡിലാണ്. തനിയെയാണ് ഓടിക്കുന്നത്. ഇറക്കം ഇറങ്ങി ഒരു വളവു തിരിഞ്ഞതും തൊട്ടുമുമ്പില്‍ ഒരു കെ.എസ്.ആര്‍.ടി.സി.ബസ്. ഇടിക്കുമെന്ന ഘട്ടമായപ്പോള്‍ ആനന്ദന്‍ കാര്‍ ഇടത്തേക്കു വെട്ടിച്ചു. ഇടത്ത് അഗാധമായ കൊക്ക. നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്കു പതിച്ചു.
ബോധം വീണപ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു. നട്ടെല്ലിനു ഗുരുതരമായ പരിക്ക്. ശസ്ത്രക്രിയ വേണം. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. വേണുഗോപാല്‍ അഭിഷേകിനെയും ശ്രീദേവിയെയും ക്യാബിനിലേക്കു വിളിച്ചിട്ടു പറഞ്ഞു:
''സ്‌പൈനല്‍ കോഡിന് ക്ഷതം പറ്റിയിട്ടുണ്ട്. അരയ്ക്കു കീഴേ ചലനശേഷി കിട്ടാന്‍ സാധ്യത കുറവാ. ജീവിതകാലം മുഴുവന്‍ ചിലപ്പോ വീല്‍ചെയറിനെ ആശ്രയിക്കേണ്ടിവരും.''
അഭിഷേകിനും ശ്രീദേവിക്കും ഒരു വെള്ളിടിപോലെയായിരുന്നു ഡോക്ടറുടെ ആ വാക്കുകള്‍.
''മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്കു കൊണ്ടുപോയാല്‍?'' അഭിഷേക് ചോദിച്ചു.
''പ്രയോജനമില്ല. ഞങ്ങള്‍ പരമാവധി ശ്രമിക്കാം. ദൈവത്തോടു പ്രാര്‍ഥിച്ചുകൊള്ളൂ.''
ഒരു പാവം പെണ്ണിനോട് ക്രൂരത ചെയ്തവനാണ് ഡോക്ടര്‍ ആ മനുഷ്യന്‍. അങ്ങനെയൊരാളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുമോ? അഭിഷേക് മനസ്സില്‍ പറഞ്ഞു.
ക്യാബിനില്‍ നിന്നിറങ്ങിയപ്പോള്‍ ശ്രീദേവിയുടെ കണ്ണുകള്‍ പൊട്ടിയൊഴുകുകയായിരുന്നു.
''ദൈവം കരുണ കാണിക്കുമോ മോനേ?'' ശ്രീദേവി വിങ്ങിപ്പൊട്ടി മകനെ നോക്കി.
''അച്ഛന്റെ പ്രാര്‍ഥനകൊണ്ട് കരുണ കാണിക്കുമെന്നു തോന്നുന്നില്ല. അത്രയും വലിയ ക്രൂരതയല്ലേ അച്ഛന്‍ ആ പെണ്ണിനോടു ചെയ്തത്. ജോലി കിട്ടാന്‍ കൊടുത്ത അഞ്ചുലക്ഷം രൂപ തിരിച്ചുകൊടുത്തുപോലുമില്ല. ആ വിഷമത്തിലാണ് ആ നമ്പൂതിരി മരിച്ചത്. അതിന്റെ പിരാക്ക് കിട്ടാതിരിക്കുമോ?''
ഐ.സി.യു. വിനു വെളിയില്‍ കസേരയിലിരുന്ന് അഭിഷേകും ശ്രീദേവിയും മനമുരുകി പ്രാര്‍ഥിച്ചു.
നാലുദിവസം കഴിഞ്ഞപ്പോള്‍ ആനന്ദനെ മുറിയിലേക്കു മാറ്റി. ശരീരത്തില്‍ അവിടവിടെ പ്ലാസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. അരയ്ക്കു താഴേക്കു ചലനമില്ല. കാലിന്റെ അസ്ഥിക്കു പൊട്ടലുണ്ട്. കുറച്ചു ദിവസം ശരീരം അനങ്ങാതെ മലര്‍ന്നു കിടക്കേണ്ട സ്ഥിതിയാണ്. പരസഹായം കൂടാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ.
ആനന്ദന്റെ കണ്ണുകളില്‍നിന്ന് മിഴിനീര്‍ ഒഴുകുന്നതു കണ്ടപ്പോള്‍ ശ്രീദേവി ആശ്വസിപ്പിക്കാന്‍ നോക്കി.
''എല്ലാം നേരേയാകുമെന്നാ ഡോക്ടര്‍ പറഞ്ഞത്. ദൈവത്തോടു പ്രാര്‍ഥിച്ചോ.''
''ഏതു ഡോക്ടറാ ശ്രീദേവീ നേരേയാകുമെന്നു പറഞ്ഞത്? ഡോക്ടര്‍ എല്ലാം എന്നോടു തുറന്നുപറഞ്ഞു. അരയ്ക്കു കീഴേക്ക് ഇനി ചലനമുണ്ടാവില്ല. ഫിസിയോ തെറാപ്പി ചെയ്താല്‍, ദൈവം സഹായിച്ചാല്‍ ചിലപ്പം രക്ഷപ്പെട്ടേക്കുമെന്നു പറഞ്ഞു. എനിക്കു പ്രതീക്ഷയില്ല. അത്രയും വലിയ ക്രൂരതയല്ലേ ഞാനാ പെണ്ണിനോടു ചെയ്തത്. ആ നമ്പൂതിരിയുടെ ശാപമായിരിക്കും.'' ആനന്ദന്‍ വിതുമ്പിക്കരഞ്ഞു.
''അച്ഛനു കുറ്റബോധം തോന്നുന്നുണ്ടോ ഇപ്പം?'' അഭിഷേക് ചോദിച്ചു.
''ഒരുപാട് ഒരുപാട്. ആ കുട്ടിയെ കണ്ടാല്‍ അതിന്റെ കാലുപിടിച്ചു മാപ്പു ചോദിക്കാന്‍ ഞാന്‍ തയ്യാറാ. എന്തു പ്രായശ്ചിത്തം ചെയ്യാനും തയ്യാറാ. എനിക്ക് എണീറ്റു നടക്കണം ശ്രീദേവീ.'' ഭാര്യയുടെ കരംപുണര്‍ന്ന് ആ കണ്ണുകളിലേക്കു നോക്കി ആനന്ദന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു.
''ഒരപകടം വേണ്ടിവന്നു പശ്ചാത്താപം തോന്നാന്‍. അല്ലേ അച്ഛാ.'' അഭിഷേക് ചോദിച്ചു.
''ആരോഗ്യമുള്ള കാലത്ത് വെട്ടിപ്പിടിക്കാനുള്ള പരക്കം പാച്ചിലല്ലേ മോനേ എല്ലാരും. തെറ്റുകള്‍ ഒരുപാടു ചെയ്തുകൂട്ടി. ഇത്ര പെട്ടെന്ന് വീണുപോകുമെന്നു കരുതിയില്ല. ഓട്ടത്തിനിടയില്‍ മനുഷ്യനെ മറന്നു. ദൈവത്തെ മറന്നു. അപകടസമയത്താണല്ലോ കുറ്റബോധം തോന്നുന്നതും ദൈവത്തെ വിളിക്കുന്നതും.''
''പ്രാര്‍ഥിച്ചോ. എല്ലാം ശരിയാകും.'' ശ്രീദേവി ആത്മധൈര്യം പകര്‍ന്നു.
''ഇന്ദുവിനെ എന്റടുത്തൊന്നു കൂട്ടിക്കൊണ്ടു വരാന്‍ പറ്റുമോ മോനേ?'' ആനന്ദന്‍ ദയനീയമായി മകനെ നോക്കി.
''എന്തു പറയാനാണ്?''
''ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അവള് എനിക്കുവേണ്ടി പ്രാര്‍ഥിച്ചെങ്കിലേ ഇനി എനിക്ക് എണീറ്റു നടക്കാന്‍ പറ്റൂ എന്നു ഞാന്‍ വിശ്വസിക്കുന്നു. ഒന്നു കൂട്ടിക്കൊണ്ടുവരുവോ?''
''ശ്രമിക്കാം അച്ഛാ.'' അഭിഷേക് അച്ഛന്റെ കണ്ണുകള്‍ ഒപ്പി ആശ്വസിപ്പിച്ചു.
വെളിയിലേക്കിറങ്ങിയിട്ട് അഭിഷേക് ആലോചിച്ചു. ഫോണില്‍ വിളിച്ച് അച്ഛന്റെ സ്ഥിതി ഇന്ദുവിനെ അറിയിക്കണോ? അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ അവള്‍ വരുമോ? സാധ്യതയില്ല. നേരിട്ടു കണ്ട് അപേക്ഷിച്ചാല്‍ ചിലപ്പോള്‍ വന്നേക്കാം. എന്തായാലും പോയി കാണുകതന്നെ.
പിറ്റേന്ന് അഭിഷേക് തിരുവല്ലയിലേക്കു തിരിച്ചു. മണപ്പള്ളി അച്ഛനെ കണ്ടു കാര്യം പറഞ്ഞു:
''അവളു വരുമെന്നു തോന്നുന്നില്ല. നിങ്ങടെ അച്ഛന്‍ ചെയ്ത ക്രൂരത എണ്ണിയെണ്ണി പറഞ്ഞ് ഇടയ്ക്കിടെ അവള് എന്റെ മുമ്പില്‍നിന്നു കരയാറുണ്ട്. മുമ്പ് അഭിഷേക് ഇവിടെ വന്നിട്ടു പോയിക്കഴിഞ്ഞപ്പോഴും അവളു പറഞ്ഞു ഇനി ഒരിടത്തേക്കുമില്ല, ഈ ഓര്‍ഫനേജും കുട്ടികളും മതി അവള്‍ക്കെന്ന്.''
''ഞാന്‍ ഓര്‍ഫനേജില്‍ പോയി നേരിട്ടു കണ്ട് ഒന്ന് സംസാരിച്ചോട്ടെ ഫാദര്‍?''
''അതിനെന്താ. പള്ളിയുടെ കിഴക്കുവശത്ത് റോഡിനപ്പുറമാ ഓര്‍ഫനേജ്. സെന്റ് മേരീസ് ചില്‍ഡ്രന്‍സ് ഹോം എന്നു ബോര്‍ഡ് വച്ചിട്ടുണ്ട്. പോയി കണ്ടോളൂ. ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.''
''താങ്ക്‌യു ഫാദര്‍.'' അഭിഷേക് എണീറ്റു.
പുറത്തിറങ്ങി പള്ളിയുടെ കിഴക്കുവശത്തേക്കു നടന്നു. റോഡിനപ്പുറം ബോര്‍ഡ് കണ്ടു. ഗേറ്റു കടന്നു സാവധാനം നടന്നുചെന്നു വരാന്തയിലേക്കു കയറി. കോളിങ് ബല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നപ്പോള്‍ വാതില്‍തുറന്നത് ഒരു കന്യാസ്ത്രീ. ആഗമനോദ്ദേശ്യം വെളിപ്പെടുത്തിയപ്പോള്‍ അച്ചന്‍ വിളിച്ചുപറഞ്ഞിരുന്നു എന്നു പറഞ്ഞിട്ട് കന്യാസ്ത്രീ അഭിഷേകിനെ വിളിച്ചു സ്വീകരണമുറിയിലിരുത്തി. എന്നിട്ട് അവര്‍ അകത്തെ മുറിയിലേക്കു പോയി.
തെല്ലുനേരം കഴിഞ്ഞപ്പോള്‍ ഇന്ദു സ്വീകരണമുറിയിലേക്കു വന്നു. ചുരിദാറായിരുന്നു വേഷം. അഭിഷേകിനെ കണ്ടതും അവള്‍ മന്ദഹസിച്ചു.
''മണപ്പള്ളി അച്ചന്‍ വിളിച്ചിരുന്നോ?'' അഭിഷേക് ചോദിച്ചു.
''സിസ്റ്ററിനെ വിളിച്ച് അഭിഷേക് കാണാന്‍ വരുന്നെന്നു പറഞ്ഞിരുന്നു. വേറൊന്നും പറഞ്ഞില്ല.''
''ഞാനിപ്പ വന്നത് ഇന്ദുവിന്റെ ഒരു സഹായം തേടിയാ.''
''എന്റെ സഹായമോ?'' ഇന്ദു അദ്ഭുതം കൂറി.
''അതെ. ഇന്ദു എന്നോടൊപ്പം നാട്ടിലേക്കൊന്നു വരണം.''
''എന്തിന്?'
''എന്റച്ഛന്‍ ഒരാക്‌സിഡന്റില്‍പെട്ട് ആശുപത്രിയിലാ. അരയ്ക്കു കീഴേ ചലനശേഷി നഷ്ടമായി. ഇനി എണീറ്റു നടക്കണമെങ്കില്‍ ദൈവം കനിയണമെന്നാ ഡോക്ടര്‍ പറഞ്ഞത്. അച്ഛന് ഇന്ദുവിനെ കാണണമെന്ന് ആഗ്രഹം ഉണ്ട്. ചെയ്തുപോയ തെറ്റുകള്‍ക്കൊക്കെ മാപ്പു ചോദിക്കണമെന്ന്. കൂട്ടിക്കൊണ്ടു ചെല്ലാന്‍ എന്നെ പറഞ്ഞയച്ചതാ.''
''എനിക്കാ മുഖം കാണണ്ട. ഞാന്‍ വരുന്നില്ല. ആ മനുഷ്യന്‍ കാരണം എനിക്കു നഷ്ടമായത് എന്റച്ഛനും അമ്മയുമാ. അമ്മയുടെ മൃതദേഹം കാണാന്‍പോലുമുള്ള യോഗം എനിക്കുണ്ടായില്ല.'' ഇന്ദുവിന്റെ ശബ്ദം ഇടറി.
''അച്ഛനിപ്പോള്‍ ഒരുപാട് കുറ്റബോധമുണ്ട്. തെറ്റുപറ്റിപ്പോയി. അതുപറഞ്ഞ് ഒരുപാടു കരഞ്ഞു. ക്ഷമിച്ചൂടെ അച്ഛനോട്?''
''ക്ഷമിക്കാന്‍ പറ്റുന്ന തെറ്റാണോ അഭിഷേക് അച്ഛന്‍ ചെയ്തത്?''
''അല്ലെന്ന് എനിക്കറിയാം. അതിനുള്ള ശിക്ഷയായിരിക്കാം ദൈവം ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. നടുവൊടിഞ്ഞു കിടക്കുന്ന ഒരാളോട് ഒരിത്തിരി ദയ കാണിച്ചൂടേ? ഒന്നുവന്ന് കണ്ട് ക്ഷമിച്ചു എന്നൊരു വാക്ക് പറഞ്ഞാല്‍ മതി. അപ്പോ തന്നെ മടങ്ങിപ്പോന്നോളൂ. എന്നെ ഓര്‍ത്തെങ്കിലും ഒന്നു വന്നു മുഖം കാണിച്ചൂടേ?'' അഭിഷേക് കെഞ്ചി.
ഇന്ദു തെല്ലുനേരം അഭിഷേകിന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു. അവളുടെ മിഴികള്‍ പൊട്ടി ഒഴുകുന്നത് അഭിഷേക് കണ്ടു. അയാള്‍ സാവധാനം എണീറ്റു ചെന്ന് കൈ ഉയര്‍ത്തി ആ മിഴിനീര്‍ തുടച്ചു.
(തുടരും)